സൂപ്പർഹിറ്റായ സ്വന്തം പാട്ടിന് തന്നെ പാരഡി എഴുതിയ ചരിത്രമുണ്ട് ഭാസ്‌കരൻ മാഷിന്

വയലാറിന്റെ പാട്ടുകൾക്ക് പി ഭാസ്‌കരൻ പാരഡി എഴുതിയാൽ എന്ത് സംഭവിക്കും? അതറിയാൻ 'ലൂസ് ലൂസ് അരപ്പിരി ലൂസ്' (1988) എന്ന ചിത്രത്തിലെ 'ചക്രവർത്തിനീ നിനക്കു വേണ്ടിയെൻ ചക്രമൊക്കെ ഞാൻ തീർത്തു' എന്ന പാട്ട് കേട്ടാൽ മതി.
പാരഡികൾ വിവാദവിഷയമായിക്കൊണ്ടിരിക്കുന്ന കാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ കൗതുകം തോന്നാം. കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തിക്കൊണ്ട് പ്രസി മള്ളൂർ സംവിധാനം ചെയ്ത പടത്തിൽ പാരഡികൾ കൊണ്ടൊരു ഗാനമാലിക തീർക്കേണ്ടി വരും എന്നറിഞ്ഞപ്പോൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല ഭാസ്‌കരൻ മാഷെന്ന് സംഗീത സംവിധായകൻ ദർശൻ രാമൻ. സിനിമയിലെ മറ്റ് രണ്ടു മൗലിക ഗാനങ്ങൾ എഴുതിക്കഴിഞ്ഞ ശേഷമായിരുന്നു ഭാസ്‌കരൻ മാഷിന്റെ പാരഡി രചന.
പപ്പു-മാള-ജഗതിമാരും ബിന്ദു ഘോഷും പ്രത്യക്ഷപ്പെടുന്ന കോമഡി രംഗത്ത് നാല് പ്രശസ്ത ഗാനങ്ങളുടെ പാരഡികൾ കോർത്തിണക്കുകയായിരുന്നു ഭാസ്‌കരൻ മാഷ്. വയലാറിന്റെ ചക്രവർത്തിനി നിനക്ക് ഞാനെന്റെ (ചെമ്പരത്തി), പ്രിയതമാ പ്രിയതമാ (ശകുന്തള), പുത്തൻവലക്കാരേ (ചെമ്മീൻ)....പിന്നെ ബിച്ചു തിരുമല എഴുതിയ 'കാണാമറയ'ത്തിലെ 'ഒരു മധുരക്കിനാവിൻ ലഹരിയിൽ..
പാട്ടിന്റെ വരികൾ ഇങ്ങനെ:
'ചക്രവർത്തിനീ നിനക്കുവേണ്ടിയെൻ
ചക്രമൊക്കെ ഞാൻ തീർത്തു
അൽപപ്രാണിയായ് അടുത്ത് വന്നു ഞാൻ
സ്വൽപം പ്രേമം നീ എനിക്ക് തരൂ..
പ്രിയതമേ.. പ്രിയതമേ..
പ്രണയലേഖനം എങ്ങനെയെഴുതും
നിയമപാലകനല്ലോ...ഞാനൊരു
നിയമപാലകനല്ലോ
ആമം വയ്ക്കും കൈയ്യുകളാലിവൻ
പ്രേമമുരളികയെങ്ങിനെയൂതും...
മീശവിറയ്ക്കും ചുണ്ടുകളാലെൻ
ആശതൻ കഥയെങ്ങനെ ചൊല്ലും..
നാഥേ...
ഒരു പ്രണയക്കിനാവിൻ മരത്തിന്റെ ചുറ്റും
മരണത്തിൻ പാച്ചിൽ പാഞ്ഞു...
എന്നിട്ടാളുകൾ കാണാതിങ്ങനെ ഞാനൊന്ന് ഞോണ്ടി
ഞാനോമനേ... മയിലേ... ഞാനോമനേ.
ചാകണം ഈ കടപ്പുറത്ത്..
ദുഃഖിതരായ് നാം ചാകണം
ചാകണം.. നാം ചാകണം..നാം ചാകണം
ഇന്നല്ലോ വഞ്ചകി നിന്നുടെ വൻ കല്യാണം..
