മുംബൈ: നിർമിതബുദ്ധി മേഖലയിലെ കിടമത്സരത്തിനിടയിൽ കഴിവും മികവുമുള്ള എൻജിനിയർമാരെ കണ്ടെത്തുന്നതും നിലനിർത്തുന്നതും ടെക് കമ്പനികൾക്ക് കനത്ത വെല്ലുവിളിയാണ്. കൂടുതൽ പ്രതിഫലം കിട്ടുന്നിടത്തേക്ക് പരിചയസമ്പന്നർ അവസരം കിട്ടിയാൽ ചേക്കേറും.

To advertise here,

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഇത്തരത്തിൽ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞയാഴ്ച നിർമിത ബുദ്ധി (എ.ഐ.) പ്ലാറ്റ്‌ഫോമായ ജെമിനിയിലെയും എ.ഐ. റിസർച്ച് പ്ലാറ്റ്‌ഫോമായ ഡീപ് മൈൻഡിലെയും മുതിർന്ന രണ്ട് എൻജിനിയർമാർ രാജിവെച്ചിരുന്നു. ഇത് കമ്പനിയുടെ വിപണിമൂല്യത്തിൽ കനത്ത തകർച്ചയുണ്ടാക്കുകയുംചെയ്തു. പ്രശ്‌നം ഇവിടെ തീരുന്നില്ല. രണ്ട് എൻജിനിയർമാർ കൂടി രാജിവെക്കുകയാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരാഴ്ചയ്ക്കിടെ എ.ഐ. മേഖലയിൽ സുപ്രധാന ചുമതലകളിലുള്ള നാലു പേരാണ് ആൽഫബെറ്റ് വിട്ടത്.

ഇവരുടെ രാജിയിൽ ഒരാഴ്ചയ്ക്കിടെ ഗൂഗിളിന്റെ വിപണിമൂല്യത്തിൽ 25 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ടു ജോലിക്കാർ രാജിവെച്ചതിന്റെ പേരിൽ ഏതെങ്കിലും കമ്പനിയുടെ മൂല്യത്തിൽ ഒറ്റയടിക്ക് ഇത്രയുംതുക നഷ്ടമാകുന്നത് ആദ്യമായിട്ടാകും. ഇപ്പോഴിതാ, ഗൂഗിൾ നിർമിതബുദ്ധി പ്ലാറ്റ്‌ഫോമായ ജെമിനിയിലെ പ്രധാന ഡിവലപ്പർമാരായ ജൊനാസ് അഡ് ലെർ, അലക്‌സാണ്ടർ പ്രിറ്റ്‌സെൽ എന്നിവർകൂടി ആന്ത്രോപികിലേക്കു പോകുകയാണ്. ഇതിൽ അഡ് ലർ എ.ഐ. കോഡിങ്ങിലും പ്രിറ്റ്‌സൽ നിർമിതബുദ്ധി സംവിധാനത്തെ പരിശീലിപ്പിക്കുന്നതിലും ചുമതലയുള്ളവരാണ്.

ജെമിനിയുടെ കോ ലീഡ് നോം ഷാസീർ ജൂൺ 18 -നും ഗവേഷണ പ്ലാറ്റ്‌ഫോമായ ഡീപ് മൈൻഡിലെ ശാസ്ത്രജ്ഞനായ ജോൺ ജംപർ 20-നുമാണ് രാജി നൽകിയത്. നോം ഷാസീർ ജെമിനിയുടെ എതിരാളികളായ ഓപ്പൺ എ.ഐ.യിലേക്കാണു ചേക്കേറിയതെങ്കിൽ ജോൺ ജംപർ ആന്ത്രോപികിലേക്കാണ് പോകുന്നത്. 2017 - ൽ 'ട്രാൻസ്‌ഫോർമർ' എന്ന ഡിസൈൻപേപ്പർ തയ്യാറാക്കിയ ശാസ്ത്രജ്ഞരിലൊരാളാണ് നോം ഷാസീർ. ഇന്നത്തെ എ.ഐ. സംവിധാനങ്ങളെല്ലാം ഈ ഡിസൈനിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതാണ് അദ്ദേഹത്തിന്റെ പ്രാധാന്യവും. 2024 -ൽ 270 കോടി ഡോളർ ചെലവിട്ടാണ് നോം ഷാസീറിനെ ഗൂഗിൾ ജെമിനിയിലെത്തിച്ചത്. അദ്ദേഹം സഹസ്ഥാപകനായ ക്യാരക്ടർ.എ.ഐ.യും ഗൂഗിളും ധാരണയുണ്ടാക്കിക്കൊണ്ടായിരുന്നു ഇത്.

2024 -ലെ രസതന്ത്ര നൊബേൽ ജേതാവാണ് ജോൺ ജംപർ. ഡീപ് മൈൻഡിൽ ഒൻപതു വർഷമായി പ്രവർത്തിച്ചു വരുകയായിരുന്നു അദ്ദേഹം. ഡീപ്മൈൻഡിലെ സഹപ്രവർത്തകരായ ഡെമിസ് ഹസാബിസ്, ഡേവിഡ് ബേക്കർ എന്നിവർക്കൊപ്പമാണ് ജോൺ ജംപറിന് നൊബേൽ ലഭിച്ചത്. ഗൂഗിളിന്റെ ആൽഫാഫോൾഡിൽ പ്രോട്ടീൻ ഘടന പ്രവചിക്കുന്ന എ.ഐ. സൃഷ്ടിക്കാനുള്ള ടീമിനെ നയിച്ചിരുന്നത് ജോൺ ആയിരുന്നു. ഗൂഗിൾ ജെമിനി ഇതുവരെ കാണിച്ച മികവിനു പിന്നിൽ ഇരുവർക്കും നിർണായകസ്ഥാനമുണ്ട്. എ.ഐ. ടീമിലെ മിടുക്കരെ നിലനിർത്താനാകാത്തതും ഗൂഗിളിന്റെ മൂല്യത്തിൽ ഇടിവിനു കാരണമായിട്ടുണ്ട്.