
20 ലക്ഷം രൂപ കൈവശമുണ്ട്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ 30 മുതല്‍ 50 ശതമാനം വരെ റിട്ടേണ്‍ നല്‍കിയ ഫണ്ടുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് കണ്ടു. അതില്‍ 50 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച് വര്‍ഷം നിക്ഷേപം നിലനിര്‍ത്താന്‍ തയ്യാറാണ്. അതുപ്രകാരം നിക്ഷേപം 75 ലക്ഷമായി തിരികെ ലഭിക്കുമോ?
കോലഞ്ചേരിയല്‍നിന്ന് ജെയിംസ് ചോദിക്കുന്നു.
താങ്കള്‍ പറഞ്ഞ കണക്ക് ശരിയാണ്. പ്രസ്തുത നിക്ഷേപ വിശകലനത്തില്‍ സൂചിപ്പിച്ച ഫണ്ടില്‍ അഞ്ച് വര്‍ഷം മുമ്പ് 20 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ 75 ലക്ഷം രൂപയിലേറെയായി വളര്‍ന്നിട്ടുണ്ടാകുമായിരുന്നു. എന്നാല്‍ റിസ്‌കിനെ കുറിച്ച് പരാമര്‍ശിച്ച ഭാഗം കണക്കിലെടുത്തില്ലെന്ന് മനസിലാക്കുന്നു. സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടാണ് അഞ്ച് വര്‍ഷ കാലയളവില്‍ 51 ശതമാനത്തിലേറെ ആദായം നല്‍കിയത്. ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന വരുമാനം നല്‍കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കഴിയുമെന്നകാര്യത്തില്‍ സംശയമില്ല. ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഈ ഫണ്ടിന് ഉയര്‍ന്ന റിസ്‌കും അതോടൊപ്പംതന്നെ ഉയര്‍ന്ന നേട്ട സാധ്യതയുമുണ്ട്.
നിക്ഷേപം നടത്തുംമുമ്പ് താഴെ പറയുന്നകാര്യങ്ങള്‍ പരിഗണിക്കാം:
ഒറ്റത്തവണ നിക്ഷേപം: 20 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനെക്കുറിച്ചാണ് താങ്കള്‍ അന്വേഷിച്ചത്. വിപണി ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ ഒറ്റത്തവണ നിക്ഷേപത്തിന് കൂടുതല്‍ റിസ്‌ക് ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ എസ്.ഐ.പിയാകും അനുയോജ്യം. വിപണിയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ തന്ത്രമാണ് എസ്‌ഐപി നിക്ഷേപ രീതി. വിപണിയില്‍ വലിയ തകര്‍ച്ചയുണ്ടായാല്‍ ഒറ്റത്തവണ നിക്ഷേപം പരിഗണിക്കുകയുമാകാം. ഇവിടെ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. വിപണിയിലെ 'ടൈമിങ്' കൃത്യമായി കണക്കാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ്. അതുകൊണ്ടാണ് ദീര്‍ഘകാലയളവില്‍ റിസ്‌ക് കുറച്ച് മികച്ച നേട്ടമുണ്ടാക്കാന്‍ എസ്‌ഐപി തന്നെയാണ് നല്ലതെന്ന് പറയുന്നത്.
വൈവിധ്യവത്കരണം: ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിലേറെ നഷ്ടസാധ്യതയും സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിനുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്ത കാറ്റഗറികളിലെ ഫണ്ടുകളില്‍ നിക്ഷേപിച്ച് റിസ്‌ക് കുറയ്ക്കാന്‍ ശ്രദ്ധിക്കണം. 20 ലക്ഷം രൂപ സ്‌മോള്‍ ക്യാപില്‍തന്നെ നിക്ഷേപിക്കാതെ, ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, ഫ്‌ളക്‌സി ക്യാപ് എന്നിങ്ങനെയുള്ള കാറ്റഗറികളില്‍ വ്യത്യസ്ത അനുപാതത്തില്‍ വകയിരുത്താന്‍ ശ്രദ്ധിക്കണം. നിശ്ചിത തുക സ്ഥിര നിക്ഷേ പദ്ധതികളിലും മുടക്കണം. അതിനായി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളോ ബാങ്ക് എഫ്ഡിയോ പരിഗണിക്കാം.
കാലയളവ്: നഷ്ട സാധ്യത കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗമാണ് ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നിക്ഷേപം. ഓഹരി അധിഷ്ഠിത ഫണ്ടുകളാണെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നിക്ഷേപം നിലനിര്‍ത്തണം. ഹ്രസ്വ കാലയളവിലുണ്ടായേക്കാവുന്ന വിപണിയിലെ ഏറ്റക്കുറിച്ചിലുകളുടെ ആഘാതം മറികടക്കുന്നതിനും അതില്‍നിന്ന് നേട്ടമുണ്ടാക്കുന്നതിനും നിക്ഷേപ കാലയളവ് പ്രധാനമാണ്. ഇടിവുണ്ടാകുമ്പോള്‍ നിക്ഷേപം തുടരേണ്ടതുണ്ട്. വൈകാരികമായി തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക. നിക്ഷേപം ദീര്‍ഘകാലത്തേക്കാണ്, അതിനിടെയുണ്ടാകുന്ന ഇടിവുകള്‍ ബാധിക്കില്ലെന്ന ബോധ്യം നിക്ഷേപകന് ഉണ്ടാകണം.
റിസ്‌കെടുക്കാനുള്ള കഴിവ്: മൊത്തം തുകയും സ്‌മോള്‍ ക്യാപില്‍ നിക്ഷേപിക്കും മുമ്പ് 'റിസ്‌ക് പ്രൊഫൈല്‍' പരിശോധിക്കുന്നത് നല്ലതാണ്. അതിന് അനുസരിച്ച് വേണം വിവിധ റിസ്‌ക് കാറ്റഗറികളിലുള്ള ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാന്‍. ലാര്‍ജ് ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ ചാഞ്ചാട്ടം കൂടുതലായിരിക്കും. വിപണിയില്‍ ഇടിവുണ്ടായാല്‍ ആദ്യം ബാധിക്കുക സ്‌മോള്‍ ക്യാപുകളെയാണെന്നകാര്യം ഓര്‍ക്കുക. അതുകൊണ്ടുതന്നെ തകര്‍ച്ചകളില്‍ താല്‍ക്കാലികമായിട്ടണെങ്കിലും നഷ്ടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനെ അതിജീവിക്കാന്‍ (അപ്രതീക്ഷിത ആവശ്യങ്ങള്‍ക്കായി) എമര്‍ജന്‍സി ഫണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടെന്ന് ഉറപ്പാക്കുക.
പ്രകടനം വിലയിരുത്തുക: നിക്ഷേപങ്ങളുടെ പ്രകടനം പതിവായി നിരീക്ഷിക്കേണ്ടതുണ്ട്. സ്വന്തം സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങള്‍, നിക്ഷേപ ലക്ഷ്യങ്ങള്‍, വിപണി സാഹചര്യം എന്നിവ അടിസ്ഥാനമാക്കി ആവശ്യമെങ്കില്‍ മാറ്റംവരുത്തേണ്ടത് പ്രധാനമാണ്. ആഗ്രഹിക്കുന്ന തരത്തില്‍ ആസ്തി വിഭജനം നിലനിര്‍ത്താന്‍ പോര്‍ട്ട്‌ഫോളിയോ ഇടക്കിടെ സന്തുലിതമാക്കുക.
നിക്ഷേപ തന്ത്രം: നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടുകളുടെ നിക്ഷേപ സ്ട്രാറ്റജി പരിശോധിക്കുന്നതും നല്ലതാണ്. ക്വാണ്ടിറ്റേറ്റീവ് നിക്ഷേപ തന്ത്രമാണ് ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് പിന്തുടരുന്നത്. ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോ ടേണോവര്‍ അനുപാതം പരിശോധിച്ചാല്‍ അത് ബോധ്യമാകും. നിക്ഷേപിക്കുന്ന ഓഹരികളിലെ അടിക്കടിയുള്ള മാറ്റമാണ് ഈ അനുപാതം വ്യക്തമാക്കുന്നത്. ഉയര്‍ന്ന പോര്‍ട്ട്‌ഫോളിയോ ടേണോവര്‍ അനുപാതമുള്ള ഒരു ഫണ്ട് ഹൗസില്‍ എല്ലാ നിക്ഷേപങ്ങളും ക്രമീകരിക്കുമ്പോള്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
മുകളില്‍ വിശദമാക്കിയ കാര്യങ്ങള്‍ പരിഗണിച്ചുവേണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍. ചോദ്യത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഫണ്ടിനെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഈ മറുപടി തയ്യാറാക്കിയിട്ടുള്ളത്. വിദഗ്‌ധോപദേശത്തോടെ മാത്രം നിക്ഷേപം നടത്തുക.
antonycdavis@gmail.com
Content Highlights: Can an Investment of 20 Lakhs Yield 75 Lakhs in Five Years?
Published: 04 May 2024, 12:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented