ആഗോള ഐടി ഭീമനായ ആക്‌സെഞ്ചർ വരുമാന വളർച്ചാ പ്രതീക്ഷ കുറച്ചത് രാജ്യത്തെ ഐടി ഓഹരികളെ ബാധിച്ചു. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി ഐടി സൂചിക ആറ് ശതമാനത്തിലധികം ഇടിവ് നേരിട്ടു. ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികളിൽ എട്ടുശതമാനംവരെ ഇടിവുണ്ടായി. പശ്ചിമേഷ്യയിലെ സംഘർഷം, വൻകിട കരാറുകളുടെ കുറവ് എന്നിവയാണ് പ്രധാന കാരണങ്ങൾ.

To advertise here,

നിഫ്റ്റി ഐടി സൂചിക: ദിന വ്യാപാരത്തിനിടെ 6.4 ശതമാനം ഇടിഞ്ഞ് 26,634.50 എന്ന നിലയിലെത്തി. ഏപ്രിൽ 21-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമാണിത്.

ഇൻഫോസിസ് (8%), എംഫസിസ് (8%), ടിസിഎസ് (7%), ടെക് മഹീന്ദ്ര (7% ), പെർസിസ്റ്റന്റ് സിസ്റ്റംസ് (7%), എച്ച്‌സിഎൽ ടെക്‌നോളജീസ്, (6%), എൽടിഎം (6%), കോഫോർജ് ( 6%) എന്നിങ്ങനെയാണ് ഓഹരികൾ ഇടിവ് നേരിട്ടത്.

അഞ്ച് മാസത്തിനിടെ നിഫ്റ്റി 50 സൂചിക 6.3 ശതമാനം താഴ്ന്നപ്പോൾ നിഫ്റ്റി ഐടിയാകട്ടെ 32 ശതമാനം ഇടിവ് നേരിട്ടു.

ആക്‌സെഞ്ചറിന്റെ വരുമാന അനുമാനം

  • മുമ്പ് പ്രവചിച്ചിരുന്ന 3-5 ശതമാനത്തിൽ നിന്ന് 3-4 ശതമാനമായി വളർച്ചാ നിരക്ക് കുറച്ചു.
  • നാലാം പാദത്തിൽ 1-5 ശതമാനം വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വളർച്ച കുറയാനുള്ള കാരണങ്ങൾ

  • പശ്ചിമേഷ്യൻ സംഘർഷം കാരണം മൂന്നാം പാദത്തിൽ 10 കോടി ഡോളറിന്റെ വരുമാന നഷ്ടം സംഭവിച്ചു.
  • ക്ലയന്റുകളുടെ പ്രശ്‌നങ്ങൾ കാരണം രണ്ട് വൻകിട കരാറുകൾ 2027 സാമ്പത്തിക വർഷത്തിലേക്ക് നീണ്ടുപോയി.
  • മറ്റ് കാരണങ്ങൾ: എണ്ണ, വാതക വിലവർധന കാരണം ഓട്ടോമോട്ടീവ് മേഖലയിൽ സമ്മർദം നിലനിൽക്കുന്നു. ഉപഭോക്താക്കൾ വിവേചനാധികാരപരമായ ചെലവിടലുകൾ (discretionary spending) കുറച്ചതും തീരുമാനങ്ങൾ എടുക്കുന്നതിലെ കാലതാമസവും തിരിച്ചടിയായി.

ആക്‌സെഞ്ചറിന്റെ വരുമാന വളർച്ചാ അനുമാനത്തിലെ കുറവ് ഹ്രസ്വകാലത്തേക്കാണെങ്കിലും ഐടി ഓഹരികളിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വളർച്ച തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും എഐ സൈബർ സുരക്ഷ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളിലെ നിക്ഷേപം ദീർഘകാലാടിസ്ഥാനത്തിൽ നിർണായകമാകും. വിപണിയുടെ മൊത്തത്തിലുള്ള തിരിച്ചുവരവിനേക്കാൾ ഓരോ കമ്പനിയുടെയും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയാകും വരുംവരുംമാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ളത്.