ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയായിട്ടും വിപണിയില്‍ തരംഗമാകാതെ ടാറ്റ ക്യാപിറ്റല്‍. ഒരു ശതമാനം മാത്രം നേട്ടത്തില്‍ 330 രൂപ നിലവാരത്തിലായിരുന്നു ഓഹരി ലിസ്റ്റ് ചെയ്തത്. ഐപിഒയില്‍ 1.95 മടങ്ങ് പങ്കാളിത്തം ലഭിച്ചെങ്കിലും റീട്ടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ ശ്രദ്ധേയമാകാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന ലക്ഷ്യവിലയാണ് നിശ്ചയിച്ചിട്ടുള്ളത്.

To advertise here,

ടാറ്റ ഗ്രൂപ്പിന്റെ കരുത്തുറ്റ പിന്തുണ, ബ്രാന്‍ഡിന്റെ വിശ്വാസ്യത, മെച്ചപ്പെട്ട പ്രകടനം എന്നിവ അടിസ്ഥാനമാക്കി ജെഎം ഫിനാന്‍ഷ്യല്‍, എംകെ ഗ്ലോബല്‍ എന്നിവ 360 രൂപയാണ് സമീപകാല ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, ഓഹരിയുടെ നിലവിലെ മൂല്യവും ഇടത്തരം വരുമാന സാധ്യതകളും സമീപഭാവിയിലെ മുന്നറ്റത്തിന് തടസ്സമാകാനും സാധ്യതയുണ്ട്.

ഇക്കാര്യങ്ങള്‍ പരിഗണിച്ച് നിക്ഷേതന്ത്രം ആവിഷ്‌കരിക്കാം.

ഹ്രസ്വകാല നിക്ഷേപകര്‍: ലിസ്റ്റിങ് നിലവാരത്തില്‍ ഭാഗികമായി ലഭാമെടുക്കുന്നത് പരിഗണിക്കാം.

ദീര്‍ഘകാല നിക്ഷേപകര്‍: സാമ്പത്തിക സേവന മേഖലയുടെ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത് നിശ്ചിത ഓഹരികള്‍ ദീര്‍ഘകാലത്തേയ്ക്ക് കൈവശംവെയ്ക്കാം.

കമ്പനിയെക്കുറിച്ച്:

  • ബാങ്കിതര ധനകാര്യ സ്ഥാപനം.
  • ലോണ്‍ ബുക്കിന്റെ 80 ശതമാനത്തോളം സുരക്ഷിത വായ്പകള്‍.
  • വായ്പകളില്‍ 61 ശതമാനവും റീട്ടെയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ഉള്ളവ.
  • ഉയര്‍ന്ന റേറ്റിങ് (ട്രിപ്പിള്‍ എ) ഉള്ളതിനാല്‍ കുറഞ്ഞ ചെലവില്‍ വന്‍തോതില്‍ മൂലധനം സമാഹരിക്കാന്‍ കമ്പനിക്ക് കഴിയുന്നു.
  • ടാറ്റയുടെ ബ്രാന്‍ഡ് മൂല്യം കമ്പനിക്ക് വിശ്വാസ്യത നല്‍കുന്നു.

നേരിടുന്ന വെല്ലുവിളികള്‍

വരുമാന സാധ്യത: വരുമാന വര്‍ധന മിതമായതോതിലായതിനാല്‍ ഇടക്കാലയളവില്‍ ഓഹരിയുടെ പുനര്‍മൂല്യനിര്‍ണയ സാധ്യത പരിമിതപ്പെടുത്തുന്നു.

ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സുമായുള്ള ലയനം മുന്‍ സാമ്പത്തിക വര്‍ഷത്തെ പ്രകടനത്തെ ബാധിച്ചെങ്കിലും ഭാവിയില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ബ്രോക്കിങ് ഹൗസുകള്‍ വിലയിരുത്തുന്നുണ്ട്.