65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുകൂടി ആരോഗ്യ പരിരക്ഷ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങളാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ ഈയിടെ പ്രഖ്യാപിച്ചത്. ഇതോടെ പ്രായ വ്യത്യാസമില്ലാതെ ലളിതമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാനുള്ള അവസരമൊരുങ്ങി.

To advertise here,

65 വയസ്സുവരെയുള്ളവര്‍ക്കു മാത്രമെ നേരത്തെ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ചേരാന്‍ കഴിയുമായിരുന്നുള്ളൂ. അതായത് ആരോഗ്യ പരിരക്ഷ ലഭിക്കാനുള്ള പ്രവേശന പ്രായം 65 വയസ്സായി നിശ്ചയിച്ചിരുന്നു. 65ന് മുകളിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് അനുവദിക്കണമോയെന്ന കാര്യത്തില്‍ നേരത്തെ കമ്പനികള്‍ക്ക് തീരുമാനമെടുക്കാമായിരുന്നു. ഇപ്പോഴിത് നിര്‍ബന്ധ വ്യവസ്ഥയായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളും ഉപാധികളും ഏറെയുണ്ടായിരുന്നു. കോ-പേയ്‌മെന്റ് ഉള്‍പ്പടെ. അതുകൊണ്ടുതന്നെ പരിരക്ഷ പലപ്പോഴും നാമമാത്രമാകുന്ന സാഹചര്യവുമുണ്ടായി. ഈ വ്യവസ്ഥകളില്‍ ഇനി മാറ്റംവന്നേക്കാം. 

പ്രീമിയം കൂടുമോ?
മുതിര്‍ന്ന പൗരന്മാര്‍ക്ക് താരതമ്യേന ഉയര്‍ന്ന പ്രീമിയമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കിവരുന്നത്. നിലവില്‍ നിശ്ചിത രോഗങ്ങള്‍ ഇല്ലാത്ത 65 വയസ്സുള്ള ഒരാള്‍ക്ക് 10 ലക്ഷം രൂപയുടെ പരിരക്ഷയ്ക്കായി 50,000 രൂപവരെ പ്രീമിയമിനത്തില്‍ നല്‍കേണ്ടിവന്നേക്കാമെന്നാണ് ഈ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്. ഇതേ കവറേജിനായി 55 വയസ്സുള്ളയാള്‍ക്ക് 25,000 മുതല്‍ 30,000 രൂപവരെയാണ് നല്‍കേണ്ടിവരുന്നത്. 

കാത്തിരിപ്പ് സമയം കുറച്ചു
നിലവിലുള്ള രോഗങ്ങള്‍ക്ക് ബാധകമായ കാത്തിരിപ്പ് കാലയളവ് നാല് വര്‍ഷത്തില്‍നിന്ന് മൂന്നു വര്‍ഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിലും കുറഞ്ഞ(12 മാസം മുതല്‍ 24 മാസംവരെ)കാലയളവും വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യവസ്ഥകള്‍ ലഘൂകരിക്കുമ്പോള്‍ പ്രീമിയമിനത്തില്‍ കൂടിയ തുക നല്‍കാന്‍ പോളിസി ഉടമ ബാധ്യസ്ഥനാകുന്ന സാഹചര്യമുണ്ടായിരുന്നു.

തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തെ കവറേജിന് ശേഷം ഒരുകാരണവശാലും ക്ലെയിം നിരസിക്കാന്‍ പാടില്ലെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ എട്ടു വര്‍ഷമായിരുന്നു(മോറട്ടോറിയം)പരിധി. 

നിലവിലുള്ളവര്‍ക്ക് ബാധകമാകുമോ?
കാത്തിരിപ്പ് കാലയളവിലെ ഇളവ് പുതിയ പോളിസികള്‍ക്കു പുറമെ നിലവിലുള്ളവര്‍ക്കും ബാധകമാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള പോളിസി ഉമടകളുടെ കാത്തിരിപ്പ് കാലാവധി ഗണ്യമായി കുറയും. കൂടുതല്‍ പേരിലേയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

വ്യവസ്ഥകള്‍ ചുരുക്കത്തില്‍:

65 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇനി എളുപ്പത്തില്‍ ലഭിക്കും.
മുതിര്‍ന്നവര്‍ക്കായി പ്രത്യേക പോളിസികള്‍ പ്രഖ്യാപിച്ചേക്കാം. മുതിര്‍ന്നവരുടെ പോളിസികളുമായി ബന്ധപ്പെട്ട പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും അതിനുള്ള സംവിധാനമൊരുക്കാനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശുപത്രികളില്‍ എളുപ്പത്തില്‍ പണരഹിത(കാഷ്‌ലെസ്)ചികിത്സ ലഭിക്കാന്‍ തീരുമാനം സഹായിക്കും.
വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്‍ക്കും പ്രസവത്തിനും പ്രത്യേക പോളിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അര്‍ബുദം, ഹൃദ്രോഗം, വൃക്ക തകരാര്‍, എയിഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കവറേജ് നിരസിക്കാന്‍ ഇനി കഴിയില്ല.
സാധാര പോളിസികളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേക പോളിസികള്‍ക്ക് പ്രീമിയം കൂടുതലായതിനാല്‍ തവണകളായി അടയ്ക്കാനുള്ള അവസരം ലഭിക്കും.
ആയുഷ്(ആയൂര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) തുടങ്ങിയ ചികിത്സകള്‍ക്ക് പരിധിയുണ്ടാവില്ല. ഇന്‍ഷുര്‍ ചെയ്ത മുഴുവന്‍ തുകയ്ക്കും പരിരക്ഷ ലഭിക്കും. 
പുതിയ പോളിസികളിലെ കാത്തിരിപ്പ് കാലയളവ് 48 മാസത്തില്‍നിന്ന് 36 മാസമായി കുറച്ചു. പോളിസി എടുക്കുന്ന സമയത്ത് പോളിസി ഉടമ രോഗം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 36 മാസത്തിന് ശേഷം നിലവിലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കും. 
വെളിപ്പെടുത്താത്ത രോഗങ്ങള്‍ക്കുള്ള ക്ലെയിമുകളോ പോളിസിതന്നെയോ റദ്ദാക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. ക്ലെയിം നിഷേധിക്കാന്‍ കഴിയാത്ത കാലയളവ് എട്ട് വര്‍ഷത്തില്‍നിന്ന് അഞ്ച് വര്‍ഷമായി കുറച്ചു. ആദ്യ പോളിസിയിലെ ഇന്‍ഷുറന്‍സ് ചെയ്ത തുകയ്ക്കായിരിക്കും ഇത് ബാധകം. പിന്നീട് കവറേജ് തുക ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ പരിഷ്‌കരിച്ച തിയതിമുതല്‍ 60 മാസം കാത്തിരിക്കേണ്ടിവരും. 
പുതുക്കിയ വ്യവസ്ഥകള്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലായി.