പ്രവാസിയാണ്. 41 വയസ്സ്. 55-ാം വയസ്സിൽ ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നു. ഭാര്യക്ക് 38 വയസ്സുണ്ട്. ഇപ്പോഴത്തെ പ്രതിമാസ ജീവിത ചെലവ് ഒരു ലക്ഷം രൂപയാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് പ്ലാൻ തയ്യാറാക്കാമോ-അബുദാബിയിൽനിന്ന് ബെന്നിയുടെ ആവശ്യമായിരുന്നു ഇത്.

To advertise here,

പണ്ടത്തേതിൽനിന്ന് വ്യത്യസ്തമായി ഏറെപ്പേരും വിരമിച്ചശേഷമുള്ള ചെലവുകൾ കണ്ടെത്തുന്നതിന് ഇപ്പോൾതന്നെ നിക്ഷേപം തുടങ്ങാൻ ലക്ഷ്യമിടുന്നവരാണ്. പ്രവാസികൾ ഉൾപ്പടെ നിരവധിപേർ നേരത്തെ വിരമിക്കാനും ഉദ്ദേശിക്കുന്നു. വിരമിച്ചശേഷം 20-30 വർഷം ജീവിക്കേണ്ടതിനാൽ നേരത്തതന്നെ ആസൂത്രണം ആവശ്യമാണ്.

ജീവിത ചെലവ് കണക്കാക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, വസ്തു നികുതി തുടങ്ങിയവ പലരും പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ ഇതിനെല്ലാമായി ഒരു മാസത്തെ തുക കൂടുതൽ കണക്കാക്കാം. നിശ്ചിത കാലയളവിൽ വിരമിക്കൽ തുക കണ്ടെത്താൻ കഴിയില്ലെങ്കിൽ കൂടുതൽ കാലം ജോലിചെയ്യുന്നകാര്യം പരിഗണിക്കുക.

ഇനി വിശകലനത്തിലേക്ക് വരാം

വസ്തുതകൾ:

  • വിരമിക്കൽ പ്രായം: 55-ാംവയസ്സ്
  • ആവശ്യമായ മൊത്തം തുക: 7.28 കോടി രൂപ.
  • അപ്പോഴത്തെ പ്രതിമാസ ജീവിത ചെലവ്: 2.32 ലക്ഷം
  • ഇതിന് ആവശ്യമായ പ്രതിമാസ നിക്ഷേപം: 1.69 ലക്ഷം രൂപ.

ഈ കണക്കുകൂട്ടലിൽ നിലവിലുള്ള നിക്ഷേപം പരിഗണിച്ചിട്ടില്ല. നിക്ഷേപമുണ്ടെങ്കിൽ ആവശ്യമായ പ്രതിമാസ തുക ഇതിലും കുറവായിരിക്കും. ഉദാഹരണത്തിന് 50 ലക്ഷം രൂപയുടെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപം ഉണ്ടെങ്കിൽ പ്രാരംഭ പ്രതിമാസ നിക്ഷേപം 1.07 ലക്ഷമായി കുറയും.

60-ാംവയസ്സിൽ വിരമിച്ചാൽ

  • ആവശ്യംവരുന്ന തുക: 8.70 കോടി രൂപ
  • അപ്പോഴത്തെ പ്രതിമാസ ജീവിത ചെലവ്: 3.25 ലക്ഷം രൂപ.
  • വേണ്ടിവരുന്ന പ്രതിമാസ നിക്ഷേപം: ഒരു ലക്ഷം രൂപ.

വിരമിക്കൽ അഞ്ച് വർഷം നീട്ടിവെച്ചാൽ മാസംതോറും നിക്ഷേപിക്കേണ്ട തുകയിൽ 70,000 രൂപയുടെ കുറവുണ്ടാകും. അതേസമയം, മൊത്തം സമാഹരിക്കേണ്ട തുകയിൽ നേരിയ വർധനവും ഉണ്ടാകും.

50-ാം വയസ്സിൽ വിരമിച്ചാൽ

  • ആവശ്യംവരുന്ന തുക: 5.92 കോടി രൂപ
  • അപ്പോഴത്തെ പ്രതിമാസ ജീവിത ചെലവ്: 1.65 ലക്ഷം രൂപ.
  • വേണ്ടിവരുന്ന പ്രതിമാസ നിക്ഷേപം: 3.07 ലക്ഷം.

നേരത്തെ വിരമിക്കുമ്പോൾ മൊത്തം സമാഹരിക്കേണ്ട തുക കാര്യമായി കുറയുന്നു. വിരമിച്ചശേഷം നിക്ഷേപം വളരുന്നതിന് കൂടുതൽ സമയം ലഭിക്കുന്നതിനാലാണിത്. അതുമല്ല, പ്രാരംഭഘട്ടത്തിൽ പിൻവലിക്കുന്ന തുക കുറവുമായിരിക്കും. ഇവിടെ നേരിടുന്ന പ്രധാന പ്രതിസന്ധി, പ്രതിമാസം വലിയ തുക നിക്ഷേപിക്കേണ്ടിവരും എന്നതാണ്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

  • നേരത്തെ വിരമിക്കാൻ ഉദ്ദേശിക്കുന്നവർക്ക് നിലവിൽ വലിയൊരു തുകയുടെ നിക്ഷേപം ആവശ്യമാണ്. ലളിതമായ ജീവിതശൈലി പിന്തുടരുന്നത് ഈ ലക്ഷ്യം എളുപ്പമാക്കും.
  • എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുകയെന്നതാണ് പ്രധാനം. കോമ്പൗണ്ടിങിന്റെ നേട്ടം പ്രയോജനപ്പെടുത്താൻ അത് ഉപകരിക്കും.
  • വിരമിച്ചശേഷം ഉയർന്ന റിട്ടേൺ പ്രതീക്ഷിക്കുന്നത് അനുയോജ്യമല്ല. മറ്റ് വരുമാന സാധ്യതകൾ ഇല്ലാത്തതിനാൽ നിക്ഷേപ സുരക്ഷയ്ക്കാണ് അപ്പോൾ പ്രാധാന്യം നൽകേണ്ടത്.

വിരമിക്കൽ പ്രായം, ജീവിതശൈലി, നിലവിലെ ആസ്തികൾ എന്നിവ കണക്കിലെടുക്കുമ്പോൾ ആവശ്യമായ മൊത്തം തുകയും തുടർന്നുള്ള നിക്ഷേപ തന്ത്രവും വ്യത്യാസപ്പെടാം. ഓരോ വ്യക്തിയും സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ച് സാമ്പത്തിക പദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്.

പരിഗണിച്ച മറ്റ് കാര്യങ്ങൾ

  • പ്രതീക്ഷിക്കുന്ന ആയുസ്സ് 85 വയസ്സ്
  • വാർഷിക വിലക്കയറ്റം: 7 %
  • വിരമിച്ചശേഷം ചെലവിൽ വരുന്ന കുറവ്: 10 %
  • വിരമിക്കുന്നതിന് മുമ്പ് നിക്ഷേപ കലയളവിൽ പ്രതീക്ഷിക്കുന്ന ആദായം: 12 %
  • വിരമിച്ചശേഷം നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കുന്ന ശരാശരി ആദായം: 8 %

നിക്ഷേപ തന്ത്രങ്ങൾ:

  • വരുമാന വളർച്ചക്ക് അനുസൃതമായി നിക്ഷേപ തുക ഓരോവർഷവും 10 ശതമാനം വർധിപ്പിക്കാം.
  • ഓഹരി അധിഷ്ഠിത പദ്ധതികളും സ്ഥിര നിക്ഷേപവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക.

പദ്ധതി തയ്യാറാക്കുന്നതിന് താഴെപറയുന്ന അനുമാനങ്ങൾ പരിഗണിച്ചിട്ടുണ്ട്:

 

അനുമാനം

വിശദാംശങ്ങൾ

നിലവിലെ മാസച്ചെലവ്

₹1,00,000

വിരമിക്കൽ കാലഘട്ടത്തിലും തുടരുമെന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന ചെലവുകൾ.

വാർഷിക ചെലവുകൾ

₹1,00,000

ഹെൽത്ത് ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, പ്രോപ്പർട്ടി ടാക്സ് തുടങ്ങിയവ. ഇത് മൊത്തം ശരാശരി മാസച്ചെലവിനെ ₹1,08,333 ആക്കുന്നു.

നിക്ഷേപകന്റെ പ്രായം

41 വയസ്സ്

വിശകലനം നടത്തുന്ന വർഷത്തിൻ്റെ അവസാനത്തിലുള്ള പ്രായം.

വിരമിക്കൽ പ്രായം

55 വയസ്സ്

ഇത് ഒരു അടിസ്ഥാന സാഹചര്യമായി കണക്കാക്കുന്നു; മറ്റ് പ്രായങ്ങളും പരിഗണിച്ചിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന ആയുസ്സ്

85 വയസ്സ്

പങ്കാളിയുടെ (38 വയസ്സ്) ആയുസ്സ് 85 ആയി കണക്കാക്കുന്നു.

പണപ്പെരുപ്പം (വിരമിക്കലിന് മുമ്പ്)

7%

ജീവിതശൈലിയിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള പണപ്പെരുപ്പ നിരക്ക്.

പണപ്പെരുപ്പം (വിരമിക്കലിന് ശേഷം)

6%

ഔദ്യോഗിക പണപ്പെരുപ്പ കണക്കുകളേക്കാൾ യാഥാർത്ഥ്യബോധമുള്ള നിരക്ക്.

നിക്ഷേപത്തിലെ വാർഷിക വർധന

10%

വിരമിക്കൽ കോർപ്പസ് കൈവരിക്കുന്നത് വരെ ഓരോ വർഷവും നിക്ഷേപത്തിൽ വരുത്തേണ്ട വർദ്ധനവ്.

വരുമാന പ്രതീക്ഷ 

ഇക്വിറ്റി: 12%,  നികുതിയുള്ള ഫിക്സഡ് ഇൻകം: 7.5% 

യാഥാർത്ഥ്യബോധത്തോടെയുള്ളതും  താഴ്ന്നതുമായ വരുമാന പ്രതീക്ഷകളാണ് സ്വീകരിച്ചിരിക്കുന്നത്.