കഥ പറഞ്ഞ് സ്വാധീനിച്ച് നിര്‍മാതാക്കളെ കണ്ടെത്താന്‍ എനിക്ക് കഴിയാറില്ല - 'ആവാസവ്യൂഹം' സംവിധായകൻ


ക്രിഷാന്ത് / രമേശന്‍ സി.വി 

6 min read
Read later
Print
Share

സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമാണല്ലോ. അത്തരം ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മാര്‍വെല്‍ രൂപത്തിലുള്ള സൂപ്പര്‍ ഹീറോ ചിത്രങ്ങളല്ല ഉദ്ദേശിച്ചത്. നമ്മുടെ മിത്തുകളിലും പുരാണകഥകളിലുമൊക്കെ കാണുന്ന സൂപ്പര്‍ ഹീറോകളെ ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍.

സംവിധായകൻ ക്രിഷാന്ത് | ഫോട്ടോ: www.facebook.com/krishand.rk/photos

അടുത്തു നടന്ന തിരുവനന്തപുരം IFFK-യില്‍ ല്‍ നെറ്റ്‌പേക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ക്രിഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം. തുടർച്ചയായ രണ്ടാംവട്ടമാണ് അദ്ദേഹം സിനിമയുമായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ എത്തിയത്. ആവാസവ്യൂഹത്തേക്കുറിച്ചും എങ്ങനെയാണ് ഇതുപോലൊരു ചിത്രം അണിയിച്ചൊരുക്കിയതെന്നും പറയുകയാണ് ക്രിഷാന്ത്.

ഈ അടുത്തു നടന്ന തിരുവനന്തപുരം IFFK-യില്‍ ല്‍ ആവാസവ്യൂഹം, നെറ്റ്‌പേക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ നേടിയല്ലോ. അഭിനന്ദനങ്ങള്‍. തുടര്‍ച്ചയായി രണ്ടാം പ്രാവശ്യവും താങ്കള്‍ IFFK യില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ആദ്യ ചിത്രം വൃത്താകൃതിയിലുള്ള ചതുരവും, ആവാസവ്യൂഹവും തികച്ചും വിഭിന്നങ്ങളായ പ്രമേങ്ങളും ആവിഷ്‌ക്കാരരീതികളും പിന്തുടരുന്ന ചിത്രങ്ങളാണല്ലോ. ആദ്യത്തേത് വ്യക്തിപരമായ ചിത്രമാവുമ്പോള്‍, ആവാസവ്യൂഹം ജനകീയ ഇടപെടലുകളില്‍ അധിഷ്ഠിതമായ ഒരു ചിത്രമാണ്. ഈ വ്യതിയാനം എങ്ങനെയാണ് വിശദികരിക്കുന്നത്?

അഭിനന്ദനങ്ങള്‍ക്ക് നന്ദി. രണ്ട് ചിത്രങ്ങളുടേയും പ്രമേയങ്ങളും ആഖ്യാനരീതികളും തികച്ചും വ്യത്യസ്തങ്ങളാണ്. മരണം പോലെ, ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോയവരും കലയെ സ്‌നേഹിക്കുകയും കലാമൂല്യമുള്ള ചിത്രങ്ങള്‍ ഗൗരവത്തോടെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവരും സ്വികരിച്ച ചിത്രമാണ് വൃത്താകൃതിയിലുള്ള ചതുരം. എന്നാല്‍ ആവാസവ്യൂഹത്തില്‍ എത്തിയപ്പോള്‍, ഏത് തരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന രീതിയില്‍, അതിന്റെ ക്യാന്‍വാസ് ഞങ്ങള്‍ വിപുലികരിച്ചു. എല്ലാ തരത്തിലുമുള്ള പ്രേക്ഷകരേയും ലക്ഷ്യം വെച്ച് നിര്‍മ്മിച്ച ചിത്രമാണിത്. അതില്‍ പ്രേക്ഷകര്‍ക്ക് ആവേശമുണ്ടാക്കുന്ന സീക്വന്‍സുകളുണ്ട്. സം​ഗീതത്തിലൂടെയാണ് ചിത്രം മുമ്പോട്ട് പോകുന്നത്. ഇവയ്ക്കിടയില്‍ പറയാനുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞു പോകുകയാണ്. ആദ്യ ചിത്രത്തില്‍, ഒരു ദൃശ്യം മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളിലൂടെയാണ് ചിത്രം മുമ്പോട്ട് പോവുന്നതെങ്കില്‍, ആവാസവ്യൂഹത്തില്‍ ആ വികാരം ഫീഡ് ചെയ്യപ്പെടുകയാണ്. വൃത്താകൃതിയിലുള്ള ചതുരം വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ​ഗീതം ഉപയോഗിക്കുന്നുള്ളു. എന്നാല്‍ ആവാസവ്യൂഹം ഒരു മ്യൂസിക്കല്‍ ഫിലിം തന്നെയാണെന്ന് പറയാം. വൃത്താകൃതിയിലുള്ള ചതുരത്തില്‍ കഥാപാത്രരൂപീകരണത്തിന് ധാരാളം സമയം കൊടുക്കുന്നുവെങ്കില്‍, ആവാസവ്യൂഹത്തില്‍ ക്യാമറയെ നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങള്‍, പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി തിരിച്ചറിയപ്പെടുകയാണ്. രണ്ടു ചിത്രങ്ങളുടേയും പ്രമേയങ്ങളും ദൃശ്യവല്‍ക്കരണരീതികളും വ്യത്യസ്തങ്ങളാണ്.

