
സുഷിന്‍ ശ്യാമിന്റെ സംഗീതസംവിധാനത്തില്‍ പാട്ടിറങ്ങിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടുന്നത് അദ്ഭുതമല്ലാതായിരിക്കുന്നു. ഭീഷ്മപര്‍വ്വത്തിലെ പറുദീസ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ആദ്യമിറങ്ങിയത്. അതിസാധാരണമാകും പറുദീസഗാനത്തിന്റെ വീഡിയോ എന്ന് പ്രതീക്ഷിച്ച പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടാണ് ശ്രീനാഥ് ഭാസിയും സൗബിനും അനഘയും സംഘവും ആടിപ്പാടിത്തിമിര്‍ത്ത വീഡിയോഗാനം റിലീസായത്. ലിറിക് വീഡിയോയ്ക്ക് ലഭിച്ച വ്യൂസിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ പറുദീസ ഗാനത്തിന്റെ വീഡിയോസോങ്ങിന് ലഭിച്ചു. വീഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ ചിലത്...
'One of the best choregraphed song'
'One of the best choreographed song in malayalam'
'One of the best choregraphed song in the recent times'
'ഈ അടുത്ത കാലത്തൊന്നും ഇത്രക്ക് നന്നായി ഗാനവും സിറ്റുവേഷനും ഡാന്‍സും ചേര്‍ന്ന് കണ്ടിട്ടില്ല'....
തീരുന്നില്ല കമന്റുകള്‍. ഈ കമന്റുകള്‍ കാണുമ്പോള്‍ ഏറ്റവുമധികം ആഹ്‌ളാദിക്കുന്നത് ഈ ഗാനത്തിനായി നൃത്തച്ചുവടുകള്‍ ഒരുക്കിയ സുമേഷും ജിഷ്ണുവുമാണ്. കാരണം തികച്ചും അപ്രതീക്ഷിതമായ ഒരവസരമാണ് സുമേഷിനേയും ജിഷ്ണുവിനേയും തേടിയെത്തിയത്.
ബ്യൂട്ടിഫുള്‍ ഫ്രെയിമുകളുടെ ബിഗ് ഡയറക്ടര്‍ അമല്‍ നീരദിന്റെ സിനിമ, യങ് സെന്‍സേഷന്‍ സുഷിന്റെ സംഗീതം ഇതില്‍ കൊറിയോഗ്രാഫി ചെയ്യാനുള്ള നിയോഗം തങ്ങള്‍ക്കായിരിക്കുമെന്നും ലക്ഷക്കണക്കിനാളുകള്‍ അതേറ്റെടുക്കുമെന്നും സ്വപ്‌നത്തില്‍ പോലും കരുതാത്ത ഇവര്‍ ഏറെ ആനന്ദത്തിലാണ്. തൃശ്ശൂരില്‍ മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സ് എന്ന ഡാന്‍സ് കമ്പനി നടത്തുകയാണ് ഇരുവരും. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിലെ മറ്റൊരു ഗാനത്തിന് കൂടി ഇവര്‍ നൃത്തസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. സിനിമയുടെ രിലീസിനായി കാത്തിരിക്കുന്ന ജിഷ്ണുവും സുമേഷും വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
എങ്ങനെയായിരുന്നു ഭീഷ്മപര്‍വ്വത്തിലെ ഗാനങ്ങളുടെ നൃത്തസംവിധാനത്തിലേക്ക് എത്തിച്ചേര്‍ന്നത്...?
സംവിധായകന്‍ അമല്‍ നീരദിനെ നേരിട്ട് ചെന്ന് കാണാനുള്ള നിര്‍ദേശമായിരുന്നു അമല്‍ നീരദ് പ്രൊഡക്ഷന്‍സില്‍ നിന്ന് വന്ന അപ്രതീക്ഷിത ഫോണ്‍വിളിയിലുണ്ടായിരുന്നത്. മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സ്
എന്ന യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും വന്ന വീഡിയോകളും റീലുകളും പലരും ഷെയര്‍ ചെയ്തിരുന്നു. ഞങ്ങള്‍ ചെയ്ത ചില വൈറല്‍ വീഡിയോകള്‍ അവിചാരിതമായി ശ്രദ്ധയില്‍ പെട്ടതോടെയാണ് അമലേട്ടന്‍ നേരിട്ട് കാണണമെന്ന കാര്യം അസിസ്റ്റന്റ്‌സിനോട് അറിയിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്ന് ഞങ്ങളെന്ന് അദ്ദേഹം ആദ്യം ധരിച്ചെങ്കിലും കോണ്‍ടാക്റ്റ് ചെയ്തതോടെ മലയാളികളാണെന്ന് മനസ്സിലാവുകയും എത്രയും പെട്ടെന്ന് നേരിട്ട് കാണാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഭീഷ്മപര്‍വ്വത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യാനാണ് കാണാനാവശ്യപ്പെട്ടതെന്ന് ആദ്യം ധാരണയുണ്ടായിരുന്നില്ല. അവിടെ എത്തിയ ശേഷമായിരുന്നു ഭീഷ്മപര്‍വ്വം എന്ന മമ്മൂട്ടി സിനിമയെ കുറിച്ചും സുഷിന്റെ സംഗീതസംവിധാനത്തെ കുറിച്ചും അറിഞ്ഞത്. കൊറിയോഗ്രാഫി ചെയ്യാനാണ് ക്ഷണമെന്നറിഞ്ഞപ്പോള്‍ ആദ്യം കിളി പോയ അവസ്ഥയായിരുന്നു.

പറുദീസയുടെ കൊറിയോഗ്രാഫിയ്ക്ക് നല്ല റെസ്‌പോണ്‍സാണ് ലഭിക്കുന്നത്, എന്തു തോന്നുന്നു/ നൃത്തമൊരുക്കുന്നതിന് ലഭിച്ച നിര്‍ദേശങ്ങള്‍...?
പറുദീസയുടെ കൊറിയോഗ്രാഫിയ്ക്ക് നല്ല റെസ്‌പോണ്‍സാണ് കിട്ടുന്നത്. നല്ല പ്രതികരണം ലഭിക്കണമെന്ന് തീര്‍ച്ചയായും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇത്രയധികം പ്രതീക്ഷിച്ചിരുന്നില്ല. പൊതുവെ മലയാളസിനിമയില്‍ കൊറിയോഗ്രാഫി വലിയരീതിയില്‍ സെലിബ്രേറ്റ് ചെയ്യപ്പെടാറില്ല എന്നൊരു പേഴ്‌സണല്‍ അഭിപ്രായം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ട്. മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരുപാട് നല്ല സോങ്‌സും അതിന് നല്ല കൊറിയോഗ്രാഫിയും ഉണ്ടാകാറുണ്ട്. പക്ഷെ അതിന് അര്‍ഹിക്കുന്ന തരത്തിലുള്ള മെന്‍ഷനിങ് പലപ്പോഴും കണ്ടുവരാറില്ല. പക്ഷേ, പറുദീസ ഇറങ്ങിയപ്പോള്‍ ലഭിച്ച കമന്റുകള്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. സുഷിന്റെ മ്യൂസിക് പോലെ, അമലേട്ടന്റെ ക്യാമറ-ഡയറക്ഷന്‍ ബ്രില്യന്‍സ് പറയുന്ന പോലെ സൗബിക്കയുടേയും ഭാസിയുടേയും മൊത്തെ ഡാന്‍സ് ക്രൂവിന്റേയും നൃത്തത്തെപ്പറ്റി ധാരാളം മെന്‍ഷനുകള്‍ വന്നു. കൊറിയോഗ്രാഫിയെ പറ്റി ധാരാളം ഡിസ്‌കഷനുകള്‍ ഉണ്ടായി.

കണ്ട ദിവസം തന്നെ അമലേട്ടന്‍ സിനിമയുടെ മൂവി ലൈന്‍ പറഞ്ഞിരുന്നു. ഗാനത്തിലേക്കുള്ള എന്‍ട്രിയും അതിന് തന്റെ മനസ്സിലുള്ള വിഷ്വലൈസേഷനും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ക്ക് തോന്നുന്ന ആശയങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡിന്റെ ആദ്യകാലത്താണ് കൂടിക്കാഴ്ച നടന്നത്. കോവിഡ് അധികമായതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പിന്നീട് ഷൂട്ടിങ് പുനഃരാരംഭിച്ചപ്പോള്‍ ലൊക്കേഷനെ കുറിച്ച് പറഞ്ഞു. ആ ലൊക്കേഷന്‍ കൂടി കണക്കിലെടുത്ത് സ്റ്റോറി ലൈന്‍ തയ്യാറാക്കി. സജഷനുകളെല്ലാം അമലേട്ടന്‍ ഒകെ പറഞ്ഞു. സജഷനുകള്‍ തരാനും സ്വീകരിക്കാനും വളരെ ബെസ്റ്റ് ആയുള്ള വ്യക്തിയാണ് അമലേട്ടന്‍. അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദേശം ഞങ്ങളുടെ ടീമിലെ ഡാന്‍സേഴ്‌സ് മാത്രം മതിയെന്നായിരുന്നു. അഞ്ച് ദിവസമെങ്കിലും പ്രാക്ടീസ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൗബിന്റെ ഡാന്‍സാണ് പറുദീസയുടെ ഹൈലൈറ്റ്, സൗബിനുമൊത്തുള്ള അനുഭവം...?
വളരെ പോസിറ്റീവായുള്ള എക്‌സ്പീരിയന്‍സാണ് സൗബിക്കയുമായുള്ളത്. ആള്‍ വളരെ ഫ്രണ്ട്‌ലിയാണ്. പണ്ടേ ഡാന്‍സ് ഫീല്‍ഡില്‍ ആക്്ടീവായിരുന്ന ഒരാളാണ്. പിന്നീട് മറ്റു മേഖലകളിലേക്ക് തിരിഞ്ഞപ്പോള്‍ ഡാന്‍സുമായുള്ള ടച്ചൊന്ന് വിട്ടുവെന്നേയുള്ളൂ. മ്യൂസിക് സെന്‍സ്, ഫ്‌ളെക്‌സിബിലിറ്റി, പെര്‍ഫോമിങ് സ്‌കില്‍, ഫുട് വര്‍ക്കില്‍ ഫാസ്റ്റ്‌നെസ് എല്ലാം സൗബിക്കയ്ക്കുണ്ട്. ഇന്‍പുട്‌സ് കൊടുക്കുക എന്ന കാര്യം മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. നമ്മള്‍ പറയുന്നത് അംഗീകരിക്കാനും പ്രാക്ടീസ് ചെയ്യാനും പുള്ളി റെഡിയാണ്. പറഞ്ഞതില്‍ കൂടുതല്‍ ഔട്ട്പുട്ടാണ് സൗബിക്കയില്‍ നിന്ന് കിട്ടിയത്.
മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സ് എന്ന ഡാന്‍സ് കമ്മ്യൂണിറ്റിയുടെ ആശയം എങ്ങനെയാണ് ഉണ്ടായത് / പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്...?
തൃശ്ശൂര്‍ ആസ്ഥാനമായുള്ള ഡാന്‍സ് സ്റ്റുഡിയോ ആണ് മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സ്. 2016 ലാണ് ഇതാരംഭിച്ചത്. വെസ്റ്റേണ്‍ ഡാന്‍സിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അവസരം കിട്ടിയപ്പോള്‍ പഠിച്ചു. വെസ്റ്റേണ്‍ ഡാന്‍ഡില്‍ ഒരുപാട് സ്‌റ്റൈല്‍സുണ്ട്. വെസ്‌റ്റേണ്‍ ഡാന്‍സിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആരും ശ്രമിക്കുന്നത് കാണാറില്ല. നമ്മുടെ നാട്ടില്‍ അതിനുള്ള അവസരവും കുറവായിരുന്നു. വെസ്റ്റേണ്‍ ഡാന്‍സിന്റെ ശാസ്ത്രീയമായ പഠനത്തിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സ്റ്റുഡിയോ. ആദ്യകാലത്ത് കുറേയേറെ കഷ്ടപ്പാടുകള്‍ ഉണ്ടായി. പലയിടത്തും നൃത്തപഠനത്തെ കുറിച്ച് വര്‍ക്് ഷോപ്പുകള്‍ നടത്തി. ഇപ്പോള്‍ സ്ഥിരമായി ക്ലാസ്സുകള്‍ നടത്തുന്നു. ഓരോ സ്‌റ്റൈല്‍സിലേയും മികച്ച കലാകാരന്‍മാരെ ക്ലാസ്സുകള്‍ക്കും വര്‍ക് ഷോപ്പുകള്‍ക്കുമായി കൊണ്ടു വരാറുണ്ട്. യുഎസില്‍ നിന്നും നൈജീരിയയില്‍ നിന്നുമൊക്കെ ഫാക്കല്‍റ്റീസിനെ കൊണ്ടുവരാറുണ്ട്.
ഡാന്‍സ് എജ്യൂക്കേഷനാണ് മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സിന്റെ ലക്ഷ്യം. കോംപറ്റീഷന്‍ കൊറിയോഗ്രാഫി, ഇവന്റ് കൊറിയോഗ്രാഫി തുടങ്ങി എല്ലാതരം കൊറിയോഗ്രാഫിയും ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഡാന്‍സ് ട്രെയിനിങ്ങിനാണ് കൂടുതല്‍ ഫോക്കസ്. കൂടാതെ ഡിഡിഎഫ് (December Dance Fest) എന്ന അഞ്ച് ദിവസം നീളുന്ന ഇവന്റും നടത്തി വരുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡാന്‍സ് ഫെസ്റ്റില്‍ ഒട്ടു മിക്ക സ്ഥലങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ എത്താറുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലും അത് നടന്നിരുന്നു. ഡാന്‍സ് സെലിബ്രേറ്റ് ചെയ്യുക എന്നതാണ് മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സിന്റെ മോട്ടോ.
ജിഷ്ണുവും സുമേഷും തമ്മിലുള്ള സൗഹൃദമാണോ ഇത്തരത്തിലൊരു കമ്മ്യൂണിറ്റിയുടെ ആശയത്തിന് പിന്നില്‍...?
നാട്ടിലെ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, നൃത്തമത്സരങ്ങള്‍ എന്നിവയില്‍ സജീവമായ പല ടീമുകളിലെ അംഗങ്ങളായിരുന്ന കാലത്താണ് ഞങ്ങള്‍ക്കിടയില്‍ സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് കോളേജ് കൊറിയോഗ്രഫി ചെയ്തും കോംപറ്റീഷന്‍സിന് വേണ്ടി ഒരുമിച്ച് പഠിപ്പിക്കാനും തുടങ്ങി. 2017 ലാണ് ജിഷ്ണു മൈസെല്‍ഫ് ആന്‍ഡ് മൈ മൂവ്സില്‍ ജോയിന്‍ ചെയ്തത്. തുടര്‍ന്നാണ് തൃശ്ശൂരില്‍ സ്റ്റുഡിയോ ആരംഭിച്ചത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ ആശയമാണ്. പരസ്പരം അംഗീകരിക്കാനുള്ള മനസ്സും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമുണ്ട്. ഞങ്ങളുടെ ആഗ്രഹങ്ങളും ആശയങ്ങളും സമാനമായതു കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത്.
സിനിമയ്ക്ക് വേണ്ടി കൊറിയോഗ്രാഫി ചെയ്യണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ / അവസരം ലഭിച്ചപ്പോള്‍ എങ്ങനെയാണ് ഫീല്‍ ചെയ്യുന്നത്...?
ഒരുപാട് ആഗ്രഹിച്ച കാര്യമാണത്. മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ അതിനുള്ള പ്രധാന കാരണം ചാക്കോച്ചനാണ്. കുഞ്ചാക്കോ ബോബനാണ് ഞങ്ങളുടെ ഏറ്റവും ഫേവറിറ്റ് ഡാന്‍സറും പെര്‍ഫോമറും ആക്ടറുമൊക്കെ. അദ്ദേഹത്തിന്റെ രണ്ട് മൂന്ന് പാട്ടുകള്‍ ഞങ്ങള്‍ വീഡിയോ ചെയ്തിരുന്നു. ചാക്കോച്ചന്‍ അതൊക്കെ കാണാന്‍ കുറേ ശ്രമിച്ചിരുന്നു. ചാക്കോച്ചനോടൊത്ത് ഒരു വര്‍ക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. ഒരു പക്ഷെ സിനിമയിലേക്ക് വരുന്നതിനേക്കാള്‍ വലിയ ആഗ്രഹം അതായിരുന്നുവെന്ന് പറയാം. ഒന്ന് രണ്ട് സിനിമകള്‍ക്ക് അസിസ്റ്റ് ചെയ്യാനുള്ള അവസരം നേരത്തെ കിട്ടിയിരുന്നു. സിനിമയിലെത്തിയപ്പോള്‍ അത് എല്ലാവരും സ്വീകരിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. അതിനുള്ള അവസരവും സ്വാതന്ത്ര്യവും അമലേട്ടനാണ് തന്നത്. അദ്ദേഹമൊരു സ്‌റ്റൈലിഷ് ഫിലിം മേക്കറാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ തന്നെ ഒരു ഓപ്പണിങ് നല്‍കിയതിനുള്ള നന്ദി അറിയിക്കുന്നു.
ഡിഗ്രി പഠനത്തിന് ശേഷം നൃത്തരംഗത്തേക്ക് നേരിട്ടെത്തിയ ജിഷ്ണു, അച്ഛന്‍ വേലായുധന്‍, അമ്മ സുമിത്ര , മൂത്തസഹോദരന്‍ വിഷ്ണു എന്നിവരോടൊപ്പം കുന്ദംകുളം കാണിപ്പയ്യൂരിലാണ് താമസം. എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നതിനിടെ നൃത്തത്തോടുള്ള പാഷന്‍ കാരണം ജോലി ഉപേക്ഷിച്ചാണ് സുമേഷ് ഈ മേഖലയിലേക്കെത്തിയത്. പരേതനായ ഐ.എം. സുന്ദരന്‍, ബീന സുന്ദരന്‍ എന്നിവരാണ് സുമേഷിന്റെ മാതാപിതാക്കള്‍ മൂത്തസഹോദരന്‍ സുബിന്‍. തൃശ്ശൂര്‍ മുല്ലശ്ശേരിയിലാണ് വീട്.
Content Highlights: Interview with Parudeesa song choreographers Sumesh and Jishnu Myself And My Moves Dance Studio
Published: 23 Feb 2022, 08:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented