കൊല ചെയ്യപ്പെടുന്നവരും കൊലയാളികളും എന്ന ഭീതിതമായ കഥാചേരുവയെ ഒരു ത്രില്ലടിപ്പിക്കുന്ന മർഡർ സുഡോക്കു ആക്കി മാറ്റിയ സംവിധായകൻ ബിബിൻ കൃഷ്ണ സംസാരിക്കുന്നു

To advertise here,

കാണികളുടെ കാണൽ സ്വഭാവത്തെ മാറ്റി മറിക്കുന്ന ഒരു സിനിമയാണ് 21 ഗ്രാംസ്. ആളുകൾ ഒന്നിച്ചുചേർന്ന് ഒരു ഗെയിം ജയിക്കാൻ ശ്രമിക്കുന്ന കാഴ്ച. ഇങ്ങനെ ഒരു കാര്യമാണോ മനസ്സിൽ പ്രതീക്ഷിച്ചതും

= സത്യത്തിൽ ഈ സിനിമയുടെ കഥ എന്റെ മനസ്സിലേക്ക് വന്ന രീതിയും ഇങ്ങനെയാണ്. പരസ്പര ബന്ധമില്ലാത്ത കുറച്ച് വിഷ്വൽസ്. പിന്നീട് അവ തമ്മിൽ ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളിലൂടെ ആണ് കഥ പൂർത്തിയായത്. ആ ഒരു കാര്യം സിനിമയുടെ സ്വഭാവമായി മാറിയതാവാം. മനസ്സിൽ ഒളിച്ചു കളി നടത്തിയ ഒരു പസിലിനെ സിനിമയാക്കി മാറ്റുകയായിരുന്നു എന്ന് പറയാം. ഞാനും കഥയെ പൂരിപ്പിച്ച് എടുക്കുക തന്നെയായിരുന്നു.

ഈ സിനിമയിൽ ആങ്ങള- പെങ്ങൾ ബന്ധം ആണ് ഏറ്റവും സജീവമായി കാണുന്ന ഒരു ചരട്. വീട്, ബന്ധങ്ങൾ എന്നിവയെപ്പറ്റിയുള്ള കാഴ്ചപ്പാട് പങ്കിടാമോ?

= വീട് എന്നത് ഒരു തണൽ ആണ് എന്നത് തന്നെ കാഴ്ചപ്പാട്. ഏത് ഉഗാണ്ടയിൽ പോയാലും എനിക്ക് വീട്ടിലേക്ക് ഇടയ്ക്ക് തിരികെ വരണം. ബന്ധുക്കൾ, സുഹൃത്തുക്കൾ ഇതെല്ലാം എന്റെ ജീവിതത്തിൽ പ്രധാനമാണ്. ജീവിതത്തിലെ ആളുകൾ പ്രധാനമാണ്. സങ്കടങ്ങളിൽ കൂടെ നിൽക്കാനും സന്തോഷം പങ്കിടാനും പ്രിയപ്പെട്ടവർ വേണം. പക്ഷേ, ഇമോഷനുകൾ പ്രകടിപ്പിക്കാൻ തീരെ അറിയില്ല എനിക്ക് എന്ന് മിക്കവരും കളിയാക്കും എന്നതാണ് ഇതിന്റെ മറ്റൊരു വശം.

placeholder
21 ​ഗ്രാംസ് ചിത്രീകരണത്തിനിടെ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

താങ്കളുടെ ആദ്യ സിനിമ ആണല്ലോ ഇത്. എവിടെ ആയിരുന്നു ഇതുവരെ?

= കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരാണ് എന്റെ നാട്. പേരാമ്പ്ര ഹയർ സെക്കണ്ടറിയിൽ സ്‌കൂളിങ്. പിന്നെ ബെംഗളൂരുവിൽ എൻ.ടി.ടി.എസ്‌., എം.ടെക്‌. അത് കഴിഞ്ഞ് ജോലിയുടെ തിരക്കുകൾ. യു.എസിലും ഓസ്‌ട്രേലിയയിലും ജോലി ചെയ്ത കാലത്താണ് സിനിമയെപ്പറ്റി കൂടുതൽ ചിന്തിക്കാൻ സമയം കിട്ടുന്നത്. പണ്ടൊക്കെ വീട്ടിലോ, ചങ്ങാതിമാർക്കൊപ്പമോ വല്ല കൂടിച്ചേരലും ഉണ്ടായിക്കഴിഞ്ഞാൽ മിക്കവാറും ഞാനൊരു വീഡിയോ ചെയ്തിരുന്നു. പാട്ടും ബി.ജി.എമ്മും ഒക്കെ ഇട്ട് എഡിറ്റ് ചെയ്ത്‌ അതൊന്ന് കൊഴുപ്പിക്കും. കാണുന്നവർ പലരും അതിഷ്ടമായെന്നു ഫീഡ്ബാക്ക് തരും. അപ്പോൾ കിട്ടുന്ന ആ സന്തോഷം ആണ് സിനിമയിലേക്ക് കടന്നുവരാനുള്ള ആത്മവിശ്വാസമായി മാറിയത്. രണ്ട് ഹ്രസ്വ ചിത്രങ്ങൾ ചെയ്തതോടെ കാര്യങ്ങൾക്ക് ഒരു തെളിച്ചം വന്നു. പിന്നെ ഒരു കഥ ഉണ്ടാക്കാനായുള്ള ശ്രമം തുടങ്ങി. ഒരു കുഴപ്പം ഉണ്ടായത് എന്താണെന്നു വെച്ചാൽ നിർബന്ധിക്കാനോ ഡെഡ് ലൈൻ തരാനോ ആരുമില്ലാത്തതിനാൽ സമയം കുറെ എടുത്താണ് കഥ പൂർത്തിയാക്കിയത്.

പുതുതായി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ മുന്നിൽ ഉള്ള പോസിറ്റിവുകളും നെഗറ്റിവുകളും എന്താണ്?

= പുതിയതായി സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പോസിറ്റിവുകളേയുള്ളൂ എന്നാണ് എന്റെ തോന്നൽ. പണ്ടത്തെ കാലം പോലെ അല്ല. സാങ്കേതികവിദ്യ ശരിക്കും വിരൽത്തുമ്പിൽ ലഭ്യമാണ്. അതും ചെലവ് കുറഞ്ഞ രീതിയിൽ. ഒരു ഐ ഫോൺ കൊണ്ടു പോലും നമുക്ക് സിനിമയെടുക്കാം. ആദ്യത്തെ സിനിമ തന്നെ സൂപ്പർഹിറ്റാവണമെന്നൊക്കെ ചിന്തിച്ചാൽ ചിലപ്പോൾ സങ്കടം വന്നേക്കാം. എനിക്ക് ഒരു സിനിമ ചെയ്യണം എന്നത് മാത്രമേ ആഗ്രഹിക്കാവൂ. ബാക്കിയെല്ലാം വരും പോലെ വരട്ടെ എന്ന് മനസ്സിൽ ആദ്യമേ സെറ്റ് ചെയ്തുവെച്ചാൽ കിട്ടുന്നതെല്ലാം ബോണസ് ആയി തോന്നാൻ തുടങ്ങും. ആദ്യത്തെ സിനിമ ചിലപ്പോൾ പുറത്തിറങ്ങിയില്ല എന്നു തന്നെ വരാം. വലിയ സ്റ്റാറുകളുടെ ഡേറ്റ് കിട്ടണമെന്നുമില്ല. പക്ഷേ, നമ്മുടെ സൗഹൃദവലയങ്ങൾ ഉപയോഗിച്ചും അഭിനേതാക്കളെ കണ്ടെത്താമല്ലോ. നല്ല ഒരു സ്‌ക്രിപ്റ്റ് വളരെ പ്രധാനമാണ്. നമ്മൾ ശ്രമിച്ചു കൊണ്ടേ ഇരിക്കുമ്പോൾ തീർച്ചയായും നമുക്ക് മുന്നിൽ ഒരു വഴി തെളിഞ്ഞു വരും. ആദ്യം തന്നെ നമുക്ക് താരങ്ങളുടെ ഡേറ്റ് വേണം, നിർമാതാവിനെ വേണം എന്നൊക്കെ പ്ലാൻ ചെയ്ത് ഇരിക്കുമ്പോഴാണ് എല്ലാം കോംപ്ലിക്കേറ്റഡ് ആയി മാറുന്നത്.

ബിബിൻ ഇപ്പോൾ എൻജിനിയർ ആണോ അതോ സിനിമാ സംവിധായകനോ എന്ന് ചോദിച്ചാൽ?

= സംവിധാനം ഇഷ്ടപ്പെടുന്ന എൻജിനിയർ. പണത്തിനായി സിനിമ ചെയ്യുന്നതിനെക്കാൾ, സന്തോഷത്തിനായി സിനിമ ചെയ്യുന്ന ഒരാളായി നിൽക്കാൻ ആണിഷ്ടം. അപ്പോൾ വരുമാനത്തിനായി നിലവിലുള്ള ജോലി തുടരുകതന്നെ വേണമല്ലോ.