ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക ലഖ്നൗവില്‍ സ്നോപാര്‍ക്ക്, ഫാമിലി എന്റര്ടെയ്ന്മെന്റ് സെന്റര്‍ എന്നിവയുടെ നിര്‍മാണം, കേരളത്തില്‍ അതിരപ്പിള്ളിയിലുള്ള തീം പാര്‍ക്കിന്റെ വികസനവും നവീകരണവും എന്നിവയ്ക്കായാണ് പ്രധാനമായും വിനിയോഗിക്കുക.

കൊച്ചി: കേരളം ആസ്ഥാനമായുള്ള സിൽവർസ്റ്റോം പാർക്‌സ് ആൻഡ് റിസോർട്ട്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ജൂലായ് 24 മുതൽ 28 വരെ. 82.43 കോടി രൂപയാണ് സമാഹരണലക്ഷ്യം. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐ.പി.ഒ. വഴി വിറ്റഴിക്കുക. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123-133 രൂപ നിലവാരത്തിലാണ് ലഭ്യമാക്കുന്നത്.
ഓഹരികൾ ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ചിന്റെ (ബി.എസ്.ഇ.) എസ്.എം.ഇ. പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യും. ജൂലായ് 31-നാണ് ലിസ്റ്റിങ്. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് 23-നാണ്. ഐ.പി. ഒ.യിലൂടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന മൊത്തം ഓഹരികളിൽ 17.16 ലക്ഷം ഓഹരികൾ ഇവർക്കായാണ് വകയിരുത്തിയിരിക്കുന്നത്. ആങ്കർ ഒഴികെയുള്ള നിക്ഷേപക സ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികളും.
വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്കായി 20.62 ലക്ഷം ഓഹരികളാണ് ലഭിക്കുക. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2,000 ഓഹരികളാണ്. തുടർന്ന്, 1,000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക ലഖ്‌നൗവിൽ സ്‌നോപാർക്ക്, ഫാമിലി എന്റർടെയ്ൻമെന്റ് സെന്റർ എന്നിവയുടെ നിർമാണം, കേരളത്തിൽ അതിരപ്പിള്ളിയിലുള്ള തീം പാർക്കിന്റെ വികസനവും നവീകരണവും എന്നിവയ്ക്കായാണ് പ്രധാനമായും വിനിയോഗിക്കുക. ബിസിനസ് വിപുലീകരിക്കാനും പുതിയ ആകർഷണങ്ങൾ കൂട്ടിച്ചേർക്കാനും ഐ.പി.ഒ. വഴി സാധിക്കുമെന്ന് സിൽവർസ്റ്റോം പാർക്‌സ് ആൻഡ് റിസോർട്ട്‌സിന്റെ മനേജിങ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു.
തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളിയിൽ 2000 ഓഗസ്റ്റിലാണ് സിൽവർ സ്റ്റോം പ്രവർത്തനം തുടങ്ങുന്നത്. അമ്യൂസ്മെന്റ് - വാട്ടർ പാർക്ക്, ഇൻഡോർ സ്‌നോ പാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവ ഒരൊറ്റ കേന്ദ്രത്തിൽ അണിനിരത്തുന്നു എന്ന പ്രത്യേകതയുള്ള അതിരപ്പള്ളിയിലെ സിൽവർസ്റ്റോമിൽ ഓണത്തോടുകൂടി കേബിൾ കാർ, സിങ്കപ്പൂരിലേതിന് സമാനമായി ഫോറസ്റ്റ് വില്ലേജ് എന്നിവയും സന്ദർശകർക്ക് തുറന്നുകൊടുക്കാനിരിക്കുകയാണ്.
റോപ്വേ പദ്ധതിയും വികസനഘട്ടത്തിലാണ്. 2025 ഒക്ടോബറിൽ ജംഷേദ്പുരിലും ഇൻഡോർ സ്‌നോ പാർക്ക് ആരംഭിച്ചു. ലഖ്‌നൗവിലെ ഓമാക്‌സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്‌നോ പാർക്കും വിനോദകേന്ദ്രവും ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2025-26 സാമ്പത്തികവർഷം കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടിയും അറ്റാദായം 19.10 കോടി രൂപയുമാണ്.
Published: 23 Jul 2026, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented