ചൂട് ചായ ഹോട്ടല്‍മേശയില്‍ എറിഞ്ഞുവച്ച് കീരിക്കാടന്‍ ഓടി,ആള്‍ക്കൂട്ടത്തിനു നടുവിലിരിക്കുന്ന സേതുമാധവനെ കണ്ട് ഒരു നിമിഷം നിന്നു. തുടര്‍ന്ന്, കൊലച്ചിരി. കാത്തിരുന്ന ഇരയെ മുന്നില്‍ കിട്ടിയ
ആഹ്ലാദം. ശത്രു ഏല്‍പിച്ച മുറിവിന്റെ വേദന. അട്ടഹാസത്തിനൊപ്പം ചോരക്കണ്ണില്‍ പലതരം ഭാവങ്ങള്‍ മാറിമറിഞ്ഞു. പിന്നീടങ്ങോട്ട് അടിയായിരുന്നു, പൊരിഞ്ഞ സംഘട്ടനം.

To advertise here,

കിരീടം സിനിമയുടെ ക്ലൈമാക്സും 'കീരിക്കാടന്‍ ജോസി'ന്റെ ആകാരവും മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ്. മുഖത്തെ മുറിപ്പാടുകളും ചോരക്കണ്ണും രണ്ടാള്‍പൊക്കവും അതുവരെ കണ്ട വില്ലന്‍മാരില്‍ വ്യത്യസ്തമായിരുന്നു. കീരിക്കാടനെന്ന വട്ടപ്പേരിനു മുന്‍പില്‍ മോഹന്‍രാജെന്ന യഥാര്‍ത്ഥ പേര് മാഞ്ഞുപോയി. സെറ്റുകളിലും ആള്‍ക്കൂട്ടങ്ങള്‍ക്കു മുമ്പിലുമെല്ലാം മോഹന്‍രാജ് ഇന്നും ജോസാണ്-കീരിക്കാടന്‍ ജോസ്.

നടനാകാന്‍ ഒരുശതമാനം പോലും താല്പര്യമില്ലാതിരുന്ന മോഹന്‍രാജിനെ സിനിമ വിളിച്ചുവരുത്തി സ്വീകരിക്കുകയായിരുന്നു. നായകന് തല്ലിത്തോല്പിക്കാനുള്ള കരുത്തനായ വില്ലനായിരുന്നു എന്നും മോഹന്‍രാജ്. ആറാം തമ്പുരാനിലും നരസിംഹത്തിലും നരനിലും മോഹന്‍ലാലെന്ന നായകന്‍ കരുത്തു തെളിയിച്ചത് പഴയ കീരിക്കാടനെ തല്ലിത്തോല്പിച്ചായിരുന്നു. മീശ പിരിച്ച് ചോരക്കണ്ണുമായി വെള്ളിത്തിരയില്‍ നിന്ന മോഹന്‍രാജ് സംസാരിച്ചുതുടങ്ങിയപ്പോള്‍ അത്ഭുതം. പഴയ കഥകള്‍ ഓര്‍ത്തു പറയുമ്പോള്‍ കുട്ടിയെ പോലെ സ്വയം ചെറുതായി. ഇടയ്ക്ക് ഭാര്യയുടെ ഫോണ്‍ വന്നപ്പോള്‍ ഉത്തരവാദിത്വമുള്ള ഭര്‍ത്താവിന്റെ റോള്‍; മക്കളോട് സംസാരിക്കുമ്പോള്‍ സ്നേഹം നിറഞ്ഞ അച്ഛന്‍. മോഹന്‍രാജ് സംസാരിച്ചു തുടങ്ങി.

അടിക്കാന്‍ പറഞ്ഞു, ഞാന്‍ കയറി അടിച്ചു

പൊടിമീശ മുളച്ച നാള്‍പോലും നടനാകണമെന്നാഗ്രഹം മനസിലുണ്ടായിരുന്നില്ല. യാദൃച്ഛികം, സിനിമയിലേയ്ക്കുള്ള വരവിനെ അങ്ങനെയേ കാണാനാകൂ. അഭിനയിക്കാനറിയില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. സംവിധായകന്‍ 'ആക്ഷന്‍' എന്നു പറയുമ്പോള്‍ പറഞ്ഞുതന്നത് ചെയ്യും, അത്രതന്നെ.

കിരീടത്തിലഭിനയിക്കും മുന്‍പ് രണ്ട് തമിഴ് ചിത്രങ്ങളില്‍ വില്ലനായിട്ടുണ്ട്. കിരീടത്തിന്റെ ചര്‍ച്ച നടക്കുമ്പോള്‍ ലോഹിതദാസിനോടാരോ എന്നെപ്പറ്റി പറഞ്ഞു. അദ്ദേഹവും സിബി മലയിലും കണ്ടിഷ്ടപ്പെട്ടു. സിനിമയുടെ കഥയൊന്നും ചോദിച്ചില്ല, ആരുമത് പറഞ്ഞുതന്നതുമില്ല. തിരുവനന്തപുരം ആര്യനാട് മാര്‍ക്കറ്റിലായിരുന്നു കിരീടത്തിലെ എന്റെ രംഗം ആദ്യം ചിത്രീകരിച്ചത്. സ്റ്റണ്ട് മാസ്റ്ററുടെ നമ്പറുകള്‍ സംവിധായകനത്ര പിടിച്ചില്ല. തുടര്‍ന്ന് മോഹന്‍ലാല്‍ ഇടപെട്ടു. അണ്ണാ, ഇങ്ങനെ അടി, അങ്ങനെ തടുക്ക് എന്നെല്ലാം പറഞ്ഞു. ഞാനതുപോലതു ചെയ്തു, അത്രതന്നെ.

പള്ളിവേട്ട മാര്‍ക്കറ്റില്‍ ക്ലൈമാക്സ് അടി മൂന്നര മണിക്കൂര്‍ നടന്നു. ശരീരമൊരുപാട് ചെളി തിന്നിട്ടുണ്ടന്ന്. വടികൊണ്ടുള്ള ലാലിന്റെ അടിവരുന്നതുവരെ അങ്ങോട്ടു കൊടുക്കുകയായിരുന്നല്ലോ. അതിനു വലിയ അഭിനയമൊന്നും വേണ്ടിവന്നില്ല. പഠിക്കുന്നകാലത്തു തന്നെ അത്ലറ്റായതിന്റെ മെച്ചം അന്നുണ്ടായി. ഒരു രംഗത്തുപോലും ഡ്യൂപ്പില്ലാതെയാണ് കിരീടത്തിലെ സംഘട്ടനരംഗം മൊത്തം ചിത്രീകരിച്ചത്.

ഇവിടെ കീരിക്കാടന്‍, അവിടെ ഗുഡിവാഡറായിഡു

മോഹന്‍രാജ് എന്നാണ് യഥാര്‍ത്ഥ പേരെന്ന് പലര്‍ക്കും അറിയില്ല. മലയാളത്തിലെ കീരിക്കാടന്‍ അതിര്‍ത്തി കടന്നാല്‍ ഗുഡിവാടറായിഡുവാണ്. ആ പേരും തെലുങ്കിലെ ഒരു കഥാപാത്രം സമ്മാനിച്ചതാണ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളില്‍ വില്ലനായിട്ടുണ്ട്. തമിഴിലായിരുന്നു തുടക്കം. 'ആണ്‍കളെ നമ്പലെ', 'കഴുകുമലൈ കള്ളന്‍' എന്നിവയെല്ലാമായിരുന്നു ആദ്യ സിനിമകള്‍. 
ഭാഷ ഒരിക്കലും അഭിനയത്തിന് തടസ്സമായിട്ടില്ല. ഡയലോഗ് പറയുമ്പോള്‍ ചുണ്ടനക്കം ശ്രദ്ധിക്കണം അത്രതന്നെ. തമിഴില്‍ 'മസ്താന്‍' എന്നു പറഞ്ഞാല്‍ എല്ലാവരുമറിയും. അതും സിനിമ സമ്മാനിച്ച വട്ടപ്പേരുതന്നെ. എന്‍ഫോഴ്സ്മെന്റിലെ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സിനിമയിലെത്തുന്നത്. പിന്നെ പലരും വേഷം തന്നു വിളിച്ചു. അഭിനയം ഇന്നുമൊരു പാഷനല്ല.

ജോലിയില്‍ നിന്ന് ലീവു കിട്ടാതെ അഭിനയത്തിനിറങ്ങിയത് പുലിവാലായി. പുറത്താക്കലും തിരിച്ചുകയറാന്‍ കേസു നടത്തലും... ജോലിക്കൊപ്പം അഭിനയം കൊണ്ടുനടക്കുക പ്രയാസമാണ്. പലരും വിളിക്കാറുണ്ടെങ്കിലും ഇപ്പോഴങ്ങനെ പോകാറില്ല. റിട്ടയര്‍ ചെയ്താല്‍ വീണ്ടും സജീവമാകും.

പരീക്ഷകളെ തോല്‍പിച്ച വില്ലന്‍

നായകനു മുന്‍പില്‍ ഇടിയേറ്റു വീഴാനായിരുന്നു കീരിക്കാടനെന്നും വിധി. എന്നാല്‍, ജീവിതത്തില്‍ മോഹന്‍രാജ് നേടിയ നേട്ടങ്ങളേറെയാണ്. എഴുതിയ പരീക്ഷകളിലെല്ലാം ജയിച്ചുകയറി. കരസേന, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ്... അങ്ങനെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ജോലി നേടി. പരീക്ഷകളെ തോല്പിക്കുക എന്നത് വലിയ ആവേശമായിരുന്നു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നിന്നാണ് ഇക്കണോമിക്സ് ബിരുദം നേടിയത്. നടന്‍ ജഗദീഷും മോഹന്‍ലാലിന്റെ ചേട്ടന്‍ പ്യാരിലാലുമെല്ലാം അന്ന് കോളേജിലുണ്ടായിരുന്നു.

സൈന്യത്തില്‍ ചേരണമെന്നതായിരുന്നു ചെറുപ്പത്തിലെ വലിയ ആഗ്രഹം. ഇരുപതാം വയസ്സില്‍ പട്ടാളത്തില്‍ കയറി. കളിക്കിടെ കാലിനുണ്ടായ പരുക്കിനെ തുടര്‍ന്ന് ജോലി അവസാനിപ്പിക്കേണ്ടിവന്നു. പിന്നീടാണ് കസ്റ്റംസില്‍ ടെസ്റ്റെഴുതി കയറുന്നത്. കേരള പോലീസ് എസ്.ഐ. ടെസ്റ്റ് രണ്ടാം റാങ്കോടെയാണ് പാസായത്. എന്‍ഫോഴ്സ്മെന്റില്‍ അസി. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ലഭിച്ചപ്പോള്‍ മറ്റെല്ലാം വേണ്ടെന്നുവച്ചു.

കീരിക്കാടന്‍ നേടിയ കയ്യടി ചെറുതല്ല

കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടിയാണെങ്കിലും കീരിക്കാടനെ തല്ലിത്തോല്പിച്ചും, കൊന്നുതള്ളിയുമാണ് നായകന്‍ വീര്യം പ്രകടപ്പിക്കുന്നത്. കണ്ണീരിന്റെ നനവില്‍ കഥ പറയാന്‍ കഴിഞ്ഞുവെന്നതാണ് ചിത്രത്തിന്റെ വിജയം.

രണ്ടാള്‍പൊക്കവും ക്രൂരമുഖവുമുള്ള കീരിക്കാടനെ പ്രേക്ഷകന്‍ ഭീതിയോടെയും വെറുപ്പോടെയുമാണ് ആദ്യം കണ്ടത്. സിനിമ റിലീസ് ചെയ്തപ്പോള്‍ കോഴിക്കോട്ടുനിന്നാണ് ചിത്രം കണ്ടത്. കീരിക്കാടന്റെ വരവും സംഘട്ടനവുമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ വീക്ഷിച്ചത്.

അഭിനയമറിയാത്തവന്‍ വേണം കീരിക്കാടന്റെ വേഷം ചെയ്യാനെന്ന ലോഹിതദാസിന്റെ നിഗമനം തിയേറ്ററുകളില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.പോസ്റ്ററുകളില്‍ കീരിക്കാടന്റെ ചിത്രമെത്തിയത് സിനിമയിറങ്ങി 25 നാള്‍ കഴിഞ്ഞപ്പോഴാണ്. അതോടെ പുതിയ വില്ലന് സ്വീകാര്യത ലഭിച്ചു. വില്ലനെ കാണാനായി മാത്രം ചെറുപ്പക്കാര്‍ വീണ്ടും തിയേറ്ററില്‍ കയറി. സംഘട്ടനത്തിന് അന്നു വലിയ പ്രിയമുണ്ടായിരുന്നു. കീരിക്കാടനെ കാണാനായി 13 തവണ ചിത്രം കണ്ടതായി ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.

(മോഹന്‍ രാജ് സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ എടുത്ത അഭിമുഖം. 2013 മാര്‍ച്ച് 25-ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)