സുതാര്യവും കാര്യക്ഷമവുമായ ഇടപാട് ഉറപ്പാക്കുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ചത്. വില നിര്‍ണയത്തിലെ കൃത്യത ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. അവസാന നിമിഷത്തെ ചാഞ്ചാട്ടം ഒഴിവാക്കി വിപണിയുടെ കരുത്ത് വര്‍ധിപ്പിക്കാനും നീക്കം ഉപകരിക്കും.

ഓഹരി വിപണിയിലെ ക്ലോസിങ് സമയത്തിലും ഇടപാട് അവസാനിപ്പിക്കുന്ന രീതിയിലും മാറ്റം നിലവിൽവന്നു. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ഉൾപ്പെടെ ഓഹരികളുടെ ക്ലോസിങ് വില നിശ്ചയിക്കുന്നതിന് പുതിയ സംവിധാനം ബാധകമാകും. പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് വ്യത്യസ്ത സമയക്രമങ്ങളിലാണ് വ്യാപാരം അവസാനിക്കുന്നത്. വില നിർണയത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും വലിയ ഓർഡറുകൾ മൂലം വിപണിയിലുണ്ടാകുന്ന ആഘാതം കുറയ്ക്കാനും ഈ നീക്കം ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
| സെക്യൂരിറ്റി വിഭാഗം | ഇടപാടുകൾ അവസാനിക്കുന്ന സമയം | പ്രത്യേകത |
|---|---|---|
| F&O ലിങ്ക്ഡ് ഓഹരികൾ | വൈകുന്നേരം 3:15 | തുടർന്ന് 3:35 വരെ ക്ലോസിംഗ് ഓക്ഷൻ സെഷൻ (CAS) നടക്കുന്നു. |
| മറ്റ് ഓഹരികൾ (Non-F&O) | വൈകുന്നേരം 3:30 | നിലവിലുള്ള 30 മിനിറ്റ് VWAP രീതി തുടരുന്നു. |
| ഇൻഡക്സ് & സ്റ്റോക്ക് ഡെറിവേറ്റീവ്സ് | വൈകുന്നേരം 3:40 | സാധാരണ രീതിയിൽ വ്യാപാരം തുടരുന്നു. |
എഫ്ആൻഡ്ഒ ഓഹരികൾക്ക് ഏർപ്പെടുത്തിയ 20 മിനിറ്റ് നീളുന്ന ഓക്ഷൻ പ്രക്രിയ ഇപ്രകാരമാണ്:
റഫറൻസ് പ്രൈസ് നിർണയം (ഉച്ചകഴിഞ്ഞ് 3 മുതൽ 3.15വരെ): ഈ സമയത്തെ വ്യാപാരത്തിന്റെ തോതും ശരാശരി വിലയും (VWAP) കണക്കാക്കി അത് ഓക്ഷനുള്ള റഫറൻസ് വിലയായി നിശ്ചയിക്കുകയും ചെയ്യുന്നു.
ട്രാൻസിഷൻ പിരീഡ് (ഉച്ചകഴിഞ്ഞ് 3.15 മുതൽ 3.20വരെ): ഈ സമയത്ത് പുതിയ ഓർഡറുകൾ നൽകാൻ കഴിയില്ല. വിപണി ലേലത്തിലേക്ക് മാറുന്ന സമയമാണിത്.
ഓർഡർ എൻട്രി വിൻഡോ (3.20 മുതൽ 3.30വരെ):
- 3:20 മുതൽ 3:25 വരെ നിക്ഷേപകർക്ക് ലിമിറ്റ് ഓർഡറുകളും മാർക്കറ്റ് ഓർഡറുകളും നൽകാം.
- 3:25 മുതൽ 3:30 വരെ ലിമിറ്റ് ഓർഡറുകൾ മാത്രമേ അനുവദിക്കൂ. നേരത്തെ നൽകിയ മാർക്കറ്റ് ഓർഡറുകൾ മാറ്റാനോ റദ്ദാക്കാനോ ഈ സമയത്ത് സാധിക്കില്ല.
- ഓർഡർ നൽകുന്ന സമയം 3:28-നും 3:30-നും ഇടയിൽ സിസ്റ്റം ക്രമരഹിതമായി (Random Close) അവസാനിപ്പിക്കും.
മാച്ചിങ് പ്രക്രിയ ( 3.30 മുതൽ 3.35വരെ): എക്സ്ചേഞ്ചുകൾ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തി മാച്ചിങ് പ്രക്രിയ നടത്തുന്നു. ഇതിലൂടെ ഒരു 'സന്തുലിത വില' (Equilibrium Price) കണ്ടെത്തുകയും ആ വിലയിൽ ഇടപാടുകൾ പൂർത്തിയാക്കുകയും ചെയ്യുന്നു.
ക്ലോസിങ് വില നിർണയിക്കൽ
പുതിയ സംവിധാനത്തിൽ, അവസാന 30 മിനിറ്റിലെ ശരാശരി വിലയ്ക്ക് (VWAP) പകരം ലേലത്തിലൂടെ കണ്ടെത്തുന്ന ഇക്വിലിബ്രിയം വിലയാണ് ഔദ്യോഗിക ക്ലോസിംഗ് വിലയായി പരിഗണിക്കുന്നത്.
ഇക്വിലിബ്രിയം വില: ഏറ്റവും കൂടുതൽ ഓഹരികൾ കൈമാറ്റം ചെയ്യാൻ സാധിക്കുന്ന വിലയാണ് ഇക്വിലിബ്രിയം വിലയായി നിശ്ചയിക്കുന്നത്.
ടൈ-ബ്രേക്കിംഗ് നിയമങ്ങൾ: ഒന്നിലധികം വിലകളിൽ ഒരേ വോളിയം വരികയാണെങ്കിൽ, കുറഞ്ഞ അൺമാച്ച്ഡ് ഓർഡറുകൾ ഉള്ള വില തിരഞ്ഞെടുക്കും. വീണ്ടും തുല്യത വരികയാണെങ്കിൽ റഫറൻസ് വിലയോട് ഏറ്റവും അടുത്ത വില ക്ലോസിംഗ് വിലയായി മാറും.
മുൻഗണന: മാർക്കറ്റ് ഓർഡറുകൾക്ക് ലിമിറ്റ് ഓർഡറുകളേക്കാൾ മുൻഗണന ലഭിക്കും. എല്ലാ വിജയകരമായ ഓർഡറുകളും ഒരേ ഇക്വിലിബ്രിയം വിലയിലായിരിക്കും നടപ്പിലാക്കുന്നത്.
മാറ്റത്തിന് പിന്നിൽ
ലിക്വിഡിറ്റി: വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളിൽ ലിക്വിഡിറ്റി കൂട്ടാൻ സഹായിക്കുന്നു.
വലിയ ഓർഡറുകൾ സുഗമമാക്കുക: ഇൻഡക്സ് ഫണ്ടുകൾക്കും മറ്റും വലിയ അളവിലുള്ള ഓഹരികൾ ക്ലോസിംഗ് വിലയെ വലിയ തോതിൽ ബാധിക്കാതെ തന്നെ കൈമാറ്റം ചെയ്യാൻ സഹായിക്കും.
വിപണിയിലെ കൃത്രിമത്വം തടയുക: അവസാന മിനിറ്റുകളിൽ വൻകിട ഓർഡറുകൾ നൽകി ക്ലോസിംഗ് വിലയിൽ കൃത്രിമത്വം കാണിക്കുന്നത് തടയാൻ ലേല സംവിധാനത്തിലൂടെ സാധിക്കും. ന്യൂയോർക്ക്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഈ രീതി നിലവിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇൻട്രാഡേ ട്രേഡിംഗ് (MIS): സിഎഎസ് വിഭാഗത്തിൽപ്പെട്ട ഓഹരികളുടെ ഓട്ടോ സ്ക്വയർ-ഓഫ് സമയം വൈകുന്നേരം 3.10-ലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് ഓഹരികൾക്കും ഡെറിവേറ്റീവുകൾക്കും ഇത് 3.25 ആയി തുടരും.
ഡെറിവേറ്റീവ് ഇടപാട്: ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷനുകൾ ലേലത്തിൽ പങ്കെടുക്കില്ല. അവ 3.40 വരെ സാധാരണ നിലയിൽ വ്യാപാരം തുടരും.
പോസ്റ്റ്-ക്ലോസ് സെഷൻ: വൈകുന്നേരം 3:50 മുതൽ 4:00 വരെ പോസ്റ്റ്-ക്ലോസ് സെഷൻ ഉണ്ടായിരിക്കും. ഇവിടെ ലേലത്തിലൂടെ കണ്ടെത്തിയ ക്ലോസിംഗ് വിലയിൽ ഓഹരികൾ വാങ്ങാനോ വിൽക്കാനോ സാധിക്കും.
ഓർഡർ കൈമാറ്റം: തുടർച്ചയായ വ്യാപാര സെഷനിൽ നടക്കാതെ പോയ ലിമിറ്റ് ഓർഡറുകൾ ലേലത്തിലേക്ക് മാറ്റപ്പെടും. എന്നാൽ സ്റ്റോപ്പ് ലോസ്, ഐസ്ബെർഗ് ഓർഡറുകൾ ലേലത്തിൽ അനുവദിക്കില്ല.
Content Highlights: Introduction of a new 20-minute auction process for closing prices., Shift from VWAP to equilibrium price for official closing valuations., Updated auto-square-off times for MIS and F&O segments., Enhanced market transparency and protection against price manipulation., Implementation of a post-close session between 3:50 PM and 4:00 PM.
Published: 03 Aug 2026, 02:19 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented