ക്വിക്-കൊമേഴ്‌സും ഗിഗ് സമ്പദ്‌വ്യവസ്ഥയും അതിവേഗംവികസിക്കുന്ന സാഹചര്യത്തിൽ വിതരണക്കാരുടെ വരുമാനസാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. പരമ്പരാഗത ചില്ലറ വിൽപ്പനമേഖലകളിലെയും എൻട്രി ലെവൽ ജോലികളിലെയും ശരാശരി വേതനം മാസം 12,000 മുതൽ 15,000 രൂപ വരെയാണ്. ഇതിനിടയിലാണ് ഡെലിവറി മേഖലയിലെ പുതിയ വരുമാനക്കണക്കുകൾ തൊഴിലന്വേഷകരിൽ വലിയ ചർച്ചയാകുന്നത്.

To advertise here,

ബ്ലിങ്കിറ്റിൽനിന്ന് ആദ്യമാസം ലഭിച്ച ഉയർന്ന വരുമാനത്തെക്കുറിച്ച് ചണ്ഡീഗഢ് സ്വദേശി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. ആദ്യമാസംതന്നെ 39,000 രൂപ നേടാൻ കഴിഞ്ഞെന്നാണ് റെഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ജോലിസമയം, നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങൾ, ശാരീരികക്ഷമത എന്നിവയെ ആശ്രയിച്ചാണ് ഈ മേഖലയിലെ ആദായമെന്ന് അദ്ദേഹം പറയുന്നു.

ജോലിസമയവും വരുമാനവും

ഗിഗ് പ്ലാറ്റ്‌ഫോമുകളിലെ വരുമാനസാധ്യത ജോലിസമയത്തെയും വാരാന്ത്യങ്ങളിലെ ഉയർന്ന ഡിമാൻഡിനെയും ആശ്രയിച്ചിരിക്കുന്നു. ഇതിനു തെളിവാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനരീതി. പ്രവൃത്തിദിവസങ്ങളിൽ പ്രതിദിനം 12 മണിക്കൂർ വരെ ജോലിചെയ്യുന്നുണ്ട്. കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ 16 മണിക്കൂർ വരെയാണ് ഡെലിവറിക്കായി ചെലവഴിക്കുന്നത്. ബ്ലിങ്കിറ്റിന്റെ ഇൻസെന്റീവ് ലക്ഷ്യങ്ങളും ബോണസും എളുപ്പത്തിൽ നേടാൻ കഴിയുന്നതാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലഭിക്കുന്ന ടിപ്പുകളും വരുമാനം 39,000 രൂപയിലെത്താൻ സഹായിച്ചു. ''ഇതുവരെയുള്ള അനുഭവം മികച്ചതാണ്, പരാതിപ്പെടാൻ ഒന്നുമില്ല. ശനി, ഞായർ ദിവസങ്ങളിൽ ഓർഡറുകളുടെ പ്രവാഹമായിരുന്നു. ഇതാണ് ആദ്യമാസംതന്നെ 39,000 രൂപ നേടാൻ സഹായിച്ചത്'' - കുറിപ്പിൽ പറയുന്നു.

  • വരുമാനം: 39,000 രൂപ
  • പ്രവൃത്തിദിന ഷിഫ്റ്റ്: ശരാശരി 12 മണിക്കൂർ
  • വാരാന്ത്യ ഷിഫ്റ്റ്: ശരാശരി 16 മണിക്കൂർ

ഇരുചക്രവാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കുമ്പോൾ നേരിടുന്ന പ്രവർത്തനച്ചെലവുകളും ശാരീരികബുദ്ധിമുട്ടുകളും ഡെലിവറി പങ്കാളികളുടെ കാര്യക്ഷമതയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. സ്വന്തമായി പെട്രോൾ ബൈക്കുകൾ വാങ്ങി വലിയ തുക മുൻകൂറായി നിക്ഷേപിക്കുന്നതിനേക്കാൾ വാടകയ്ക്കെടുക്കാവുന്ന ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാനാണ് ഇദ്ദേഹം സഹപ്രവർത്തകരോടും തൊഴിലന്വേഷകരോടും നിർദേശിക്കുന്നത്. ഇത്തരത്തിൽ വാഹനം വാടകയ്ക്കെടുക്കുന്നത് തുടക്കത്തിലെ ഉയർന്ന മൂലധനച്ചെലവ് ഒഴിവാക്കാൻ സഹായിക്കും.

വലുപ്പമുള്ളതോ ഭാരമേറിയതോ ആയ ഓർഡറുകൾ സാധാരണ പെട്രോൾ ഇരുചക്രവാഹനങ്ങളിൽ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നത് പ്രയാസകരമാണ്. എന്നാൽ വാടകയ്ക്കെടുക്കുന്ന ഇലക്‌ട്രിക് വാഹനങ്ങൾ ഭാരമേറിയ ഡെലിവറികൾക്ക് കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണെന്ന് ഇദ്ദേഹം വിലയിരുത്തുന്നു. നിലവിൽ ലഭിച്ച വരുമാനം ഉപയോഗിച്ച് പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുമെന്നും അതിനുശേഷം വാഹനം സ്വന്തമാക്കുമെന്നും കുറിപ്പിലുണ്ട്.

കൃത്യമായി പ്ലാൻ ചെയ്ത സെക്ടറുകളും വഴികളും ചണ്ഡീഗഢിലെ യാത്രാദൂരം കുറയ്ക്കാനും സുഗമമായി ഓർഡറുകൾ പൂർത്തിയാക്കാനും സഹായിച്ചു. ''ചണ്ഡീഗഢ് പോലെ കൃത്യമായി ആസൂത്രണം ചെയ്ത നഗരങ്ങളിൽ ട്രാഫിക്കും വീടുകളും കണ്ടെത്താൻ എളുപ്പമാണ്. അതിനാൽ യാത്രകൾ ഹ്രസ്വവും സുഗമവുമാണ്. കൂടാതെ, ഇവിടെയുള്ള സമ്പന്നരായ നിവാസികൾ പലപ്പോഴും നല്ല തുക ടിപ്പ് നൽകാറുണ്ട്'' - അദ്ദേഹം കുറിച്ചു.

എന്നാൽ ഈ സാമ്പത്തികനേട്ടങ്ങൾക്കിടയിലും ശാരീരികാധ്വാനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ദിവസവും 12 മണിക്കൂറിലധികം തുടർച്ചയായി വാഹനം ഓടിക്കുന്നത് കടുത്ത ശാരീരികക്ഷീണത്തിന് കാരണമാകും. അതിനാൽ ആവശ്യത്തിന് ശാരീരികക്ഷമതയില്ലാത്തവർക്ക് ഈ ജോലി കഠിനമായി അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രായോഗിക വെല്ലുവിളികളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.