സഹോദരിയും നടിയുമായ തനിഷ മുഖര്‍ജിയുമായുള്ള താരതമ്യപ്പെടുത്തലുകള്‍ തന്നെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് കജോള്‍. തന്നെ പോലെ അനിയത്തിക്ക് വലിയ നടിയാകാന്‍ കഴിഞ്ഞില്ല എന്ന തരത്തിലുള്ള താരതമ്യങ്ങള്‍ പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ടെന്നും ചിലപ്പോഴെങ്കിലും വീട്ടില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നും തുറന്നുപറയുകയാണ് കജോള്‍. കജോളും കൃതി സനോനും പ്രധാനവേഷങ്ങളിലെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ 'ദോ പത്തി' എന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കിടെ ആയിരുന്നു വെളിപ്പെടുത്തല്‍. 

To advertise here,

90-കളിലും 2000-ങ്ങളിലുമൊക്കെ കജോള്‍ ബോളിവുഡില്‍ തീര്‍ത്ത അലയൊലികള്‍ ഇപ്പോഴത്തെ താരങ്ങള്‍ക്കൊന്നും സ്വപ്‌നം കാണാന്‍ കഴിയില്ല. വലിയ പൂച്ചക്കണ്ണുകളും മനോഹരമായ ചിരിയും കൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ കജോള്‍ അഭിനയത്തിന്റെ കാര്യത്തിലും മുന്നില്‍തന്നെയായിരുന്നു. എന്നാല്‍, 2003-ല്‍ സിനിമാരംഗത്തേക്ക് കടന്നുവന്ന തനിഷയ്ക്ക് കജോളിന്റെ വിജയം തുടരാനായില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് തനിഷ അക്കാലത്ത് ചെയ്തത്. 

2003-ല്‍ പവന്‍ കൗളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് തനിഷ അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഒന്നുരണ്ട് ഹിന്ദി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ഒന്നും വിജയം കണ്ടില്ല. ഇതോടെ തെന്നിന്ത്യന്‍ ചിത്രങ്ങളിലും തനിഷ ഭാഗ്യപരീക്ഷണം നടത്തി. 2007-ല്‍ ഇറങ്ങിയ തമിഴ്ചിത്രം 'ഉന്നാലെ ഉന്നാലെ..'യിലൂടെ തനിഷ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് ചിത്രങ്ങളൊന്നും ഉണ്ടായില്ല. 2008-ല്‍ ജൂനിയര്‍ എന്‍.ടി.ആറിനൊപ്പം കന്ത്രി എന്ന ചിത്രത്തില്‍ വേഷമിട്ടെങ്കിലും അവിടെയും വിജയം കണ്ടില്ല. 

പിന്നീടി ഹിന്ദി സിനിമകളില്‍ തന്നെ തുടര്‍ന്നുവെങ്കിലും വൈകാതെ അഭിനയജീവിത്തതോട് വിടപറഞ്ഞു. 2017-ലാണ് വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2024 ഏപ്രിലില്‍ ഇറങ്ങിയ 'ലവ് യു ഷങ്കര്‍' എന്ന പുരാണ ആനിമേറ്റഡ് ചിത്രമാണ് തനിഷയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഇനി സിനിമയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും ചേച്ചി കജോളാണ് തന്റെ റോള്‍ മോഡലെന്നുമാണ് തനിഷ പറയുന്നത്. എന്തായാലും താനുമായുള്ള താരതമ്യം അനിയത്തിയെ വിഷമിപ്പിച്ചുണ്ടെന്നും എന്നാലതൊക്കെ സമയാസമയം തിരുത്താനും കൂടെ നില്‍ക്കാനും തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും കജോള്‍ പറയുന്നു.