പാട്ടുകൾ ഇഷ്ടമാണെങ്കിലും ഗാനരംഗങ്ങളോട് പണ്ടേ മമതയില്ല എം.ജി. സോമന്. പാട്ടിനൊത്ത് ചുണ്ടനക്കേണ്ടി വരുമെന്നറിഞ്ഞാൽ ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുക. സിനിമയുടെ ഗൗരവസ്വഭാവം ചോർത്തിക്കളയും ഇത്തരം കെട്ടുകാഴ്ച്ചകൾ എന്നായിരുന്നു സോമന്റെ വിശ്വാസപ്രമാണം. എന്നിട്ടും കാലം സോമന് വേണ്ടി കാത്തുവെച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച ചില ഗാനശിൽപങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കാനുള്ള നിയോഗം. ചുണ്ടനക്കിയും അല്ലാതെയും സോമൻ പ്രത്യക്ഷപ്പെട്ട ആ ഗാനരംഗങ്ങൾ എങ്ങനെ മറക്കാൻ?
ഉഷാകിരണങ്ങൾ പുൽകി പുൽകി, സുന്ദരസ്വപ്നമേ നീയെനിക്കേകിയ, ഇന്നെനിക്ക് പൊട്ടുകുത്താൻ (ഗുരുവായൂർ കേശവൻ), കൽപ്പാന്തകാലത്തോളം (എന്റെ ഗ്രാമം), ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ (മോഹിനിയാട്ടം), ആയിരം അജന്താ ചിത്രങ്ങളിൽ (ശംഖുപുഷ്പം), അനുവാദമില്ലാതെ അകത്തുവന്നു (പുഴ), എന്റെ ജന്മം നീയെടുത്തു (ഇതാ ഒരു ധിക്കാരി), വെണ്ണയോ വെണ്ണിലാവുറഞ്ഞതോ (ഇതാ ഇവിടെ വരെ), തിരയും തീരവും, ചക്രവാളം ചാമരം വീശും (അവൾ വിശ്വസ്തയായിരുന്നു), ഒരിക്കലോമന പൊന്നാറ്റിനക്കരെ (അഭിനിവേശം), കിനാവിൽ ഏദൻ തോട്ടം (ഏദൻ തോട്ടം), രാവിന്നിനൊരു പെണ്ണിന്റെ (തുറമുഖം), മറഞ്ഞിരുന്നാലും (സായൂജ്യം).....…
അഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ‘കൽപ്പാന്തകാലത്തോളം’ ആണെന്നു പറഞ്ഞുകേട്ടിട്ടുണ്ട് സോമൻ. ആസ്വദിച്ചഭിനയിച്ചതും അതുതന്നെ. ‘എന്റെ ഗ്രാമം’ എന്ന ചിത്രത്തിൽ ശ്രീമൂലനഗരം വിജയൻ എഴുതി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ആ ഗന്ധർവഗാനത്തോടൊപ്പം സോമന്റെ മുഖം കൂടി തെളിയുന്നു മനസ്സിൽ. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ ഒരുപാട് അപൂർവ പ്രതിഭകളുടെ ഓർമ്മ കൂടിയാണ് വിദ്യാധരൻ മാഷിന് ആ ഗാനം. പാട്ടെഴുതിയ ശ്രീമൂലനഗരം വിജയന്റെ, പിന്നെ, ചെന്നൈ തരംഗിണി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗ് സെഷനിൽ ഓർക്കസ്ട്ര നിയന്ത്രിച്ച ജോൺസൺ, പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്ത ബി.എ. ചിദംബരനാഥ് (സോളോ വയലിൻ), മകൻ രാജാമണി (ഗിറ്റാർ), വിദ്യാസാഗർ (വൈബ്രോഫോൺ), നഞ്ചപ്പ (ഫ്ലൂട്ട്).... അങ്ങനെ പലരുടെയും.
‘കൽപ്പാന്തകാലത്തോളം’ ഉൾപ്പെടെ സിനിമക്ക് വേണ്ടി എഴുതിയ അപൂർവം ജനപ്രിയഗാനങ്ങളിലൂടെയാവും പുതിയ കാലം കവിയായ വിജയനെ ഓർത്തെടുക്കുക. പക്ഷേ അതിനുമപ്പുറത്ത് മറ്റു പലതുമായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ദൃശ്യകലാവേദിയിൽ നിറഞ്ഞുനിന്ന സകലകലാവല്ലഭൻ. നാടകകൃത്ത്, സംവിധായകൻ, തിരക്കഥ- സംഭാഷണ രചയിതാവ്, സിനിമാ സംവിധായകൻ, ഗാനരചയിതാവ്, നടൻ, ശബ്ദാനുകരണ വിദഗ്ധൻ, കാർട്ടൂണിസ്റ്റ്... അങ്ങനെ എണ്ണമറ്റ വേഷങ്ങൾ.
‘ഉപ്പ’ എന്നാണ് മകൻ അച്ഛനെ വിളിക്കുക. എന്നു മുതലാണ് അങ്ങനെ വിളിച്ചുതുടങ്ങിയത് എന്നോർമ്മയില്ല എഴുത്തുകാരൻ കൂടിയായ മകൻ ശ്രീമൂലനഗരം പൊന്നന്. ‘ഓർമ്മവെച്ച നാൾ മുതൽ അച്ഛൻ എനിക്ക് ഉപ്പയാണ്. നാടകത്തിലും സിനിമയിലും അദ്ദേഹം ഓടിനടന്ന് അഭിനയിച്ചുകൊണ്ടിരുന്ന കാലം. ഞാൻ കണ്ടിട്ടുള്ളതൊക്കെ അച്ഛന്റെ മുസ്ലിം വേഷങ്ങളാണ്. കേട്ടിട്ടുള്ളതൊക്കെ അച്ഛനെഴുതിയ മാപ്പിളപ്പാട്ടുകളും. അച്ഛന്റെ നാടകങ്ങളിൽ മാത്രമല്ല മറ്റുള്ളവരെഴുതിയ നാടകങ്ങളിലോ സിനിമകളിലോ ഒരു ഹാജിയാരുടെയോ തറവാട്ടുകാരണവരുടെയോ മുസ്ലിം കാര്യസ്ഥന്റെയോ വേഷമുണ്ടെങ്കിൽ അച്ഛനെയാണ് അവർ തേടിവരിക. ഒരു പക്ഷേ സ്റ്റേജിലും സിനിമയിലും ഇത്രയും മുസ്ലിം വേഷങ്ങൾ അഭിനയിച്ച ഇതര മതസ്ഥർ വേറെയുണ്ടാവില്ല.’
എല്ലാ മതങ്ങളേയും ഒരുപോലെ കാണുകയും ബഹുമാനിക്കുകയും ചെയ്തു വിജയൻ. ‘വീട്ടിന്റെ പൂമുഖത്ത് ഫ്രെയിം ചെയ്ത് തൂക്കിയ ഫോട്ടോകൾക്കിടയിൽ ക്രിസ്തുദേവന്റെ പടമുണ്ടായിരുന്നു. അകത്തൊരു മുറിയിലെ ചുമരിൽ ചില്ലിട്ടുവെച്ച ഖുർആൻ സൂക്തങ്ങളും. മാത്രമല്ല വിഷുക്കണി വെക്കുമ്പോൾ മഹാഭാരതത്തിനും ഭഗവദ്ഗീതക്കും ഒപ്പം ഖുറാനും ബൈബിളും ഉണ്ടാവണം എന്ന് നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. മക്കളായ ഞങ്ങൾക്ക് പൊന്നൻ, പൊന്നി എന്ന് പേരിട്ടതിലും കാണാം ഈ വേറിട്ട കാഴ്ചപ്പാട്. മതബോധത്തിന്റെ ലാഞ്ഛന ഇല്ലാത്ത പേരുകളാണല്ലോ അവ.’
1992 മെയ് 23-ന് യാത്രയായ അച്ഛനെ മലയാള സിനിമയും നാടകരംഗവും ഏറക്കുറെ മറന്നുകഴിഞ്ഞിരിക്കുന്നു എന്ന സത്യം ഉൾക്കൊള്ളുമ്പോഴും ഒരു കാര്യത്തിൽ ഉറപ്പുണ്ട് പൊന്നന്: ‘മറ്റെല്ലാം മറവിയിലൊടുങ്ങിയാലും കൽപ്പാന്തകാലത്തോളം എന്ന പാട്ട് ജീവിക്കും; ആ പാട്ടിലൂടെ അച്ഛനും.’ വിദ്യാധരൻ മാസ്റ്ററുടെ ഈണത്തിൽ യേശുദാസ് പാടിയ ഈ ഗാനം മലയാളത്തിൽ പുറത്തുവന്ന അവസാനത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ഒന്നായ ‘എന്റെ ഗ്രാമ’ത്തിലായിരുന്നു. ടി കെ വാസുദേവനൊപ്പം പടത്തിന്റെ സംവിധാനം നിർവഹിച്ചതും ശ്രീമൂലനഗരം തന്നെ.
ഗായിക പി. ലീലയുമായുള്ള മുപ്പത്തിനാല് വർഷം മുൻപത്തെ കൂടിക്കാഴ്ചയിൽ നിന്നു തുടങ്ങുന്നു ശ്രീമൂലനഗരം വിജയൻ എന്ന പേരുമായുള്ള എന്റെ ആത്മബന്ധം. പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് എന്ന ആമുഖത്തോടെ ‘ചായക്കടക്കാരൻ ബീരാൻകാക്കേടെ മോളൊരു ചീനപ്പടക്കം’ എന്ന രസികൻ പാട്ട് ലീലച്ചേച്ചി പാടിക്കേൾപ്പിച്ചപ്പോൾ അതിന്റെ രചയിതാവ് പി ഭാസ്കരൻ ആണെന്ന് തെറ്റിദ്ധരിച്ചത് സ്വാഭാവികം. മലബാർ പശ്ചാത്തലത്തിലുള്ള മാപ്പിളപ്പാട്ടുകൾ അധികവും എഴുതിയിരുന്നത് ഭാസ്കരൻ മാഷാണല്ലോ. ആ ധാരണ തിരുത്തിയത് ലീലച്ചേച്ചി തന്നെ. ‘ഇതെഴുതിയത് ശ്രീമൂലനഗരം വിജയനാണ്.’ ചേച്ചി പറഞ്ഞു. ‘തമാശപ്പാട്ട് എഴുതുന്നതിൽ പ്രത്യേക വൈഭവമുണ്ട് അദ്ദേഹത്തിന്. വാതിലും ചാരിയാ പൈങ്കിളി നമ്മളെ നോക്കുമ്പോ ചായകുടിക്കാൻ മോഹം നല്ലൊരു ചായകുടിക്കാൻ മോഹം എന്നൊക്കെ എഴുതാൻ അദ്ദേഹത്തിനേ കഴിയൂ.’
ശ്രീമൂലനഗരത്തിന്റെ പാട്ടുകൾ തേടിപ്പോകാനുള്ള പ്രചോദനം അതായിരുന്നു. സിനിമക്ക് വേണ്ടി എഴുതിയ പാട്ടുകൾ എണ്ണത്തിൽ കുറവെങ്കിലും മലയാളത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചില മാപ്പിളപ്പാട്ടുകളുണ്ട് അക്കൂട്ടത്തിൽ: ബാബുരാജിന്റെ ഈണത്തിൽ സീറോ ബാബു പാടിയ ‘വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാം കെട്ടിന് പൂതിവച്ച്’ (പോർട്ടർ കുഞ്ഞാലി), കാന്താരിപ്പാത്തുമ്മ (ക്രിമിനൽസ്) എന്നിവ ഉദാഹരണം. ശ്രീമൂലനഗരത്തിന്റെ ‘ആമിനത്താത്തേടെ പൊന്നുമോളാണ്’ എന്ന രചന 2017 ൽ പുറത്തുവന്ന ഹണിബീ ടു പോയിന്റ് ഫൈവ് എന്ന ചിത്രത്തിൽ കേട്ടതോർക്കുന്നു. നാടകങ്ങളിലുമുണ്ട് സൂപ്പർ ഹിറ്റായ മാപ്പിളപ്പാട്ടുകൾ. ‘പത്തിക്കയ്യൻ പോക്കരു കാക്ക ചിട്ടിക്കാരി പാത്തുമ്മാനെ’ ആണ് അവയിൽ ഏറ്റവും പ്രശസ്തം. മാഹിക്കാരൻ മായൻകുട്ടി , ആനക്കാരൻ കുഞ്ഞവറാന്റെ മോള് ബിയ്യാത്തുമ്മ, പൂപോലെ ചിരിച്ചോളെ കണ്ണുകാട്ടി വിളിച്ചോളെ എന്നീ പാട്ടുകളുമുണ്ട് ഓർമ്മയിൽ. നാടകത്തിൽ ഭൂരിഭാഗം ഹിറ്റ് ഗാനങ്ങൾക്കും ഈണമൊരുക്കിയത് ജോബ് ആൻഡ് ജോർജ്ജ് സഖ്യം.
അഭിനയജീവിതത്തിന് തുടക്കമിട്ട കുടുംബിനിയിലെ (1964) അലിയാർ തൊട്ടിങ്ങോട്ട് നിരവധി മുസ്ലിം കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു ശ്രീമൂലനഗരം വിജയൻ. ദാഹം, അച്ഛനും ബാപ്പയും, യത്തീം, ക്രിമിനൽസ്, പിക്‌നിക്, ആദ്യത്തെ കഥ എന്നിവയാണ് പ്രധാന സിനിമകൾ. ‘ശ്രീമൂലനഗരത്തെ ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം മുസ്ലിം കുടുംബങ്ങൾ താമസിച്ചിരുന്നു. അവരെല്ലാം അച്ഛന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. അവരിൽ പലരേയും സൂക്ഷ്മമായി നിരീക്ഷിച്ച അനുഭവത്തിൽ നിന്നാവണം അച്ഛന്റെ പല മുസ്ലിം കഥാപാത്രങ്ങളും രൂപപ്പെട്ടത്.’-പൊന്നൻ പറയുന്നു. ‘ഉപ്പ എന്ന വിളി ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ഒരിക്കലും തിരുത്താൻ ശ്രമിച്ചിട്ടില്ല.’
നാടകവും സിനിമയും പാട്ടെഴുത്തുമൊക്കെയായി തിരക്കിൽ മുഴുകി നടന്ന കാലത്ത് അച്ഛൻ വീട്ടിൽ ഒരു വിരുന്നുകാരൻ മാത്രമായിരുന്നു എന്നോർക്കുന്നു പൊന്നൻ. ‘അവസാനകാലത്താണ് അച്ഛനെ ഞങ്ങൾ മക്കൾക്ക് സ്വതന്ത്രനായി കിട്ടുന്നത്. പിന്നീടദ്ദേഹം അധികകാലം ജീവിച്ചിരുന്നില്ലെങ്കിലും അന്നത്തെ ആ ഇടപഴകലിലൂടെ അച്ഛനെ നല്ലൊരളവോളം മനസിലാക്കാൻ കഴിഞ്ഞു. സൗഹൃദങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും ദൗർബല്യവും. പലപ്പോഴും പ്രതിഫലം കണക്കുപറഞ്ഞു വാങ്ങാൻ പോലും മറന്നു അദ്ദേഹം. കലയ്ക്ക് വേണ്ടി ജീവിച്ച്, ഒടുവിൽ ജീവിക്കാൻ തന്നെ മറന്നുപോയ നിസ്വാർത്ഥമതികളുടെ ഒരു തലമുറ നമുക്കുണ്ടായിരുന്നല്ലോ. ആ തലമുറയുടെ ഭാഗമായിരുന്നു അച്ഛനും....’
Published: 09 May 2026, 10:40 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented