
തിരുവനന്തപുരം: പാർക്കിൻസൺസ് രോഗബാധിതനായിരുന്നെങ്കിലും ഇടമുറിഞ്ഞെത്തുന്ന ഓർമ്മകളിൽ ഒരു പക്ഷേ മോഹൻരാജ് തിരഞ്ഞത് കീരിക്കാടനെന്ന കഥാപാത്രത്തെയായിരുന്നിരിക്കാം. ബലിഷ്ഠമായ കൈകൾ ചലിപ്പിച്ച് ശക്തമായ കാലടികളാൽ ഓർമ്മകളിലേക്ക് മടങ്ങിയെത്താൻ അദ്ദേഹം ആഗ്രഹിച്ചിരിക്കാം. സിനിമയിലെ വില്ലൻ മുഖങ്ങളിൽനിന്നു തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം ജീവിതത്തിൽ. നടനാകണമെന്ന് ആഗ്രഹിക്കാതെ സിനിമയിലേക്കെത്തിയയാൾ. കിരീടത്തിലെ ക്രൂരനായ കീരിക്കാടനെ നേരിട്ടുകണ്ട് പലരും മുഖം ചുളിച്ചു, തന്നോട് സംസാരിക്കാൻ പോലും ആൾക്കാർ ഭയന്നിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു.
കരസേന, കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് എന്നിവിടങ്ങളിൽ ജോലിക്കായി എഴുതിയ പരീക്ഷകളിലെല്ലാം വിജയകിരീടം ചൂടി. ഇരുപതാം വയസ്സിൽ പട്ടാളക്കാരനായി ജോലിയിൽ പ്രവേശിച്ചെങ്കിലും കാലിന് പരിക്കേറ്റതോടെ ജോലി അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് കസ്റ്റംസിൽ പരീക്ഷയെഴുതി ജോലിയിൽ പ്രവേശിച്ചു. കേരള പോലീസിന്റെ എസ്.ഐ. ടെസ്റ്റിൽ രണ്ടാം റാങ്കും നേടി. എന്നാൽ എൻഫോഴ്‌സ്‌മെന്റിൽ അസി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി കിട്ടിയതിനാൽ മറ്റെല്ലാം വേണ്ടെന്നുവയ്ക്കുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് മോഹൻരാജ് കീരിക്കാടനായി കിരീടത്തിലെത്തുന്നത്. സർക്കാരിൽനിന്ന് അനുമതി വാങ്ങാതെയായിരുന്നു കിരീടത്തിൽ അഭിനയിച്ചത്. അധികം വൈകാതെ സർവീസിൽനിന്ന് സസ്‌പെൻഷൻ. 20 വർഷത്തെ നിയമപ്പോരാട്ടത്തിനൊടുവിൽ 2010-ൽ ജോലി തിരികെ നേടി. പിന്നീട് കുറച്ചുകാലം വീണ്ടും ജോലി ചെയ്തു. 2015-ൽ ജോലിയിൽനിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു.
കാഞ്ഞിരംകുളത്തിന്റെ മോഹനരാജൻ
കാഞ്ഞിരംകുളം:വെള്ളിത്തിരയിലെ അതികായനായ വില്ലൻ മോഹൻരാജ് കാഞ്ഞിരംകുളത്തുകാർക്ക് അവരുടെ പ്രിയപ്പെട്ട മോഹനരാജനാണ് (ഇതാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്). സിനിമയുടെ വെള്ളിവെളിച്ചത്തിന്റെ പ്രൗഢിയോ താരജാഡകളോ ഇല്ലാതെയാണ് അദ്ദേഹം നാട്ടുകാരോട് ഇടപെട്ടിരുന്നത്. മറവിരോഗം ബാധിക്കുന്നതുവരെ അദ്ദേഹത്തിന്റെ മനസ്സിൽ താൻ ജനിച്ചുവളർന്ന കാഞ്ഞിരംകുളവും ഒപ്പംവളർന്ന സഹപാഠികളുമുണ്ടായിരുന്നു. അഭ്രപാളിയിൽ നിറഞ്ഞുനിൽക്കുമ്പോഴും കാഞ്ഞിരംകുളത്ത് വിശേഷാവസരങ്ങളിൽ സമയം കിട്ടുമ്പോഴൊക്കെ മോഹൻരാജ് എത്തുമായിരുന്നു.
പത്താംക്ലാസുവരെ കാഞ്ഞിരംകുളം പി.കെ.എസ്. എച്ച്.എസ്.എസിലും പിന്നീട് തിരുവനന്തപുരം ഗവ. ആർട്സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിനുശേഷം ആർമിയിൽ ചേർന്നു. അവിടെനിന്ന് അഞ്ചുവർഷത്തിനുശേഷം കസ്റ്റംസിലും രണ്ടുവർഷത്തെ സേവനത്തിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിലും ചേർന്നു. അവിടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമ്പോഴാണ് സിനിമയിൽ സജീവമാവാൻ സ്വയം വിരമിച്ചത്.
Content Highlights: Life of Kireedam Keerikkadan Jose actor Mohan Raj
Published: 04 Oct 2024, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented