2020 ഡിസംബറിനു ശേഷം വിദേശ ഓഹരി പങ്കാളിത്തം തുടര്‍ച്ചയായി കുറയുന്ന പ്രവണത പ്രകടമാണ്. 2023 ജൂണിനു ശേഷം ഇടിവിന്റെ വേഗംകൂടി.

ആഭ്യന്തര നിക്ഷേപ ഒഴുക്ക് ശക്തമാണെങ്കിലും വിദേശ നിക്ഷേപത്തില്‍ കുത്തനെ ഇടിവ് തുടരുന്നു. ഇതോടെ വിദേശ ഓഹരി പാങ്കാളിത്തം 13 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം ആഭ്യന്തര-വിദേശ നിക്ഷേപ അന്തരം 25 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി.
എസ്‌ഐപിയിലെ വന്‍വര്‍ധനവാണ് ആഭ്യന്തര സ്ഥാപന നിക്ഷേപത്തിലെ കുതിപ്പിന് പിന്നില്‍. ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകളുമൊക്കെയാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് പിന്നില്‍. യുഎസ്, ചൈന പോലുള്ള വിപണികളിലേയ്ക്കാണ് അവര്‍ പോകുന്നത്. വിദേശ ഫണ്ടുകളുടെ പിന്‍വലിയല്‍ തുടരുമ്പോഴും ആഭ്യന്തര നിക്ഷേപത്തിന്റെ കുതിപ്പില്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. ഓഹരികള്‍ വിറ്റൊഴിയുമ്പോഴും വിദേശകളുടെ ഐപിഒ പങ്കാളിത്തം കൂടുന്നുവെന്നതും ശ്രദ്ധേയമാണ്.
അന്തരം കൂടുന്നു
സെപ്റ്റംബര്‍ പാദത്തില്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ആഭ്യന്തര നിക്ഷേപ പങ്കാളിത്തം എക്കാലത്തെയും ഉയര്‍ന്ന 18.26 ശതമാനമായി. അതേസമയം, വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ വിഹിതമാകട്ടെ 13 വര്‍ഷത്തെ താഴ്ന്ന നിലവാരമായ 16.71 ശതമാനമാകുകയും ചെയ്തു. ഇരുവിഭാഗങ്ങളും തമ്മിലുള്ള നിക്ഷേപ അന്തരം ഇതോടെ 25 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിച്ചു.
|
| ഓഹരി പങ്കാളിത്തം | മാറ്റം |
|
| ആഭ്യന്തര സ്ഥാപനങ്ങൾ (DII) | 18.26% | 44 ബേസിസ് പോയിന്റ് വർധന | എക്കാലത്തെയും ഉയർന്ന നില |
| വിദേശ നിക്ഷേപകർ (FPI) | 16.71% | 34 ബേസിസ് പോയിന്റ് കുറവ് | 13 വർഷത്തെ ഏറ്റവും താഴ്ന്ന നില |
| മ്യൂച്വൽ ഫണ്ടുകൾ (DII-യുടെ ഭാഗം) | 10.9% | 10.56%-ൽ നിന്ന് വർധിച്ചു | എക്കാലത്തെയും ഉയർന്ന നില |
2020 ഡിസംബറില്‍ 21.21 ശതമാനമായിരുന്ന വിദേശ ഓഹരി പങ്കാളിത്തം തുടര്‍ച്ചയായി കുറഞ്ഞുവരുന്ന പ്രവണത പ്രകടമാണ്. 2023 ജൂണിന് ശേഷം ഇടിവിന്റെ വേഗതകൂടി.
ആഭ്യന്തര കുതിപ്പ്
മ്യൂച്വല്‍ ഫണ്ടുകളിലേക്കെത്തുന്ന ചെറുകിട നിക്ഷേപരുടെ പണമാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം വര്‍ധിക്കാനുണ്ടായ പ്രധാനകാരണം. മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം ജൂണ്‍ പാദത്തിലെ 10.56 ശതമാനത്തില്‍നിന്ന് സെപ്റ്റംബര്‍ പാദത്തില്‍ 10.9 ശതമാനമായി. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. എസ്‌ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപ വരവാണ് ഈ കുതിപ്പിന് ആക്കംകൂട്ടിയത്.
വിദേശ പിന്മാറ്റം
ഇന്ത്യന്‍ വിപണിയിലെ ഉയര്‍ന്ന മൂല്യവും വളര്‍ച്ച സംബന്ധിച്ച ആശങ്കകളുമാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പിന്മാറ്റത്തിന്റെ പ്രധാനകാരണം. യുഎസ്, ചൈന, തായ്‌വാന്‍, കൊറിയ തുടങ്ങിയ വിപണികള്‍ക്ക് മുന്‍ഗണന നല്‍കിയതും ഇന്ത്യയിലെ പിന്മാറ്റത്തിന് കാരണമായി. ജൂലായ്ക്കും സെപ്റ്റംബറിനും ഇടയില്‍ വിദേശ നിക്ഷേപകര്‍ 1.02 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റപ്പോള്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2.21 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു.
പ്രതിഫലനം
വിദേശ നിക്ഷേപകരുടെ കൂട്ടത്തോടെയുള്ള പിന്‍വാങ്ങല്‍ മുന്‍കാലങ്ങളില്‍ വിപണിയില്‍ വലിയ തകര്‍ച്ചക്ക് കാരണമാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ആഭ്യന്തര നിക്ഷേപ ഒഴുക്ക് ശക്തമായതോടെ വിപണിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിദേശ ഫണ്ടുകളുടെ അഭാവം സൃഷ്ടിച്ച ആഘാതം ചെറുക്കാന്‍ അതിലൂടെ കഴിഞ്ഞു.
ഐപിഒ വിപണി
പ്രാരംഭ ഓഹരി വില്പനയില്‍ മികച്ച പങ്കാളിത്തം വിദേശികള്‍ നിലനിര്‍ത്തിയെന്നത് ശ്രദ്ധേയമാണ്. ഒക്ടോബറില്‍ 10,708 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. നടപ്പ് കലണ്ടര്‍ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ഇതിന് മുമ്പ് ജൂലായില്‍ 14,247 കോടി രൂപ നിക്ഷേപിച്ചിരുന്നു. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് വിദേശ നിക്ഷേപകര്‍ ദ്വിതീയ വിപണിയേക്കാള്‍ കൂടുതല്‍ പണം പ്രാഥമിക വിപണിയില്‍ മുടക്കുന്നത്.
അതേസമയം, റീട്ടെയില്‍ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന ഫണ്ട് ഹൗസുകള്‍ താരതമ്യേന ഉയര്‍ന്ന മൂല്യമുള്ള ഐപിഒകളില്‍ പണം മുടക്കുന്നത് ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ഹ്രസ്വകാല നേട്ടങ്ങള്‍ക്കോ വിപണിയുടെ തരംഗങ്ങള്‍ക്കോ അനുസരിച്ചല്ല, ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ പരിഗണിച്ചുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് മ്യൂച്വല്‍ ഫണ്ടുകളുടെ ഇതിനുള്ള മറുപടി.
മൊത്തം പോര്‍ട്ട്‌ഫോളിയോ ആസ്തിയുമായി താരത്യമം ചെയ്യുമ്പോള്‍ ഒരോ ഐപിഒയിലുമുള്ള നിക്ഷേപം വളരെ ചെറുതാണെന്ന് അവര്‍ പറയുന്നു. ലെന്‍സ്‌കാര്‍ട്ട് ഐപിഒയില്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എന്നീ ഫണ്ട് ഹൗസുകള്‍ നടത്തിയ നിക്ഷേപം അവരുടെ മൊത്തം ആസ്തിയുടെ 0.1 ശതമാനത്തില്‍ താഴെയാണ്. അതുകൊണ്ടുതന്നെ റിസ്‌ക് പരിമിതമാണ്. വിലയെ മാത്രം ആശ്രയിക്കാതെ, കമ്പനിയുടെ ബിസിനസ് മോഡല്‍, വിപണിയിലെ നേതൃസ്ഥാനം, മാനേജുമെന്റിന്റെ വിശ്വാസ്യത, സാമ്പത്തിക ഭദ്രത തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് നിക്ഷേപ തീരുമാനങ്ങളെടുക്കുന്നതെന്ന് ഫണ്ട് ഹൗസുകള്‍ വ്യക്തമാക്കുന്നു പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ നിക്ഷേപം കുറയ്ക്കാനോ ഒഴിവാക്കാനോ ഉള്ള അവസരം പ്രയോജനപ്പെടുത്തുമെന്നുമാണ് ഫണ്ട് ഹൗസുകളുടെ നിലപാട്.
സാധ്യതകള്‍
പരിധിവിട്ട് കൂടുതല്‍ പണമായി സൂക്ഷിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കഴിയില്ല. ഫണ്ടുകളിലെത്തുന്ന പണം പിടിച്ചുവെക്കാതെ വിപണിയിലിറക്കാന്‍ ഫണ്ട് ഹൗസുകള്‍ ഇതോടെ നിര്‍ബന്ധിതരാകുന്നു. വിദേശ നിക്ഷേപകരാകട്ടെ മികച്ച മറ്റ് വിപണികളിലേക്ക് കൂടുമാറുകയാണ്. അതിലെ ഒരു വിഹിതം പ്രാരംഭ വിപണിയിലേക്കും പോകുന്നു.
വിപണിയില്‍ തിരുത്തലുണ്ടാകുകയോ വിലയില്‍ കാര്യമായ മാറ്റമില്ലാത്ത കാലഘട്ടം നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ റീട്ടെയില്‍ നിക്ഷേപകരും കളംവിട്ടേക്കാം. അപ്പോള്‍ വിദേശ നിക്ഷേപകര്‍ തിരികെയത്താനുള്ള സാധ്യത കൂടുതലാണ്.
രാജ്യത്തെ സമ്പദ്ഘടനയിലുള്ള വിശ്വാസത്തിന്റെ സൂചനയാണ് പ്രാഥമിക വിപണിയിലെ വിദേശ പങ്കാളിത്തം സൂചിപ്പിക്കുന്നത്. ദ്വിതീയ വിപണിയിലെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഐപിഒ നിക്ഷേപത്തിലെ കുതിപ്പ് മികച്ച ലക്ഷണമായി കണാം.
Content Highlights: Discover how strong domestic investment, driven by SIPs, is supporting the Indian stock market despite a significant decline in foreign portfolio investment.
Published: 06 Nov 2025, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented