കൊച്ചി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ നിർമാണ മേഖലയിൽ കനത്ത വെല്ലുവിളിയാകുന്നു. നിലവിലെ സാഹചര്യത്തിൽ നിർമാണ പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്കയിലാണ് ബിൽഡർമാർ. നിർമാണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ ദേശീയ കൂട്ടായ്മയായ ക്രെഡായ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തൽ.
സർവേയുടെ ഭാഗമായ 95 ശതമാനം ബിൽഡർമാരും പദ്ധതികളിൽ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാരും റിസർവ് ബാങ്കും അടിയന്തര ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ പദ്ധതികളിലെ കാലതാമസം ഉറപ്പായിരിക്കുമെന്നാണ് ബിൽഡർമാർ പറയുന്നത്.
തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികൾ, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിർമാണച്ചെലവിലെ വർധന, ഉപഭോക്തൃ ആവശ്യകതയിലെ കുറവ് തുടങ്ങിയവയാണ് ഡെവലപ്പർമാർ ഉയർത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളികൾ.
ആദ്യ തരംഗത്തെക്കാൾ, കോവിഡ് രണ്ടാം തരംഗം മേഖലയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായാണ് സർവേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹർഷ് വർധൻ പട്ടോഡിയ പറഞ്ഞു.
സർവേയിൽ 90 ശതമാനം ഡെവലപ്പർമാരും ഈ അഭിപ്രായം പങ്കുവെച്ചു. ഉപഭോക്താക്കൾ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള തീരുമാനം മാറ്റിവെക്കാൻ കോവിഡ് പ്രതിസന്ധി കാരണമായിട്ടുണ്ടെന്നും പേമെന്റുകൾ വൈകുന്നതായും സർവേ വ്യക്തമാക്കുന്നു.
2021 മേയ് 24-നും ജൂൺ മൂന്നിനും ഇടയിലാണ് ക്രെഡായ് സർവേ നടത്തിയത്. 217 നഗരങ്ങളിൽ നിന്നുള്ള 4,813 ഡെവലപ്പർമാർ സർവേയിൽ പങ്കെടുത്തു.
വിലക്കയറ്റം രൂക്ഷം
സ്റ്റീൽ, സിമന്റ്, കമ്പി ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 50 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ് പറഞ്ഞു. ഭാവിയിൽ പ്രോപ്പർട്ടികളുടെ വിലയിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും നിർമാണച്ചെലവ് അത്രമാത്രം കൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാല വിലക്കയറ്റം നിർമാണച്ചെലവിൽ 10 ശതമാനത്തിലധികം വർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ.
പ്രധാന കണ്ടെത്തലുകൾ
• സൈറ്റുകളിൽ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്നതായി 92 ശതമാനം പേർ അഭിപ്രായപ്പെട്ടു.
• 83 ശതമാനം ഡെവലപ്പർമാരും പകുതിയിൽ താഴെ തൊഴിലാളികളുമായാണ് പ്രവർത്തിക്കുന്നത്.
• 82 ശതമാനം ഡെവലപ്പർമാർ പദ്ധതി അംഗീകാരത്തിനുള്ള കാലതാമസം നേരിടുന്നു.
• 77 ശതമാനം ഡെവലപ്പർമാർ നിലവിലുള്ള വായ്പകളുടെ സേവനത്തിൽ പ്രശ്നങ്ങൾ നേരിടുന്നു
• ഉപഭോക്തൃ അന്വേഷണങ്ങൾ 75 ശതമാനം കുറഞ്ഞു.
നിർദേശങ്ങൾ
• ഒറ്റത്തവണ ലോൺ പുനഃക്രമീകരിക്കൽ
• പണലഭ്യത ഉറപ്പാക്കൽ
• റെയിൽ പദ്ധതികളുടെ പൂർത്തീകരണത്തിന് ആറു മാസത്തെ സമയ ദൈർഘ്യം നൽകൽ
• സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്
• വായ്പാ മൊറട്ടോറിയം
• എസ്.എം.എ. ക്ലാസിഫിക്കേഷൻ ഒരു വർഷത്തേക്ക് നിർത്തിെവയ്ക്കൽ
• നിർമാണ സാമഗ്രികളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികൾ
• പദ്ധതി അംഗീകാരത്തിനും നിർമാണ തുടക്കത്തിനും സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം
Published: 12 Jun 2021, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented