
ഫ്രെയിമുകൾകൊണ്ട് മായക്കാഴ്ചകൾ തീർക്കുന്ന ക്യാമറാമാനാണ് സന്തോഷ് ശിവൻ. മനുഷ്യരും പ്രകൃതിയുമെല്ലാം ആ ക്യാമറക്കണ്ണിലൂടെ സുന്ദരചിത്രങ്ങളായി ഇറങ്ങിവരുന്നത് പ്രേക്ഷകർ കണ്ടിട്ടുണ്ട്. കാലാപാനിയും റോജയും യോദ്ധയും അശോകയുമെല്ലാം ഇന്നും ഓർമിക്കപ്പെടുന്നത് സന്തോഷ് ശിവൻ ഒപ്പിയെടുത്ത മനോഹരമായ കാഴ്ചകളിലൂടെയുംകൂടിയാണ്. സംവിധാനംചെയ്ത സിനിമകളിലും ദൃശ്യങ്ങളെ കാഴ്ചയ്ക്കുള്ള വിഭവങ്ങളാക്കിത്തീർക്കുന്ന ആ മികവുകാണാം. പതിനൊന്നു വർഷത്തെ ഇടവേളയ്ക്കുശേഷം സന്തോഷ് ശിവൻ സംവിധായകന്റെ റോളിൽ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്, ജാക് ആന്റ് ജിൽ എന്ന സിനിമയിലൂടെ.
നീണ്ട ഇടവേളയ്ക്കുശേഷമാണ് മലയാളത്തിലേക്ക് വരുന്നത്. എവിടെയായിരുന്നു ഇത്രയും കാലം
എങ്ങും പോയില്ല. ഇവിടെത്തന്നെ ഉണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകൾ പൂർത്തിയാക്കേണ്ടിയിരുന്നു. ഹിന്ദിയിൽ വിജയ് സേതുപതി അഭിനയിക്കുന്ന ‘മുംബൈകർ’ ഈയിടെയാണ് പൂർത്തിയാക്കിയത്. അതിനിടയിൽ കുറച്ച് തമിഴ് സിനിമകൾ. ഇംഗ്ലീഷ് ചിത്രത്തിന്റെ വർക്കുമായി ബന്ധപ്പെട്ട് കുറച്ചുനാൾ യു.കെ.യിൽ. അങ്ങനെ സിനിമയുടെ കൂടെത്തന്നെ ഓടുകയായിരുന്നു.
സന്തോഷ് ശിവന്റെ സ്ഥിരം പാറ്റേണിലുള്ള സിനിമയല്ല ജാക് ആന്റ് ജിൽ. പുതിയ കാലത്തിനനുസരിച്ച് മാറിത്തുടങ്ങുകയാണോ?
ചരിത്രസിനിമകൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ എന്നൊരു അഭിപ്രായം പൊതുവേയുണ്ട്. അതൊന്ന് മാറ്റാമെന്ന് കരുതി. പുതിയ തലമുറയ്ക്കുകൂടി ഇഷ്ടപ്പെടുന്ന സിനിമ വേണം എന്ന ആഗ്രഹമാണ് ജാക് ആന്റ് ജില്ലിൽ എത്തിച്ചത്. തമാശ സിനിമയാണ് ഇത്. അതിൽ അല്പം സയൻസും ഫിക്‌ഷനും ആക്ഷനും പ്രതികാരവും എല്ലാംചേർത്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ടെക്‌നോളജിയുമെല്ലാം ഇപ്പോൾ എല്ലാവർക്കും പരിചിതമായിക്കഴിഞ്ഞല്ലോ. എല്ലാവിഭാഗം ആളുകൾക്കും സിനിമ ഇഷ്ടമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
നായികാപ്രാധാന്യമുള്ള സിനിമയാണ് ജാക് ആന്റ് ജിൽ. മഞ്ജു വാരിയർ തന്നെ ആയിരുന്നോ മനസ്സിൽ?
മഞ്ജുവുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന് നേരത്തേ വിചാരിച്ചതാണ്. അപ്പോഴേക്കും അവർ അഭിനയം നിർത്തി. പിന്നീട് ഇപ്പോഴാണ് അവസരം ലഭിച്ചത്. സിനിമയെക്കുറിച്ച് ആലോചിച്ചുതുടങ്ങിയ സമയംമുതൽ മഞ്ജുതന്നെ ആയിരുന്നു എന്റെ മനസ്സിൽ. അഭിനയവും ഡാൻസും എല്ലാം സ്വാഭാവികമായി ചെയ്യുന്ന ഒരാളാണ് മഞ്ജു. അത് ഈ സിനിമയിൽ ഗുണംചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ആക്‌ഷൻ സീനുകളിൽ. ഡ്യൂപ്പില്ലാതെയാണ് അവർ ആക്‌ഷൻ സീനുകളിൽ അഭിനയിച്ചത്. നന്നായി പാടുകയും ചെയ്തിട്ടുണ്ട്. കിം കിം...എന്ന പാട്ട് ഇതിനകം ഹിറ്റായിട്ടുണ്ടല്ലോ. മഞ്ജുവിന്റെ കഴിവുകളെല്ലാം സിനിമയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

ഇതേ സിനിമ തമിഴിലും റിലീസ് ചെയ്യുന്നുണ്ടല്ലോ
സെന്റീമീറ്റർ എന്ന പേരിലാണ് തമിഴിൽ വരുന്നത്. വെറും ഡബ്ബിങ് മാത്രമല്ല, കഥയിലും ചെറിയ മാറ്റങ്ങളുണ്ട്. മഞ്ജുവും കാളിദാസും ബേസിലുമെല്ലാം തമിഴിലുമുണ്ട്. സൗബിന് പകരം യോഗി ബാബു അഭിനയിക്കുന്നു. ഒരു പാൻ ഇന്ത്യൻ ഫീൽ ലഭിക്കട്ടെ എന്നു കരുതി ചെയ്തതാണ്. സിനിമയുടെ ഷൂട്ടിങ് നേരത്തേ കഴിഞ്ഞിരുന്നു. പിന്നെ കൊറോണ വന്നു. അതുകഴിഞ്ഞപ്പോൾ തിയേറ്റർ ലഭിക്കാത്ത സ്ഥിതിയുണ്ടായി. അങ്ങനെയാണ് റിലീസ് വൈകിയത്.
മിത്ത്, ഫാന്റസി സിനിമകളോട് അല്പം താത്പര്യം കൂടുതലുള്ള ആളാണോ?
എനിക്ക് എല്ലാ ടൈപ്പ് പടം ചെയ്യാനും ഇഷ്ടമാണ്. ഈയടുത്ത് തമിഴിൽ ചെയ്ത ഇനം, മുമ്പ് ചെയ്ത ടെററിസ്റ്റ് എന്നിവ റിയലിസ്റ്റിക് സിനിമകൾ ആയിരുന്നു. പക്ഷേ, മലയാളത്തിൽ ചെയ്തതിൽ അധികവും ചരിത്രമോ ഐതിഹ്യമോ ആധാരമാക്കിയുള്ളവ ആണ്. ഉറുമി, അനന്തഭദ്രം പോലുള്ളവ. അമ്മൂമ്മ പറഞ്ഞുതന്നെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അതിന്റെ സ്വാധീനം എന്റെ സിനിമകളിലും കണ്ടേക്കാം. അത്തരം ഫാന്റസികളെല്ലാം ഫ്രെയിമുകളിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ജാക് ആന്റ് ജില്ലിലും ഇതുകാണാം.
ബറോസ് വിശേഷങ്ങൾ, ലാലേട്ടനൊപ്പമുള്ള അനുഭവങ്ങൾ
ബറോസിന്റെ ഷൂട്ടിങ് കഴിഞ്ഞു. ഇനിയൊരു പാട്ടുസീൻ മാത്രമാണ് ബാക്കിയുള്ളത്. അത് പോർച്ചുഗലിൽ ഷൂട്ടുചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ലാൽസാറിനൊപ്പം ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മനസ്സുനിറയെ സിനിമയാണ്. കോവിഡ് സമയത്തെല്ലാം അദ്ദേഹം ഫോട്ടോയെടുത്ത് എനിക്ക് അയച്ചുതരും, അഭിപ്രായം ചോദിക്കും. വിഷ്വൽസ് എങ്ങനെ ആയിരിക്കണമെന്ന് നല്ല ബോധ്യമുള്ള ആളാണ്. അതിന്റെ ത്രിൽ ബറോസിൽ വർക്ക് ചെയ്യുമ്പോൾ ഉണ്ടായിരുന്നു. ലാൽസാർ ആഗ്രഹിച്ച രീതിയിൽ ബറോസ് പൂർത്തിയാക്കാൻ കഴിഞ്ഞു എന്നാണ് വിശ്വാസം.
വരാനിരിക്കുന്ന പ്രോജക്ടുകൾ എന്തെല്ലാമാണ്?
എം.ടി.യുടെ തിരക്കഥയിൽ നെറ്റ്ഫ്ളിക്‌സിനുവേണ്ടി ചെയ്ത ആന്തോളജിയാണ് വരാനുള്ളത്. സിദ്ദിഖ് ആണ് അഭിനയിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞു. പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഒരു സിനിമ വരാനിരിക്കുന്നു. ഇതിനിടയിൽ വലിയ കാൻവാസിലുള്ള ഒരു ചരിത്രസിനിമയും മനസ്സിലുണ്ട്.
Content Highlights: Santhosh Sivan Interview, Jack And Jill Movie, Barroz Movie
Published: 22 May 2022, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented