മലയാളസിനിമ തുടങ്ങുന്നത് ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേലിൽനിന്നാണ്. 1928-ൽ ആദ്യ പ്രദർശനംനടത്തിയ അദ്ദേഹത്തിന്റെ ‘വിഗതകുമാരൻ’ വേണ്ടത്ര അംഗീകരിക്കപ്പെടാത്തതിനു കാരണം അത് നിശബ്ദചിത്രമായിരുന്നു എന്നതുകൊണ്ടാവാം. പകരം 1938-ൽ റിലീസ് ചെയ്ത ‘ബാലൻ’ ആയിരുന്നു ആദ്യ മലയാളചിത്രമായി വാഴ്ത്തപ്പെട്ടത്. 1950-ൽ പുറത്തിറങ്ങിയ ‘നല്ല തങ്ക’ ആണ് മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് സിനിമയെന്നുപറയാം. മലയാളത്തിലെ ആറാമത്തെ ചിത്രമായിരുന്നു ‘നല്ല തങ്ക’. ആദ്യസിനിമകളെല്ലാം തിരുവിതാംകൂർ കേന്ദ്രമായാണ് ചിത്രീകരിച്ചത്. 1949-ൽ അന്നത്തെ ഏറ്റവുംമികച്ച സാങ്കേതകത്വത്തോടെ ആലപ്പുഴയിൽ കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോ ആരംഭിച്ചു. പിന്നീട് നിർമാതാവും സംവിധായകനും ‘ഉദയാ നഗര’ ത്തിന്റെ ഉടമയുമായി കുഞ്ചാക്കോ മലയാളസിനിമയിൽ തിളങ്ങി. അക്കാലത്തെ മികച്ചസിനിമകൾ മിക്കതും ഉദയായിൽ ചിത്രീകരിച്ചു.

To advertise here,

പറഞ്ഞുവരുന്നത് ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമയെക്കുറിച്ചാണ്. കടൽകടന്ന് ഖോർഫക്കാനിലും ഷാർജയിലും ദുബായിലും ചിത്രീകരിച്ച ആദ്യചിത്രമായിരുന്നു ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’. 1979-ൽ ചിത്രീകരിച്ച് 1980-ൽ പ്രദർശനത്തിനെത്തി. പ്രവാസിയായിരുന്ന വി.ബി.കെ. മേനോൻ മറുനാടൻ മൂവീസിന്റെ ബാനറിൽ നിർമിച്ച ‘വിൽക്കാനുണ്ട് സ്വപ്നങ്ങളു’ടെ ആത്മാവ് എന്നുപറയുന്നത് എം.ടി. വാസുദേവൻ നായരാണ്. ചിത്രത്തിന്റെ രചനയും അവതരണവും എം.ടി. തന്നെ. സംവിധാനംചെയ്തത് എം. ആസാദ്. അതിനുമുൻപ് ശോഭനാ പരമേശ്വരൻനായരും നടൻ പ്രേംനവാസുംചേർന്ന് ‘വെള്ളക്കുതിര’ എന്ന ചിത്രം ദുബായിൽ ചിത്രീകരിക്കാൻ ശ്രമിച്ചു. സംവിധായകൻ എൻ. ശങ്കരൻ നായരുടെ നേതൃത്വത്തിൽ അന്ന് ഒരു ടീം ദുബായ് സന്ദർശിക്കുകയുംചെയ്തെങ്കിലും ആ പദ്ധതി നടന്നില്ല.

placeholder
വിൽക്കാനുണ്ട് സ്വപ്നങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനിൽ എം.ടി. വാസുദേവൻ നായർ, സുകുമാരൻ, വി.ബി.കെ മേനോൻ, ബഹദൂർ, ശ്രീലത തുടങ്ങിയവർ  | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പൊന്നുവിളയുന്ന നാട്

‘‘പൊന്നുവിളയുന്ന നാടിനെപ്പറ്റിയുള്ള സങ്കല്പങ്ങൾ എന്നും നമ്മെ ആകർഷിച്ചിരുന്നു. ഒരിക്കൽ അത് സിലോണായിരുന്നു. പിന്നെ മലയ. കിടപ്പാടം തീറെഴുതിയിട്ടായാലും എത്തിപ്പെട്ടാൽ സമ്പന്നനായി തിരിച്ചുവരാൻപറ്റിയ ഒരു നാടിനെപ്പറ്റി പടിഞ്ഞാറൻകരയിൽ കഥകൾ പരന്നു. ആയിരക്കണക്കിന് യുവാക്കൾക്ക് ഓമനിക്കാൻ ഒരു സ്വപ്നമുണ്ടായി, ദുബായ്’’-വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന്റെ ആമുഖത്തിൽ നടൻ സുകുമാരന്റെ ഗാംഭീര്യമേറിയ ശബ്ദത്തിൽ സ്‌ക്രീനിൽ മുഴുങ്ങുന്നതാണിത്. കാറ്റും കോളും പ്രക്ഷുബ്ധമായ കടലും ഉലയുന്ന ലോഞ്ചും പശ്ചാത്തലത്തിൽ.

സുകുമാരൻ നായകൻ, ശ്രദ്ധിക്കപ്പെട്ട് മമ്മൂട്ടി

സുകുമാരൻ, മമ്മൂട്ടി, സുധീർ, ബഹദൂർ, ശ്രീവിദ്യ, കോട്ടയം ശ്രീലത, ജലജ, ശ്രീനിവാസൻ, നെല്ലിക്കോട് ഭാസ്കരൻ, പ്രേംജി, കുഞ്ഞാണ്ടി, ശാന്താദേവി തുടങ്ങിയവർ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലഭിനയിച്ചു. മലയാളത്തിലെ ‘ക്ഷുഭിതസൗന്ദര്യ’മായി സുകുമാരൻ ചിത്രത്തിൽ തിളങ്ങി. വിൽക്കാനുണ്ട് സ്വപ്നങ്ങൾ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ അവിസ്മരണീയ ചിത്രമാണ്. അതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം. അത്രയൊന്നും പ്രാധാന്യമില്ലാത്ത കഥാപാത്രമായിരുന്നു ചിത്രത്തിലെങ്കിലും സിനിമാഭിനയം മോഹമായി കൊണ്ടുനടക്കുന്ന പുതുക്കക്കാരന് എം.ടി.യും വി.ബി.കെ. മേനോനും നൽകിയ ആദ്യാവസരം. അന്ന് മമ്മൂട്ടിയുടെ പ്രായം 30. കോഴിക്കോട് അളകാപുരി ഹോട്ടലിൽവെച്ചായിരുന്നു എം.ടി. മമ്മൂട്ടിയോട് ചിത്രത്തിന്റെ കഥപറഞ്ഞത്. ‘ദേവലോകം’ എന്ന എം.ടി.യുടെ ചിത്രത്തിൽ അവതരിപ്പിക്കാൻ നിശ്ചയിച്ച വ്യക്തികൂടിയായിരുന്നു അന്ന് മമ്മൂട്ടി. പക്ഷെ ‘ദേവലോകം’ സിനിമ നടന്നില്ല. പകരമാണ് പുതിയ അവസരം മമ്മൂട്ടിയെ തേടിയെത്തിയത്.

സുകുമാരന്റെ തിരക്കേറിയ അഭിനയജീവിതത്തിന്റെ തുടക്കക്കാലമായിരുന്നു ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ ചിത്രീകരണകാലം. വീട്ടിലെ കഠിനമായ ദാരിദ്ര്യത്തിൽനിന്ന് ജോലിതേടി ദുബായിലെത്തി സമ്പന്നനായ രാജഗോപാല മേനോൻ എന്ന സുകുമാരന്റെ നായകൻ ശ്രദ്ധിക്കപ്പെട്ടു. നാട്ടിലെ മദ്യപാനിയായ മാധവൻകുട്ടിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗൾഫ് എന്ന സ്വപ്നംപേറി നടക്കുന്ന ശരാശരി മലയാളി യുവത്വത്തിന്റെ അന്നുമിന്നുമുള്ള മാനസികാവസ്ഥയാണ് ആദ്യ പ്രവാസചിത്രത്തിലും അവതരിപ്പിച്ചത്. പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങൾ യു.എ.ഇ.യിൽ ചിത്രീകരിച്ചു.

വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആദ്യകാല പ്രവാസത്തിന്റെ നേർചിത്രംകൂടിയാണ്. മാസങ്ങളോളം പട്ടിണികിടന്ന് ലോഞ്ചിൽ മരണത്തിനും ജീവിതത്തിനുമിടയിലൂടെയുള്ള കടൽയാത്ര. ആ യാത്രയിൽ കടലിൽ ജീവിതം അസ്തമിച്ചുപോയവർ ഒട്ടേറെ. അവരുടെ പേരുപോലും ആരും ഓർക്കുന്നില്ല. ‘വിൽക്കാനുണ്ട് സ്വപ്നങ്ങളി’ലും ഇത്തരം ദുരിതങ്ങൾ പ്രേക്ഷകരിലെത്തിച്ചു. ഗ്രാമീണ പശ്ചാത്തലവും നാലുകെട്ടും തൃത്താലയിലാണ് ചിത്രീകരിച്ചത്.

placeholder
'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' സിനിമയുടെ സ്വിച്ച് ഓൺ ഷാർജ വിമാനത്താവളത്തിൽ നടന്നപ്പോൾ. നടൻ സുകുമാരൻ, എം.ടി. വാസുദേവൻ നായർ മുതലായവർ ചിത്രത്തിൽ  | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

18 ദിവസത്തെ ചിത്രീകരണം

ആദ്യമായി മലയാളസിനിമ ഷാർജയിലും ദുബായിലും ചിത്രീകരിക്കുന്നതിന് സാക്ഷികളായ മലയാളി പ്രവാസികൾക്ക് അന്നതൊരു പുതുമയായിരുന്നു. അതുവരെ സിനിമ എന്താണെന്നു ശരിയായി നിശ്ചയമില്ലാത്ത ഒരു ജനത സിനിമാചിത്രീകരണം നേരിട്ട് കാണുന്നു. കാഴ്ചക്കാരായ മലയാളികൾക്കും വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ മുഖംകാണിക്കാൻ അവസരമുണ്ടായി. ദുബായിൽ ചിത്രീകരണത്തിന് ആദ്യം അനുമതി ലഭിച്ചില്ലെന്ന് നിർമാതാവ് വി.ബി.കെ. മേനോൻ പറയുന്നു. ഷാർജയിലെ രാജകുടുംബത്തിന്റെ സഹായത്തിൽ ഷാർജ വിമാനത്താവളം (അന്ന് വിമാനത്താവളം ശരിയായി പ്രവർത്തനം തുടങ്ങിയിരുന്നില്ല, ഒരു കാർഗോ വിമാനത്തിലാണ് ചിത്രീകരിച്ചത്) പശ്ചാത്തലമാക്കി വിൽക്കാനുണ്ട് സ്വപ്നങ്ങൾ ചിത്രീകരണം തുടങ്ങി. ഷാർജയിലെ ഇപ്പോഴത്തെ ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയുടെ റോളയിലെ ഓഫീസ് ആണ് വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ സുകുമാരന്റെ ഓഫീസാക്കി മാറ്റിയത്. വി.ബി.കെ. മേനോന്റെ സുഹൃത്തായ രവിയുടെ സഹായവുമുണ്ടായി.

സിനിമയിലെ നായകൻ നീന്തിക്കയറിയ അന്നത്തെ ഖോർഫക്കാൻ പ്രവാസത്തിന്റെ ‘അടയാളപ്പാറ’യായി ഇന്നും പ്രശസ്തമാണ്. ചിത്രീകരണത്തിന് മേൽനോട്ടവുമായി എം.ടി. മുഴുവൻസമയവും ദുബായിലുണ്ടായിരുന്നതായി വി.ബി.കെ. മേനോൻ ഓർമിക്കുന്നു. രാമചന്ദ്രബാബു ആയിരുന്നു ക്യാമറാമാൻ. മൊത്തം 10 പേരായിരുന്നു അന്ന് വിൽക്കാനുണ്ട് സ്വപ്നങ്ങൾ ചിത്രീകരിക്കാൻ ദുബായിലെത്തിയത്.

placeholder
'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' ചിത്രത്തിന്റെ ലൊക്കേഷനിൽ ഛായാ​ഗ്രാഹകൻ രാമചന്ദ്ര ബാബുവും നടി ശ്രീവിദ്യയും  | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ശ്രീധരനുണ്ണിയുടെ പാട്ടുകൾ

കോഴിക്കോട് ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് കവി പി.പി. ശ്രീധരനുണ്ണിയെത്തേടി എം.ടി.യുടെ വിളിയെത്തിയത്. -അടിയന്തരമായി വീട്ടിലേക്കുവരണം. വിളിച്ചത് എം.ടി. ആണെന്നതിനാൽ ശ്രീധരനുണ്ണി ആകാംക്ഷയോടെ എം.ടി.യുടെ വീട്ടിലെത്തി. അവിടെ വി.ബി.കെ. മേനോനുമുണ്ട്. എം.ടി. ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ കഥ ശ്രീധരനുണ്ണിയോട് പറഞ്ഞു. കഥാസന്ദർഭത്തിനൊത്ത് രണ്ടു പാട്ടുകൾവേണം. ഒന്ന് മാപ്പിളപ്പാട്ട് രീതിയിൽ, മറ്റൊന്ന് പ്രണയഗാനം. പ്രണയഗാനമായാലും ആധ്യാത്മികതലത്തിൽ വേണമെന്നും എം.ടി. ആവശ്യപ്പെട്ടു. ശങ്കരാചാര്യരുടെ ജീവിതവും ഫിലോസഫിയുമാണ് ശ്രീധരനുണ്ണിയുടെ മനസ്സിലെത്തിയത്. അങ്ങിനെ എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ ‘ഭൂതലം നിന്റെ ഭദ്രാസനം’ എന്നുതുടങ്ങുന്ന പാട്ട് ഒരുദിവസംകൊണ്ട് ശ്രീധരനുണ്ണി എം.ടി.യെ ഏല്പിച്ചു. ‘ചന്ദനകുളിർ വീശുന്ന മണിക്കാറ്റ് വന്നൂ...’ എന്ന പാട്ടും ഹിറ്റ് ആയി. പിന്നീട് ശംഖുപുഷ്പം എന്ന ചിത്രത്തിലും ശ്രീധരനുണ്ണി പാട്ടെഴുതി. 2005-ൽ ആകാശവാണിയിൽനിന്ന് വിരമിച്ച അദ്ദേഹം കോഴിക്കോട്ട് നടക്കാവിൽ താമസിക്കുന്നു.

സിനിമ നൽകിയത് സിനിമതന്നെ തിരിച്ചെടുത്തു

1975-ലാണ് വി.ബി.കെ. മേനോൻ ദുബായിലെത്തിയത്. നാഷണൽ ഫുഡ് കമ്പനിയിൽ ജോലി, കരാമയിൽ വീഡിയോ ഷോപ്പ്, സിനിമാവിതരണം തുടങ്ങി മേഖലകളിൽ കൈവെച്ചു. 180 ചിത്രങ്ങൾ അദ്ദേഹം വിതരണം ചെയ്തു. അങ്ങിനെയാണ് സിനിമാ നിർമാണത്തിലേക്ക് കടന്നത്. ആദ്യം മറുനാടൻ മൂവീസായിരുന്നു. പിന്നീട് പേരുമാറ്റി അനുഗ്രഹ സിനി ആർട്‌സ് എന്നാക്കി. 1977-ലാണ് എം.ടി.യുടെ ‘ബന്ധനം’ മേനോൻ സിനിമയാക്കിയത്. സുകുമാരനെ ആദ്യമായി നായകനാക്കിയതും ഈ ചിത്രമാണ്. രണ്ടാമത്തെ സിനിമയായിരുന്നു വിൽക്കാനുണ്ട് സ്വപ്നങ്ങൾ. സിന്ദൂരസന്ധ്യയ്ക്ക് മൗനം, ഉത്സവപ്പിറ്റേന്ന്, താഴ്വാരം, കേളി, ദേവാസുരം, അഭിമന്യു, ഒരു യാത്രാമൊഴി തുടങ്ങി 23 സിനിമകൾ മേനോൻ നിർമിച്ചു. ഒമ്പത് സിനിമകളിൽ അഭിനയിച്ചു.

സിനിമയിൽനിന്ന് കിട്ടിയ സമ്പത്ത് മുഴുവൻ സിനിമയിൽതന്നെ ചെലവാക്കി തകർന്നുപോയ അനുഭവമാണ് വി.ബി.കെ. മേനോനുള്ളത്. ‘ദുബായ്’ എന്ന ചിത്രത്തോടെ അദ്ദേഹം വലിയരീതിയിൽ സാമ്പത്തികപ്രതിസന്ധി നേരിട്ടു. തുടർന്ന് ‘അലക്സാണ്ടർ ദ ഗ്രേറ്റ്’ എന്ന ചിത്രത്തോടെ സാമ്പത്തികപതനം പൂർണമായി. ഇപ്പോൾ കൊച്ചി കടവന്ത്രയിലുള്ള മേനോൻ ഇനി സിനിമയെടുക്കാനുള്ള ത്രാണിയില്ലെന്ന് തുറന്നുപറയുന്നു.

പ്രവാസസ്വപ്നങ്ങൾക്ക് ചിറകുവിരിയിച്ച വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന് 43 വയസ്സ് പൂർത്തിയാകുമ്പോൾ അതെഴുതിയ എം.ടി. വാസുദേവൻനായരെന്ന മലയാളത്തിന്റെ പുണ്യത്തിന് നവതി തികഞ്ഞു.

placeholder
വി.ബി.കെ മേനോൻ  | ഫോട്ടോ: ബി.മുരളീകൃഷ്ണൻ\ മാതൃഭൂമി 

മമ്മൂട്ടിയുടെ ആദ്യപ്രതിഫലം 150 രൂപ

ചിത്രത്തിൽ അഭിനയിച്ചതിന് മമ്മൂട്ടിക്ക്‌ ലഭിച്ച ആദ്യപ്രതിഫലം 150 രൂപയായിരുന്നു. 75 രൂപവീതം രണ്ടുപ്രാവശ്യമായി തന്റെ പ്രൊഡക്ഷൻ മാനേജർ ആണ് നൽകിയതെന്നും വി.ബി.കെ. മേനോൻ ഓർക്കുന്നു. അതേസമയം ചിത്രത്തിലെ നായകനായ സുകുമാരന് 40,000 രൂപയായിരുന്നു പ്രതിഫലം. സുകുമാരൻ ആദ്യമായി നായകനായ മേനോന്റെതന്നെ ‘ബന്ധന’ ത്തിൽ 12,000 രൂപയായിരുന്നു പ്രതിഫലം. വിൽക്കാനുണ്ട് സ്വപ്നങ്ങൾ നല്ലചിത്രമെന്നറിയപ്പെട്ടെങ്കിലും സാമ്പത്തികമായി മേനോന് ‘കൈപൊള്ളി’. 20 ലക്ഷംരൂപ ചെലവാക്കിയ പടം മുടക്കുമുതൽ തിരിച്ചുകിട്ടാതെ വൻപരാജയമായി.

നാടകകലാകാരനും പിന്നീട് എം.എൽ.എ.യുമായ പുരുഷൻ കടലുണ്ടി ആയിരുന്നു ചിത്രത്തിന്റെ സംവിധാനസഹായി. എം.ടി.യുമായുള്ള ബന്ധമായിരുന്നു അദ്ദേഹത്തിന് സിനിമയിലേക്ക് അവസരം തുറന്നത്. ചിത്രത്തിൽ ചെറുവേഷത്തിൽ അഭിനയിക്കുകയുംചെയ്തു. എം.ടി.യുടെ ‘മഞ്ഞി’ലടക്കം സഹകരിക്കാനും സാധിച്ചത് ഭാഗ്യമായെന്ന് ആറുസിനിമകളും 43 നാടകങ്ങളും പൂർത്തിയാക്കിയ പുരുഷൻ കടലുണ്ടി പറഞ്ഞു.