
'കണ്മണി അന്‍പോട് കാതലന്‍..' കമല്‍ഹാസന്‍ നായകനായ 'ഗുണ' എന്ന സിനിമയിലെ ഈ പാട്ട് എത്രതവണ കേട്ടാലും നമുക്ക് മതിവരില്ല, ജനപ്രിയമായ ഈ സിനിമയുടെ പേരില്‍ തന്നെ പ്രശസ്തമായ ഒരുടൂറിസം കേന്ദ്രമുണ്ട് തമിഴ്നാട്ടിന്റെ തണുപ്പിന്റെ ഈറ്റില്ലമായ കൊടൈയ്ക്കനാലില്‍. ഈ പാട്ടടക്കം സിനിമയിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്ത ഗുഹ, 'ഗുണ കേവ്സ്' എന്നാണ് സിനിമയുടെ വിജയത്തിന് ശേഷം ഈ സ്ഥലം അറിയപ്പെടുന്നത്. എന്നാല്‍ ആ സ്ഥലത്തിന്റെ യഥാര്‍ഥ പേര് 'ഡെവിള്‍സ് കിച്ചണ്‍' അഥവാ ചെകുത്താന്റെ അടുക്കള എന്നാണ്. ഇടുങ്ങിയ ആഴമേറിയ ഗുഹ, മുന്നോട്ട് പോകുംന്തോറും പല തട്ടുകളായി വീണ്ടും ആഴങ്ങളിലേക്ക് നീളുന്ന കൈവഴികള്‍ നമ്മെ മാടിവിളിക്കും, ആ ഇരുട്ടിലൂടെ നടക്കുമ്പോള്‍ വവ്വാലുകള്‍ ശബ്ദമുണ്ടാകി വഴിമുടക്കാനെത്തും, ഓക്സിജന്റെ തോത് കുറയും, ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും, ഒന്ന് കാലുതെന്നിയാല്‍ നേരെ നിലയില്ലാ ഇരുട്ടിന്റെ ആഴങ്ങളിലേക്ക് വഴുതി വീഴും, അവിടെ അകപ്പെട്ടുപോയാല്‍ പിന്നെ ഒരുതിരിച്ചുവരവില്ല. ഈ ആഴങ്ങളില്‍ അകപ്പെട്ട് ജീവനോടെ തിരിച്ചുവന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം, ബാക്കിയെല്ലാം ഈ ഇരുണ്ട ആഴങ്ങളില്‍ മണ്ണിനോടൊപ്പം ലയിച്ചു ചേര്‍ന്നു. സഞ്ചാരികളുടെ പറുദീസയായ കൊടൈക്കനാലിലെ ഗുണ കേവ്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് റിലീസിന് തയ്യാറെടുക്കുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന മലയാള ചിത്രത്തിന്റെ ട്രൈയ്ലര്‍ പുറത്തിറങ്ങിയതോടെയാണ്. കേരളത്തില്‍ നിന്ന് കൊടയ്ക്കനാലില്‍ ഉല്ലാസയാത്രയ്ക്കെത്തുന്ന ഒരുക്കൂട്ടം യുവാക്കളെ അധികരിച്ചാണ് ചിത്രം കഥ പറയുന്നത്. ഇവര്‍ ഗുണ കേവ്സ് കാണാനെത്തുന്നതും കൂട്ടത്തിലൊരാള്‍ അബദ്ധത്തില്‍ ഗുഹയില്‍ വീഴുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. 'ജാന്‍ എ മന്നി'ന് ശേഷം ചിദംബരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമക്കഥപോലെ തന്നെ ത്രില്ലടിപ്പിക്കുന്ന ചരിത്രമാണ് കൊടയ്ക്കനാലിലെ ഗുണ കേവ്സിനും പറയാനുള്ളത്.
സായിപ്പിന്റെ കണ്ടെത്തല്‍...
വര്‍ഷം 1821, ഇന്ത്യ സൂര്യനസ്തമിക്കാത്ത ബ്രീട്ടിഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന നാളുകള്‍, അന്ന് കൊടയ്ക്കൈനാല്‍ സന്ദര്‍ശിക്കാനെത്തിയ ഇംഗ്ലീഷ് ഓഫീസര്‍ ആയിരുന്ന ബി.എസ്. വാര്‍ഡാണ് ആദ്യമായി ഈ അതിപുരാതന ഗുഹ കണ്ടെത്തുന്നത്. അന്ന് സായിപ്പ് ഈ പ്രദേശത്ത് കൂടി നടക്കുമ്പോള്‍ കാടുമൂടി കിടന്ന സ്ഥലത്ത് നിന്നും പലരീതിയിലുള്ള ശബ്ദം കേട്ടു, അതിന്റെ ഉറവിടം അന്വേഷിച്ച അദ്ദേഹവും സംഘവും കാട് വെട്ടിതെളിച്ചപ്പോഴാണ് ഈ ഗുഹ ദൃശ്യമായത്. സായിപ്പും സംഘവും ഗുഹയുടെ ഉള്ളിലേക്കിറങ്ങി. ഇരുട്ടുമൂടിയ ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് മുന്നോട്ട് പോകാനാകുന്ന ഇടുങ്ങിയ ഗുഹ മുന്നിലേക്ക് അവരെ നയിച്ചു. മുന്നോട്ട് പോയപ്പോള്‍ പല തട്ടുകളായി കിടക്കുന്ന കൂടുതല്‍ ആഴമേറിയ ഭാഗങ്ങള്‍ ദൃശ്യമായി. ഇരുട്ടില്‍ വീണ്ടും നടക്കുന്തോറും ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതായി സായിപ്പ് തിരിച്ചറിഞ്ഞു. അന്ന് 600 അടി താഴ്ചവരെ സായിപ്പും സംഘവും സഞ്ചരിച്ചു. ശ്വാസതടസ്സം കാരണം അതിനപ്പുറം അവര്‍ക്ക് പോവാനായില്ല. പുരാണവുമായി ബന്ധപ്പെട്ടും ഗുഹയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അജ്ഞാത വാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തിയിരുന്നെന്നും വിശ്വസിക്കുന്നവരുണ്ട്.
ആഴമേറിയ 'ഡെവിള്‍സ് കിച്ചണ്‍'...
സമുദ്രനിരപ്പില്‍ നിന്ന് 2230 മീറ്റര്‍ ഉയരത്തിലാണ് ഈ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. കോടമഞ്ഞും തണുപ്പും നിറഞ്ഞ ഇവിടത്തെ കാലാവസ്ഥ ഏതൊരു സഞ്ചാരിക്കും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുക. ഭീമാകാരമായ മൂന്ന് പാറകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ഒരുനിലവറപോലെയാണ് ആദ്യ കാഴ്ചയാണ് ഗുഹ അനുഭവപ്പെടുക. സ്തംഭാകൃതിയില്‍ നില്‍ക്കുന്ന ഇരുപാറകള്‍ നിറഞ്ഞതാണ് പ്രവേശനകവാടം. പ്രദേശത്ത് മരത്തിന്റെ വേരുകള്‍ പടര്‍ന്നുനില്‍ക്കുന്ന കാഴ്ച ആകര്‍ഷണീയമാണ്. ഇരുള്‍ നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ എത്ര അറകളുണ്ടെന്ന് കൃത്യമായ കണക്കില്ല. പലപ്പോഴായി പതിനഞ്ചോളം പേരാണ് ഈ ഗുഹയ്ക്കുള്ളിലേക്ക് വീണ് മരണപ്പെട്ടിട്ടുള്ളത്. ഗുഹയ്ക്കുള്ളില്‍ ആരും ഇതുവരെ ചെന്നെത്താത്ത ഏറ്റവും ആഴമേറിയ ഭാഗത്തെയാണ് 'ഡെവിള്‍സ് കിച്ചണ്‍' എന്ന പേരില്‍ അറിയപ്പെടുന്നത്.
സിനിമ നല്‍കിയ പേര്; 'ഗുണ കേവ്സ്'..
കൊടൈയ്ക്കനാലിലെ മറ്റ് ടൂറിസം സ്പോട്ടുകളെ അപേക്ഷിച്ച് നോക്കിയാല്‍ തീരെ അപ്രശസ്തമായി കിടന്ന സ്ഥമായിരുന്നു ഈ അതിപുരാതന ഗുഹ ഉള്‍പ്പെടുന്ന പ്രദേശം. എന്നാല്‍ 1991 ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം 'ഗുണ' സൂപ്പര്‍ഹിറ്റായതോടെ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത ഗുഹ തേടി ആളുകളുടെ ഒഴുക്ക് തുടങ്ങി. അങ്ങനെ ഈ ഗുഹകള്‍ക്ക് 'ഗുണ കേവ്സ്' എന്ന പേര്് നല്‍കുന്നത്. സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോട് അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പലരും ഗുഹയുടെ ഉള്‍വശങ്ങളിലേക്ക് സാഹസികയാത്രയ്ക്ക് ചെന്നു. അവരില്‍ പലരാണ് ആഴങ്ങളിലേക്ക് വീണ് പോയതും പിന്നീട് തിരിച്ചുവരാനാവാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നതും. മരിച്ചവരില്‍ ഇവിടെ വന്ന് ആത്മഹത്യ ചെയ്ത ചില കമിതാക്കളും ഉള്‍പ്പെടുന്നു.
ആത്മഹത്യ, അപകടം, അടച്ചിടല്‍ ...
ഇവിടെയെത്തുന്ന സഞ്ചാരികള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗുഹയ്ക്കുള്ളിലേക്ക് കടക്കുന്നതും അപകടങ്ങളില്‍ പെടുന്നതും പതിവായതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനംവകുപ്പ് 'ഗുണ കേവ്സ്' ദീര്‍ഘകാലത്തേക്ക് അടച്ചിട്ടത്. പത്ത് വര്‍ഷത്തോളം ഗുഹ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നു. എന്നാല്‍ പ്രദേശത്തേക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്നും ഗുണ കേവ്സ് തുറക്കണമെന്നും നിരന്തരമായി സഞ്ചാരികള്‍ ആവശ്യപ്പെട്ടതോടെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി കടുത്ത നിയന്ത്രണങ്ങളോട് ഗുണ കേവ്സില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ആഴമേറിയ ഭാഗങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ കമ്പിവേലിക്കെട്ടി സുരക്ഷിതമാക്കി. അതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. പകരം പ്രവേശന കവാടത്തില്‍ നിന്നുകൊണ്ട് ഗുണാ കേവ്സിന്റെ സൗന്ദര്യം ആസ്വദിക്കാം. ഗുഹയ്ക്ക് സമീപം വാച്ച് ടവര്‍, വ്യൂ പോയിന്റ് എന്നീ സൗകര്യങ്ങളുമുണ്ട്.
പ്രകൃതിയുടെ മായാജാലം..
ഗുണ ഗുഹകളുടെ നിഗൂഢത ഇന്നും പ്രകൃതിയുടെ ചുരുളഴിയാത്ത രഹസ്യമായി സഞ്ചാരികള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. ഏറെ കൗതുകങ്ങള്‍ നിറഞ്ഞ ഈ അതിപുരാതന ഗുഹ പശ്ചാത്തലമാക്കി സര്‍വൈവര്‍ ത്രില്ലര്‍ ജോണറിലാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സിനിമ വരുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലുവര്‍ഗീസ് ഗണപതി, ജീന്‍ പോള്‍ ലാല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ വിജയം കൂടുതല്‍ മലയാളി സഞ്ചാരികളെ ഗുണ കേവ്സിലേക്ക് ആകര്‍ഷിക്കാന്‍ ഇടയുണ്ട്. ചിത്രത്തിന്റെ റിലീസിന് ശേഷം ഗുണ ഗുഹകളെ ചുറ്റിപറ്റിയുള്ള കൂടുതല്‍ കൗതുക കഥകളും മലയാളിക്ക് മുന്നിലേക്കെത്തുമെന്നുറപ്പ്.
Content Highlights: guna caves, guna film,manjummal boys, kodaikanal, devils kitchen
Published: 09 Feb 2024, 02:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented