
ഏറെക്കാലമായുള്ള സിനിമയെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശി ജയലാൽ ദിവാകരൻ. കുറുക്കൻ എന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവേ നാലു വർഷത്തെ അധ്വാനത്തിന്റെ കഥയാണ് ജയലാലിന് പറയാനുള്ളത്. മനോജ് രാംസിംഗിനൊപ്പമുള്ള ഈ സിനിമായാത്രയുടെ കഥ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
കുറുക്കൻ സിനിമയുടെ പ്രാഥമിക ആശയം
2017- അവസാനത്തോടെ ശ്രീനിയേട്ടനോടാണ് ശ്രീനിവാസൻ) ഈ കഥ പറയുന്നത്. കള്ളസാക്ഷി പറയുന്ന ഒരാളുടെ കഥ എന്ന നിലയിലാണ് കഥ വികസിപ്പിച്ചത്. ശ്രീനിയേട്ടന് കഥ ഇഷ്ടമായി. പിന്നീട് വിനീതിലേക്കും എത്തി. അങ്ങനെയാണ് പ്രോജക്റ്റ് തയ്യാറായത്.
മൂന്ന് പ്രധാനതാരങ്ങൾ
ശ്രീനിയേട്ടനാണ് പ്രോജക്റ്റിലേക്ക് ആദ്യമായി വരുന്നത്. ഷൈൻ ടോം ചാക്കോ ചെയ്ത വേഷമാണ് ആദ്യം വിനീതിനുവേണ്ടി വെച്ചിരുന്നത്. ശ്രീനിയേട്ടൻ തന്നെയാണ് ഈ കഥാപാത്രം വിനീതിനേക്കൊണ്ട് ചെയ്യിക്കാം എന്ന് പറഞ്ഞത്. ഇങ്ങനെയൊരു പടം വന്നിട്ടുണ്ടെന്ന് അവർ തമ്മിൽ സംസാരിച്ചിരുന്നു. പിന്നെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറായ ശേഷം തിരക്കഥാകൃത്ത് മനോജ് രാംസിംഗിനൊപ്പം വിനീതിനെ തിരുവനന്തപുരത്ത് ചെന്ന് കണ്ടു. 'ഹൃദയ'ത്തിന്റെ ജോലികൾ നടക്കുന്ന സമയമായിരുന്നു അത്. തിരക്കഥ കേട്ടശേഷം വിനീതാണ് ഷൈനിലേക്ക് ഞങ്ങളെ എത്തിച്ചത്.
പാവം വേഷം മാറ്റിപ്പിടിച്ചാലോ എന്ന് വിനീത്
സ്ഥിരം പാവം വേഷമാണ് ചെയ്യുന്നത്, അതൊന്ന് തിരിച്ചുവച്ചാലോ എന്ന് വിനീതാണ് നിർദേശിക്കുന്നത്. അത് കേട്ടപ്പോൾ നല്ലതാണല്ലോ എന്ന് ഞങ്ങൾക്കും തോന്നി. ഷൈൻ ടോം ആയാൽ നന്നാവുമെന്ന് വിനീതാണ് പറഞ്ഞത്. മാത്രമല്ല, ആ സമയത്ത് പുള്ളി ചെയ്ത കഥാപാത്രങ്ങളെല്ലാം നെഗറ്റീവ് ഷെയ്ഡുള്ളതായിരുന്നല്ലോ. അങ്ങനെ നോക്കുമ്പോൾ ഈ ചിത്രത്തിൽ ഷൈൻ പൂർണമായും പോസിറ്റീവായ വേഷത്തിൽ വരികയും ചെയ്യുകയാണ്. ഷൈനിനോട് ഈ സബ്ജക്റ്റ് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ താത്പര്യമായി. തിരക്കഥപൂർണമായി ആ നിമിഷം വരെ ഷൈൻ നമ്മുടെ ചിത്രത്തിലേ ഇല്ലായിരുന്നു.
ശ്രീനിവാസനുമൊത്തുള്ള ചിത്രീകരണം
സിനിമ ചിത്രീകരിക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹത്തിന് ശ്രീനിയേട്ടന് ശാരീരികപ്രശ്നങ്ങൾ വന്നിരുന്നു. അദ്ദേഹം ആരോഗ്യവാനായി വരാൻ കാത്തിരിക്കുകയായിരുന്നു. അതാണ് പടം ഇത്രയും നീണ്ടുപോയത്. പക്ഷേ, അദ്ദേഹം ഈ കഥാപാത്രം ചെയ്യാൻ നേരത്തേ തന്നെ തയ്യാറെടുത്തിരുന്നു. ആരോഗ്യമെല്ലാം വീണ്ടെടുത്ത് ലൊക്കേഷനിലെത്തിയപ്പോൾ ഞങ്ങൾക്ക് കിട്ടിയത് ആ പഴയ ശ്രീനിയേട്ടനെ തന്നെയായിരുന്നു. പിന്നെ ഡബ്ബിങ്ങിൽ ചില സ്ഥലങ്ങളിൽ ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെക്കൊണ്ട് ചെയ്യിച്ചിരുന്നു. ബാക്കി ഭാഗങ്ങൾ അദ്ദേഹംതന്നെയാണ് ശബ്ദം നൽകിയത്.
കുറുക്കൻ എന്ന പേര്
തിരക്കഥയെഴുതുന്ന സമയത്ത് പല പല പേരുകൾ ആലോചിച്ചിരുന്നു. പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങൾക്ക് പുറമേ മറ്റു കഥാപാത്രങ്ങളും കൗശലക്കാരാണ്. അങ്ങനെയാണ് കുറുക്കൻ എന്ന പേരിലേക്ക് എത്തിയത്.
കോടതി മുറിയിലെ തമാശകൾ, തമാശ പറയുന്ന ജഡ്ജ്
ഹ്യൂമർ പാറ്റേണിലുള്ള സിനിമകൾ വരണം. പക്ഷേ അതൊരു ട്രെൻഡാണെന്ന് തോന്നുന്നില്ല. ശ്രീകാന്ത് മുരളി ചെയ്ത ജഡ്ജിന്റെ കഥാപാത്രം ന്നാ താൻ കേസ് കൊട്-ലെ ജഡ്ജിയുമായി താരതമ്യം വരുമെന്ന് തോന്നുന്നില്ല. അങ്ങനെ സംഭവിച്ചുപോയതാണ്. ആ കഥാപാത്രം നമ്മൾ എഴുതി, ചർച്ച ചെയ്തുവന്നപ്പോൾ ഒരു രസികൻ കഥാപാത്രമായി മാറുകയാണുണ്ടായത്. ശ്രീകാന്തേട്ടൻ അത് നന്നായി ചെയ്തിട്ടുമുണ്ട്. കുറുക്കൻ കുറുക്കന്റെ വഴിയേ പോകുകയാണ് ചെയ്തത്.
ആനുകാലിക സംഭവങ്ങൾ ശ്രദ്ധിക്കാറുണ്ട്
പത്രമാധ്യമങ്ങളിൽ വരുന്ന പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം തിരക്കഥാകൃത്ത് മനോജ് നന്നായി ശ്രദ്ധിക്കുന്നയാളാണ്. സബ്ജക്റ്റ് തീരുമാനിച്ചുറപ്പിച്ചപ്പോൾ വാർത്തകളിൽ ഇടംനേടിയ ഒരുപാട് സംഭവങ്ങൾ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതിൽ നമ്മുടെ വിഷയവുമായി ചേർന്നുപോകുന്ന സംഭവങ്ങൾ ഉൾക്കൊള്ളിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളും സംഭവവികാസങ്ങളും തീർച്ചയായും ശ്രദ്ധിക്കാറുണ്ട്.
തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ
ഓരോ പ്രേക്ഷകനും തിയേറ്ററിലേക്ക് വരുന്നത് രണ്ടു മണിക്കൂർ അവരുടെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നുള്ള മോചനത്തിനായാണ്. അതുകൊണ്ട് കൂടുതൽ സമ്മർദം അവർക്ക് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്. തമാശയിലൂടെ കാര്യങ്ങൾ പറയുന്നതാണ് ഏറ്റവും നല്ലത്.
ആദ്യസിനിമയാണ്, ഏറ്റവും കൂടുതൽ കടപ്പാട് കുടുംബത്തോട്
ഏറെ കടപ്പാട് കുടുംബത്തോടാണ്. എന്റെ സഹോദരങ്ങൾ, അച്ഛനമ്മമാർ, സുഹൃത്തുക്കൾ... കാരണം ഞാൻ കുറേ വർഷമായി സിനിമയ്ക്ക് പിന്നാലെ നടക്കുന്നയാളാണ്. വലിയ സാമ്പത്തികമൊന്നും സിനിമാക്കാരൻ എന്ന നിലയിലുള്ള വിജയത്തിലെത്തുന്നതിന് മുമ്പ് ഉണ്ടാവില്ലല്ലോ. സിനിമയുടെ പിന്നാലെ പോയപ്പോൾ എല്ലാവിധ പിന്തുണയും നൽകിയത് കുടുംബമാണ്.
Content Highlights: kurukkan movie director jayalal divakaran interview, kurukkan movie update
Published: 28 Jul 2023, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented