വൈറസിനെ ഭയന്ന് ലോകം മുറിക്കുള്ളിൽ അടച്ചിരുന്ന ലോക്ക്ഡൗൺകാലം. ഒരു വർഷത്തിനിപ്പുറം തെന്നിന്ത്യൻ സിനിമാതാരം സ്വരൂപ് അയർലണ്ടിലെ ആ ലോക്ഡൗൺ ദിനങ്ങൾ ഓർത്തെടുക്കുന്നു...

'ധർമപത്തിനി' എന്ന തമിഴ് ഫെസ്റ്റിവൽ ചിത്രത്തിലെ പ്രധാന കഥാപാത്രം ഞാനാണ്. ഷൂട്ടിങ് കഴിഞ്ഞ് ഡബ്ബിങ് തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു കോവിഡിന്റെ വരവ്. ഒരാഴ്ചയ്ക്കിടയിൽ വിമാന സർവീസുകൾ ഉൾപ്പെടെ എല്ലാ മേഖലയും സ്തംഭിക്കുമെന്ന വാർത്ത കേട്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. നേരെ ചെന്നൈ എയർപോർട്ടിൽ നിന്നും അയർലണ്ടിലേക്കു തിരിച്ചു. കുടുംബം അവിടെയാണ്. മകൻ അലോകിന് സ്കൂൾ അടച്ചിരുന്നു. അയർലണ്ടിൽ സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയ്ക്ക് ആഴ്ചയിൽ 39 മണിക്കൂർ നിർബന്ധമായും ജോലിക്ക് ഹാജരാവുകയും വേണം. ഖത്തർ വഴിയാണ് ഡബ്ലിനിൽ എത്തിയത്. മാർച്ച് 13നു വൈകുന്നേരം അയർലണ്ടിലെ വീട്ടിലെത്തി. അയർലണ്ടിൽ അങ്ങനെയൊരു അവധിക്കാലം എനിക്കത് ആദ്യമായിരുന്നു.

ഒക്ടോബർ പകുതി മുതൽ മാർച്ച് വരെയാണ് അയർലണ്ടിൽ ശൈത്യകാലം. ശൈത്യകാലം മുഷിപ്പനാണ്. മരങ്ങളെല്ലാം ഇലകളുതിർത്ത് ഭംഗി നഷ്ടപ്പെട്ട് നിൽക്കും. നാട്ടിൽ നിന്നും അയർലൻഡ് കാണാൻ വരുന്നവർക്ക് അഞ്ചോ പത്തോ ദിവസം മഞ്ഞും കാഴ്ചകളും ആസ്വദിച്ച് മടങ്ങാം. അതുപോലെയല്ലല്ലോ സ്ഥിരതാമസക്കാർക്ക്. ശൈത്യകാലത്തു സൂര്യനുദിക്കാൻ രാവിലെ 9 മണിയാകും. വൈകിട്ട് 3 മണിയാവുമ്പോഴേക്കും അസ്തമയവും കഴിയും. തണുപ്പിനെ തുരത്തുക അത്ര എളുപ്പമല്ലാത്തതുകൊണ്ട് ആളുകൾ പരമാവധി സമയം പുറത്തിറങ്ങാതെ വീട്ടിനുള്ളിൽതന്നെ കഴിച്ചുകൂട്ടും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതുകൊണ്ട് കഴിയുന്നതും ഞാൻ തണുപ്പുകാലത്ത് അയർലണ്ടിലേക്ക് പോകാറില്ല.

swaroop

മാർച്ച് പകുതി കഴിയുന്നതോടെ വേനൽ ആരംഭിക്കും. അതോടെ നാടുണരുകയായി. എല്ലാ മരങ്ങളും മഞ്ഞിന്റെ മേലങ്കിയുരിഞ്ഞ് നിറങ്ങളണിയും. എവിടെ നോക്കിയാലും പൂക്കളും പച്ചപ്പും. അയർലൻഡ് ഒരു നവവധുവിനെപോലെ അണിഞ്ഞൊരുങ്ങും. ശൈത്യകാലത്ത് ഒഴിവാക്കാനാവാത്ത കമ്പിളിക്കുപ്പായങ്ങൾക്ക് പിന്നീടൊരു ആറുമാസത്തേക്ക് അവധി കൊടുക്കാം. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് നിരത്തിലും കവലകളിലുമൊക്കെ കറങ്ങി നടക്കാം.

വേനൽക്കാലത്ത് രാവിലെ ആറുമണിമുതൽ രാത്രി പത്തുമണിവരെ സൂര്യപ്രകാശം ഉണ്ടാവും. അതൊരു പ്രത്യേക അനുഭവമാണ്. രാത്രി ഒൻപതരയ്ക്ക് കുട്ടികൾ മൈതാനത്ത് കളിച്ചു തിമിർക്കുന്നതുകാണാം. ഇങ്ങനെയൊക്കെ അയർലണ്ടിലെ വേനൽക്കാലം വളരെ സന്തോഷകരമാണ്. ഈ സന്തോഷക്കാഴ്ചകളിലേക്കാണ് കോവിഡ് 19 തിരശ്ശീല വലിച്ചിട്ടത്.

സ്വതവേ ജനസാന്ദ്രത കുറഞ്ഞ അയർലണ്ടിലെ തെരുവുകൾ വിജനമായി കണ്ടപ്പോൾ വളരെ വിഷമം തോന്നി. കടകളും പാർക്കുകളുമൊക്കെ അടഞ്ഞുകിടക്കുന്നു. നിശ്ചലമായ നഗരം. ഇങ്ങനെ നിറംകെട്ടൊരു വസന്തകാലം അതാദ്യമാണ്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഒഴിഞ്ഞ തെരുവിലെ ശൂന്യത മനസിലേക്കും പടർന്നുതുടങ്ങി. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുകാലത്തെ ആസ്വദിക്കാൻ പറ്റാത്ത തരത്തിൽ മനസ് ഇടഞ്ഞു നിൽക്കുന്നു. ആദ്യത്തെ ഒരാഴ്ച വീർപ്പുമുട്ടി കഴിച്ചുകൂട്ടി. പിന്നീട് യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മാനസിക നിലയിലായി.

ടെലിവിഷൻ ഉപയോഗിക്കുന്ന ശീലം ഇല്ല. ലാപ്ടോപ്പും ടാബും മൊബൈൽ ഫോണും തന്നെയാണ് നേരംകൊല്ലാനുള്ള ഉപാധികൾ. പക്ഷേ, അതും മടുത്തു. പലപ്പോഴായി നാട്ടിൽ നിന്നെത്തിച്ച ധാരാളം പുസ്തകങ്ങൾ വീട്ടിലെ ചില്ലലമാരയിൽ ആരുംതൊടാതെയിരിപ്പുണ്ട്. എന്നാൽ അവരെ ഒന്നു സ്നേഹിച്ചേക്കാം എന്നൊരു തോന്നൽ. ഈസി ചെയറിൽ ചാരിക്കിടന്നു വായന തുടങ്ങി.

വായന ഒരാഴ്ച കടന്നതോടെ പണിപാളി. അലസത കൊഴുപ്പുപാളികൾക്ക് അന്നംകൊടുത്തുതുടങ്ങി. സകല നിയന്ത്രണങ്ങളും തെറ്റിച്ചുകൊണ്ട് ശരീരം അളവു തെറ്റിച്ചു. ഇങ്ങനെപോയാൽ ശരിയാകില്ലെന്ന് ഉള്ളിലിരുന്നാരോ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ വായന രാത്രിയിലേക്ക് മാത്രമായി മാറ്റി വച്ചു. നടത്തമായിരുന്നു പിന്നെ മരുന്ന്. കിലോമീറ്ററുകളോളം നടന്നു. തിരിച്ചുവരാൻ എളുപ്പമല്ലാത്തത്രയും ദൂരം നടക്കും. ഒടുവിൽ കാൽ കുഴയുമ്പോൾ ഭാര്യയെയോ സുഹൃത്തുക്കളെയോ വിളിച്ചുവരുത്തി വീട്ടിലെത്തും. പിന്നീട് ആ സഹായം തേടലും ഞാൻ ഒഴിവാക്കി. ആരെയും ആശ്രയിക്കാതെ എല്ലാവർക്കും വേണ്ടപ്പെട്ടവനായി ഇരിക്കുന്നതിന്റെ വില മറ്റൊന്നിനും വരില്ലല്ലോ. അങ്ങനെ നടത്തം ഒരുമണിക്കൂറായി ചുരുക്കി. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി. വിശക്കുമ്പോൾ സാലഡുകളോ പഴങ്ങളോ കഴിച്ചു. ധാരാളം വെള്ളം കുടിക്കാനും തുടങ്ങി. വേലിചാടിയ ശരീരം വരുതിയിലായി.

swaroop with family

അപ്പോഴാണ് വീടിനെ കുറിച്ച് ശ്രദ്ധിക്കുന്നത്. മൊത്തം അലങ്കോലമാണ്. ഒന്ന് ഭംഗിയാക്കാമെന്നു കരുതി. ഐറിഷ് സുഹൃത്തായ കീത്തിന്റെ സഹായത്തോടെ വീട് പെയിന്റ് ചെയ്തു. ശിശിരത്തിന്റെ മടുപ്പിൽ നിന്നും വസന്തത്തിന്റെ വർണങ്ങളിലേക്ക് വീടുണർന്നതുപോലെ. വർഷങ്ങൾ പഴക്കമുള്ള തുണികൾ അലമാരകളിലെ സ്ഥിരതാമസക്കാരായതും അപ്പോഴാണ് അറിഞ്ഞത്. ശൈത്യകാലത്ത് ഉപയോഗിക്കേണ്ടവ വെവ്വേറെ ബോക്സുകളിലാക്കി അതിന്റെ മുകളിൽ ലേബൽ ഒട്ടിച്ചു. കുറച്ചധികം വസ്ത്രങ്ങൾ കവറുകളിൽ നിറച്ച് കൗണ്ടി കൗൺസിലിന്റെ ചാരിറ്റി സെന്ററിൽ കൊണ്ടുപോയി കൊടുത്തു. വീട്ടിൽ ആവശ്യമില്ലാത്ത എല്ലാ സാധനങ്ങളും ഒഴിവാക്കി. കാബിൻക്രൂ ട്രെയിനിങ് ചെയ്തപ്പോൾ പഠിച്ച പലകാര്യങ്ങളും വീട് വൃത്തിയാക്കാൻ സഹായിച്ചു. അതിൽ ഒന്നാണ് സ്റ്റോക്ക് രജിസ്റ്റർ. ഓരോ സാധനങ്ങളും ബോക്സുകളിൽ ആക്കിയശേഷം ഏതു ഭാഗത്താണ് എടുത്തു വച്ചതെന്ന് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി.

അങ്ങനെ ഗൃഹപരിപാലനവും ആരോഗ്യസംരക്ഷണവും വായനയും എല്ലാം കൂടിച്ചേർന്ന് ബോറടിയെ തുരത്തിയ നാളുകൾ. മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം തിരിച്ചറിഞ്ഞ ലോക്ക് ഡൗൺ ദിനരാത്രങ്ങൾ. രാജ്യത്തിന്റെ പലഭാഗങ്ങളിലും സുഹൃത്തുക്കളുണ്ടെങ്കിലും ആരെയും കാണാൻ പറ്റിയിരുന്നില്ല. എല്ലാം ശാന്തമായശേഷം കൂടിക്കാഴ്ചകൾക്ക് സമയം കണ്ടെത്തണം എന്നുറപ്പിച്ചു.

നാട്ടിൽ നിന്നും സിനിമാസുഹൃത്തുക്കളൊക്കെ ഫോൺ ഇടയ്ക്കിടെ വരും. അതായിരുന്നു അന്നത്തെ സന്തോഷം. നാസർ സാർ, വിശാൽ, കാർത്തിക് , ഭാഗ്യശ്രീ അക്ക, വാണി ചേച്ചി, ശാന്തികൃഷ്ണ അക്ക, മേനക ചേച്ചി, സന്തോഷ് ഏട്ടൻ എല്ലാവരും വിവരങ്ങൾ തിരക്കും. സിനിമാരംഗം പഴയപോലെ സജീവമാകാൻ എല്ലാവരേയും പോലെ ഞാനും ആഗ്രഹിച്ചു. സിനിമാരംഗത്തെ ദിവസവേതനക്കാർ ഇനിയും എത്രനാൾ വരുമാനമില്ലാതെ പിടിച്ചുനിൽക്കും എന്നോർത്ത് സങ്കടം തോന്നിയിരുന്നു. എന്തായാലും ആ കാലവും കടന്നുപോയി. അയർലൻഡ് ഏറെക്കുറെ കോവിഡ് മുക്തമായ അവസ്ഥയിലാണിപ്പോൾ. സ്കൂളുകളെല്ലാം തുറക്കുകയും ജനജീവിതം സാധാരണനിലയിൽ ആവുകയും ചെയ്തപ്പോൾ ആണ് ബ്രിട്ടനിൽ കോവിഡ് രണ്ടാംഘട്ടം ആരംഭിക്കുന്നത്. അതോടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കുശേഷം മുൻകരുതൽ എന്ന രീതിയിൽ വീണ്ടും ലോക്ക്ഡൗൺ ആരംഭിച്ചിരുന്നു. എങ്കിലും ലോകം അതിന്റെ തിരക്കുകളിലേക്ക് മടങ്ങിയെത്തുമെന്നുതന്നെയാണ് പ്രതീക്ഷ.

Content highlights :actor swaroop remebering his lockdown experiences in ireland