ടാറ്റ ഗ്രൂപ്പിലെ ദീർഘകാല പരിചയം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, ടാറ്റ സ്റ്റീലിന്റെ വിജയകരമായ തിരിച്ചുവരവ് എന്നിവ നരേന്ദ്രന് അനുകൂല ഘടകങ്ങളാണ്. സൗരഭ് അഗർവാൾ, ശൈലേഷ് ചന്ദ്ര എന്നിവരും സാധ്യതാപട്ടികയിലുണ്ട്.

ടാറ്റ സൺസിന്റെ മേധാവിയായി മലയാളിയായ ടി.വി. നരേന്ദ്രനെ നിയമിക്കുമോ? ഇതുസംബന്ധിച്ച ചർച്ചകൾ വ്യവസായ ലോകത്ത് ശക്തമാണ്. കാലാവധി തീരുമ്പോൾ സ്ഥാനമൊഴിയുമെന്ന് നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ നരേന്ദ്രന് സാധ്യതയേറി. നിലവിൽ ടാറ്റ സ്റ്റീലിന്റെ എം.ഡിയും സി.ഇ.ഒ.യുമാണ് അദ്ദേഹം.
ടാറ്റ ഗ്രൂപ്പിലെ ദീർഘകാല പരിചയം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, ടാറ്റ സ്റ്റീലിന്റെ വിജയകരമായ തിരിച്ചുവരവ് എന്നിവ നരേന്ദ്രന് അനുകൂല ഘടകങ്ങളാണ്. സൗരഭ് അഗർവാൾ, ശൈലേഷ് ചന്ദ്ര എന്നിവരും സാധ്യതാപട്ടികയിലുണ്ട്. ടാറ്റ സൺസിന്റെ ആർട്ടിക്കിൾ 118 പ്രകാരം രൂപീകരിക്കുന്ന അഞ്ചംഗ സമിതിയാകും അടുത്ത ചെയർമാനെ തീരുമാനിക്കുന്നത്.
ടാറ്റയുടെ സ്വന്തം 'മാൻ ഓഫ് സ്റ്റീൽ'
ടാറ്റ ഗ്രൂപ്പിനുള്ളിൽ തന്നെ വളർന്നുവന്ന വ്യക്തിയെന്ന നിലയിൽ ടി.വി. നരേന്ദ്രന് വലിയ സ്വീകാര്യതയുണ്ട്.
- തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എൻ.ഐ.ടി.) നിന്ന് ബിരുദം നേടിയ അദ്ദേഹം കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) നിന്ന് എം.ബി.എ. പൂർത്തിയാക്കി.
- 1988-ൽ ടാറ്റ സ്റ്റീലിൽ ചേർന്നു. മാർക്കറ്റിങ്, സെയിൽസ്, ഇന്റർനാഷണൽ ട്രേഡ്, സപ്ലൈ ചെയിൻ, പ്ലാനിങ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു.
- 2013-ൽ ടാറ്റ സ്റ്റീൽ ഇന്ത്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും എം.ഡിയായി. 2017-ൽ കമ്പനിയുടെ ഗ്ലോബൽ സി.ഇ.ഒ. സ്ഥാനത്തെത്തി.
എന്തുകൊണ്ട് ടി.വി. നരേന്ദ്രൻ?
- കരിയർ കാലം മുഴുവൻ ടാറ്റ ഗ്രൂപ്പിലാണ് അദ്ദേഹം ചെലവഴിച്ചത്. നിലവിലെ ചെയർമാൻ എൻ. ചന്ദ്രശേഖരനും സമാനമായ രീതിയിൽ ടാറ്റയിൽ നാലു പതിറ്റാണ്ടോളം പ്രവർത്തിച്ച വ്യക്തിയാണ്. ഗ്രൂപ്പിന്റെ മൂല്യങ്ങളും പ്രവർത്തനശൈലിയും നന്നായി അറിയാവുന്ന ഒരാൾ നേതൃത്വത്തിൽ വരുന്നത് പ്രവർത്തനങ്ങളിൽ തുടർച്ച ഉറപ്പാക്കും.
- 2017-ൽ ടാറ്റ സ്റ്റീൽ വൻ കടബാധ്യതയും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും നേരിടുമ്പോഴാണ് അദ്ദേഹം ചുമതലയേറ്റത്. ചുമതലയേറ്റ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സ്റ്റീൽ പ്ലാന്റിലുണ്ടായ സ്‌ഫോടനം അദ്ദേഹം സമർഥമായി കൈകാര്യം ചെയ്തു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഖനികൾ പൂട്ടേണ്ടി വന്നപ്പോൾ അയിര് ഇറക്കുമതി ചെയ്ത് ഉത്പാദനം തുടരാൻ അദ്ദേഹം നേതൃത്വം നൽകി.
- നരേന്ദ്രന്റെ നേതൃത്വത്തിൽ ടാറ്റ സ്റ്റീൽ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കി. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റീൽ കമ്പനിയായി ടാറ്റ സ്റ്റീൽ മാറി. യുകെയിലെയും നെതർലാൻഡ്‌സിലെയും പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ പുനർനിർമാണം നടത്തി. കമ്പനിയുടെ അറ്റാദായം 11.6 ശതമാനം വർധിച്ച് 2,318.4 കോടി രൂപയിലെത്തി.
- ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായ നോയൽ ടാറ്റയുമായി നരേന്ദ്രന് അടുത്ത ബന്ധമുണ്ട്. ചെയർമാൻ തിരഞ്ഞെടുപ്പിൽ ടാറ്റ ട്രസ്റ്റുകൾക്കുള്ള സ്വാധീനം നരേന്ദ്രന് ഗുണകരമായേക്കാം.
സാധ്യതാപട്ടികയിലെ മറ്റുള്ളവർ
|
| നിലവിലെ പദവി |
|---|---|
| സൗരഭ് അഗർവാൾ | സിഎഫ്ഒ (CFO), ടാറ്റ സൺസ് |
| ശൈലേഷ് ചന്ദ്ര | എംഡി & സിഇഒ, ടാറ്റ മോട്ടോഴ്‌സ് |
| പി. വെങ്കിടേശലു | സിഇഒ, ട്രെന്റ് (Trent) |
| ഹരീഷ് ഭട്ട് | ബ്രാൻഡ് കസ്റ്റോഡിയൻ, ടാറ്റ സൺസ് |
നോയൽ ടാറ്റ വരുമോ?
രത്തൻ ടാറ്റയ്ക്ക് ശേഷം ഇടക്കാലത്തേക്ക് നോയൽ ടാറ്റ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ടാറ്റ സൺസിന്റെ പുതിയ വ്യവസ്ഥകൾ പ്രകാരം ഒരാൾക്ക് ഒരേസമയം ടാറ്റ ട്രസ്റ്റിന്റെയും ടാറ്റ സൺസിന്റെയും ചെയർമാനാകാൻ കഴിയില്ല.
Content Highlights: N Chandrasekaran's upcoming tenure end sparks succession discussions at Tata Sons., Tata Steel MD and CEO TV Narendran emerges as a strong contender., Key factors include decades of Tata experience, successful turnaround of Tata Steel, and crisis management., Other potential candidates include Saurabh Agrawal and Shailesh Chandra., Final decision rests on a five-member committee per Tata Sons Article 118.
Published: 13 Aug 2026, 05:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented