കൊച്ചി: യുഎസ് കേന്ദ്രമായുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്‌സ്റ്റോണിൽനിന്ന് കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്ക് 6,196.51 കോടി രൂപ സമാഹരിക്കുന്നു. മുൻഗണനാ ഓഹരികളുടെ വിൽപ്പനയിലൂടെയാകുമിത്. ഫെഡറൽ ബാങ്ക് മൂലധന സമാഹരണത്തിനൊരുങ്ങുന്നതായി ചൊവ്വാഴ്ച ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.
പിന്നീട് ഓഹരിയാക്കാനാകുന്ന 27 കോടിയിലേറെ വാറന്റുകൾ പുറത്തിറക്കിക്കൊണ്ടാണ് മൂലധന സമാഹരണം. 227 രൂപ നിരക്കിലാണ് ഇത്.
ഇടപാട് പൂർത്തിയാകുന്നതോടെ ബ്ലാക്‌സ്റ്റോണിന് ഫെഡറൽ ബാങ്കിൽ 9.99 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ബ്ലാക്‌സ്റ്റോണിന്റെ ഒരു പ്രതിനിധിയെ നിയമിക്കാനും വ്യവസ്ഥയുണ്ട്. വെള്ളിയാഴ്ച ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ്, മൂലധന സമാഹരണത്തിന് അനുമതി നൽകി. ഓഹരിയുടമകളുടെ അനുമതി തേടാൻ നവംബർ 19-ന് അസാധാരണ പൊതുയോഗം വിളിച്ചിട്ടുണ്ട്. റിസർവ് ബാങ്ക്, കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ അനുമതിയും ആവശ്യമാണ്.
മൂലധന സമാഹരണം സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ, വെള്ളിയാഴ്ച ബാങ്കിന്റെ ഓഹരി വില 232.25 രൂപയിലെത്തി റെക്കോഡിട്ടു. ഒടുവിൽ, 227.40 രൂപയിലായിരുന്നു ക്ലോസിങ്. 55,906 കോടി രൂപയാണ് വിപണിമൂല്യം.
ബ്ലാക്‌സ്റ്റോണും കേരളവും
ബ്ലാക്‌സ്റ്റോണിന് മൂലധന നിക്ഷേപമുള്ള ക്വാളിറ്റി കെയർ എന്ന കമ്പനി 2023-ൽ തിരുവനന്തപുരം ആസ്ഥാനമായുള്ള ആശുപത്രി ശൃംഖലയായ കിംസ് ഹെൽത്തിന്റെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും കെയർ ഗ്രൂപ്പും കഴിഞ്ഞ വർഷം ലയിച്ച് ഒറ്റ കമ്പനിയായി മാറി. സോഫ്റ്റ്‌വേർ കമ്പനിയായ ഐബിഎസിലും ബ്ലാക്‌സ്റ്റോണിന് നേരത്തേ ഓഹരി പങ്കാളിത്തമുണ്ടായിരുന്നെങ്കിലും അത് പിന്നീട് വിറ്റു.
ബാങ്കുകളിലേക്ക് മൂലധനമൊഴുക്ക്
ബാങ്കിങ് രംഗത്ത് വിദേശ നിക്ഷേപം സമീപകാലത്തായി വൻതോതിൽ കൂടിയിട്ടുണ്ട്. കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സ് 2016-ൽ കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ (കാത്തലിക് സിറിയൻ ബാങ്ക്) 51 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ആർബിഎൽ ബാങ്കിന്റെ 60 ശതമാനം ഓഹരി 26,850 കോടി രൂപയ്ക്ക് എമിറേറ്റ്‌സ് എൻബിഡി സ്വന്തമാക്കുമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞയാഴ്ചയാണ്. യെസ് ബാങ്കിന്റെ 24 ശതമാനം ജപ്പാനിലെ എസ്എംബിസി സ്വന്തമാക്കിയത് ഏതാനും മാസം മുൻപാണ്.
Content Highlights: US private equity giant Blackstone to invest ₹6,196.51 crore in Federal Bank via preferential allotment, acquiring a 9.99% stake. Board approval received.
Published: 25 Oct 2025, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented