ഗായിക സി എസ് രാധാദേവിയോടൊപ്പം ലേഖകൻ
ഗായിക സിഎസ് രാധാദേവിക്ക് ഇന്ന് നവതി
മുന്നിലെ കസേരയിലിരുന്ന് രസിച്ചു താളമിട്ടു പാടുന്ന അമ്മൂമ്മയെ ഒരു യുവതിയായി സങ്കൽപ്പിച്ചുനോക്കി വെറുതെ. മെരിലാൻഡ് സ്റ്റുഡിയോയിലെ വിശാലമായ റെക്കോർഡിംഗ് ഹാളിലെ മൈക്കിനു മുന്നിൽ നിന്ന് സ്വയം മറന്നു പാടുകയാണ് വാലിട്ടു കണ്ണെഴുതിയ ആ സുന്ദരി : ``തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏന് നെഞ്ചി നിറയണ പൂക്കിനാവേ, എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന്.... '' തിരുനയിനാർ കുറിച്ചി മാധവൻ നായരുടെ നാട്ടുമൊഴിച്ചന്തമുള്ള വരികൾ. തൃശൂർ പി രാധാകൃഷ്ണന്റെ ഇളനീർ മധുരമൂറുന്ന ഈണം. ചിത്രം: രണ്ടിടങ്ങഴി (1958)
``നടക്കാതെ പോയ, അതിമനോഹരമായ ഒരു സ്വപ്നമായിരുന്നു ആ പാട്ട്. അന്നത് പാടിയിരുന്നെങ്കിൽ ഒരുപക്ഷേ എന്റെ ജീവിതം തന്നെ മാറി മറിഞ്ഞേനെ.'' തന്നോടുതന്നെയെന്നോണം സി എസ് രാധാദേവി പറയുന്നു. കയ്യെത്തുംദൂരെ വെച്ച് അകന്നുപോയ ആ പാട്ടാണ് സിനിമാക്കാലം ഈ 90 കാരിയുടെ മനസ്സിൽ അവശേഷിപ്പിക്കുന്ന ഒരേയൊരു ദുഃഖം. ``പക്ഷേ നഷ്ടം എനിക്ക് മാത്രമായിരുന്നു; പാട്ടിന്റെ സൗന്ദര്യത്തെ അത് ബാധിച്ചതേയില്ല. അതീവ ഹൃദ്യമായിത്തന്നെ കമുകറ പുരുഷോത്തമനും സുലോചനയും ചേർന്ന് അത് പാടി. എങ്കിലും ഇന്നുമത് കേൾക്കുമ്പോൾ, ഉള്ളിലൊരു നൊമ്പരം പിടയും. അത്രയും സ്നേഹിച്ചു പോയിരുന്നു ആ പാട്ടിനെ...''
സിനിമക്ക് വേണ്ടിയല്ല തിരുനയിനാർ കുറിച്ചി മാധവൻ നായർ ``തുമ്പപ്പൂ പെയ്യണ'' എന്ന ഗാനം എഴുതിയത് എന്നു കൂടി അറിയുക; നാടകത്തിനു വേണ്ടിയാണ്. `തൂവലും തൂമ്പയും' എന്ന നാടകത്തിൽ അത് പാടി അഭിനയിച്ചത് പി ഗംഗാധരൻ നായരും രാധാദേവിയും. കീഴാളസമുദായത്തിൽ നിന്ന് ബിരുദധാരിയായി ഉയർന്നു വന്ന ഒരു ചെറുപ്പക്കാരൻ നേരിടേണ്ടി വന്ന വെല്ലുവിളികളായിരുന്നു വീരരാഘവൻ നായർ (വീരൻ) എഴുതിയ സാമൂഹ്യനാടകത്തിന്റെ ഇതിവൃത്തം. അഭിനേതാക്കളായി അടൂർ ഭാസിയും ജഗതി എൻ കെ ആചാരിയും ഉൾപ്പെടെയുള്ള പ്രമുഖർ. തെക്കൻ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ നാടകത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന് കർഷകദമ്പതികൾ ചേർന്നു പാടുന്ന ഈ യുഗ്മഗാനമായിരുന്നു.
തികച്ചും യാദൃഛികമായാണ് പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത `രണ്ടിടങ്ങഴി' എന്ന സിനിമയിൽ `തുമ്പപ്പൂ' ഇടം പിടിച്ചത്. മെരിലാൻഡിലെ `നിലയവിദ്വാ'ന്മാരായ തിരുനയിനാർകുറിച്ചി - ബ്രദർ ലക്ഷ്മണൻ ടീമിനായിരുന്നു പതിവുപോലെ ഈ ചിത്രത്തിന്റെയും സംഗീതസൃഷ്ടിയുടെ ചുമതല. പടത്തിന്റെ അന്തരീക്ഷം തികച്ചും ഗ്രാമീണം. തകഴിയുടെ കഥാപാത്രങ്ങളാകട്ടെ കുട്ടനാട്ടിലെ കീഴാള കർഷകത്തൊഴിലാളികളും. അത്തരമൊരു ചിത്രത്തിൽ മണ്ണിന്റെ മണമുള്ള പാട്ടുകൾ അനിവാര്യം. പക്ഷേ ശാസ്ത്രീയ സംഗീത വിശാരദനായ ബ്രദർ ലക്ഷ്മണിന് അത്ര പരിചിതമായ മേഖലയല്ല അത്. ചെയ്ത പാട്ടുകൾ ഒന്നും മോശമല്ലായിരുന്നെങ്കിലും കുട്ടനാടിന്റെ അന്തരീക്ഷത്തോട് പൂർണ്ണമായി ഇണങ്ങിനിൽക്കുന്നില്ല അവ. തിരുനയിനാർകുറിച്ചിയുടെ നിർദേശം സ്വീകരിച്ച് തുമ്പപ്പൂ പെയ്യണ എന്ന നാടകഗാനം സിനിമയിൽ ഉൾപ്പെടുത്താൻ സുബ്രഹ്മണ്യം തീരുമാനിച്ചത് അങ്ങനെയാണ്.
പക്ഷേ, ആകാശവാണി ഉദ്യോഗസ്ഥനായ തൃശൂർ പി രാധാകൃഷ്ണന് സിനിമാലോകവുമായി സഹകരിക്കാൻ അനുമതിയില്ല. സ്വന്തം പേരിൽ ചലച്ചിത്രഗാനം എഴുതി പ്രതിഫലം പറ്റിയാൽ നടപടി ഉറപ്പ്. ഫലം: രണ്ടിടങ്ങഴിയിലെ മറ്റു പാട്ടുകളെ പോലെ ഈ ഗാനത്തിന്റെയും പിതൃത്വം ബ്രദർ ലക്ഷ്മണന് പതിച്ചുകിട്ടുന്നു. പാട്ടുകളുടെ ഗ്രാമഫോൺ റെക്കോർഡിൽ നിന്നും പടത്തിന്റെ ശീർഷകങ്ങളിൽ നിന്നും രാധാകൃഷ്ണൻ പുറത്ത്!
മെരിലാൻഡ് ചിത്രങ്ങളിലെ സ്ഥിരം ശബ്ദ സാന്നിധ്യമായ കമുകറ പുരുഷോത്തമന് ഒപ്പം ഗാനം സിനിമയിൽ പാടാൻ തിരഞ്ഞെടുക്കപ്പെട്ടത് നാടകത്തിൽ അത് പാടി കയ്യടി നേടിയ ഗായിക തന്നെ. സന്തോഷത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുന്നു രാധാദേവി. രാവും പകലുമെന്നില്ലാതെ രണ്ടാഴ്ചയോളം നീണ്ട റിഹേഴ്സൽ ആയിരുന്നു പിന്നെ. ഒടുവിൽ റെക്കോർഡിംഗിന്റെ ദിവസം എത്തി. നാടകാസ്വാദകർ ഹൃദയപൂർവം സ്വീകരിച്ച ആ ഗാനം സിനിമയിലും ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല രാധാദേവിക്ക്.
പക്ഷേ ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തോടെ സ്റ്റുഡിയോയിൽ ചെന്നിറങ്ങിയ രാധാദേവിയെ എതിരേറ്റത് അമ്പരപ്പിക്കുന്ന കാഴ്ചയാണ് . കമുകറയോടൊപ്പം മൈക്കിനു മുന്നിൽ കെ പി എ സി സുലോചന. പാടിത്തുടങ്ങാനായി സൗണ്ട് എഞ്ചിനീയർ കൃഷ്ണ ഇളമണിന്റെ ആംഗ്യത്തിന് കാത്തുനിൽക്കുകയാണവർ. ``ഒന്നും മനസ്സിലായില്ല എനിക്ക്. എന്താണ് പെട്ടെന്നിങ്ങനെ ഒരു മാറ്റം ? ആർക്കുമില്ലായിരുന്നു ഉത്തരം. പാടുപെട്ടു കരച്ചിലടക്കിനിർത്തി, സുബ്രഹ്മണ്യം മുതലാളിയെ കണ്ടു പരിഭവം പറഞ്ഞപ്പോൾ അദ്ദേഹവും കൈമലർത്തി: ``പാട്ടിന്റെ കാര്യമൊക്കെ നിങ്ങൾ പാട്ടുകാരും സംഗീത സംവിധായകരും ചേർന്ന് തീരുമാനിക്കണം. അതിൽ ഞാൻ ഇടപെടില്ല...''
എവിടെയോ ഒരു സ്വപ്നം വീണുടഞ്ഞ പോലെ. ഇന്നുമുണ്ട് ആ ശബ്ദം രാധാദേവിയുടെ കാതിൽ; ആറു പതിറ്റാണ്ടിനിപ്പുറവും. അന്ന് നിരാശയായി വീട്ടിലേക്കു തിരിച്ചുപോകാൻ ഒരുങ്ങിയ രാധാദേവിയെ സുബ്രഹ്മണ്യം മുതലാളി തടഞ്ഞു. വാഗ്ദാനം പാലിക്കാൻ കഴിയാതിരുന്നതിൽ പശ്ചാത്താപം തോന്നിയിരിക്കണം അദ്ദേഹത്തിന്. ``പ്രായശ്ചിത്തമെന്നോണം എനിക്ക് വേണ്ടി സിനിമയിൽ ഒരു ഗാനസന്ദർഭം തന്നെ പ്രത്യേകമായി സൃഷ്ടിച്ചു അദ്ദേഹം. ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക എന്ന പാട്ട് മീനാ സുലോചനയോടൊപ്പം എന്നെ കൊണ്ട് പാടിക്കുകയും ചെയ്തു.'' എങ്കിലും കൈവിട്ട ആ തുമ്പപ്പൂവിന്റെ സൗരഭ്യം എത്ര ശ്രമിച്ചിട്ടും ഓർമ്മയിൽ നിന്ന് മായുന്നില്ലെന്ന് രാധാദേവി.മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ഈ ഗായികയെ ഇന്ന് എത്ര പേർ ഓർക്കുന്നു? ഏഴു പതിറ്റാണ്ടിലേറെക്കാലം മുൻപ്, 1944 ലാണ് സി എസ് രാധാദേവി ആദ്യമായി സിനിമക്ക് വേണ്ടി ഒരു ഗാനം പാടി റെക്കോർഡ് ചെയ്തത്; പതിമൂന്നാം വയസ്സിൽ. വെളിച്ചം കാണാതെ പോയ ആ ചിത്രത്തിന്റെ പേര് `യാചകമോഹിനി.' സംവിധാനം എഫ് നാഗൂർ. ഇന്ന് ജീവിച്ചിരിപ്പുള്ള ഏറ്റവും തലമുതിർന്ന ഗായികയായ ലതാ മങ്കേഷ്കർ പാടിത്തുടങ്ങി രണ്ടു വർഷമേ ആയിരുന്നുള്ളൂ അപ്പോൾ എന്നോർക്കുക. (വസന്ത് ജോഗ് ലേക്കറുടെ മറാത്തി ചിത്രം കിതി ഹസാലിനു വേണ്ടി 1942 ൽ പാടി അരങ്ങേറുമ്പോൾ ലതയ്ക്ക് പ്രായം 13). മലയാളത്തിലാകട്ടെ മൂന്നേ മൂന്ന് ശബ്ദചിത്രങ്ങളേ അതിനു മുൻപ് റിലീസായിരുന്നുള്ളൂ -- ബാലൻ (1938), ജ്ഞാനാംബിക (1940), പ്രഹ്ലാദ (1941). അരങ്ങേറ്റ ചിത്രം വെളിച്ചം കണ്ടില്ലെങ്കിലും, പിൽക്കാലത്ത് മനോഹരമായ കുറെ ഗാനങ്ങളുടെ രൂപത്തിൽ ഭാഗ്യം രാധാദേവിയെ തേടിവരിക തന്നെ ചെയ്തു. ഈശപുത്രനേ വാ, കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ (മറിയക്കുട്ടി), ഭൂവിങ്കലെന്നുമനുരാഗം (അവകാശി), താന്തോയത്തേനുണ്ട് (പാടാത്ത പൈങ്കിളി), പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം (ഭക്തകുചേല), ഓടുന്നുണ്ടോടുന്നുണ്ടേ (രണ്ടിടങ്ങഴി), ഒന്നു ചിരിക്കൂ (പൂത്താലി)... ഒരു തലമുറയുടെ ഹൃദയം കവർന്ന ഗാനങ്ങൾ. ``ആ പാട്ടുകളൊക്കെ ആസ്വദിച്ചവരുടെ തലമുറ മിക്കവാറും അരങ്ങൊഴിഞ്ഞുകഴിഞ്ഞു. ആരെങ്കിലുമൊക്കെ അവ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നും. ഞാൻ പാടിയ പാട്ടുകളുടെ ശേഖരവുമായി അടുത്തിടെ ഒരു യുവ സംഗീതപ്രേമി കാണാൻ വന്നു. ഞാൻ പോലും കേൾക്കാത്ത പാട്ടുകളാണ് അയാൾ എനിക്ക് കേൾപ്പിച്ചു തന്നത്-- 65 വർഷം മുൻപ് റെക്കോർഡ് ചെയ്ത പാട്ടുകൾ. കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. എത്രയെത്ര മുഖങ്ങളാണെന്നോ വീണ്ടും എന്റെ മനസ്സിൽ തെളിഞ്ഞത്?-- സുബ്രഹ്മണ്യം മുതലാളി, തിക്കുറിശ്ശി, പ്രേംനസീർ, മിസ്സ് കുമാരി, ബഹദൂർ, കമുകറ പുരുഷോത്തമൻ, പി ലീല, ശാന്താ പി നായർ.... ആരുമില്ല ഇപ്പോൾ. '' രാധാദേവി ഒരു നിമിഷം നിശബ്ദയാകുന്നു. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന ഗായകരിൽ ഒരാളായിരിക്കും രാധാദേവി. രാധാദേവിയുടെ പാട്ടോടെ പുറത്തുവന്ന ആദ്യചിത്രമായ` നല്ലതങ്ക' റിലീസായിട്ടു തന്നെ ആറര പതിറ്റാണ്ടായി എന്നോർക്കുക.
ഗായികയായി മാത്രമല്ല സിനിമയിൽ രാധാദേവി സാന്നിധ്യമറിയിച്ചത്. മലയാളത്തിലെ ആദ്യകാല ഡബ്ബിംഗ് കലാകാരികളിൽ ഒരാൾ കൂടിയായിരുന്നു അവർ. ``ആദ്യം ശബ്ദം നൽകിയത് ജി വിശ്വനാഥ് സംവിധാനം ചെയ്ത വനമാല (1951) എന്ന സിനിമയിൽ. ഏതോ ബാലനടിക്ക് വേണ്ടിയാണെന്നാണ് ഓർമ്മ.'' രാധാദേവി പറയുന്നു. നായികക്ക് വേണ്ടി ആദ്യം ഡബ് ചെയ്തത് ജ്ഞാനസുന്ദരി (1961) യിൽ. ഏറണാകുളത്ത് ജനിച്ച് തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വളർന്ന വിജയലക്ഷ്മി ആയിരുന്നു കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ആ ചിത്രത്തിലെ നായിക. പിന്നീട് സ്നാപകയോഹന്നാനിലും (1963) വിജയലക്ഷ്മി രാധാദേവിയുടെ ശബ്ദം കടമെടുത്തു. സീതയിൽ കുശലകുമാരിക്കും കടൽ എന്ന ചിത്രത്തിൽ ശാരദക്കും വേണ്ടി ഡബ് ചെയ്തതും രാധാദേവി തന്നെ. രാധാദേവിയുടെ മാതൃക പിന്തുടർന്നാണ് അനിയത്തി കണ്ണമ്മയും സിനിമാലോകത്ത് കടന്നുചെന്നത്.
മ്യൂസിക് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഭക്തകുചേല പോലുള്ള ചില ആദ്യകാല ചിത്രങ്ങളിൽ കോറസ് ഗായികയായി തുടങ്ങിയ കണ്ണമ്മ പിന്നീട് തിരക്കേറിയ ഡബ്ബിംഗ് കലാകാരിയായി. `കാട്ടുമൈന''യിൽ ഷീലക്ക് ശബ്ദം നൽകിക്കൊണ്ടാണ് തുടക്കം. ഏറ്റവും അവിസ്മരണീയമായ അനുഭവം `ഭാർഗവീനിലയ'ത്തിൽ വിജയനിർമ്മലക്ക് ശബ്ദം നൽകിയതാണ്. ബഷീറിന്റെ ഭാർഗവിക്കുട്ടി വെള്ളിത്തിരയിൽ സംസാരിച്ചത് കണ്ണമ്മയുടെ ശബ്ദത്തിലാണെന്ന് അറിയുന്നവർ ചുരുക്കം.
വർഷം 1964. ടി കെ പരീക്കുട്ടി നിർമിച്ച് എ വിൻസന്റ് സംവിധാനം ചെയ്ത `ഭാർഗവീനിലയ'ത്തിൽ നായികയായ വിജയനിർമ്മലക്കു വേണ്ടി ഡബ് ചെയ്യാൻ കണ്ണമ്മയോടൊപ്പം ചെന്നതാണ് രാധാദേവി. പ്രാഥമിക ശബ്ദ പരിശോധനയിൽ ജ്യേഷ്ഠത്തിയുടെ ശബ്ദത്തേക്കാൾ അനിയത്തിയുടെ ശബ്ദമാണ് നായികക്ക് കൂടുതൽ യോജിക്കുകയെന്ന് തെളിഞ്ഞതോടെ കണ്ണമ്മയെ ആ ദൗത്യം ഏൽപ്പിച്ച് രാധാദേവി പിന്മാറുന്നു. ``എങ്കിലും ഡബ്ബിംഗ് തീരും വരെ ഞാൻ കണ്ണമ്മക്കൊപ്പം ഉണ്ടായിരുന്നു, ഒഴിവുള്ളപ്പോൾ രേവതി സ്റ്റുഡിയോയിൽ പാട്ടുകളുടെ റെക്കോർഡിംഗിന് പോകും. ഒരു ദിവസം ചെന്നപ്പോൾ യേശുദാസ് ആണ് മൈക്കിനു മുന്നിൽ. വിൻസന്റ് മാഷും ബഷീറും ബാബുരാജും ഭാസ്കരൻ മാഷും ഒക്കെയുണ്ട് കൺസോളിൽ. റെക്കോർഡിസ്റ്റ് കണ്ണനും. അതീവഹൃദ്യമായാണ് യേശുദാസ് പാടുന്നത്. പക്ഷേ എത്ര പാടിയിട്ടും ബാബുരാജിന് തൃപ്തി വരുന്നില്ല. ചെറിയൊരു പോരായ്മ തോന്നിയാൽ ഉടനെ റീടേക്കിന് നിർദേശം നൽകും അദ്ദേഹം. അങ്ങനെ പത്തോ പതിനൊന്നോ ടേക്ക് ആയി എന്നാണ് ഓർമ്മ. പന്ത്രണ്ടാമത്തെ ടേക്കിൽ യേശുദാസ് പാടിയ പാട്ട് ഞങ്ങളൊക്കെ അന്തം വിട്ടു കേട്ടുനിന്നു. എന്തൊരു വശ്യമായ ശബ്ദം; എന്തൊരു ഭാവമാധുര്യം. ഇത്തവണ ഒരു പിശക് പോലും ചൂണ്ടിക്കാട്ടാൻ ഉണ്ടായിരുന്നില്ല ബാബുരാജിന്... അദ്ദേഹം പോലും ആ ഗാനധാര ആസ്വദിച്ച് സ്വയം മറന്നു നിൽക്കുകയായിരുന്നു.''
അന്നത്തെ ഫൈനൽ ടേക്കും യേശുദാസ് ഹൃദയം നൽകി പാടിയ പാട്ടും ഇന്നുമുണ്ട് രാധാദേവിയുടെ കാതിൽ: ``താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ, താമസമെന്തേ അണയാൻ പ്രേമമയീ എന്റെ കണ്ണിൽ..'' മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്ന്.
content highlights : singer cs RadhaDevi birthday special Randidangazhi movie song


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..