മധുമതിയിലെ "ആജാരേ പർദേശി" എന്ന പാട്ടിനൊപ്പം മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. മരണത്തിന്റെ നേർത്ത കാലടിയൊച്ചകൾക്ക് കാതോർത്തെന്നോണം നിശ്ചലയായി, നിശബ്ദയായി കണ്ണടച്ചുകിടക്കുന്ന ഒരു മുത്തശ്ശി. കരയാൻ വെമ്പുന്ന മുഖങ്ങളുമായി ചുറ്റും ബന്ധുമിത്രാദികൾ. ഉച്ചത്തിലുള്ള നാമമന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷം. ഇടയ്ക്കെപ്പോഴോ കിടന്ന കിടപ്പിൽ വളരെ പ്രയാസപ്പെട്ട് ചൂണ്ടുവിരലുയർത്തി പേരമകളെ അടുത്തേക്ക് വിളിച്ചുവരുത്തുന്നു മുത്തശ്ശി. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി കട്ടിലിനടുത്തുചെന്ന് നിന്നപ്പോൾ പുരികത്തിന്റെ നേർത്ത ചലനം കൊണ്ട്, തല താഴ്ത്താൻ ആവശ്യപ്പെടുന്നു അവർ. പിന്നെ, അവളുടെ കാതിൽ മന്ത്രിക്കുന്നു-- രണ്ടേ രണ്ടു വാക്കുകൾ: "ആജാരേ പർദേശീ..''

To advertise here,

കൂടുതലൊന്നും പറയാതെ പാതിമയക്കത്തിലേക്ക് തിരിച്ചുപോകുന്നു അവർ. കട്ടിലിനടുത്ത്, വെറും നിലത്തിരുന്ന് മുത്തശ്ശിയുടെ കാതിലേക്ക് "മധുമതി''യിലെ ഗാനം മൂളിക്കൊടുക്കുന്നു കൊച്ചുമകൾ. സലിൽ ചൗധരിയുടെ ഈണത്തിൽ ലതാജി പാടി അനശ്വരമാക്കിയ ഗാനം. "മുത്തശ്ശി അവസാനമായി ഉച്ചരിച്ചുകേട്ട വാക്കുകൾ അവയായിരുന്നു. പിന്നീടവർ കണ്ണ് തുറന്നുകണ്ടില്ല. പാട്ടു കേട്ടുകൊണ്ടുതന്നെ മരണത്തിലേക്ക് വഴുതിവീണതാവാം....''-- കൊച്ചുമകൾ പറഞ്ഞു. ലതാ മങ്കേഷ്‌കർ ഓർമ്മയായ ദിനം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിച്ചു വിളിച്ചതായിരുന്നു ബി ടെക്ക് വിദ്യാർത്ഥിനിയായ ആ ഒറ്റപ്പാലംകാരി. "മുത്തശ്ശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടായിരുന്നു ആജാരേ പർദേശീ. മറവിരോഗം കലശലായ അവസാനകാലത്തും ആ പാട്ട് മാത്രം മറന്നില്ല അവർ. എപ്പോൾ എന്നെ കണ്ടാലും ആജാരേ പർദേശീ എന്ന് പറയും. പാടി മടുത്ത പാട്ടാണെങ്കിലും മുത്തശ്ശിയുടെ മുഖഭാവം കാണുമ്പോൾ പാടാതിരിക്കാൻ തോന്നില്ല എനിക്ക്. അത്രയ്ക്കും ജീവനാണ് ആ പാട്ട് അവർക്ക്.''   

എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്റെ കൂടെ ഉത്തരേന്ത്യയിൽ താമസിച്ച കാലത്താണ് മുത്തശ്ശി ലതാജിയുടെയും ആജാരേ പർദേശിയുടെയും ആകർഷണ വലയത്തിൽ ചെന്നു പെട്ടതെന്നു പറയുന്നു പേരമകൾ. "രണ്ടു പേരും കൂടി ആ പാട്ട് ഷൂട്ട് ചെയ്ത സ്ഥലത്തൊക്കെ പോയിട്ടുണ്ട്. ഒരിക്കൽ വൈജയന്തിമാലയെ നേരിട്ടു ചെന്ന് കണ്ടു പരിചയപ്പെടുകയും ചെയ്തുവത്രേ. ലതാജിയെ കാണുക എന്ന സ്വപ്നം മാത്രം നടന്നില്ല..'' ആജാരേ പർദേശിയുടെ അടിയുറച്ച ആരാധകരെ വേറെയും കണ്ടുമുട്ടിയിട്ടുണ്ട്, കഴിഞ്ഞ പത്തുനാൽപ്പത് വർഷങ്ങൾക്കിടെ. ഒരു ഓഡിയോ കാസറ്റ് മുഴുവൻ ആ പാട്ട് റെക്കോർഡ് ചെയ്തു നിറച്ചവർ; വിവാഹ മുഹൂർത്തത്തിൽ നാദസ്വരക്കാരനെക്കൊണ്ട് പശ്ചാത്തലത്തിൽ ആ പാട്ട് വായിപ്പിച്ചവർ, ഒരൽപ്പം ലഹരി അകത്തുചെന്നാൽ ആ പാട്ടു പാടി വിതുമ്പുന്നവർ.... അങ്ങനെ പലരെയും. അത്ഭുതം തോന്നാം. ഭാഗ്യം കൊണ്ട് മാത്രം "മധുമതി''യിൽ ഇടം നേടിയ പാട്ടാണ് "ആജാരേ പർദേശി.'' എഴുതിയ ശൈലേന്ദ്രയുടെയും സ്വരപ്പെടുത്തിയ സലിൽ ചൗധരിയുടെയും പാടിയ ലതയുടെയും മാത്രമല്ല, ആസ്വാദകരായ നമ്മുടെയും.

ആ കഥയറിയാൻ മധുമതിക്ക് രണ്ടു വർഷം മുൻപ് റിലീസായ `ജാഗ്തെ രഹോ' എന്ന ചിത്രത്തിലേക്ക് തിരിച്ചുപോകണം നാം. കെ എ അബ്ബാസ് കഥയെഴുതി ശംഭു മിത്രയും അമിത് മൈത്രയും ചേർന്ന് സംവിധാനം ചെയ്ത `ജാഗ്തെ രഹോ'യിൽ സലിൽദാ ആയിരുന്നു സംഗീതസംവിധായകൻ. ജോലി തേടി നഗരത്തിലെത്തിയ നാട്ടിൻ പുറത്തുകാരന്റെ റോളിൽ നായകൻ രാജ് കപൂർ. നഗരജീവിതത്തിന്റെ രീതികളുമായി പൊരുത്തപ്പെടാനാകാതെ തെരുവീഥികളിൽ അലഞ്ഞുതിരിയുന്നതിനിടെ ദാഹിച്ചു വലഞ്ഞപ്പോൾ വെള്ളം കുടിക്കാനായി ഒരു പൊതുടാപ്പിനു മുന്നിലെത്തിയതാണ് അയാൾ. നിർഭാഗ്യവശാൽ ചുണ്ടു നനയ്ക്കാൻ പോലും ഒരിറ്റ് വെള്ളമില്ല അതിൽ. എന്തു ചെയ്യണമെന്നറിയാതെ രാജ് കപൂറിന്റെ കഥാപാത്രം അന്തിച്ചുനിൽക്കേ പശ്ചാത്തലത്തിൽ ഉയരുന്ന ഒരു ഒരു സംഗീത ശകലമുണ്ട്. നിസ്സഹായതയുടെയും നിരാസത്തിന്‍റെയും ഒറ്റപ്പെടലിന്റെയുമൊക്ക വേദന ധ്വനിപ്പിക്കുന്ന ഈണം.

സിനിമ കണ്ടു കഴിഞ്ഞാലും നമ്മെ പിന്തുടരുന്ന ആ സംഗീത ശകലത്തിൽ നിന്ന് എന്തുകൊണ്ട് "മധുമതി''യിൽ പുതിയൊരു ഗാനം സൃഷ്ടിച്ചുകൂടാ എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് ഗാനരചയിതാവ് ശൈലേന്ദ്രയാണ്. രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം വ്യത്യസ്തമാണെങ്കിലും കഥാപാത്രങ്ങളുടെ `ദാഹ'ങ്ങൾ തമ്മിൽ സാമ്യമുണ്ട്. രാജ് കപൂറിന്റേത് ജീവിക്കാനുള്ള ദാഹമാണെങ്കിൽ `മധുമതി'യിലെ നായികയുടേത് പ്രണയദാഹമാണ് എന്നു മാത്രം . "ഈണത്തിനനുസരിച്ച് സന്ദർഭത്തിനു ഇണങ്ങുന്ന വരികൾ എഴുതിത്തരാമെന്നു ശൈലേന്ദ്ര പറഞ്ഞപ്പോൾ എനിക്കും അത് സ്വീകാര്യമായി തോന്നി. അങ്ങനെയാണ് ആജാരേ പർദേശിയുടെ പല്ലവി ജനിക്കുന്നത്.''-- 1990 കളുടെ തുടക്കത്തിൽ ദില്ലി ആകാശവാണിക്ക് നൽകിയ അഭിമുഖത്തിൽ സലിൽദാ വെളിപ്പെടുത്തുന്നു.

ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നായി ആജാരേ പരദേശി തിരഞ്ഞെടുത്തുകൊണ്ട് ലത മങ്കേഷ്‌കർ പങ്കുവച്ച അനുഭവം കൂടി ഈ ഓർമ്മയോട് ചേർത്തുവയ്ക്കാം നമുക്ക് : "റെക്കോർഡിംഗ് കഴിഞ്ഞു പുറത്തുവന്നപ്പോൾ ആദ്യം കണ്ടത് പൂച്ചെണ്ടുമായി വികാരാധീനനായി നിൽക്കുന്ന ശൈലേന്ദ്രജിയെ ആണ്. അതെനിക്ക് സമ്മാനിച്ച ശേഷം അദ്ദേഹം പറഞ്ഞു: ഈ പാട്ട് നിനക്ക് ഏറെ അംഗീകാരങ്ങൾ നേടിത്തരും. ഉറപ്പ്.'' 1971 ൽ പുറത്തുവന്ന ഗുഡ്‌ഢി (1971) എന്ന സിനിമയുടെ ക്ളൈമാക്സിൽ ലതയുടെ ശബ്ദത്തിൽ `ആജാരേ പർദേശി' പുനരവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ ഋഷികേശ് മുഖർജി. പ്രേരണ ഒന്നു മാത്രം: ആ പാട്ടിനോടുള്ള തീവ്ര പ്രണയം. പക്ഷേ, ഗാനം സലിൽ ചൗധരി ആദ്യം പാടിക്കേൾപ്പിച്ചപ്പോൾ സംശയമായിരുന്നു സംവിധായകന്: പ്രേതഗാനത്തേക്കാൾ പ്രേമഗാനത്തിന്റെ പ്രതീതിയായിപ്പോയോ സലിൽ ദായുടെ ഈണത്തിന്? ട്യൂൺ മാറ്റണമെന്നായി അദ്ദേഹം. ചെയ്തുവെച്ച ഈണം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ സലിലിന്. പാട്ട് സിനിമയിൽ നിന്ന് ഒഴിവാക്കേണ്ടി വരും എന്ന ഘട്ടമെത്തിയപ്പോൾ ശൈലേന്ദ്ര ഇടപെടുന്നു: "ഗാനം ചിത്രീകരിച്ച ശേഷം വിചാരിച്ച ഇഫക്റ്റ് കിട്ടിയില്ലെങ്കിൽ മാറ്റാം.''

മനസ്സില്ലാമനസ്സോടെ ബിമൽ റോയ് വഴങ്ങുന്നു. ഷൂട്ടിംഗിനിടയിലും ഉണ്ടായി അപശകുനങ്ങൾ. നൈനിറ്റാളിനടുത്തുള്ള റാണിഖേത്തിലും പരിസരത്തും വെച്ച് ആദ്യം ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ഡെവലപ്പ് ചെയ്തു കണ്ടപ്പോൾ ആകെയൊരു മങ്ങൽ. പുക പിടിച്ചപോലുണ്ട് ചില ഭാഗങ്ങളിൽ. കോടമഞ്ഞു കൊണ്ടുണ്ടായ പ്രശ്‌നമാണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായ സ്ഥിതിക്ക് ഇനിയും അവിടെ ചെന്ന് ഷൂട്ട് ചെയ്യുക പ്രായോഗികമല്ല. അതിനു ധാരാളം പണച്ചെലവും വരും. ഒടുവിൽ നാസിക്കിനടുത്തുള്ള ഇഗത്പുരിയിലെ വൈതരണ അണക്കെട്ടിലും പരിസരത്തും വെച്ച് ഗാനരംഗം റീഷൂട്ട് ചെയ്യുകയായിരുന്നു ബിമൽ റോയ്. പൈൻ മരങ്ങൾ കൃത്രിമമായി വെച്ചുപിടിപ്പിച്ചാണ് പല രംഗങ്ങളും പുനഃസൃഷ്ടിച്ചതെന്ന് വെളിപ്പെടുത്തുന്നു "മധുമതി''യുടെ പിറവിയെ കുറിച്ച് ഗവേഷണം നടത്തി പുസ്തകമെഴുതിയിട്ടുള്ള ബിമൽ റോയിയുടെ മകൾ റിങ്കി റോയ് ഭട്ടാചാര്യ (ബിമൽ റോയ്‌സ് മധുമതി: അൺടോൾഡ് സ്റ്റോറീസ് ഫ്രം ബിഹൈൻഡ് ദി സീൻസ്) .

പരാജിത സിനിമകളുടെ സംഗീത സംവിധായകനായി അതിനകം ഹിന്ദി സിനിമാലോകം എഴുതിത്തള്ളിയിരുന്ന സലിൽദായെ സ്വന്തം പടത്തിൽ സഹകരിപ്പിക്കാൻ നായകനായ ദിലീപ് കുമാറിന് പോലും ആദ്യം മടിയായിരുന്നുവെന്ന് റിങ്കി. സച്ചിൻ ദേവ് ബർമ്മനോടായിരുന്നു ദിലീപിന് ചായ്‌വ്. പക്ഷേ ബിമൽ റോയ് ഉണ്ടോ വഴങ്ങുന്നു? സലിൽ ചൗധരിക്ക് മാത്രമേ "മധുമതി''യുടെ ആത്മാവിനോട് നീതി പുലർത്താൻ കഴിയൂ എന്ന് വിശ്വസിച്ചു റോയ്. ഏറ്റവും മികച്ച ഗായികയ്ക്കുള്ള ആദ്യത്തെ ഫിലിം ഫെയർ അവാർഡ് (1959) ലതാജിക്ക് നേടിക്കൊടുത്തത് ആജാരേ പർദേശിയാണ്. സലിൽദാ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടതും അതേ വർഷം തന്നെ. "മധുമതി''യിലെ പാട്ടുകളുടെ ഗ്രാമഫോൺ റെക്കോർഡ് കേട്ട് ആദ്യമായി സലിൽ ചൗധരിയെ അഭിനന്ദിച്ചത് ആരെന്നു കൂടി അറിയുക -- `പ്രതിയോഗി'യായ എസ് ഡി ബർമ്മൻ. "ഈ പാട്ടുകളിൽ നിങ്ങളുടെ ഹൃദയമുണ്ട്; മധുമതിയുടെ ആത്മാവും..'' ബർമ്മൻദായുടെ വാക്കുകൾ മരണം വരെ നെഞ്ചോട് ചേർത്തുവെച്ചു സലിൽദാ.