തമിഴ് സിനിമാ വ്യവസായത്തിന്റെ രക്ഷകനാണ് ഇപ്പോൾ വിജയ് സേതുപതി. തുടരെ പരാജയ ചിത്രങ്ങൾ മാത്രം പിറന്ന തമിഴിൽ വിജയത്തിന്റെ കൊടി പാറിക്കുകയാണ് വിജയ് സേതുപതിയുടെ മഹാരാജ. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തമിഴ് സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. സേതുപതിയുടെ 50-ാം ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുള്ള ചിത്രത്തിൽ സലൂൺ നടത്തുന്ന മഹാരാജയായാണ് സേതുപതി വേഷമിടുന്നത്. തന്റെ വീട്ടിലെ വിലയേറിയ ലക്ഷ്മി മോഷണം പോയി എന്ന പരാതിയുമായി മഹാരാജ സ്റ്റേഷനിലേക്കെത്തുന്നു. ഇത് കണ്ടെത്താനുളള അന്വേഷണമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നത്.

To advertise here,

മണ്ണിൽനിന്ന് മനസ്സിലേക്ക് വളർന്ന താരമാണ് സേതുപതി. സിനിമാമോഹമൊന്നുമില്ലാത്ത ചെറുപ്പകാലം. 'ചെറുപ്പത്തിൽ അധികം സിനിമകളൊന്നും കണ്ടിട്ടില്ല. ആരുടെയും ആരാധകനുമായിരുന്നില്ല. സിനിമയിൽ മാത്രമല്ല, സ്പോർട്സിലോ മറ്റെന്തെങ്കിലും എക്സ്ട്രാ ആക്റ്റിവിറ്റികളുടെയോ ഭാഗമായിരുന്നില്ല'- കുട്ടിക്കാലത്തെ വിജയ്സേതുപതി ഇങ്ങനെയാണ് ഓർത്തെടുക്കുന്നത്.

സിനിമാ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ചെറുപ്പത്തിലെ ആഗ്രഹങ്ങളിലെവിടെയും സിനിമ ഉണ്ടായിരുന്നില്ല. പഠനകാലത്ത് പണത്തിനായി ചെയ്യാത്ത ജോലികളില്ല. കാഷ്യറായും ഫോൺ ഓപ്പറേറ്റായും അക്കൗണ്ടന്റായുമെല്ലാം പ്രവർത്തിച്ചു. ജീവിതപ്രാരബ്ധം പിന്നീട് അയാളെ പ്രവാസിയാക്കി. ഇടയ്ക്ക് സിനിമാമോഹം വന്നതോടെ ദുബായ് വിട്ട് സേതുപതി ചെന്നൈയിലെത്തി. സിനിമ എന്ന ലക്ഷ്യം ഉള്ളിൽ വന്നതുകൊണ്ട് ഒരു ജോലിയിലും സ്ഥിരമായില്ല. സിനിമകൾ കണ്ടു. അതിലെ ചിലരംഗങ്ങൾ അഭിനയിച്ചുകാണിച്ചു. പിന്നാലെ ചെന്നൈയിലെ പ്രശസ്തമായ കുത്തപ്പട്ടറെ എന്ന നാടകസംഘത്തിനൊപ്പം ചേർന്നു. അവിടെ അക്കൗണ്ടന്റായിട്ടായിരുന്നു തുടക്കം. നാടകസംഘം അഭിനയിക്കുമ്പോൾ സേതുപതി ദൂരെനിന്ന് ഓരോ ചലനവും വീക്ഷിച്ചു. അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. ഇതോടെ ഷോർട്ട് ഫിലിമുകളിൽ ഒരു കൈനോക്കി. പിന്നാലെ ജൂനിയർ ആർട്ടിസ്റ്റിന്റെ കുപ്പായവുമണിഞ്ഞു.

placeholder
മഹാരാജ എന്ന ചിത്രത്തിൽ വിജയ് സേതുപതി
മഹാരാജ എന്ന ചിത്രത്തിൽ വിജയ് സേതുപതി

സീനു രാമസ്വാമി എന്ന സംവിധായകനാണ് സേതുപതിയിൽ നടനെ തിരിച്ചറിയുന്നത്. സഹതാരത്തിന്റെയും ജൂനിയർ ആർട്ടിസ്റ്റിന്റെയും റോളിൽ മാത്രമുണ്ടായിരുന്നു സേതുപതിയെ അദ്ദേഹം നായകനാക്കി. തേൻമേർക്ക് പരുവകാറ്റ് എന്ന സിനിമയിലൂടെ സേതുപതി നടനായി. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ സേതുപതി ടോളിവുഡിൽ നിലയുറപ്പിച്ചു.

സുന്ദരപാണ്ഡ്യനിലെ ജഗൻ എന്ന വില്ലൻ റോളും കാർത്തിക് സുബ്ബരാജിന്റെ 'പിസ്സ'യിലെ മൈക്കൽ കാർത്തികേയനും താരത്തിന് കൂടുതൽ ശ്രദ്ധനൽകി. പിന്നീട് വിജയങ്ങളും പരാജയങ്ങളുമായി സേതുപതിയുടെ ഗ്രാഫ് ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു.സേതുപതി എന്ന ബ്രാൻഡ് അതിർത്തി കടന്നത് വിക്രം വേദയിലൂടെയാണ്. നായകനൊപ്പം പിടിച്ചുനിന്ന വേദ എന്ന കഥാപാത്രം കേരളത്തിലടക്കം ആരാധകരെയുണ്ടാക്കി. കോളേജ് റീയൂണിയൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ 96-ഉം അതിർത്തികൾ കടന്ന വിജയംവരിച്ചു.

ഇതിനുശേഷം ഒട്ടേറെ ചിത്രങ്ങൾ വന്നു. നായകനായും വില്ലനായും സേതുപതി നിറഞ്ഞാടി. പേട്ടയിലെയും മാസ്റ്ററിലെയും വിക്രമിലെയും ജവാനിലെയും വില്ലൻ വേഷങ്ങൾ സേതുപതിയുടെ ഗ്രാഫുയർത്തി. ഇപ്പോൾ മഹാരാജായിലൂടെ സേതുപതി തന്റെ ഇരിപ്പുറപ്പിക്കുന്നു.

കുറഞ്ഞകാലത്തെ കരിയറിനിടെ നിറയെ വൈവിധ്യവേഷങ്ങളിൽ അഭിനയിക്കാൻ സേതുപതിക്ക് സാധിച്ചു. പിസയിലെ മൈക്കിൾ, ധർമദുരൈ, സൂപ്പർ ഡീലക്‌സിലെ ശിൽപ, വിക്രം വേദയിലെ വേദ, മാസ്റ്ററിലെ ഭവാനി, വിക്രത്തിലെസന്ദനം. എല്ലാത്തിലും സേതുപതി ടച്ച് കണ്ടു.

തമിഴിലെ സ്ഥിരം സ്‌റ്റൈലുകൾ പിന്തുടരാൻ സേതുപതി ശ്രമിച്ചിട്ടില്ല. വാതോരാതെ പഞ്ച് ഡയലോഗുകൾ പറയുന്നതിന് പകരം ശരീരഭാഷയിലൂടെ അതിനെ മികച്ചതാക്കാൻ ശ്രമിച്ചു.ചെറിയ മുഖഭാവങ്ങൾ കൊണ്ടോ, ശബ്ദത്തിലെ മോഡുലേഷൻ കൊണ്ടോ അദ്ദേഹം പുതിയ സ്‌റ്റൈൽ സൃഷ്ടിച്ചു. 'ആർ യു ഓക്കെ ബേബി' എന്ന് ചോദിക്കുമ്പോഴും 'ഒരു കഥ സൊല്ലട്ടുമാ' എന്ന് പറയുമ്പോഴും ശബ്ദത്തിന് ഒരേ ടോൺ. പക്ഷെ ശരീരഭാഷകൊണ്ട് അയാൾ രണ്ടിനും വ്യത്യസ്ത ഭാവങ്ങൾ നൽകി.