ആവാസവ്യൂഹത്തിന്റെ ചിത്രീകരണത്തിനിടെ | ഫോട്ടോ: www.facebook.com/krishand.rk/photos

ആദ്യ ചിത്രത്തില്‍ നായകപര്യടനം (hero's journey )പൂര്‍ണ്ണമായ രീതിയില്‍ പിന്തുടരുന്നുണ്ടല്ലോ

ജോസഫ് കാമ്പലി (Joseph Campbell )ന്റെ ദ ഹീറോ വിത്ത് എ തൗസന്‍ഡ് ഫെയ്‌സസ് (The hero with a thousand faces ) എന്ന പുസ്തകത്തില്‍ monomyth എന്ന സങ്കല്പം ഉണ്ടല്ലോ. അത് പൂര്‍ണ്ണമായും ചിത്രത്തില്‍ നാം പിന്തുടരുന്നു. സിഡ് ഫില്‍ഡി(Syd Field)യന്‍ രീതിയില്‍, വ്യത്യസ്ത ആക്റ്റുകളും പ്ലോട്ട് പോയിന്റുകളും അതിലുണ്ട് . എന്നാല്‍ ഇവയൊന്നും ആവാസവ്യൂഹത്തില്‍ കാണാന്‍ കഴിയില്ല. സ്ട്രക്ച്ചറല്‍ ആയി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു ഘടനാരീതി അതില്‍ കാണാന്‍ കഴിയില്ല. ഞങ്ങള്‍ രൂപപ്പെടുത്തിയ ഒരു ഘടനയാണ് അതിനുള്ളത്. spiral narrative ആയാണ് അത് രൂപപ്പെടുന്നത്. ചിത്രത്തിലെ മുഴുവന്‍ കാര്യങ്ങളും ചെറുഘടകങ്ങളായാണ് അതില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകരുടെ മനസ്സുകളിലാണ് ഈ ഘടകങ്ങള്‍ സമഗ്രതയിലെത്തുന്നത്.

ആവാസവ്യൂഹം പ്രകൃതിയുടെയും മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളുടെയും അതിജീവനത്തേക്കുറിച്ചുള്ള ചിത്രമായി കണക്കാക്കാമെന്ന് തോന്നുന്നു. താങ്കള്‍ സൂചിപ്പിച്ചിരുന്നത് പോലെ, ഒരു സൂപ്പര്‍ ഹിറോയെക്കുറിച്ചുള്ള ഒരു ചിത്രം കൂടിയാണിത്. അത്തരമൊരു ചിത്രത്തിലേക്ക് എങ്ങിനെയാണെത്തിച്ചേരുന്നത്? ചലച്ചിത്രരംഗത്തെ ഏതെങ്കിലും മാതൃക മനസ്സിലുണ്ടായിരുന്നോ?

സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമാണല്ലോ. അത്തരം ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മാര്‍വെല്‍ രൂപത്തിലുള്ള സൂപ്പര്‍ ഹീറോ ചിത്രങ്ങളല്ല ഉദ്ദേശിച്ചത്. നമ്മുടെ മിത്തുകളിലും പുരാണകഥകളിലുമൊക്കെ കാണുന്ന സൂപ്പര്‍ ഹീറോകളെ ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍. നീല്‍ ഗെയ് മാന്റെ (Neil Gaiman)ന്റെ American Gods (2001)പോലുള്ള പുസ്തകങ്ങള്‍ വായിച്ചത് കൊണ്ടായിരിക്കാം അങ്ങിനെ തോന്നിയത്. കാപ്പിരി മുത്തപ്പന്റെ മിത്തും ജൈന സന്യാസിമാരുടെ അമാനുഷിക കഴിവുകളുമൊക്ക ഇതിന് കാരണമായിട്ടുണ്ട്. എന്നാല്‍ അത് ചിത്രീകരിക്കുമ്പോള്‍ നമ്മുടെ മണ്ണുമായും കഥകളുമായും ജീവിതവുമായും അതിനു ബന്ധം വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആ രീതിയിലാണ് ചിത്രം റൂട്ട് ചെയ്യപ്പെട്ടത്. അങ്ങനെയാണ് പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും മതങ്ങളും ദൈവവുമെല്ലാം ചേര്‍ന്ന് നില്‍ക്കുന്ന ആവാസവ്യവസ്ഥയെക്കുറിച്ചും അത് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചിന്തിക്കുന്നത്. അതുകൊണ്ടാണ് സൂപ്പര്‍ ഹീറോയെ മുമ്പിലോട്ട് വെക്കാതെ, നമ്മുടെ സിസ്റ്റത്തെ മുമ്പില്‍ നിര്‍ത്തി, അതിനിടയിലൂടെ സൂപ്പര്‍ ഹീറോയെ കൊണ്ടുവരാന്‍ ശ്രമിച്ചത്.. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പെര്‍ഫെക്ട് സൂപ്പര്‍ ഹീറോ ചിത്രമാണ്. ഇതിന്റെ റഫറന്‍സ് ആയിട്ടുള്ളത്, Chronicle (Josh Trank, 2012), Unbreakable(M Night Syamalan, 2000) എന്നീ സിനിമകളും, Swamp Thing(Len Wein)കോമിക്‌സുമാണ്.

ഫോട്ടോ: www.facebook.com/krishand.rk/photos

ആവാസവ്യൂഹം സംവിധാനം ചെയ്യുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ചിത്രങ്ങള്‍ ഏതൊക്കെയായിരുന്നു?

ആവാസവ്യൂഹം ചെയ്യുമ്പോള്‍ ഒരു നിശ്ചിത മോഡല്‍ മനസ്സിലുണ്ടായിരുന്നില്ല. ചില സീക്വന്‍സുകള്‍ക്കായി പല ചിത്രങ്ങളും സ്വാധീനിച്ചിട്ടുണ്ട്. ചിത്രത്തില്‍ മുരളിയുടെ സീക്വന്‍സ് Sicario(2015)യില്‍ നിന്നും, ആളുകളുടെ ഇന്റര്‍വ്യൂ Roshomon (Kurosawa )ല്‍ നിന്നും കൊണ്ട് വരാന്‍ ശ്രമിച്ചിട്ടുണ്ട്. Tree of Life (Terrence Malick, 2011)ലെ larger than life എന്ന ആശയം, പഞ്ചവടിപ്പാലത്തിലെ രാഷ്ട്രീയം,The creature from the black lagoon (Jack Arnold 1954) ല്‍ നിന്ന് ആ തവളമനുഷ്യനും ലിസിയും തമ്മിലുള്ള ബന്ധം, Bladerunner2049 (Denis Villeneuve, 2017) ല്‍ നിന്ന് ജോയ് എന്ന പേര് എന്നിവ കിട്ടി. ഇതൊക്കെ ചിത്രത്തിലെ homage ല്‍ ചേര്‍ത്തിട്ടുണ്ട്.

അവസാന രണ്ട് മിനിറ്റില്‍ ഉള്ള ഡോക്യുമെന്ററിയിലാണ് മുഴുവന്‍ ചിത്രവും അടിസ്ഥാനപ്പെടുത്തപ്പെടുന്നത്. ഇത് എത്രമാത്രം പ്രയോഗികമായിരിക്കുമെന്ന് ചിന്തിച്ചിരുന്നോ? പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയായിരുന്നു?

ആദ്യ പ്രദര്‍ശനത്തില്‍ ചിത്രത്തിലെ ഡോക്യുമെന്ററി ഭാഗം കാണാതെ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടു. പിന്നീടുള്ള എല്ലാ പ്രദര്‍ശനങ്ങളിലും ഇത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു . അത് കണ്ട് ചാര്‍ജ് ആയിട്ടായിരുന്നു പിന്നീട് കാണികള്‍ തിയേറ്റര്‍ വിട്ട് പുറത്തിറങ്ങിയത്. അതിനു ശേഷം ഒറ്റപ്പാലം, കൊച്ചി ഇവിടങ്ങളിലെ പ്രദര്‍ശനങ്ങളില്‍ യുവപ്രേക്ഷകര്‍ വമ്പിച്ച ആവേശത്തിലായിരുന്നു. ഇപ്പോഴും അവരത് ഞാനുമായി പങ്കുവെക്കാറുണ്ട്. ഇതില്‍ വളരെ സന്തോഷം തോന്നുണ്ട്.

ആവാസവ്യൂഹത്തിൽ നിന്നൊരു രം​ഗം

പരിസ്ഥിതിപ്രശ്‌നങ്ങള്‍, വൈപ്പിന്‍ സമരം എന്നീ സമകാലിക വിഷയങ്ങള്‍ ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ടിരുന്നോ?

ഇതിന് മുമ്പ് സര്‍ദാര്‍ സരോവര്‍ ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലിനെക്കുറിച്ച് ഞാന്‍ ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. എന്റെ മാധ്യമമായ സിനിമ വഴിയാണ് പൊതുവിഷയങ്ങളില്‍ ഞാന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ളത്. അതാണ് എന്റെ ആക്റ്റിവിസം. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ നോട്ട് നിരോധനത്തിനെതിരെ തെരുവില്‍ പ്രതിഷേധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ അയാള്‍ക്ക് തന്റെ പ്രതികരണം കുറിക്കാം. ഓരോരുത്തരും അവരുടെതായ രീതികളില്‍ പ്രതികരിക്കുന്നു എന്ന് മാത്രം. അതാണ് ആക്റ്റീവിസം. പുതുവൈപ്പിന്‍ സമരത്തില്‍ ഒരു പ്രാവശ്യം ഞാന്‍ പങ്കെടുത്തിരുന്നു. അത് ഡോക്യുമെന്റേഷന് വേണ്ടിയായിരുന്നു.

സാങ്കേതിക വിദ്യയിലുള്ള അറിവ്, ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട് എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. അത് വിശദമാക്കാമോ?

അത് ശരിയാണ്. ചില സീക്വന്‍സുകള്‍ ഞാനും എന്റെ അസോസിയേറ്റ് ആസിഫ് ഇസ്മായിലും ചേര്‍ന്ന് എഡിറ്റും റീഎഡിറ്റും ചെയ്ത് ചിത്രത്തിന്റെ എഡിറ്റര്‍ രാകേഷിന് കൊടുക്കാറുണ്ട്. സോഫ്റ്റ്‌വെയര്‍ രംഗത്തെ എന്റെ പരിചയം അതിനു വളരെ സഹായകമായിട്ടുണ്ട്. എഡിറ്റര്‍ കാണാത്ത ചില കാര്യങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനാല്‍ അദ്ദേഹത്തിന് അവയില്‍ നിന്ന് പുതിയ സാധനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നു. സം​ഗീതത്തില്‍ എനിക്ക് നല്ല താല്‍പ്പര്യമുണ്ട്. പഠിക്കുമ്പോള്‍ കോളേജിലെ മ്യൂസിക് ബാന്‍ഡില്‍ ഞാനുണ്ടായിരുന്നു. അതുകൊണ്ട് ഒരു sense of rhythm വെച്ചു സീ നുകള്‍ നിര്‍മ്മിക്കാനും കട്ട് ചെയ്യാനും കഴിഞ്ഞു. അതുപോലെ ചിത്രത്തിന്റെ സംഗിതസംവിധായകന്മായി നല്ല രീതിയില്‍ ആശയവിനിമയം നടത്താനും കഴിഞ്ഞു. കൂടാതെ, ഗ്രാഫിക്‌സ് ഡിസൈനിങ്, ടെക്സ്റ്റ്, വി എഫ് എക്‌സ് എന്നിവ പരിചയമുള്ളതിനാല്‍ അവയിലൊക്കെ ഒരു നിയന്ത്രണം ഉണ്ടായി. എന്റെ അടുത്ത സുഹൃത്തായ എഡിറ്റര്‍ തന്നെ ചിത്രത്തിന്റെ വി എഫ് എക്‌സ് ചെയ്തതിനാല്‍, അതില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ എനിക്ക് കഴിഞ്ഞു.

ആവാസവ്യൂഹത്തിന്റെ പോസ്റ്റർ

സിനിമ എപ്പോഴാണ് ജീവിതത്തില്‍ മുഖ്യസ്ഥാനം നേടുന്നത്? ചലച്ചിത്ര പരിശീലനം, അനുഭവങ്ങള്‍ ഇവ എന്തൊക്കെയാണ്?

പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ആണ് സംവിധാനമെന്നാലെന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നിട് ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് സംവിധാനത്തേക്കുറിച്ചു ലഭിച്ച പുസ്തകത്തില്‍ Apocalypse now എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കി. പുസ്തകത്തിന്റെ പകുതി ഭാഗവും അതാണ് വിശദമാക്കുന്നത്. പിന്നീട്, കോളേജ് പഠന കാലത്ത് ആ ചിത്രം കാണാനുള്ള അവസരം ലഭിച്ചു. കോളേജില്‍ ഭാവിയില്‍ ആരാവണമെന്ന ചോദ്യത്തിന് ഫിലിം ഡയറക്ടര്‍ എന്ന് പറഞ്ഞ എന്നെ ടിച്ചര്‍ കളിയാക്കാറുണ്ടായിരുന്നു. അന്ന് എന്റെ സുഹൃത്ത് ധീരജിന്റെ അച്ഛന്‍ ഒരു ഹാന്‍ഡികാം വാങ്ങിത്തന്നു. അതുപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. സീഡ്(ceed )പരീക്ഷയില്‍ രാജ്യത്ത് പത്തൊന്‍പതാമത് റാങ്ക് നേടി ഐ. ഐ. ടിയില്‍ ചേര്‍ന്നതോടെ അവിടെയുണ്ടായിരുന്ന ഫിലിം മേക്കര്‍ പ്രൊ. സുദേഷ് ബാലൻ സിനിമയില്‍ എന്റെ ഗുരുനാഥന്‍ ആയി മാറി. അദ്ദേഹത്തിന് കീഴില്‍ കുറച്ചു ഹ്രസ്വചിത്രങ്ങൾ ഞാന്‍ ചെയ്തു. പിന്നീട് ബോളിവുഡ് സിനിമോട്ടോഗ്രാഫര്‍ സന്തോഷ് തുണ്ടിയിലിന്റെ അസിസ്റ്റന്റ് ആയും വര്‍ക്ക് ചെയ്തു.

ലോകസിനിമയുള്ള ബന്ധം, സ്വാധീനം ഇവിയെന്തൊക്കയാണ്?

പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ലോകസിനിമയുമായി പരിചയപ്പെടുന്നത്. അതിനുമുന്‍പ് പലപ്പോഴും ദൂരദര്‍ശനില്‍ അന്യഭാഷാ ചിത്രങ്ങള്‍ കാണാറുണ്ട്. കോളേജിലായപ്പോള്‍ IFFK യില്‍ സിനിമകള്‍ കാണാന്‍ തുടങ്ങി. അതോടൊപ്പം, IMDB റേറ്റിംഗ് നോക്കി സിനിമകള്‍ സംഘടിപ്പിച്ചു കാണാറുണ്ടായിരുന്നു. ബോംബെ ഐ. ഐ. ടിയില്‍ ചേര്‍ന്നപ്പോള്‍ അവിടെയുള്ള സിനിമകളുടെ വന്‍ ശേഖരം ജീവിതത്തിന്റെ ഭാഗമായി മാറി. അതോടൊപ്പം ബോസ് കൃഷ്ണമാചാരിയുടെ lava (library of visual arts) യില്‍ നിന്ന് ധാരാളം പരീക്ഷണ ചിത്രങ്ങളും ഡോക്യുമെന്ററികളും കാണാന്‍ കഴിഞ്ഞു. അതോടെയാണ് പുതിയൊരു ചലച്ചിത്ര സംസ്‌കാരം രൂപപ്പെട്ടു തുടങ്ങുന്നത്. എന്നെ സ്വാധിനിച്ച ചലച്ചിത്രകാരില്‍ ടെറന്‍സ് മാലിക് പ്രധാനപ്പെട്ട ഒരു സംവിധായകന്‍ ആണ്. സ്പീല്‍ബര്‍ഗിന്റെയും ടാരന്റീനോയുടേയും ഫിലിം മേക്കിങ് എനിക്ക് വളരെ ഇഷ്ടമാണ്. ബോണ്‍ ജൂണ്‍ ഹോ ഞാന്‍ കൃത്യമായി പിന്തുടരുന്ന ഒരു സംവിധായകന്‍ ആണ്. എന്റെ സിനിമയെക്കുറിച്ചുള്ള സാധ്യതകളെ സ്വാധീനിച്ച സംവിധായകന്‍ കിസ്ലോവസ്‌കിയാണ്. അദ്ദേഹത്തിന്റെ ത്രീ കളേഴ്‌സ്, ബ്ലൂ പോലെ വൈകാരികമായി എന്നെ സ്വാധിനിച്ച മറ്റൊരു ചിത്രമില്ല. തര്‍ക്കോവസ്‌കി ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. മലയാളത്തില്‍ അരവിന്ദന്റെയും ഭരതന്റെയും സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഭരതന്‍ ഒരു വിഷ്വല്‍ ആര്‍ടിസ്റ്റ് ആണ്. ലോകസിനിമയില്‍ ഇറാന്‍, തുര്‍ക്കി ചിത്രങ്ങളും ഞാന്‍ കാണാറുണ്ട്.

ആവാസവ്യൂഹത്തിൽ രാഹുൽ രാജ​ഗോപാൽ

പുതിയ സിനിമപദ്ധതികള്‍ എന്തൊക്കെയാണ്? വെബ്ബ് സീരീസും സിനിമയും സംവിധാനം ചെയ്ത ആളെന്ന നിലയില്‍ അവയുടെ നിര്‍മ്മാണം എങ്ങനെയൊക്കെയാണ് വ്യത്യാസപ്പെടുന്നത് ?

ഇപ്പോള്‍ ഞാന്‍ ക്രയ വിക്രയ പ്രക്രിയ എന്ന വെബ് സീരിസ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതിന്റെ ആറ് എപ്പിസോഡുകള്‍ പൂര്‍ത്തിയായി. പൈലറ്റ് എപ്പിസോഡ് ഷൂട്ട് ചെയ്ത്, പ്രൊഡ്യൂസര്‍മാരെ സമീപിച്ച്, നിര്‍മ്മാണത്തിന് തയ്യാറാവുന്നവരെ കണ്ടെത്തുകയാണ് പതിവ്. സിനിമയാണെങ്കില്‍ പതിനഞ്ച് ഇരുപത് മിനിറ്റ് ഷൂട്ട് ചെയ്ത് അവരെ കാണിക്കുകയാണ് രീതി. കഥ പറഞ്ഞ് സ്വാധീനിച്ച് നിര്‍മ്മാതാക്കളെ കണ്ടെത്താന്‍ എനിക്ക് കഴിയാറില്ല. ആവാസവ്യൂഹം ഇങ്ങനെ പലരെയും കാണിച്ചെങ്കിലും പലരും അത് മനസ്സിലാക്കാന്‍ ക്ഷമ കാണിച്ചില്ല. ബം​ഗളൂരുവിലെ 18 30 CREW എന്ന കമ്പനിയാണത് പൂര്‍ത്തിയാക്കുന്നത്.

Content Highlights: interview with avasa vyooham director krishand, avasa vyooham movie, rahul rajagopal

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ousepachan valakuzhy producer interview missing girl film malayalam cinema crisis
Premium

6 min

അന്ന് ഒഡീഷനെത്തിയത് പതിനായിരം പേര്‍; നവാഗതരെ വച്ച് സിനിമയെടുക്കാന്‍ ചങ്കൂറ്റമുണ്ട്- ഔസേപ്പച്ചന്‍

May 3, 2023


Urvashi, KPAC Lalitha, Kalpana, Bindu Panicker, Philomina, Meena, Sreelatha, Adoor Bhavani

16 min

ഇവർ ചിരിപ്പിച്ചാൽ എന്താ മലയാളിക്ക് ചിരിച്ചൂടെ? അങ്ങനെയൊരു കാലമുണ്ടായിരുന്നല്ലോ, മറക്കണ്ട

May 30, 2022


മോണ തവില്‍

2 min

പഠിക്കാന്‍ പ്രയാസമെങ്കിലും മലയാളം മനോഹരം; സിറിയയില്‍ നിന്നെത്തി മലയാളി മനം കവര്‍ന്ന് ആയിഷയിലെ 'മാമ'

Jan 25, 2023

Most Commented