ഇന്നല്ലോ പപ്പുവിൻ വീട്ടിൽ പൊൻതിരുവോണം
ചാകണം ഈ കടപ്പുറത്ത്..
ദുഃഖിതരായ് നാം ചാടണം..
ചാകണം നാം.. ചാകണം
നാം ചാകണം.. അയ്യോ ചാകണം.'
മുഴുനീള കോമഡിച്ചിത്രമായിരുന്ന ലൂസ് ലൂസ് നേരത്തെ 'പപ്പു മാള ജഗതി' എന്ന പേരിലാണ് റിലീസ് ചെയ്യാൻ ആലോചിച്ചിരുന്നതെന്ന് ദർശൻ രാമൻ. സിനിമയിലെ ഗാനമാലിക പാടി റെക്കോർഡ് ചെയ്തത് സതീഷ് ബാബുവും വിൻസന്റ് ഗോമസും. 'യേശുദാസിനെ കൊണ്ട് പാടിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ വയലാർ-ദേവരാജൻ ടീമിന് വേണ്ടി പാടിയ ചക്രവർത്തിനി മറ്റൊരു തരത്തിൽ ആലപിക്കുന്നതിൽ അദ്ദേഹത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് സതീഷിനെ വിളിച്ചത്. രംഗത്തഭിനയിക്കുന്ന പപ്പുവിനെ മനസ്സിൽ കണ്ടുതന്നെ സതീഷ് ആ പാട്ട് പാടി- ദർശൻ ഓർത്തെടുത്തു. യഥാർഥ സൃഷ്ടികളുടെ പശ്ചാത്തലസംഗീതവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല പാട്ടിന്റെ ഓർക്കസ്ട്രേഷന്. ഭാസ്‌കരൻ മാഷ് തന്നെയാണോ ആ പാരഡി ഗാനത്തിന്റെ രചയിതാവ് എന്ന ദീർഘകാലത്തെ സംശയത്തിനുള്ള മറുപടി കൂടിയായിരുന്നു ദർശന്റെ വെളിപ്പെടുത്തൽ. മാഷിന്റെ ഗാന സമാഹാരങ്ങളിലൊന്നും ഈ രചന ഉൾപ്പെടുത്തി കണ്ടിട്ടില്ല.
സൂപ്പർഹിറ്റായ സ്വന്തം പാട്ടിന് തന്നെ പാരഡി എഴുതിയ ചരിത്രമുണ്ട് ഭാസ്‌കരൻ മാഷിന്. അക്കാര്യത്തിൽ ശരിക്കും ഒരു പ്രൊഫഷണൽ ആയിരുന്നു അദ്ദേഹം. 'ബാല്യപ്രതിജ്ഞ' (1972) എന്ന ചിത്രത്തിൽ ജെഎം രാജുവും സിഒ ആന്റോയും ചേർന്ന് പാടിയ 'പൊട്ടിത്തകർന്ന കിനാവുകൾ കൊണ്ടിതാ കെട്ടിത്തൂങ്ങാൻ കയർ കെട്ടി' എന്ന ഗാനം ഓർക്കുക. 'ഭാർഗ്ഗവീനിലയ'ത്തിൽ ഭാസ്‌കരനും ബാബുരാജൂം ചേർന്ന് എസ് ജാനകിക്ക് വേണ്ടി ഒരുക്കിയ 'പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല' കെട്ടി എന്ന വിഖ്യാത ഗാനത്തിന്റെ പാരഡി.
തിക്കുറിശ്ശി സുകുമാരൻ നായരാണ് പാരഡികളുടെ രാജാവ്. സ്വകാര്യ സദസ്സുകളിൽ ഇൻസ്റ്റന്റ് പാരഡികൾ രചിച്ചു പാടി സുഹൃത്തുക്കളെ വിസ്മയിപ്പിച്ചിരുന്ന തിക്കുറിശ്ശി സിനിമക്ക് വേണ്ടിയും രസികൻ പാരഡികൾ എഴുതി. ഏറ്റവും പ്രശസ്തം 'ഒള്ളതുമതി' എന്ന സിനിമയിലെ 'ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും' തന്നെ. 'ശകുന്തള'യിലെ പ്രശസ്തമായ 'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ' എന്ന പാട്ടിന്റെ പാരഡി.
ചുഴി (1973)എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരിയുടേയും പി ഭാസ്‌കരന്റേയും ഹിറ്റ് രചനകൾക്ക് പാരഡിയെഴുതിയിട്ടുണ്ട് പൂവച്ചൽ ഖാദർ. ഒറിജിനൽ സൃഷ്ടികൾക്ക് സംഗീതം പകർന്ന എംഎസ് ബാബുരാജ് തന്നെയാണ് സ്വന്തം ശബ്ദത്തിൽ പാരഡി പാടി റെക്കോർഡ് ചെയ്തതും. യൂസഫലിയുടെ 'മൈലാഞ്ചിത്തോപ്പിൽ' (മൂടുപടം), പാവാടപ്രായത്തിൽ (കാർത്തിക), ഭാസ്‌കരന്റെ അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനൻ), ഒരു കൊട്ടപ്പൊന്നുണ്ടല്ലോ (കുട്ടിക്കുപ്പായം) എന്നീ രചനകളാണ് 'ഒരു ചില്ലിക്കാശുമെനിക്ക് കിട്ടിയതില്ലല്ലോ' എന്ന കോമഡി ഗാനത്തിന് വേണ്ടി പൂവച്ചൽ കൂട്ടിയിണക്കിയത്.
'ഒരു ചില്ലിക്കാശുമെനിക്കു കിട്ടിയതില്ലല്ലോ
വെയിലിൽ നടന്നുമിരുന്നുമിന്നു തളർന്നല്ലല്ലോ
വയറിൽ വിശപ്പിന്റെ പത്താമുത്സവമാണല്ലോ
വരളുന്ന ചുണ്ടു നനയ്ക്കാനും വഴിയില്ലല്ലോ
തെയ്‌തോം തെയ്യത്തോം തെയ്‌തോം തെയ്യത്തോം
സിന്ദൂരപ്പൊട്ടു കുത്തി തത്തമ്മക്കൂടിളക്കി
കൊഞ്ചിക്കുഴഞ്ഞുലഞ്ഞു വരുന്നതാരോ
ബസ്റ്റോപ്പിലെത്തുംനേരം പൂവാലന്മാർക്കു നൽകാൻ
മുട്ടായിച്ചിരിയുമായി വരുന്നതാരോ
ചായക്കടയിൽ വെച്ചിന്നലെ കണ്ടപ്പോൾ
കാണാത്ത മട്ടിലിരുന്നവൻ - എന്നെ
കാണാത്ത മട്ടിലിരുന്നവൻ
പാതിരാനേരത്തു പിന്നെ ഞാൻ കണ്ടപ്പോൾ
ലോഹ്യം പറയുവാൻ വന്നവൻ ഒരു
ലോഹ്യം പറയുവാൻ വന്നവൻ
ഒരുകൊച്ചു ബീഡിവലിയ്ക്കാൻ ചായകുടിക്കാൻ കാശുതേടി അലയുമ്പോൾ എന്റെ മുന്നിൽ വന്നൊരു കുഞ്ഞാലീ
ഒരു ചായക്കെനിക്ക് നീ പൈസ തരാണ്ടു പോയിടല്ലേ
അകലത്തേ നാട്ടിൽ നിന്നും വന്നൊരു കുഞ്ഞാലീ..'
സൂപ്പർ ഹിറ്റ് ഹിന്ദി പാട്ടുകളുടെ പാരഡികളും പഴയ കാല സിനിമകളിൽ സുലഭം. ഒരർത്ഥത്തിൽ ആദ്യകാല മലയാള സിനിമയിലെ പാട്ടുകളിൽ ഭൂരിഭാഗവും മറുഭാഷാ ഗാനങ്ങളുടെ പാരഡികൾ തന്നെയായിരുന്നല്ലോ; മൗലികമായ ഈണങ്ങളുമായി 'നീലക്കുയിൽ' പറന്നണയും വരെ.
Content Highlights: Explore the fascinating world of Malayalam film parodies! Discover how hit songs were cleverly rewritten for comedy in classics like `Loose Loose Arapiri Loose`.
Published: 19 Dec 2025, 12:44 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented