പാട്ടുകളോടുള്ള സ്‌നേഹമാണ് ഞങ്ങളുടെ ഹൃദയങ്ങളെ എളുപ്പം വിളക്കിച്ചേർത്ത കണ്ണി, പ്രത്യേകിച്ച് പി ഭാസ്‌കരന്റെ പാട്ടുകൾ

Mathrubhumi
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവൊത്ത കൈപ്പടയിൽ ലളിതസുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെക്കുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങളാകും ഏറെയും.
അവസാനകാലത്തയച്ച കത്തുകളിലൊന്നിൽ അദ്ദേഹംഎഴുതി:'പ്രായം ഏറിവരുന്നു. കണ്ണൊന്ന് ചിമ്മിത്തുറക്കുമ്പോഴേക്കും തൊണ്ണൂറുകാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു എന്നൊരു തോന്നൽ. കഴിയുന്നതും വേഗം പോകണം. ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ. ആഗ്രഹം സഫലമാക്കേണ്ടത് ഈശ്വരനാണ്. കുട്ടി അതിനുവേണ്ടി പ്രാർത്ഥിക്കണം.'
പരിഭവം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു എന്റെ മറുപടി. 'എല്ലാ പ്രതിസന്ധികളും മറന്ന് ജീവിതത്തെ സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങളേ ഇതുവരെ അങ്ങ് എഴുതിയിട്ടുള്ളൂ. ഇതെന്താണ് ഇപ്പോൾ ഇങ്ങനെയൊരു തോന്നൽ? തുടർന്നും ജീവിതത്തെ സ്നേഹിച്ചുകൊണ്ടിരിക്കൂ. അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കാം.'
അപൂർവ്വമായി ഫോൺ വഴിയും ബന്ധപ്പെടും അദ്ദേഹം. ആയിടെ എഴുതിയ ഏതെങ്കിലും ലേഖനത്തിൽ പരാമർശിച്ച വ്യക്തികളെക്കുറിച്ചു ചർച്ച ചെയ്യാനായിരിക്കും വിളി. ആരെക്കുറിച്ചും മോശം പറഞ്ഞുകേട്ടിട്ടില്ല. സമൂഹം മോശക്കാരായി വിധിയെഴുതിയ ആളുകളെക്കുറിച്ചു സംസാരിക്കുമ്പോൾ പോലും നന്മയുടെ തിളക്കമുണ്ടാകും വാക്കുകളിൽ. 'ഒരാളെ പറ്റി മോശം പറയണമെങ്കിൽ നമ്മൾ സ്വയം നല്ലവനാണെന്ന് ഉത്തമബോധ്യം ഉണ്ടാവണം. ആ ബോധ്യം എനിക്കില്ല എന്ന് കൂട്ടിക്കോളൂ. അങ്ങനെ വിശ്വസിക്കാൻ നമുക്കെന്താണ് അവകാശം? ലോകം തീരുമാനിക്കേണ്ട കാര്യമാണ്.'ഉള്ളിലെ ദാർശനികന്റെ ആത്മഗതം.
പാട്ടുകളോടുള്ള സ്‌നേഹമാണ് ഞങ്ങളുടെ ഹൃദയങ്ങളെ എളുപ്പം വിളക്കിച്ചേർത്ത കണ്ണി, പ്രത്യേകിച്ച് പി ഭാസ്‌കരന്റെ പാട്ടുകൾ. മഹത്തായ ജീവിത തത്വങ്ങൾ ഇത്രയും ലളിതമായി പാട്ടിലൂടെ പറഞ്ഞുവെച്ച വേറൊരു കവിയില്ലെന്ന് വിശ്വസിച്ചു അദ്ദേഹം. 'ഭാസ്‌കരനെ എത്രയോ വർഷമായി എനിക്കറിയാം. എഴുതുന്ന പാട്ടുകളെപ്പോലെ തന്നെ, ഒരു നാട്യവുമില്ലാതെ ലാളിത്യം ഉള്ളിൽ കൊണ്ടുനടക്കുന്ന മനുഷ്യൻ.'അദ്ദേഹം പറഞ്ഞതോർമ്മയുണ്ട്.
ഇഷ്ടപ്പെട്ട പാട്ടുകൾ ഫോണിലൂടെ പാടിക്കേൾപ്പിക്കുമ്പോൾ ചിലപ്പോഴൊക്കെ തൊണ്ടയിടറും. 'വിത്തുകളി'ലെ മരണദേവനൊരു വരം കൊടുത്താൽ എന്ന പാട്ടിന്റെ ചരണത്തിലെ 'അനുതാപനാടക വേദിയിൽ നടക്കും അഭിനയം കണ്ടവർ പകയ്ക്കും, അടുത്തവർ അകലും അകന്നവർ അടുക്കും, അണിയും വേഷം ചിലരഴിക്കും' എന്ന വരികളോട് പ്രത്യേകിച്ചൊരു സ്‌നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതാനുഭവങ്ങളുമായി ചേർന്നുനിൽക്കുന്നതുകൊണ്ടാവാം. അതുപോലെ ആവർത്തിച്ച് കേൾപ്പിക്കാറുള്ള വരികളായിരുന്നു 'എവിടെ നിന്നെത്തിയെന്നറിയില്ല, ഏതാണ് ലക്ഷ്യമെന്നറിയില്ല, മാനവസുഖമെന്ന മായാമൃഗത്തിനെ തേടുന്ന പാന്ഥൻ ഞാൻ..'(ഏകാന്തപഥികൻ ഞാൻ).
എൺപത്തഞ്ചു വയസ്സുണ്ടാവണം അന്നദ്ദേഹത്തിന്. എങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ല. ഓർമ്മയ്ക്കും കുഴപ്പമില്ല. നല്ല കർഷകനാണ്. ആ പ്രായത്തിലും ദിവസവും അതികാലത്തെഴുന്നേറ്റ് പറമ്പിൽ പോയി ജോലി ചെയ്യും. ഒന്നിനും ആരുടേയും സഹായം തേടാറില്ല. കുടുംബാംഗങ്ങളുമായും നല്ല ബന്ധം. പേരക്കിടാങ്ങളുമായാണ് വലിയ കൂട്ട്. 'അവരിൽ എന്നെത്തന്നെ കാണുന്നു ഞാൻ.'ഒരിക്കൽ അദ്ദേഹം എഴുതി. 'കുട്ടിക്കാലത്ത് അതിയായി ആഗ്രഹിച്ചിട്ടും ലഭിക്കാതെ പോയ സ്‌നേഹവാത്സല്യങ്ങളെല്ലാം നിർലോപം അവർക്ക് നൽകുന്നു ഇന്ന് ഞാൻ. എന്റെ മക്കൾ പോലും അവരെ ഇത്ര തീവ്രമായി സ്‌നേഹിക്കുന്നുണ്ടോ എന്ന് സംശയം.'
ജീവിതത്തിൽ നടന്നതെല്ലാം നല്ലതിന് എന്നായിരുന്നു വിശ്വാസം. നടക്കാതിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഒരൊറ്റ കാര്യമേയുള്ളൂ. ഭാര്യയുടെ അകാലമരണം. 'അവൾക്ക് മുൻപേ പോകണം എന്ന് ആഗ്രഹിച്ചിരുന്നു. എന്തുചെയ്യാം? എന്നെ തനിച്ചാക്കി പോയിക്കളഞ്ഞില്ലേ?'
നല്ലൊരു എഴുത്തുകാരൻ കൂടിയായിരുന്നു. കവിതകളാണ് ഇഷ്ടമേഖല, എഴുതിയ കവിതകൾ പോസ്റ്റ് കാർഡിലേക്ക് പകർത്തി അയച്ചുതരും. 'ഇവിടെ ആർക്കും ഇതൊന്നും വായിക്കാനും കേൾക്കാനും സമയമില്ല. കുട്ടി സാവകാശം വായിച്ച് അഭിപ്രായം അറിയിക്കണം. എനിക്കത് വളരെ വിലപ്പെട്ട കാര്യമായിരിക്കും.' സ്വന്തം ജീവിതാനുഭവങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം. ഇരുളും വെളിച്ചവും ഇടകലർന്ന ഓർമ്മകൾ. ഒരിക്കൽ തിരക്കേറിയ സാമൂഹ്യപ്രവർത്തകനായിരുന്നു. പിന്നെയെപ്പൊഴോ ആ ജീവിതം മടുത്തു. ജനിച്ചുവളർന്ന നാട്ടിൻപുറത്തേക്കായിരുന്നു അടുത്തയാത്ര. കൃഷിയും അൽപസ്വൽപം രാഷ്ട്രീയവുമായി കുറേക്കാലം കഴിഞ്ഞു. അധികം വൈകാതെ രാഷ്ട്രീയവും വിട്ടു. കൃഷിയിലായി ശ്രദ്ധ മുഴുവൻ, വായനയിലും.
അവസാനമായി വന്ന കത്തുകളിലെല്ലാമുണ്ടായിരുന്നു നുറുങ്ങുകവിതകൾ; അധികവും ജീവിതത്തിന്റെ നിരർത്ഥകത എടുത്തുപറയുന്നവ. 'ഞാൻ കണ്ടിട്ടില്ലാത്ത, കാണാൻ ഇടയില്ലാത്ത, ഒരുപാട് സുഹൃത്തുക്കളുടെ നക്ഷത്രമായ താങ്കൾക്ക് എന്റെ ഹൃദയ ചുംബനം, പൊള്ളുന്ന ചുംബനം' എന്നെഴുതിയ അവസാന കത്ത് ഇപ്പോഴും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതൊരു യാത്രാമൊഴിയായിരുന്നു എന്ന് ആരറിഞ്ഞു? കഷ്ടിച്ച് രണ്ടു മാസം കൂടിയേ ജീവിച്ചിരുന്നുള്ളൂ അദ്ദേഹം.
മരണവാർത്തയറിഞ്ഞത് പത്രത്തിലെ ചരമക്കോളത്തിൽ നിന്നാണ്. ജീവിതം സംതൃപ്തിയോടെ ജീവിച്ചുതീർത്ത ഒരാളുടെ വിയോഗം എന്നതിനപ്പുറത്ത് ഞെട്ടാൻ ഒന്നുമുണ്ടായിരുന്നില്ല ആ വാർത്തയിൽ. അധികം വേദനയനുഭവിക്കാതെ വിടവാങ്ങണം എന്ന ആഗ്രഹം സഫലമാക്കാൻ വിധി കൂട്ടുനിന്നു എന്നേ തോന്നിയുള്ളൂ. എന്നാൽ അതൊരു സ്വാഭാവിക മരണമായിരുന്നില്ല എന്നറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം മകൻ വിളിച്ചപ്പോഴാണ്. പതിവുപോലെ എല്ലാവരും ഉണരും മുൻപ് എണീറ്റ് പറമ്പിലേക്ക് പോയതായിരുന്നു അച്ഛൻ. ഏഴുമണിയാകുമ്പോഴേക്കും കാലും മുഖവും കഴുകി തിരിച്ചുവരുന്നതാണ് പതിവ്. എന്നാൽ അന്ന് സമയമേറെ വൈകിയിട്ടും ആളെ കാണുന്നില്ല. എന്തോ ആവശ്യത്തിനായി പുറത്തിറങ്ങിയ പേരക്കുട്ടിയാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. മുറ്റത്തെ കൂറ്റൻ മരത്തിന്മേൽ തൂങ്ങിനിൽക്കുന്നു മുത്തച്ഛൻ.
അയച്ചുതന്ന പൊള്ളുന്ന ചുംബനത്തിന്റെ നനവ് ഇപ്പോഴുമുണ്ട് നെറ്റിയിൽ. ഇടറുന്ന ശബ്ദത്തിലുള്ള ആ പാട്ട് കാതിലും, 'മരണദേവനൊരു വരം കൊടുത്താൽ മരിച്ചവർ ഒരു ദിനം തിരിച്ചുവന്നാൽ, കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും ചിരിച്ചവർ കണ്ണീരു പൊഴിക്കും...'.
Content Highlights: Explore the profound life and thoughts of a man known through postcards, letters, and a shared love for music. His wisdom on life, loss, and finding joy.
Published: 03 Jan 2026, 10:25 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented