കാസർകോട്; നടൻ സുകുമാരന്റെ വേർപാടിന് 25 വർഷം. കൊട്ടകകളിൽ ജനത്തിന്റെ ഹൃദയം കവരും മുൻപ് കാസർകോട്ടെ ഒരു തലമുറയുടെ മനം കവർന്നയാളാണ് സുകുമാരൻ.

To advertise here,

കാസർകോട് ഗവ. കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി ഒരു വർഷം കൊണ്ട് കോളേജിലെ മുഴവൻ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 1971-72 കാലത്താണ് അധ്യാപകനായി സുകുമാരൻ കാസർകോട്ടെത്തിയത്.

സുകുമാരൻ അന്ന് പഠിപ്പിച്ച 70 പേരുള്ള പ്രീഡിഗ്രി ക്ലാസിലെ ഏഴുപേർ പിന്നീട് കോളേജ് അധ്യാപകരായി. എം.എ.റഹ്‌മാൻ, ഇബ്രാഹിം ബേവിഞ്ച, കെ.മുഹമ്മദ്‌ കുഞ്ഞി, കെ.സുബ്രഹ്മണ്യ ഭട്ട്‌, കെ.എ.പദ്മനാഭ പൂജാരി, കെ.ശങ്കര ഭട്ട്‌, കെ.പി.ജയരാജൻ എന്നിവരാണവർ.

കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളറും നീലേശ്വരം നഗരസഭാ മുൻ ചെയർമാനുമായ കെ.പി.ജയരാജന്റെ ഓർമയിലുണ്ട് കോളേജിലെ ഗ്ലാമർതാരമായ സുകുമാരൻ മാഷ്. 'ഹോം ലിങ്ക്‌സ്’ ലോഡ്ജിലെ താമസക്കാരനായിരുന്ന അദ്ദേഹം മറ്റ് അധ്യാപകരോടൊപ്പം ടാക്സിയിലായിരുന്നു കോളേജിൽ എത്തുക.

ഇളംകടുംനിറത്തിലുള്ള ചെക്ക് ഷർട്ടും പാന്റുമായിരുന്നു വേഷം. ഗ്ലാമർ ഡിപ്പാർട്ട്‌മെന്റിലെ ഗ്ലാമർ മാഷ്. ഇംഗ്ലീഷ് ഭാഷയുടെ ശക്തിയും സൗന്ദര്യവും അറിയുന്നത് അദ്ദേഹം ക്ലാസെടുക്കുമ്പോഴായിരുന്നു. നല്ല ആവശ്യങ്ങൾക്കുള്ള വിദ്യാർഥിസമരങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നു.

കാലങ്ങൾക്കുശേഷം ഒരു വിവാഹച്ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോൾ 'കണ്ടില്ലേ, എന്റെ കുട്ടികളെ' എന്നാണ് അദ്ദേഹം മറ്റുള്ളവരോട് പറഞ്ഞത്.' 1972-ൽ കാസർകോട്നിന്ന് തിരുവനന്തപുരത്തേക്ക് അധ്യാപകനായി പോയ സുകുമാരന്റെ ആദ്യ സിനിമ ‘നിർമാല്യം’ 73-ലാണ് പുറത്തിറങ്ങിയത്. പിന്നീട് മലയാളസിനിമയിലെ തിരക്കുള്ള മുൻനിര നടനായി.