
കോഴിക്കോട്: “റേഷൻ ബുക്ക് അച്ചടിക്കുന്നതായിരുന്നു ജോലി. മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലേക്കുള്ള ബുക്ക് ഇവിടെനിന്ന് കയറിപ്പോയിട്ടുണ്ട്. 1985-ൽ തുടങ്ങിയ സ്ഥാപനമാണ്. ഇന്ന് 80,000 രൂപ വിലയുള്ള ലെഡ്ജറുകൾ 3000 രൂപയ്ക്ക് കടലാസുവിലയ്ക്ക് തൂക്കി വിൽക്കേണ്ടിവന്ന ഗതികേടിലാണ് ഞാൻ. വിഷമമുണ്ട്. ഇത്ര ഗതികേടുള്ള കാലം മുമ്പുണ്ടായിട്ടില്ല...”-കല്ലായിയിൽ നിന്ന് കിഴക്കോട്ടുള്ള റോഡിൽ ഷിംന ബുക്ക് ഡിപ്പോ നടത്തുന്ന കടുങ്ങോത്തുപറമ്പ് പുതിയപുരയിൽ രമേശൻ നെടുവീർപ്പോടെ പറഞ്ഞു.
ഷിംന പ്രിന്റേഴ്‌സ് നേരത്തേതന്നെ പൂട്ടിയതാണ്. നാലുപേർ ജോലി ചെയ്തിരുന്ന സ്ഥാപനമാണ്. ഓഫ്‌സെറ്റിന്റെയും മിനി ഓഫ്‌സെറ്റിന്റെയും ഡി.ടി.പി.യുടെയും ഒക്കെ കാലത്ത് പിടിച്ചുനിൽക്കാനായില്ല. പഴയ പ്രസ്സും ഉപകരണങ്ങളും ഇരുമ്പുവിലയ്ക്ക് വിൽക്കേണ്ടിവന്നു. കോവിഡ് കാലത്ത് പ്രസ്സുകൾ പ്രവർത്തിക്കാതായതോടെ ബൈൻഡു ചെയ്യിക്കാനും മറ്റും ആരും വരാതായി. ആരെങ്കിലും വന്നാൽ വിളിക്കട്ടെയെന്നു കരുതി അടച്ചിട്ട സ്ഥാപനത്തിനു പുറത്ത് മൊബൈൽ നമ്പർ എഴുതിവെച്ചിരിക്കുകയാണ്, രമേശൻ. ജീവിതത്തിൽ ശീലിച്ച കാര്യമായതിനാൽ എന്നും രാവിലെ കുളിച്ചൊരുങ്ങിവന്ന് പ്രസ്സിൽ വിളക്കുകത്തിക്കും ഈ അറുപത്തിമൂന്നുകാരൻ. പിന്നെ കല്ലായി റെയിൽവേ സ്റ്റേഷനു പിന്നിലെ വീട്ടിലേക്ക് പോവും. ഉച്ചകഴിഞ്ഞ് വീണ്ടും സ്ഥാപനത്തിലേക്ക് വരും. കാര്യമൊന്നുമുണ്ടായിട്ടല്ല-അല്ലാതെങ്ങോട്ട് പോകാൻ! ഇത് ഒരാളുടെമാത്രം കാര്യമല്ല.
കുതിരവട്ടം ദേശപോഷിണി വായനശാലയ്ക്കടുത്താണ് പ്രശാന്തിന്റെ വീട്. പ്രശാന്ത് പ്രിന്റേഴ്‌സ് പാളയത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ്. ഇനി അദ്ദേഹംതന്നെ പറയട്ടെ: ‘‘ഈ രംഗത്തുള്ളവർ നശിച്ച് നാറാണക്കല്ല് പിടിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ചെറുകിട പ്രിന്റിങ് രംഗത്ത് പൊതുവേ മാന്ദ്യമാണ്. മൊത്തത്തിൽ എല്ലാ വിപണിയിലും മാന്ദ്യമാണല്ലോ. കംപ്യൂട്ടറൈസേഷൻ വന്നതോടെ ഞങ്ങളുടെ പ്രതിസന്ധി തുടങ്ങി...പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സ്ഥാപനം പൂട്ടി...”
സാമൂഹികമാധ്യമങ്ങൾ വ്യാപകമായതോടെ നോട്ടീസിന്റെയും ബ്രോഷറിന്റെയും ഒന്നും ആവശ്യമില്ലാതെ വിവരങ്ങൾ പ്രചരിപ്പിക്കാൻ കഴിയുന്നു. വിവാഹ ക്ഷണക്കത്തുകൾ അടിക്കാൻ ആരുമെത്തുന്നില്ല. വിസിറ്റിങ് കാർഡുപോലും ഇപ്പോൾ ആരും അച്ചടിപ്പിക്കുന്നില്ല. പൊതുപരിപാടികളില്ലാത്തതിനാൽ അറിയിപ്പുകൾ ഇല്ല. രസീത് ബുക്കില്ല. മുമ്പ് 12 ജീവനക്കാരുണ്ടായിരുന്ന പാളയത്തെ പ്രശാന്ത് പ്രിന്റേഴ്‌സിന് താഴുവീഴുന്നത്് ഈ സാഹചര്യത്തിലാണ്. പ്രസ്സും ഉപകരണങ്ങളും വിറ്റു.
പ്രതിസന്ധിയുടെ ദുരിതവൃത്താന്തങ്ങൾ തീരുന്നില്ല- ഫ്രണ്ട്‌സ് ശശിയെപ്പോലെ പലരും... ജില്ലയിൽ ഈ വർഷം പൂട്ടിയത് 18 പ്രസ്സുകളാണ്. നഗരത്തിൽത്തന്നെ ആറെണ്ണം. ഇഴഞ്ഞും മുടന്തിയും മുന്നോട്ട് പോകുന്നവയും ഏറെ.
പ്രതിസന്ധിയുടെ ആഴം
കടലാസിന്റെ വില കൂടിയത്- കിലോയ്ക്ക് 60 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 75-80 രൂപയായി. കേരളത്തിലെ പേപ്പർ മില്ലുകൾ പലതും പൂട്ടി. കടലാസിന് ദൗർലഭ്യമുണ്ട്. കേരളത്തിൽ 90,000 പേർ ജോലിചെയ്യുന്ന ഈ മേഖലയ്ക്കായി സർക്കാർ കാര്യമായ സാമ്പത്തിക സഹായം നൽകിയില്ല. രണ്ടര വർഷമായി അച്ചടിനിരക്കിൽ വർധനയുണ്ടായില്ല. അച്ചടിമഷിയും രാസ
വസ്തുക്കളും ഉൾപ്പെടെ അസംസ്‌കൃതവസ്തുക്കളുടെ വിലയും കൂടി.
പരിഹാരമെന്ത് ?
സർക്കാർ നൽകുന്ന അച്ചടിജോലികൾ പുറംകരാർ നൽകാതെ ചെറുകിട പ്രസ്സുകൾക്ക് നൽകുക. പ്രസ്സുടമകൾക്ക് പലിശരഹിത വായ്പ അനുവദിക്കുക, നിലവിലുള്ള വായ്പകൾക്ക് തിരിച്ചടവിൽ സാവകാശവും ഇളവുമനുവദിക്കുക. ക്ഷേമപദ്ധതികളിൽ പ്രസ്സ് ഉടമകളെയും ജീവനക്കാരെയും ഉൾപ്പെടുത്തുക. വില കൂടിയ പേപ്പർ വാങ്ങുമ്പോൾ നിശ്ചിത നിരക്കിൽ സർക്കാർ സബ്‌സിഡി അനുവദിക്കുക. തമിഴ്‌നാട്ടിലേതുപോലെ സർക്കാർ പിന്തുണ ഈ ചെറുകിട സംരംഭങ്ങൾക്ക് നൽകുക. ജി.എസ്.ടി.ഏകീകരിക്കുക.
സംസ്ഥാനത്ത് ആകെ പ്രസ്സുകൾ : 4008. ജില്ലയിൽ - 406 (ബൈന്റിങ് സ്ഥാപനങ്ങൾ ഉൾപ്പെടെ - 517). കോഴിക്കോട് ജില്ലയിലെ ജീവനക്കാർ- 17,600 (ജനുവരിയിലെ കണക്ക്)
Published: 11 Sept 2020, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented