പി ചന്ദ്രകുമാറിന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ പടമാണ് ആരതി (1981). പക്ഷെ സത്യന്‍ അന്തിക്കാടിന്റെ ഗാനരചനാ ജീവിതത്തില്‍ മറക്കാനാവാത്ത ചിത്രമായിരുന്നു അത്. എം ബി ശ്രീനിവാസന്‍ എന്ന ജീനിയസ്സിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ ആ പടം അവസരമൊരുക്കി എന്നതാണ് കാരണം. ജോണ്‍പോള്‍ ആയിരുന്നു തിരക്കഥ. ചന്ദ്രകുമാറിന്റെ പതിവ് ചിത്രങ്ങളില്‍ നിന്ന് വേറിട്ടു നിന്ന സംരംഭമായിരുന്നതു കൊണ്ടാണ് എം ബി എസ്സിനെ പോലൊരാളെ സംഗീതത്തിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

To advertise here,

വന്നയുടന്‍ എം ബി എസ് പറഞ്ഞു:`` വരികള്‍ എഴുതിത്തന്നാല്‍ മതി. ട്യൂണിട്ടുകൊള്ളാം. അതാണെന്റെ രീതി.'' ആദ്യം എഴുതിക്കൊടുത്തത് നിറമാര്‍ന്ന ചിറകുമായ് മോഹങ്ങളണയും എന്നൊരു പാട്ട്. പക്ഷെ വരികള്‍ വായിച്ചു കേട്ടപ്പോള്‍ എം ബി എസ് പറഞ്ഞു: ``ഇതില്‍ ചരണത്തിന്റെ തുടക്കത്തിലെ രണ്ടു വരികള്‍ എനിക്ക് പല്ലവിയായി വേണം-കൗമാര സ്വപ്നങ്ങള്‍ പീലി വിടര്‍ത്തിയ മാനസ തീരങ്ങളില്‍... '' അതിനനുസരിച്ച് പാട്ടിന്റെ വരികള്‍ മാറ്റിയെഴുതേണ്ടി വന്നു സത്യന്. എന്തുകൊണ്ട് അങ്ങനെ ആവശ്യപ്പെട്ടു എന്നതിന് എം ബി എസ് നല്‍കിയ വിശദീകരണമായിരുന്നു രസകരം: ``പല്ലവിയില്‍ ധാരാളം ദീര്‍ഘങ്ങള്‍ വേണം എനിക്ക്. എന്റെ ശൈലിക്ക് ഇണങ്ങുന്ന ട്യൂണ്‍ ഉണ്ടാക്കാന്‍ അത് സഹായിക്കും.'' പിന്നീട് പാട്ട് ഈണമിട്ടു കേട്ടപ്പോഴാണ് ദീര്‍ഘങ്ങളോടുള്ള എം ബി എസ്സിന്റെ ആഭിമുഖ്യത്തിന്റെ പൊരുള്‍ സത്യന് മനസ്സിലായത്. ``കൗമാര''ത്തിലെ `കൗമാ'യില്‍ നിന്ന് ``ര''യിലേക്കുള്ള സഞ്ചാരപഥത്തില്‍ എസ് ജാനകിയുടെ ശബ്ദം എത്ര മധുരതരമായാണ് ലയിച്ചുചേരുന്നതെന്ന് ഓര്‍ക്കുക.

`കൗമാരസ്വപ്നങ്ങ'ളുടെ റെക്കോര്‍ഡിംഗിനുമുണ്ട് സവിശേഷത. റെക്കോഡിങ് സാങ്കേതിക വിദ്യ ഇത്രയും പുരോഗതി പ്രാപിചിട്ടില്ലാത്ത ആ കാലത്ത് പാട്ടിന്റെ വ്യത്യസ്തതക്കു വേണ്ടി എം ബി എസ് ഒരു പരീക്ഷണം നടത്തി. ജാനകിയെ കൊണ്ട് മൂന്നു സ്ഥായിയില്‍, മൂന്നു താളത്തില്‍, മൂന്നു തവണ പാടിച്ച് റെക്കോര്‍ഡ് ചെയ്തു അദ്ദേഹം-. ചെറിയൊരു ``ഡിലേ'' കൊടുത്ത് മൂന്നു വേര്‍ഷനും ഒരുമിച്ചു പ്ലേ ചെയ്തപ്പോള്‍ അതുവരെ കേള്‍ക്കാത്ത ഒരു ഇഫക്റ്റ് ആണ് പാട്ടിനു ലഭിച്ചത്. ഡിജിറ്റല്‍ റെക്കോര്‍ഡിംഗിന്റെ സുവര്‍ണ്ണ കാലത്തും അത്ഭുതമായി തോന്നും മൂന്നര പതിറ്റാണ്ട് മുന്‍പത്തെ ആ എം ബി എസ് ഇന്ദ്രജാലം. (രണ്ടു വേര്‍ഷന്‍ ഉണ്ട് ഈ പാട്ടിന്).

(അനന്തരം സംഗീതമുണ്ടായി)

Content Highlights : MB Sreenivasan 32nd death anniversary, Pattuvazhiyorathu, ravi menon