ഞങ്ങളെ, അതായത് വിമെൻ ഇൻ സിനിമാ കളക്റ്റീവിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണ്. സംസ്ഥാനസർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നു. എല്ലാം തുടങ്ങിയത് 2017-ൽ ഞങ്ങളുടെ സഹപ്രവർത്തകയ്ക്കെതിരേ നടന്ന ഹീനമായ അക്രമത്തെത്തുടർന്നാണ്. മലയാള സിനിമാ ലോകത്ത് ആഴത്തിൽ വേരൂന്നിയ നെറികേടുകൾക്കെതിരേയും പീഡനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കാൻ ഞങ്ങൾ സർക്കാരിനോട് അപേക്ഷിക്കുകയായിരുന്നു.
ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഹേമ കമ്മിറ്റി രൂപവത്‌കരിച്ചുകൊണ്ട് നിർണായക നടപടിയെടുത്തു. ഒട്ടേറെ കലാകാരികൾ ധൈര്യപൂർവം അവരുടെ അനുഭവങ്ങൾ കമ്മിറ്റിയുമായി പങ്കുവെച്ചു. അവരുടെ തിക്താനുഭവങ്ങൾ ഇനി വരുന്നവർക്ക് ഉപകാരപ്പെടുമെന്നു കരുതിയുള്ള ധീരമായ ഒരു ചുവടുവെപ്പായിരുന്നു അത്. നാലുവർഷവും ഏഴുമാസവും നീണ്ട പ്രയത്നത്തിനൊടുവിൽ അതിനു ഫലമുണ്ടായിരിക്കുകയാണ്. ഒട്ടേറെ വെല്ലുവിളികളും വിമർശനങ്ങളും ഇതിനിടെ ഞങ്ങൾക്ക് അതിജീവിക്കേണ്ടിവന്നു.
ഇനിയാണ് ഞങ്ങളുടെ ജോലി തുടങ്ങുന്നത്. മുന്നോട്ടുള്ള വഴികളെപ്പറ്റി അവധാനതയില്ലാതെ ചർച്ചചെയ്യേണ്ടതുണ്ട്. മുന്നോട്ടുള്ള ഒരോ അടിയും എങ്ങനെവേണമെന്ന് സൂക്ഷ്മമായി തീരുമാനിക്കേണ്ടതുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി എല്ലാവരും ഇതിനകം മനസ്സിലാക്കിയെന്നു കരുതിത്തന്നെ പറയട്ടെ. എന്നെ സംബന്ധിച്ചിടത്തോളം ഇത് മലയാള സിനിമാ വ്യവസായത്തെക്കുറിച്ചുള്ള ഒരു രേഖയല്ല, മറിച്ച് കലാകാരികളായ സ്ത്രീകൾ എന്ന കൂട്ടായ്മയ്ക്ക് അവരുടെ തൊഴിലിടത്തെ എങ്ങനെ മാറ്റിയെടുക്കാൻ കഴിയും എന്നു കാണിച്ചുതരുന്ന ചെറിയൊരു കിളിവാതിലാണ്. സ്ത്രീകൾ നേരിടുന്ന നീതികേടുകളുടെ, അനുഭവിക്കുന്ന സംഘർഷങ്ങളുടെ, വിഭാഗീയതകളുടെ, തരംതിരിക്കലുകളുടെ കാഴ്ചകളുടെ ജാലകമാണ്. ഇതിനൊരു പരിഹാരമുണ്ടാവണമെങ്കിൽ ആദ്യം അവിടെ ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കുകയാണു വേണ്ടത്. അങ്ങനെയുണ്ടെന്നു സമ്മതിക്കുന്നതുതന്നെ ഒരു കടമ്പയാണ്. അതുപക്ഷേ, മറികടന്നേ മതിയാവൂ.
പീഡിപ്പിക്കപ്പെട്ടവരും പീഡകരും മാത്രമാണിപ്പോഴത്തെ വിഷയം. അതുകൊണ്ടു മാത്രമായോ. ഏതൊരു ജോലിസ്ഥലത്തുമുള്ളതുപോലെ, റിപ്പോർട്ടിൽ പരാമർശിച്ച ഒട്ടേറെ പ്രശ്നങ്ങൾക്കും ഉത്തരം കാണേണ്ടതുണ്ട്. ഞങ്ങൾക്ക് അവയെക്കുറിച്ചെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. അതിനെപ്പറ്റിയുള്ള ധാരണയും അതു മാറേണ്ട ആവശ്യകതയെപ്പറ്റിയുള്ള ബോധ്യവും സഹാനുഭൂതിയും ഉള്ളതിനാലാണ് എല്ലാ വൈതരണികളും മറികടന്ന് ഞങ്ങൾ മുന്നോട്ടുപോയത്.
അനിവാര്യങ്ങളായ ഈ മാറ്റങ്ങൾ എങ്ങനെ നടപ്പാക്കാനാവും എന്നതിനെക്കുറിച്ചാവും ഇനി ഞങ്ങളുടെ എല്ലാ ശ്രദ്ധയും. സിനിമാ വ്യവസായ രംഗത്തിനകത്തും പുറത്തും ഇതു സംബന്ധിച്ച ചർച്ചകളും തുടർ നടപടികളും ഉണ്ടാവേണ്ടതുണ്ട്. വരും തലമുറയ്ക്കു വേണ്ടിക്കൂടിയാണ് ഞങ്ങളീ ചെയ്യുന്ന അത്യധ്വാനം എന്ന് ഞങ്ങളെ പിന്തുണയ്ക്കുന്നവർക്കെങ്കിലും നന്നായറിയാം.
ഡബ്ല്യു.സി.സി. ചിലർക്കെങ്കിലും ശല്യക്കാരികളാണ്. നീതികേടുകൾക്കെതിരേ ശബ്ദമുയർത്തുന്നതാണ് ശല്യമെങ്കിൽ ഞങ്ങൾ ആ വിശേഷണത്തെ അഭിമാനപൂർവം ഏറ്റെടുക്കുന്നു. ഈ വിജയം മാറ്റത്തിനായുള്ള പോരാട്ടത്തിനു തുടക്കമിടട്ടെ. ഇരുട്ടിൽ നെടുകെ നിൽക്കാനുള്ള കരുത്തുപകരട്ടെ. കൂട്ടായ്മയുടെ കരുത്തിൽ നല്ലൊരു നാളേയ്‌ക്കായുള്ള പ്രയാണമാവട്ടെ.
ഡബ്ല്യു.സി.സി. സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് ലേഖിക
Content Highlights: Revathy actress, Women in Cinema Collective, hema committee, poe
Published: 22 Aug 2024, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented