'അന്ന് ജയൻ മാറിച്ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ജോഷി എന്ന ഇന്നത്തെ സംവിധായകൻ ഉണ്ടാകുമായിരുന്നില്ല'


ജോഷി/ഭാനുപ്രകാശ്

ജനപ്രിയ മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്‌റ്റ്‌സ്‌മാനായ സംവിധായകനാണ്‌ ജോഷി. എടുത്തതും എടുക്കുന്നതുമായ സിനിമകളാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ അടയാളങ്ങൾ. അതുകഴിഞ്ഞുള്ള വാചാടോപങ്ങളിലൊന്നും ഈ മനുഷ്യന് താത്‌പര്യമില്ല. അഭിമുഖങ്ങളുടെ മുന്നിലോ പൊതുപരിപാടികളിലോ ഇത്രയും കാലമായി ജോഷിയെ കണ്ടിട്ടില്ല. എല്ലാംകൊണ്ടും തീർത്തും വ്യത്യസ്തനായ ഈ സംവിധായകൻ ആദ്യമായി തന്റെ ജീവിതത്തെയും സിനിമയെയുംകുറിച്ച് ദീർഘമായി സംസാരിക്കുകയാണിവിടെ. ജോഷി എന്ന സംവിധായകപ്രതിഭയോടുള്ള മലയാളിയുടെ ആദരംകൂടിയാണ്‌ പുതിയ തലമുറയ്ക്ക്‌  പ്രചോദനാത്മകമായ ഈ അഭിമുഖം

INTERVIEW

ജോഷി | ഫോട്ടോ: മാതൃഭൂമി

ശിവാജി ഗണേശൻ നടിച്ച ‘ഉത്തമപുത്രൻ’ പ്രദർശനത്തിനെത്തുമ്പോൾ വർക്കലക്കാരൻ വാസുവിന്റെയും ഗൗരിയുടെയും ആറാമത്തെ മകൻ ജോഷിക്ക്‌ ആറുവയസ്സാണ്. ആവേശത്തോടെ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ജോഷിയെ അന്വേഷിച്ച് കുറച്ചുപേർ തിയേറ്ററിനുള്ളിലേക്ക് ഓടിയെത്തി. പ്രോജക്ടറിൽനിന്ന്‌ സ്‌ക്രീനിലേക്ക് വീഴുന്ന രശ്മികളിൽനിന്ന്‌ അരിച്ചിറങ്ങിയ വെട്ടത്തിൽ ജോഷിക്കൊപ്പം സിനിമ കണ്ടുകൊണ്ടിരുന്ന അച്ഛന്റെ സഹോദരിയുടെ മകളോടാണ് അവർ വിവരം പറയുന്നത്. ‘‘ജോഷീ... വാടാ...’’ ചേച്ചിയുടെ സങ്കടംനിറഞ്ഞ വാക്കുകൾക്കൊപ്പം തിയേറ്ററിന്റെ ഇരുട്ടിൽനിന്ന് ആ ആറുവയസ്സുകാരൻ പുറത്തേക്കോടി. ഇരുട്ടിലേക്ക് ചേക്കേറിത്തുടങ്ങിയ സന്ധ്യയിൽ ചേച്ചിയോടൊപ്പം വീട്ടിലേക്ക് കുതിക്കുമ്പോഴും ജോഷി അറിഞ്ഞിരുന്നില്ല എന്താണ് സംഭവിച്ചതെന്ന്. തിയേറ്ററിൽനിന്ന്‌ അകലെയുള്ള വീട്ടിലേക്ക് ഓടിത്തളർന്നെത്തുമ്പോൾ ബന്ധുക്കളും നാട്ടുകാരുമായി മുറ്റത്ത് പതിവില്ലാത്ത ആൾക്കൂട്ടം. അകത്ത് അമ്മയുടെയും സഹോദരങ്ങളുടെയും നിലവിളികൾക്കുനടുവിൽ വെള്ളപുതച്ച് അവസാനത്തെ ഉറക്കത്തിലാണ് അച്ഛൻ. ആ മുഖത്തേക്കുമാത്രം നോക്കിയിരുന്ന സമയം കറുപ്പിലും വെളുപ്പിലുമുള്ള ഏതൊക്കെയോ സിനിമകൾ ജോഷിയുടെ കുഞ്ഞുമനസ്സിലൂടെ കടന്നുപോയി. അച്ഛനെ നഷ്ടപ്പെട്ട, അറുപത്തിനാല് വർഷങ്ങൾക്കുമുമ്പുള്ള ആ രാത്രി ജോഷിയുടെ ഓർമകളിൽനിന്ന്‌ ഇന്നും മറഞ്ഞിട്ടില്ല.

‘‘ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ എന്നൊന്നും അറിയില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അച്ഛൻ വീണത്. ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഒരാഴ്ചയ്ക്കപ്പുറം പോയില്ല. വീണതും പോയതും ഞായറാഴ്ചകളിലായിരുന്നു. ചിതറിയ ഓർമകളേ അച്ഛനെക്കുറിച്ച് എന്റെ മനസ്സിലുള്ളൂ. പക്ഷേ, സിനിമയെന്നാൽ എനിക്ക് അച്ഛൻ തന്നെയാണ്. വളർത്തിയതും വലുതാക്കിയതുമൊക്കെ അച്ഛനാണെന്ന് പറയാറുണ്ടല്ലോ. അതുപോലെ എനിക്ക്‌ ഈ ജീവിതംതന്നത് സിനിമയാണ്. അതിൽ അദൃശ്യമായി എവിടെയോ എന്റെ അച്ഛനുണ്ട്.’’

-മലയാളത്തിന്റെ മെഗാ സംവിധായകൻ ദീർഘമായ സംഭാഷണം തുടങ്ങുംമുമ്പേ ആമുഖമായിപ്പറഞ്ഞു

ജോഷിയുടെ അച്ഛൻ വാസു, വർക്കലക്കാർക്ക് വാസുമാനേജരാണ്. സിങ്കപ്പൂരിലെ നേവൽ ബേസിൽ കുറെക്കാലം കാന്റീൻ നടത്തിയിരുന്ന അദ്ദേഹം അതെല്ലാംവിട്ട് നാട്ടിലെത്തിയശേഷം വർക്കല ശശി എന്നപേരിൽ സ്വന്തമായി ഒരു സിനിമാ തിയേറ്റർ തുടങ്ങി. ആദ്യം പണിത തിയേറ്റർ കത്തിപ്പോയെങ്കിലും അതേസ്ഥലത്ത് പുതിയൊരു തിയേറ്റർ വാസുമാനേജർ നിർമിച്ചു. സിനിമയെ അത്രയേറെ സ്നേഹിച്ചിരുന്ന അച്ഛനിൽനിന്നാവാം അറിഞ്ഞോ അറിയാതെയോ സിനിമയോടുള്ള പ്രണയം ജോഷിയിലേക്കും പകർന്നത്. ആറാംവയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട മകന്റെ പിന്നീടുള്ള ജീവിതം എങ്ങനെയായിരുന്നു?

ഞങ്ങൾ എട്ടുമക്കളാണ്. അഞ്ചു പെണ്ണും മൂന്ന്‌ ആണും. മൂത്തചേച്ചി ശശിദേവി. ആ പേരിന്റെ പാതിയാണ് തിയേറ്ററിനിട്ടത്. അന്ന് വർക്കലയിലുണ്ടായിരുന്ന ഒരേയൊരു തിയേറ്ററാണ് ശശി. അച്ഛന്റെ മരണത്തെത്തുടർന്ന് കുറച്ചുനാൾ അമ്മാവന്മാരായിരുന്നു തിയേറ്റർ നടത്തിപ്പ്. അതിനുശേഷമാണ് ശശി ചേച്ചിയുടെ ഭർത്താവ് ശ്രീനിവാസൻ ചേട്ടനും മൂത്തസഹോദരൻ കുട്ടപ്പനും (ശശാങ്കൻ)കൂടി തിയേറ്റർ നടത്താൻ തുടങ്ങിയത്. കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഇവർ രണ്ടുപേരുമാണ്. പിന്നീട് അച്ഛന്റെപേരിൽ വർക്കല വാസു, അമ്മയുടെ പേരിൽ ആറ്റിങ്ങൽ ഗൗരി എന്നീ രണ്ടു തിയേറ്ററുകൾ തുടങ്ങി. കുട്ടപ്പൻ ചേട്ടനായിരുന്നു ഇതെല്ലാം നോക്കിനടത്തിയത്. രണ്ടു തിയേറ്ററുകളും ഇപ്പോൾ ഓർമയായി. ശ്രീനിവാസൻ ചേട്ടൻ അഭിഭാഷകനായിരുന്നു. കൊൽക്കത്തയിൽനിന്ന് നിയമബിരുദമെടുത്ത അദ്ദേഹമാണ് എനിക്ക്‌ ജോഷി എന്ന പേരിട്ടത്. സിനിമയോട് ഞാൻ കാണിച്ച താത്‌പര്യം പഠനത്തിലുണ്ടായിരുന്നില്ല. പരീക്ഷയുടെ തലേന്നുപോലും തിയേറ്ററിലായിരുന്നു. കണ്ട സിനിമകൾതന്നെ പത്തും പതിനഞ്ചും തവണ കാണാൻ ഒരു മടിയുമുണ്ടായിരുന്നില്ല. നടീനടന്മാരുടേത് മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേരുകൾ മനഃപാഠമായിരുന്നു. അക്കാലത്ത് ശശിതിയേറ്ററിൽ ഇടയ്ക്കിടെ നാടകവും അരങ്ങേറിയിരുന്നു. അന്നേരം സിനിമാസ്‌ക്രീൻ അഴിച്ചുമാറ്റും. കെ.പി.എ.സി., കാളിദാസ കലാകേന്ദ്രം, വിശ്വകേരള കലാസമിതി തുടങ്ങി പല ട്രൂപ്പുകളുടെയും നാടകങ്ങൾ ഞാൻ കാണുന്നത് അവിടെവെച്ചാണ്.

ജോഷിയുടെ മാതാപിതാക്കളായ വാസുവും ​ഗൗരിയും | ഫോട്ടോ: മാതൃഭൂമി

ബിരുദപഠനംപോലും പൂർത്തിയാക്കാതെ ഇരുപതാം വയസ്സിൽ സിനിമയുടെ ലോകത്തേക്ക് എടുത്തുചാടുമ്പോൾ എന്തായിരുന്നു ആത്മബലം?

ചേർത്തല എസ്.എൻ. കോളേജിൽ പഠിക്കുന്ന കാലത്തേ സിനിമയോടുള്ള എന്റെ താത്‌പര്യം മനസ്സിലാക്കിയ ശ്രീനിവാസൻ ചേട്ടൻ പറയുമായിരുന്നു ജോഷിയെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പറഞ്ഞയച്ച് പഠിപ്പിക്കണമെന്ന്. പക്ഷേ, അക്കാദമിക്കലായി പഠിക്കാൻ എനിക്ക് ഒട്ടും താത്‌പര്യമില്ലായിരുന്നു. കോളേജ് പഠനകാലം ശരിക്കും ഉഴപ്പി. നിരന്തരം ക്ലാസ് കട്ടുചെയ്ത് എനിക്ക്‌ പഠനത്തിന്റെ ലിങ്ക് തന്നെ നഷ്ടപ്പെട്ടു. സിനിമയല്ലാതെ മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. അക്കാലത്താണ് ഉദയായുടെ കൂട്ടുകുടുംബം എന്ന സിനിമയുടെ ഷൂട്ടിങ് ആലപ്പുഴയിൽ നടക്കുന്നത്. ഷീലയും ശാരദയും നൃത്തംചെയ്യുന്ന ഒരു രംഗത്ത് കാണികളായി മുപ്പതുകുട്ടികളെ വേണം. എസ്.എൻ. കോളേജുമായി ഉദയായ്ക്ക് നല്ലബന്ധമാണ്. ഉടൻതന്നെ ഒരു വണ്ടിയിൽ മുപ്പതുപേരെ തള്ളിക്കയറ്റി ഉദയായിലേക്കയച്ചു. അക്കൂട്ടത്തിൽ ഞാനും എന്റെ ജൂനിയറായി പഠിച്ചിരുന്ന രതീഷു(പിന്നീട് നടനായ അതേ രതീഷ് തന്നെ)മുണ്ടായിരുന്നു. ക്യാമറയ്ക്കുമുന്നിൽ കാണികളായി ഞങ്ങളിരുന്നു. ഷൂട്ടിങ് സമയത്താണ് സേതുമാധവൻ സാറിനെ കാണുന്നത്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ടതാണ്. ഇടവേളയിൽ അദ്ദേഹത്തിനരികിൽ ചെന്ന് പരിചയപ്പെട്ടു. സംവിധാനം പഠിക്കാനുള്ള താത്‌പര്യം അറിയിച്ചു. ‘‘പഠനം കഴിഞ്ഞു വാ, അപ്പോ നോക്കാം’’ എന്നായിരുന്നു മറുപടി. പക്ഷേ, പഠനം പൂർത്തീകരിക്കുംമുമ്പേ വീട്ടിൽപ്പോലും പറയാതെ ഞാൻ മദിരാശിയിലേക്ക് വിട്ടു. സാമ്പത്തികഭദ്രതയുള്ള ചുറ്റുപാടായിരുന്നതുകൊണ്ട് എന്നെ ആശ്രയിച്ചുകഴിയേണ്ട അവസ്ഥയൊന്നും വീട്ടുകാർക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ വഴിയിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു.

സിനിമ സ്വപ്നംകണ്ട് മദിരാശിയിൽ വണ്ടിയിറങ്ങിയ ജോഷി ആദ്യം കടന്നുചെല്ലുന്നത് കെ.എസ്. സേതുമാധവനരികിലേക്കാണ്. ‘‘പഠിത്തം പൂർത്തീകരിക്കാതെയാണോ വന്നത്.’’ ഈയൊരു ചോദ്യംമാത്രമേ അദ്ദേഹം ജോഷിയോട് ചോദിച്ചുള്ളൂ. എങ്കിലും സേതുമാധവൻ പറഞ്ഞു ‘‘ഏതായാലും വന്നില്ലേ, ഞാൻ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഒരു കത്തുതരാം. അവിടെ ചേരൂ.’’ സേതുമാധവന്റെ അഭിപ്രായത്തെ അംഗീകരിച്ച് മുന്നോട്ടുപോകാൻ ജോഷിക്ക്‌ ഒരിക്കലും സാധിക്കില്ലായിരുന്നു. ‘‘ഇനി പഠിക്കാൻ കഴിയില്ല സാർ, പ്രാക്ടിക്കൽ എക്സ്പീരിയൻസാണ് എനിക്കുവേണ്ടത്.’’ എന്നുമാത്രം പറഞ്ഞ് ജോഷി സേതുമാധവന്റെ വീടിന്റെ പടിയിറങ്ങി.

കെ.എസ്. സേതുമാധവൻ | ഫോട്ടോ: വി.രമേഷ് \ മാതൃഭൂമി

അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാൻ ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവന്നോ?

സേതുമാധവൻ സാർ കൈയൊഴിഞ്ഞപ്പോൾ എ.ബി. രാജ് സാറിനെ കാണാനാണ് പോയത്. അന്നത്തെ വലിയ ഡയറക്ടറാണ് അദ്ദേഹം. സ്‌ക്രിപ്റ്റ് എടുത്തു തന്നിട്ട് പകർത്തിയെഴുതി കാണിക്കാൻ പറഞ്ഞു. ‘‘എന്റെ കൈയക്ഷരം വളരെ മോശമാണ്. ഞാനെഴുതിയത് എനിക്കുതന്നെ വായിക്കാൻ പറ്റില്ല’’ എന്ന് പറഞ്ഞപ്പോൾ, ‘‘പിന്നെ എന്ത് അസിസ്റ്റന്റ് ഡയറക്ടർ?’’എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ജയ്‌ മാരുതി പിക്ച്ചേഴ്സിന്റെ ടി.ഇ. വാസുദേവൻസാറും സ്‌ക്രിപ്റ്റ് പകർത്തിക്കാണിക്കാനാണ് പറഞ്ഞത്. ഒടുവിൽ അദ്ദേഹവും കൈയൊഴിഞ്ഞു. സംവിധാനസഹായിയായി നിൽക്കാനുള്ള ഒരവസരത്തിനുവേണ്ടി നാലുമാസത്തെ അലച്ചിൽ. മാസവാടകയ്ക്ക് മുറിയെടുത്തായിരുന്നു താമസം. നാലുനേരവും ഭക്ഷണം ഹോട്ടലിൽനിന്ന് കഴിക്കും. ഒരു പടത്തിലെങ്കിലും വർക്കുചെയ്തശേഷമേ നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന ഉറച്ച തീരുമാനത്തിലാണ് ജീവിച്ചത്‌.

‘‘പത്തുപൈസ തരില്ല, ഭക്ഷണവും താമസവുമൊക്ക സ്വന്തം ചെലവിൽ നടത്തിക്കോളണം’’ എന്നുപറഞ്ഞ് ക്രോസ്ബെൽറ്റ് മണി ഒടുവിൽ താങ്കളെ സംവിധാന സഹായിയായിവെച്ചു....

മണിസാർ അങ്ങനെ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ‘ഞാൻ റെഡി സാർ’ എന്ന് മറുപടി പറയാനേ തോന്നിയുള്ളൂ. എൻ.എൻ. പിള്ളയുടെ കാപാലികയായിരുന്നു ആദ്യചിത്രം. കാപാലിക നാടകം ഞങ്ങളുടെ തിയേറ്ററിൽ കളിച്ചപ്പോൾ കണ്ടതാണ്. സിനിമയുടെ റെക്കോഡിങ് ഭരണി സ്റ്റുഡിയോയിൽ നടക്കുമ്പോഴാണ് എൻ.എൻ. പിള്ളസാർ വരുന്നത്. അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രശസ്ത നടനുമായ വിജയരാഘവനും ഒപ്പമുണ്ടായിരുന്നു. എസ്.എൻ. കോളേജിൽ ഞാനും വിജയരാഘവനും ഒന്നിച്ച്‌ പഠിച്ചതാണ്. എന്നെ കണ്ടപ്പോൾ ‘‘ജോഷീ... നീ ഇവിടെ?’’ എന്ന് ചോദിച്ച് വിജയരാഘവൻ അരികിലേക്കുവന്നു. ഞങ്ങൾ സംസാരിക്കുന്നത് മണിസാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിജയരാഘവനുമായി എനിക്ക്‌ വളരെ അടുപ്പമുണ്ടെന്ന് മനസ്സിലായതോടെ സാറിന് എന്നോട് വലിയകാര്യമായി. അതിനുശേഷം അദ്ദേഹം എന്നോടുപറഞ്ഞു: ‘‘ഷൂട്ടിങ്ങുള്ള ദിവസം ജോഷി ഭക്ഷണംകഴിക്കാൻ പുറത്തുപോകേണ്ട, ഇവിടന്ന് കഴിക്കാം. ഡോർമെറ്ററിയിൽ നാലു ബെഡ് ഉണ്ട്. അതിലൊന്നിൽ ജോഷിക്ക്‌ കിടക്കാം.’’ പിന്നെ, കിടപ്പും ഭക്ഷണവും പ്രൊഡക്‌ഷൻ ചെലവിലായി. പക്ഷേ, എന്റെ ജീവിതത്തിലെ ഷൂട്ടിങ്ങിന്റെ ആദ്യദിവസംതന്നെ വേദനിപ്പിക്കുന്ന ഒരനുഭവമുണ്ടായത് മറക്കാൻ കഴിയില്ല. ഉച്ചഭക്ഷണനേരത്ത് പ്രധാന സംവിധായസഹായി ദിനകരന് വിളമ്പിയ ഭക്ഷണത്തിനുമുന്നിൽ അയാൾ എന്നെ നിർബന്ധിച്ച് പിടിച്ചിരുത്തി. ദിനകരന് ഒരു സിഗരറ്റ് വലിക്കാൻ പുറത്തേക്കു പോകണം, അതുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത്. സെറ്റിലെ പ്രധാനപ്പെട്ടവരെല്ലാം കഴിച്ചശേഷം ഞാൻ കഴിച്ചോളാം എന്നു പറഞ്ഞെങ്കിലും ദിനകരൻ സമ്മതിച്ചില്ല. ഇതൊന്നുമറിയാതെയാണ് മണിസാറിന്റെ വരവ്. എന്നെ കണ്ടപാടേ ‘‘നിന്റെ ചീഫ് കഴിച്ചിട്ട് നീ കഴിച്ചാൽ മതി. എഴുന്നേൽക്ക്’’ എന്നു പറഞ്ഞു. മറിച്ചൊന്നും പറയാതെ ഞാൻ എഴുന്നേറ്റു. അന്നൊക്കെ രണ്ട് രീതിയിലായിരുന്നു സിനിമാ സെറ്റിൽ ഭക്ഷണം വിളമ്പിയിരുന്നത്. താരങ്ങളും സംവിധായകനും ക്യാമറാമാനും ഒരു ഭാഗത്തും ബാക്കിയുള്ളവരെല്ലാം സെറ്റിൽ മറ്റൊരുഭാഗത്തും.

സംവിധാനസഹായിയായും സഹസംവിധായകനായും നാലുവർഷത്തോളം ക്രോസ്ബെൽറ്റ് മണിയുടെ കീഴിൽ, ഹിറ്റും സൂപ്പർഹിറ്റുമായി പത്തോളം സിനിമകൾ. ആദ്യചിത്രമായ കാപാലികയിലൂടെ ജോഷി എന്ന പേര് തിരശ്ശീലയിൽ തെളിഞ്ഞപ്പോൾ ‘നാശത്തിന്റെ വഴിയിലേക്ക് എടുത്തു ചാടിയവനെ’ന്ന് നാടും വീടും വിധിയെഴുതിയവനെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറിമാറിയാൻ തുടങ്ങി. വാസു മാനേജരുടെ മകൻ സിനിമയുടെ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങുന്നതു കണ്ട് പലരും അദ്‌ഭുതപ്പെട്ടു. മെറിലാൻഡിന്റെ വിടരുന്ന മൊട്ടുകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിറങ്ങുമ്പോൾ സുബ്രഹ്മണ്യം മുതലാളി പറഞ്ഞു: ‘‘ജോഷീ..., നീ മലയാളത്തിലെ പെരിയ ഡയറക്ടറായിത്തീരും.’’

എൻ.എൻ. പിള്ള, വിജയരാഘവൻ| ഫോട്ടോ: ശ്രീജിത്ത് പി രാജ് \ മാതൃഭൂമി

ആദ്യസിനിമയായ ‘ടൈഗർ സലീമി’ന്റെ കനത്ത പരാജയവും രണ്ടാമത്തെ ചിത്രമായ ‘ആയിരം വസന്തങ്ങൾ’ റിലീസിങ്ങിനുള്ള പ്രിന്റുകളായിട്ടും തിയേറ്ററിലെത്താതെപോയതും സംവിധായകൻ എന്ന നിലയിൽ താങ്കളുടെ മുന്നോട്ടുള്ള പ്രയാണത്തെ ഏതെല്ലാം വിധത്തിലാണ് ബാധിച്ചത്‌?

= അൺലക്കി ഡയറക്ടർ എന്നായിരുന്നു സിനിമയിലെ പലരും അക്കാലത്ത് എനിക്കു ചാർത്തിത്തന്ന പേര്. ആയിരം വസന്തങ്ങളുടെ ഷൂട്ടിങ് നടക്കുമ്പോൾത്തന്നെ ആയിരവും രണ്ടായിരവുമായി അഞ്ചോളം ചിത്രങ്ങൾക്ക് അഡ്വാൻസ് ലഭിച്ചിരുന്നു. ‘ആയിരം വസന്തങ്ങൾ പോയിട്ട് ഒരു വസന്തവും വരാൻ പോകുന്നില്ലെ’ന്നുപറഞ്ഞ് അഡ്വാൻസ് തുക നിർമാതാക്കൾ തിരിച്ചുവാങ്ങി. സേതുമാധവൻ സാറും വിൻസെന്റ് മാഷും ചെയ്തപോലുള്ള പടങ്ങൾ എന്നിൽനിന്ന്‌ പ്രതീക്ഷിച്ച് കുട്ടപ്പൻ ചേട്ടൻ പറഞ്ഞു

‘‘നിനക്ക് പറ്റിയ പണിയൊന്നുമല്ല ഇത്. തത്‌കാലം നീയൊരു കാര്യംചെയ്യ്, നമ്മുടെ തിയേറ്ററിൽ ടിക്കറ്റ് കൊടുക്കാൻ നിൽക്ക്.’’ ചേട്ടനടക്കമുള്ളവർക്ക് എന്നിലുണ്ടായിരുന്ന പ്രതീക്ഷകൾ തകിടംമറിഞ്ഞു. വാസുമാനേജരുടെ മോന്റെ സിനിമ എട്ടുനിലയിൽ പൊട്ടി എന്ന പരിഹാസം നാട്ടുകാരിൽനിന്നുമുണ്ടായി. പലർക്കും അതൊരാഘോഷമായി. മദ്രാസിലേക്ക് ഇനിയൊരു മടക്കയാത്രയില്ലെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് തിരുവനന്തപുരത്ത് ഏതോ പടത്തിന്റെ ഷൂട്ടിങ്ങിനുവന്ന കൊച്ചിൻ ഹനീഫ എന്നെ കാണാനായി വർക്കലയിലെ വീട്ടിലെത്തുന്നത്. ഹനീഫയുമായി അടുത്ത സൗഹൃദമായിരുന്നു. മണിസാറിനൊപ്പം ഞാൻചെയ്ത പടങ്ങളിലെല്ലാം ഹനീഫയുണ്ടായിരുന്നു. ‘‘ഇവിടെ കിടന്നാൽ നീ നശിച്ചുപോകുകയേയുള്ളൂ, സിനിമയിലേക്ക് മടങ്ങിവരണം. ഒപ്പം ഞാനുണ്ട്’’ എന്ന ഹനീഫയുടെ സ്നേഹപൂർണമായ നിർബന്ധത്തിനുവഴങ്ങി അവനോടൊപ്പം ഞാൻ വീണ്ടും മദ്രാസിലേക്ക് വണ്ടികയറി. ക്യാമറാമാൻ ജെ. വില്യംസിന്റെ മിസ്റ്റർ മൈക്കിളിൽ സഹകരിച്ചുപ്രവർത്തിച്ചു, അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. ഒരു ഹിറ്റ് സിനിമയെങ്കിലും ചെയ്ത് അൺലക്കി ഡയറക്ടർ എന്നപേര് തിരുത്തിയെഴുതണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു.

കൊച്ചിൻ ഹനീഫ | ഫോട്ടോ: മാതൃഭൂമി

‘‘ജോഷി ഈ പടം ചെയ്യുന്നെങ്കിൽ മാത്രമേ ഞാൻ അഭിനയിക്കൂ’’ എന്ന നടൻ ജയന്റെ ഉറച്ച തീരുമാനം ‘മൂർഖൻ’ എന്ന വമ്പൻ ഹിറ്റ് സൃഷ്ടിച്ചുകൊണ്ട് തിരിച്ചുവരാൻ താങ്കൾക്ക് വഴിയൊരുക്കി എന്ന് കേട്ടിട്ടുണ്ട്

ജയൻ നായകനായ ബെൻസ്‌വാസുവിൽ ഒരു സ്ട്രീറ്റ് ഫൈറ്റ് ഞാനാണ് എടുത്തത്. നിർമാതാവും സംവിധായകനുമായ ഹസ്സൻക്കയോട് അന്ന് ജയൻ പറഞ്ഞു. ‘‘അടുത്തപടം നമുക്ക് ജോഷിയെക്കൊണ്ട് ചെയ്യിക്കണം.’’ കൊച്ചിൻ ഹനീഫയും ഹസ്സൻക്കയും ഞാനും ചേർന്നാണ് മൂർഖന്റെ കഥയുണ്ടാക്കുന്നത്. കഥകേട്ടപ്പോൾ തന്നെ ജയൻ പറഞ്ഞു: ‘‘ഈ പടം നമുക്ക് ജോഷിയെക്കൊണ്ട് ചെയ്യിക്കാം.’’ വിതരണക്കാരായ രാജ് പിക്‌ച്ചേഴ്സ് സമ്മതിച്ചില്ല. ഭാഗ്യമില്ലാത്ത സംവിധായകനെക്കൊണ്ട് പടം ചെയ്യിപ്പിച്ചാൽ അവർ സഹകരിക്കില്ലെന്ന് പറഞ്ഞു. ഹസ്സൻക്കയുടെ പേരിൽ ആ പടം ചെയ്യുകയാണെങ്കിൽ അവർ സമ്മതിക്കും. ഒടുവിൽ ഹസ്സൻക്ക പറഞ്ഞു, ‘‘സംവിധാനം ഹസ്സൻ-ജോഷി എന്ന് വെക്കാം.’’ അതിന് എനിക്ക് സമ്മതമല്ലായിരുന്നു. പടം ഞാൻ ചെയ്തുതരാം, എന്റെ പേര് വെക്കേണ്ട എന്ന് ഹസ്സൻക്കയോട് ഞാൻ പറഞ്ഞെങ്കിലും ജയൻ അതംഗീകരിച്ചില്ല. ‘‘ജോഷിക്ക്‌ വാക്ക് കൊടുത്തത് ഞാനാണ്. അയാൾ സംവിധാനംചെയ്യുന്നെങ്കിൽ മാത്രമേ ഞാൻ അഭിനയിക്കൂ.’’ ജയന്റെ തീരുമാനത്തോട് രാജ് ഫിലിംസിന് യോജിക്കാതിരിക്കാനാവില്ലായിരുന്നു. ഇരുപത്തിയഞ്ച് ദിവസംകൊണ്ട് മൂർഖൻ ഷൂട്ട് ചെയ്തു. ഫസ്റ്റ് കോപ്പി ആയപ്പോൾ ജയൻ എന്നെ വിളിച്ച്, തന്റെ സുഹൃത്തുക്കൾക്ക് കാണാൻ മൂർഖൻ പ്രദർശിപ്പിക്കാൻ വേണ്ടതു ചെയ്യണമെന്ന് പറഞ്ഞു. അന്നൊരു ഞായറാഴ്ചയായിരുന്നു. വൈകീട്ട് ആറരയോടെ മദ്രാസിലെ പ്രകാശ് സ്റ്റുഡിയോയിലെ തിയേറ്ററിൽ സിനിമ കാണിക്കാൻവേണ്ട ഏർപ്പാടുകൾ ചെയ്തു. ഞാനും കൊച്ചിൻ ഹനീഫയും ഫിലിം പെട്ടിയുമായി അഞ്ചുമണിക്ക് സ്റ്റുഡിയോയിലെത്തി ജയനെയും കാത്തിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ സ്റ്റുഡിയോയിലേക്ക് ഒരു ഫോൺ വന്നു. ഷോലവാരത്ത് ഷൂട്ടിങ് സമയത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജയന് അപകടംപറ്റി. ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഞാനും ഹനീഫയും അപ്പോൾത്തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു. ജയനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റിയിട്ടുണ്ട്. ഒട്ടുമിക്ക ചലച്ചിത്രപ്രവർത്തകരും ഹോസ്പിറ്റലിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങൾ ഹോസ്പിറ്റലിന്റെ മുൻഭാഗത്തുള്ള വാതിലിനരികിൽ നിന്നു. ആറരമണി കഴിഞ്ഞപ്പോൾ അകത്തുനിന്നും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മധുസാർ പുറത്തേക്കു വന്നു. പിറകെ സുകുമാരനും. എല്ലാവരും അവരുടെ മുഖത്തേക്ക് മാത്രംനോക്കി. ‘‘ജയൻ പോയി’’ -മധുസാർ പറഞ്ഞു. ആ വാർത്തകേട്ട് ഞങ്ങൾ തകർന്നുപോയി. പിന്നീട് പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്, അന്ന് ജയൻ മാറിച്ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ജോഷി എന്ന ഇന്നത്തെ സംവിധായകൻതന്നെ ഉണ്ടാകുമായിരുന്നില്ല. സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്.

ജയൻ | ഫോട്ടോ: മാതൃഭൂമി

മൂർഖൻ സിനിമയുടെ ഓരോ ഫ്രെയിമും ജോഷി എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞവയായിരുന്നു. അതോടെ നിർമാതാക്കളും തിരക്കഥാകൃത്തുക്കളും നടീനടന്മാരും ജോഷിയെ തിരഞ്ഞുവരാൻ തുടങ്ങി. സംവിധാനം പഠിക്കാൻ അലഞ്ഞ നാളുകൾ മാറ്റി നിർത്തിയാൽ പിന്നീടുള്ള കാലം സിനിമ ജോഷിക്കു പിന്നാലെയായിരുന്നു. മലയാളത്തിൽ സിനിമാസ്കോപ്പ് ചിത്രങ്ങൾ തുടർച്ചയായി വരുന്നത് താങ്കളുടെ വരവോടെയാണ് അല്ലേ...

സിനിമാസ്കോപ്പ് ലെൻസ് എന്താണെന്നു പോലുമറിയാത്ത കാലത്താണ് എവർഷൈൻ തിരുപ്പതി ചെട്ടിയാർ സാർ ‘ഇതിഹാസം’ സിനിമാസ്കോപ്പിൽ ചെയ്യണമെന്ന് എന്നോടു പറയുന്നത്. മലയാളത്തിൽ മൂന്നു സിനിമകൾ മാത്രമേ അന്ന് സിനിമാസ്കോപ്പിൽ ഇറങ്ങിയിട്ടുള്ളൂ. ശശികുമാർ, എ.ബി. രാജ്, ബേബി തുടങ്ങിയ സംവിധായകരൊക്കെ അക്കാലത്ത് തിരുപ്പതി സാറിന് പ്രിയപ്പെട്ടവരാണ്. എന്നിട്ടും എവർഷൈനിന്റെ ബാനറിൽ സിനിമാസ്കോപ്പിൽ ഒരു പടം ചെയ്യാൻ അദ്ദേഹം എന്നെയാണ് ഏൽപ്പിച്ചത്. അത് വലിയ അംഗീകാരമായിരുന്നു. ഇതിന്റെ പേരിൽ തിരുപ്പതി സാറിനോട് പലർക്കും നീരസമുണ്ടായിരുന്നു. പക്ഷേ, അതൊന്നും അദ്ദേഹം ഒട്ടും കാര്യമായെടുത്തില്ല.

(തുടരും)

Content Highlights: director joshiy exclusive interview part 1, filmography of joshiy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented