പഞ്ചനക്ഷത്ര ഹോട്ടലിലെ ബ്യൂട്ടി സലൂണില് ഹെയര്കട്ടിനായി പോയ പരാതിക്കാരിയുടെ മുടി അവര് ആവശ്യപ്പെട്ടതിലും അധികം നീളം കുറച്ച് വെട്ടിയതാണ് തര്ക്കത്തിന് കാരണമായത്.

മോശം ഹെയർ കട്ടിന് സലൂണിന് നൽകേണ്ടിവന്നത് വൻ നഷ്ടപരിഹാരം. എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. അശ്രദ്ധമായി മുടിമുറിച്ചതുമൂലം ആത്മവിശ്വാസവും കരിയറും തകർന്നുവെന്ന പരാതിക്കാരിയുടെ വാദം കോടതി ഭാഗികമായി അംഗീരിക്കുകയായിരുന്നു. 5.2 കോടി രൂപ നഷ്ടപരിഹാരമായിരുന്നു യുവതി ആവശ്യപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം നൽകാൻ തക്കതായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.
സംഭവം
2018 ഏപ്രിൽ 12-ന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ബ്യൂട്ടി സലൂണിൽ ഹെയർകട്ടിനായി പോയ പരാതിക്കാരിയുടെ മുടി അവർ ആവശ്യപ്പെട്ടതിലും അധികം നീളം കുറച്ച് വെട്ടിയതാണ് തർക്കത്തിന് കാരണമായത്.
കൽക്കട്ട ഐ.ഐ.എമ്മിൽ നിന്ന് മാനേജ്മെന്റ് ബിരുദാനന്തര ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയും നേടിയ വ്യക്തിയാണ് പരാതിക്കാരി. 2021 സെപ്റ്റംബറിൽ ഉപഭോക്തൃ കമ്മീഷൻ സലൂണിന് സേവനത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തുകയും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു.
ഉത്തരവിനെതിരെ ഹോട്ടൽ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വർഷങ്ങൾ നീണ്ട വ്യവഹാരത്തിന് തുടക്കമായത്. സുപ്രീം കോടതി കേസ് പുനഃപരിശോധനയ്ക്കായി ഉപഭോക്തൃ കമ്മീഷന് തന്നെ തിരിച്ചയച്ചു. രണ്ടാമത്തെ ഘട്ടത്തിൽ പരാതിക്കാരി തന്റെ ക്ലെയിം 5.2 കോടി രൂപയായി ഉയർത്തി. എങ്കിലും കമ്മീഷൻ വീണ്ടും രണ്ട് കോടി രൂപ തന്നെ നഷ്ടപരിഹാരമായി വിധിച്ചു. ഇതിനെത്തുടർന്നാണ് ഹോട്ടൽ വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
പരാതിക്കാരിയുടെ വാദങ്ങൾ
ഒരു സ്ത്രീയുടെ മുടിയുടെ നീളവും സ്‌റ്റൈലും അവരുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോശം ഹെയർകട്ട് കാരണം കോർപ്പറേറ്റ് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നുമായിരുന്നു അവരുടെ വാദം. ഇത് കാരണം 2018 ജൂണിൽ ജോലി രാജിവെക്കേണ്ടി വന്നതായി അവർ കോടതിയെ ബോധിപ്പിച്ചു.
മോഡലിംഗ്, സിനിമ മേഖലകളിൽ ലഭിക്കുമായിരുന്ന അവസരങ്ങൾ ഇതോടെ ഇല്ലാതായതായും അവർ പറഞ്ഞു. ഈ സംഭവം തന്നെ കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നും അവർ കോടതിയെ അറിയിച്ചു. തനിക്ക് ലഭിച്ച സിനിമാ, മോഡലിംഗ് ഓഫറുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാൻ സലൂൺ അധികൃതർ ഏജൻസികളെ ക്രോസ് വിസ്താരം ചെയ്തില്ലെന്നും അവർ വാദിച്ചു.
സുപ്രീം കോടതിയുടെ നിരീക്ഷണം
സുപ്രീം കോടതി കേസ് വിശകലനം ചെയ്യുകയും ഉപഭോക്തൃ കമ്മീഷൻ വിധിച്ച രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം അധികമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനുള്ള പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
തെളിവുകളുടെ അഭാവം
പരാതിക്കാരി ഹാജരാക്കിയ രേഖകൾ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ മാത്രമായിരുന്നു. രേഖകളുടെ ആധികാരികത തെളിയിക്കാൻ അവയുടെ യഥാർത്ഥ പകർപ്പുകളോ അല്ലെങ്കിൽ ബന്ധപ്പെട്ട സാക്ഷികളെയോ ഹാജരാക്കാൻ കഴിഞ്ഞില്ല. ഫോട്ടോസ്റ്റാറ്റ് പകർപ്പുകളെ മാത്രം അടിസ്ഥാനമാക്കി കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നൽകുന്നത് യുക്തിസഹമല്ലെന്ന് കോടതി നിരീക്ഷിച്ചു.
വരുമാന നഷ്ടം തെളിയിക്കാനായില്ല
പരാതിക്കാരി 5.2 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സംഭവത്തിന് മുൻപും ശേഷവുമുള്ള തന്റെ വരുമാനം വ്യക്തമാക്കുന്ന ഇൻകം ടാക്‌സ് റിട്ടേണുകൾ ഹാജരാക്കാൻ അവർ തയ്യാറായില്ലെന്ന് സലൂണിന്റെ അഭിഭാഷകൻ വാദിച്ചു. ഇത് കോടതി കണക്കിലെടുത്തു.
അനുമാനം മാത്രം പോര
നഷ്ടപരിഹാരം എന്നത് കേവലം അനുമാനങ്ങളുടെയോ വ്യക്തിപരമായ താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ നൽകേണ്ട ഒന്നല്ല. സേവനത്തിലെ പോരായ്മ മൂലം യഥാർത്ഥത്തിൽ എത്രത്തോളം നഷ്ടം സംഭവിച്ചു എന്ന് തെളിയിക്കുന്ന വിശ്വസനീയമായ തെളിവുകൾ ഉണ്ടാവണം.
ഉപഭോക്തൃ കമ്മീഷന്റെ പിശക്
രേഖകളുടെ അസ്സൽ കൈവശം വെക്കാൻ പരാതിക്കാരിക്ക് സാധിച്ചില്ല എന്ന കമ്മീഷന്റെ നിരീക്ഷണം അത്തരം വലിയൊരു തുക നഷ്ടപരിഹാരമായി നൽകാൻ മതിയായ കാരണല്ലെന്ന് കോടതി വ്യക്തമാക്കി. നഷ്ടം കണക്കാക്കുന്നതിൽ കമ്മീഷൻ പിശക് വരുത്തിയതായും കോടതി വിലയിരുത്തി.
Content Highlights: A woman was awarded ₹25 lakh by the Supreme Court for a bad haircut at a luxury salon., Her initial claim was for ₹5.2 crore, and the consumer commission had previously awarded ₹2 crore., The Supreme Court reduced the compensation due to a lack of concrete evidence of career and income loss., The case highlights the importance of providing solid proof for high-value compensation claims in consumer disputes.
Published: 05 Mar 2026, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented