Photo | Facebook, Ravi Menon
അമ്പലനടയിലെ ആൾത്തിരക്കിൽ നിന്ന് പൊടുന്നനെ മുന്നോട്ടു കയറിവന്ന് കാലിൽ വീണു സാഷ്ടാംഗം പ്രണമിച്ച അപരിചിതയായ സ്ത്രീയേയും രണ്ടു മക്കളേയും അത്ഭുതത്തോടെ നോക്കി നിന്നു ആർ കെ ദാമോദരൻ. എന്തായിരിക്കാം അപ്രതീക്ഷിതമായ ഈ പാദനമസ്കാരത്തിന്റെ പൊരുൾ?``അങ്ങയുടെ മനോഹരമായ ആ ഭക്തിഗാനമുണ്ടല്ലോ -- ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം. അതെഴുതിയ വിരലുകൾക്കുള്ള വിനീതമായ ആദരമാണിത്''-- എറണാകുളം ശിവക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ന്യൂയോർക്ക് വാസിയായ മലയാളി വീട്ടമ്മയുടെ വാക്കുകൾ കേട്ട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ പകച്ചുനിന്നുപോയി താനെന്ന് ആർ കെ.
ആ വരികൾ കുറിച്ച മാന്ത്രികവിരലുകളുടെ ഉടമ താനല്ല, പ്രിയസുഹൃത്ത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ആണെന്ന് പറയാൻ തുടങ്ങിയതാണ്. അപ്പോഴേക്കും അമ്മയും മക്കളും നാലമ്പലത്തിലെ ഭക്തജനത്തിരക്കിലലിഞ്ഞ് കാഴ്ച്ചയിൽ നിന്ന് മറഞ്ഞുകഴിഞ്ഞിരുന്നു. പിന്നെ സ്വയം സമാധാനിച്ചു. ``ഒരു നേരമെങ്കിലും'' എന്ന പാട്ടിനാണല്ലോ സാഷ്ടാംഗപ്രണാമം. തനിക്കും ഏറെ പ്രിയപ്പെട്ട പാട്ട്. ചൊവ്വല്ലൂരിന് വേണ്ടി താൻ അത് ഏറ്റുവാങ്ങി എന്നേയുള്ളൂ. എന്നെങ്കിലും പ്രിയപ്പെട്ട കൊച്ചപ്പേട്ടനെ നേരിൽ കാണുമ്പോൾ ആ ആദരം അദ്ദേഹത്തിന് കൈമാറിയേക്കാം.
അധികം കാത്തിരിക്കേണ്ടിവന്നില്ല ആ ``കൈമാറ്റ''ത്തിനുള്ള അവസരം ഒത്തുവരാൻ. ``മാസങ്ങൾക്കകം പാമ്പാടി നാഗരാജക്ഷേത്രസന്നിധിയിൽ നടന്ന ഒരു ചടങ്ങിൽ ചൊവ്വല്ലൂരിനെയും യേശുദാസിനേയും സംഗീതസംവിധായകൻ ടി എസ് രാധാകൃഷ്ണനെയുമൊക്കെ സാക്ഷിയാക്കി എന്റെ അനുഭവം വിവരിച്ചു ഞാൻ. മാത്രമല്ല വഴിമാറി എന്നെ തേടിവന്ന അംഗീകാരം, അതിന്റെ യഥാർത്ഥ അവകാശിക്ക് സമർപ്പിക്കുന്നതായി ആ വേദിയിൽ വെച്ചുതന്നെ പ്രഖ്യാപിക്കുകയും ചെയ്തു.''-- സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി വേദിയിൽ നമ്രശിരസ്കനായി നിന്ന ചൊവ്വല്ലൂരിന്റെ ചിത്രം ഇന്നുമുണ്ട് ആർ കെയുടെ ഓർമ്മയിൽ. ``ഇതുപോലൊരു കാവ്യാത്മാവാകാൻ ഇനി എത്ര ജന്മം കാത്തിരിക്കണം എന്ന് നിശ്ശബ്ദമായി ഗുരുവായൂരപ്പനോട് ചോദിക്കുകയിരുന്നു എന്റെ മനസ്സ് അപ്പോൾ.''
ഒറ്റപ്പെട്ട ഉദാഹരണമല്ല ആർ കെ ദാമോദരൻ. കവികൾക്കിടയിൽ വേറെയുമുണ്ട് ആ പാട്ടിന് ആരാധകർ. പ്രിയപ്പെട്ട ഭക്തിഗാനങ്ങളെ കുറിച്ച് സംസാരിക്കേ, ഭാസ്കരൻ മാഷ് ഒരിക്കൽ ചൊവ്വല്ലൂരിന്റെ ഈ രചന മതിപ്പോടെ എടുത്തുപറഞ്ഞതോർക്കുന്നു. ഗുരുവായൂരിന്റെ കളഭചന്ദന സുഗന്ധമുള്ള അന്തരീക്ഷം മുഴുവൻ ആ പാട്ടിലേക്ക് ചൊവ്വല്ലൂർ ആവാഹിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഗുരുപവനേശപുരവുമായുള്ള ആത്മബന്ധമാണ് ചൊവ്വല്ലൂരിന്റെ രചനകളെ വേറിട്ടു നിർത്തുന്നത് എന്നൊരു അഭിപ്രായം കൂടി പങ്കുവെച്ചു മാഷ്. ``എല്ലാം ഭഗവത് കൃപ. ആ പാട്ടു മാത്രമല്ല കൊള്ളാമെന്ന് നിങ്ങൾ പറയുന്ന എന്റെ എല്ലാ കൃഷ്ണഭക്തി ഗാനങ്ങളും എഴുതിയത് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.''-- വിനയത്തോടെ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. ``ഞാൻ പോലുമറിയാതെ പിറന്നുവീണതാണ് ആ പാട്ടുകൾ അധികവും. ഏതോ സ്വപ്നത്തിലെന്നോണം.''
ചൊവ്വല്ലൂരിന്റെ ഭക്തിഗാനപ്രപഞ്ചത്തിലൂടെ വെറുതെ ഒന്നു കണ്ണോടിക്കുക. മലയാളികൾ ജാതിമതഭേദമന്യേ ഏറ്റെടുത്ത പാട്ടുകളല്ലേ അവയിൽ ഭൂരിഭാഗവും? ഒരു നേരമെങ്കിലും, അഷ്ടമിരോഹിണി നാളിലെൻ മനസ്സൊരു, മൂകാംബികേ ദേവി ജഗദംബികേ, അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു, തിരുവാറന്മുള കൃഷ്ണാ, ഒരു കൃഷ്ണതുളസീ ദളമായി ഞാനൊരു ദിനം, ആനയിറങ്ങും മാമലയിൽ, ഉദിച്ചുയർന്നൂ മാമല മേലെ, കാനനവാസാ കലിയുഗവരദാ, മാമലവാഴും സ്വാമിക്ക്, രാധേ പറഞ്ഞാലും.... ഭക്തിസാഗരത്തിൽ മുങ്ങിനിവർന്ന സൃഷ്ടികൾ. ``പല പാട്ടുകളും എഴുതുമ്പോൾ ഇത്രയേറെ ജനപ്രിയമാകും അവയെന്ന് സങ്കല്പിച്ചിട്ടു പോലുമില്ല. യാത്രകൾക്കിടെ അപരിചിതരായ എത്രയോ പേർ വന്ന് ആ പാട്ടുകൾ സ്വന്തം ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്തതായി പറഞ്ഞുകേൾക്കുമ്പോൾ വലിയ സന്തോഷം തോന്നും. ഭഗവാന് നന്ദി പറയും.''
പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട് ``ഒരു നേരമെങ്കിലും'' എന്ന പാട്ടിനോട്. അത് സ്വാഭാവികമാണ് താനും. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്ന ഭക്തിഗാനരചയിതാവിനെ മലയാളിമനസ്സിനോട് ചേർത്തു നിർത്തിയത് ആ പാട്ടാണല്ലോ. ആ ഗാനത്തിന്റെ പിറവിയും ഒരത്ഭുതമാണ് ചൊവ്വല്ലൂരിന്. ``1982 മാർച്ചിലാണെന്നാണ് ഓർമ്മ. ഗുരുവായൂരിൽ ഉത്സവക്കാലം. ഒരു നാൾ ഉച്ചപ്പൂജയ്ക്ക് തൊഴാൻ ചെന്നപ്പോൾ നടയിൽ നിൽക്കുന്നു ടി എസ് രാധാകൃഷ്ണൻ. അന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ ഭക്തിഗാനമേളയുണ്ട്. പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം ഒരു പ്രദക്ഷിണം കഴിഞ്ഞു കൊടിമരത്തിന് അടുത്തെത്തിയപ്പോൾ കണ്മുന്നിൽ വീണ്ടും രാധാകൃഷ്ണൻ. ഭഗവാൻ അദ്ദേഹത്തെ കരുതിക്കൂട്ടി അവിടെ കൊണ്ടുനിർത്തിയപോലെ. ഇത്തവണ ഞാൻ ഒരാഗ്രഹം പറഞ്ഞു രാധാകൃഷ്ണനോട്: ഒരു പാട്ടെഴുതിത്തന്നാൽ വൈകുന്നേരം ചിട്ടപ്പെടുത്തി പാടാമോ? അത്ഭുതം തോന്നിയിരിക്കണം രാധാകൃഷ്ണന്. എങ്കിലും മറുപടി ഉടൻ വന്നു: അതിനെന്താ, എഴുതിത്തരൂ....''
അതുവരെ, ആ നിമിഷം വരെ പാട്ടെഴുതുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു പോലുമില്ല താനെന്ന് ചൊവ്വല്ലൂർ. ``അമ്പലത്തിനടുത്ത് കഴകക്കാർ താമസിക്കുന്ന സ്ഥലത്തേക്കാണ് നേരെ പോയത്. എന്തെഴുതണമെന്നതിനെ കുറിച്ച് അപ്പോഴുമില്ല രൂപം. പക്ഷേ തിരക്കൊഴിഞ്ഞ ഒരു കോണിൽ ചെന്നിരുന്ന് പേന കയ്യിലെടുത്തതും ആദ്യ വരി കടലാസിൽ വാർന്നുവീണതും ഒപ്പം: ``ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളി പൊഴിക്കുന്ന ഗാനാലാപം.'' എഴുതിയത് ഒരിക്കൽ കൂടി വായിച്ചുനോക്കിയപ്പോൾ കണ്ണ് നിറഞ്ഞു പോയി ചൊവ്വല്ലൂരിന്. ആ വരികളിൽ നിറഞ്ഞുനിന്നത് താൻ തന്നെയാണല്ലോ; തന്റെ മനസ്സാണല്ലോ. ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ പറ്റാത്ത ഒരു ദിവസത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും ആകുമായിരുന്നില്ല. അങ്ങനെയൊരു കാലം വരാതിരിക്കട്ടെ എന്ന പ്രാർത്ഥന കൂടിയായിരുന്നു ആ പല്ലവി. ബാക്കി വരികൾ പിറകെ വന്നു.
രാധാകൃഷ്ണനും സംഘവും താമസിക്കുന്നിടത്ത് ചെന്നുകണ്ട് പാട്ട് അദ്ദേഹത്തെ ഏൽപ്പിക്കുകയാണ് പിന്നെ ചൊവ്വല്ലൂർ ചെയ്തത്. വൈകുന്നേരം ഭക്തിഗാനമേള കേൾക്കാൻ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ ഒരാളായി ചെന്നിരുന്നപ്പോൾ തുടക്കക്കാരന്റെ ആകാംക്ഷയും ജിജ്ഞാസയുമായിരുന്നു ഉള്ളിൽ. ഇത്രയും പെട്ടെന്ന് ഒരു പാട്ട് എഴുതുകയും അത് മറ്റൊരാൾ ചിട്ടപ്പെടുത്തി പാടിക്കേൾക്കുകയും ചെയ്ത അനുഭവങ്ങൾ വേറെയില്ല ജീവിതത്തിൽ. ഏതാനും മണിക്കൂറുകൾ മുൻപ് ചൊവ്വല്ലൂർ എഴുതിത്തന്ന പാട്ടാണ് ഇനി പാടാൻ പോകുന്നതെന്ന് ഗാനമേളക്കിടെ ഗായകൻ പ്രഖ്യാപിച്ചപ്പോൾ സദസ്സിലിരുന്ന കവിയുടെ ഹൃദയമിടിപ്പ് ഇരട്ടിയായി. എന്തായിരിക്കും ആളുകളുടെ പ്രതികരണം എന്നോർത്തായിരുന്നു വേവലാതി. പല്ലവി പാടിത്തുടങ്ങിയത്തോടെ സദസ്സ് നിശ്ശബ്ദമാകുന്നു. കണ്ണുകൾ ചിമ്മി ഗാനത്തിന്റെ ആത്മാവിലൂടെ ഒരു മുരളീഗാനം പോലെ ഒഴുകുകയാണ് രാധാകൃഷ്ണൻ. ഈശ്വരാ ഇതെന്റെ പാട്ടു തന്നെയോ എന്ന് തോന്നി ഒരു നിമിഷം ചൊവ്വല്ലൂരിന് . എത്ര മനോഹരമായ ഈണം. അറിയാതെ കണ്ണുകൾ നിറഞ്ഞു. ഗാനം പാടിത്തീർന്നപ്പോൾ ഓഡിറ്റോറിയത്തിലെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചത് ഇന്നലെയെന്ന പോലെ ഓർക്കുന്നു ചൊവ്വല്ലൂർ. മുന്നിലിരുന്ന പലരും ഭക്തിലഹരിയിൽ കൈകൾ മുകളിലേക്കുയർത്തി ഗുരുവായൂരപ്പാ എന്ന് ഉറക്കെ വിളിക്കുന്നു. ചിലർ കണ്ണീരടക്കാൻ പാടുപെടുന്നു.
ദ്വിജാവന്തി രാഗത്തിന്റെ നേർത്ത നൊമ്പരം കലർന്ന ഭക്തിഭാവം കൂടി ചേർന്നതുകൊണ്ടാവാം ഗാനം അത്രയേറെ വികാരസാന്ദ്രമായത്. പക്ഷേ ഏതെങ്കിലും രാഗത്തിന്റെ സഞ്ചാരപഥത്തിലൂടെയല്ല രാധാകൃഷ്ണന്റെ മനസ്സിൽ ആ ഈണം കയറിവന്നത് എന്നതാണ് സത്യം. ആദ്യവായനയിൽ തന്നെ വിധിനിയോഗമെന്നോണം. മനസ്സിലും ചുണ്ടിലും വന്നു നിറയുകയായിരുന്നു അത്. ഭാവിയിൽ ആ ഗാനമൊരു കാസറ്റിന്റെ ഭാഗമാകുമെന്നും ഗന്ധർവ ശബ്ദത്തിൽ ഏറ്റവുമധികം മലയാളികൾ ആസ്വദിച്ച ഭക്തിഗീതങ്ങളിൽ ഒന്നായിമാറും എന്നൊന്നും ചിന്തിക്കുന്നില്ലല്ലോ അന്ന്. നാല് വർഷം കഴിഞ്ഞു യേശുദാസ് തരംഗിണി സ്റ്റുഡിയോയിൽ ``തുളസീതീർത്ഥം'' എന്ന ആൽബത്തിന് വേണ്ടി ആ ഗാനം പാടി റെക്കോർഡ് ചെയ്യുമ്പോൾ അതേ വൈകാരികാനുഭൂതി വീണ്ടും അനുഭവിച്ചറിഞ്ഞു സ്റ്റുഡിയോയിലെ സർവ്വചരാചരങ്ങളും. ഇത്തവണ കരഞ്ഞുപോയത് ഗാനഗന്ധർവനാണ്. ``എഴുതിയത് ഗുരുവായൂരപ്പൻ, ചിട്ടപ്പെടുത്തിയത് ഗുരുവായൂരപ്പൻ, എങ്കിൽ പിന്നെ എന്റെ ഉള്ളിലിരുന്ന് പാടിയതും ഭഗവാൻ തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..'' -- പിൽക്കാലത്ത് ആ പാട്ടിന്റെ റെക്കോർഡിംഗിനെ കുറിച്ചു സംസാരിക്കേ യേശുദാസ് പറഞ്ഞു.
``ഒരു നേരമെങ്കിലും'' എന്ന പാട്ടുമായി ബന്ധപ്പെട്ട ഓരോ ഓർമ്മയും അമൂല്യമാണ് ചൊവ്വല്ലൂരിന്. കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തിനിടെ, ജീവിതത്തിലെ ദശാസന്ധികളെ ആ പാട്ടിലൂടെ അതിജീവിച്ച എത്രയോ പേരെ കണ്ടുമുട്ടിയിരിക്കുന്നു അദ്ദേഹം . ഒരുനേരമെങ്കിലും കേൾക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല ജീവിതത്തിൽ എന്ന് ഫോണിൽ വിളിച്ചുപറയുന്നവർ വേറെ. കടുത്ത യുക്തിവാദികൾക്കിടയിൽ പോലുമുണ്ട് ആ ഗാനത്തിന് ആരാധകർ എന്നത് അത്ഭുതമുളവാക്കുന്ന മറ്റൊരു സത്യം. സംവിധായകൻ ജയരാജിനൊപ്പം തന്നെ കാണാൻ വന്ന ഒരു ദുബായ് മലയാളിയുടെ മുഖം ചൊവ്വല്ലൂരിന്റെ ഓർമ്മയിലുണ്ട്. ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ സ്വമേധയാ മരണം വരിക്കാൻ തീരുമാനിച്ചയാൾ. ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് നിശ്ചയിച്ചു നടക്കുന്നതിനിടെയാണ് ഒരു നാൾ യാദൃച്ഛികമായി ഒരു നേരമെങ്കിലും എന്ന പാട്ട് അയാൾ കേൾക്കുന്നത്. ``യേശുദാസ് അല്ല ഈശ്വരനാണ് ആ പാട്ട് പാടുന്നത് എന്ന് തോന്നി എനിക്ക്. ഇത്രകാലമായിട്ടും എന്തുകൊണ്ട് നീ ഗുരുവായൂരിൽ എന്നെക്കാണാൻ വന്നില്ല എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ച പോലെ. പിന്നെ സംശയിച്ചില്ല. അടുത്ത ഫ്‌ളൈറ്റിൽ കയറി നാട്ടിൽ വന്നു. ഗുരുവായൂരപ്പനെ കൺകുളിർക്കെ കണ്ടു. മരണചിന്ത അതിനകം എന്റെ മനസ്സിനെ വിട്ടൊഴിഞ്ഞിരുന്നു. എന്നെങ്കിലും ആ പാട്ടെഴുതിയ ആളെ നേരിൽ കാണണം എന്നു തോന്നി. സുഹൃത്തായ ജയരാജാണ് ആ മോഹം സാധിപ്പിച്ചുതരാം എന്നുപറഞ്ഞു എന്നെ ഇവിടെ കൂട്ടികൊണ്ടുവന്നത്.'' അപരിചിതനായ ആ മനുഷ്യന്റെ വാക്കുകൾ കേട്ട്, ഗുരുവായൂരിലെ നാരായണാലയത്തിനു മുന്നിൽ തൊഴുകൈയോടെ കണ്ണടച്ചു നിന്നു ചൊവ്വല്ലൂർ.
ഹൃദയശസ്ത്രക്രിയക്ക് അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് മറ്റൊരു മറക്കാനാവാത്ത അനുഭവം. ``അതേ ദിവസം ദാസേട്ടന് കേരള കലാമണ്ഡലത്തിൽ ഒരു കച്ചേരിയുണ്ട്.''-- ചൊവ്വല്ലൂർ ഓർക്കുന്നു. ``കച്ചേരിയായതുകൊണ്ട് ലളിതഗാനങ്ങൾ ഒന്നും പാടില്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു അദ്ദേഹം. എങ്കിലും സുഹൃത്തുക്കളായ കലാമണ്ഡലം ഗീതാനന്ദനും ബാലസുബ്രഹ്മണ്യനും കൃഷ്ണകുമാറും കൂടി വേദിയുടെ പിന്നിലൂടെ കയറിച്ചെന്ന് ശസ്ത്രക്രിയയുടെ കാര്യം വിനീതമായി അറിയിച്ചപ്പോൾ, മൈക്കിലൂടെ ദാസേട്ടൻ പ്രഖ്യാപിച്ചു; പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു ഭക്തിഗാനം പാടാൻ പോകയാണെന്ന്. പ്രിയസുഹൃത്തായ ചൊവ്വല്ലൂരിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥന എന്ന വിശേഷണത്തോടെ ആയിരുന്നു ആലാപനം. അന്ന് പാടിയ പോലെ ഹൃദയസ്പർശിയായി ഒരു നേരമെങ്കിലും ദാസേട്ടൻ മുൻപൊരിക്കലും പാടിക്കേട്ടിട്ടില്ല എന്ന് പലരും പറഞ്ഞറിഞ്ഞപ്പോൾ മനസ്സ് വികാരഭരിതമായി. പാട്ടിനിടക്ക് അദ്ദേഹത്തിന്റെ തൊണ്ട ഇടറുക വരെ ചെയ്തത്രേ. നാഴികകൾക്കിപ്പുറം അസ്വസ്ഥമായ മനസ്സോടെ ശസ്ത്രക്രിയ കാത്ത് കിടന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ദാസേട്ടന്റെ ആ പാട്ടു തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.''
വിലമതിക്കാനാവാത്ത അനുഭവങ്ങൾ അങ്ങനെ എത്രയെത്ര. ലോകം മുഴുവൻ ഒരു വൈറസ് അടിച്ചേൽപ്പിച്ച ശൂന്യതയിലേക്കും ഏകാന്തതയിലേക്കും ഉൾവലിയാൻ നിർബന്ധിതമാകുന്ന ഈ ദുരിത കാലത്തും, അടച്ചിട്ട ഗുരുവായൂരമ്പലത്തിനു മുന്നിൽ എല്ലാ പുലരികളിലും തൊഴുകൈയോടെ ചെന്നുനിൽക്കാറുണ്ട് ചൊവ്വല്ലൂരിന്റെ ഭക്തമനസ്സ്; ``അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ അവതാരകൃഷ്ണാ നിൻ കള്ളനോട്ടം'' എന്ന് നിശ്ശബ്ദമായി മന്ത്രിച്ചുകൊണ്ട്.
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
മുരളിപൊഴിക്കുന്ന ഗാനാലാപം.
ഹരിനാമകീർത്തനം ഉണരും പുലരിയിൽ
തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ
തിരുമുടി കണ്മുന്നിൽ മിന്നിമായും.
അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ. .
അവതാരകൃഷ്ണാ നിൻ കള്ളനോട്ടം.
Content Highlights : Oru Neramenkilum Devotional Song chowalloor krishnankutty lyricist Yedudas TS Radhakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..