മുംബൈ: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുമ്പോള്‍ വമ്പന്‍മാര്‍ക്കും അടിതെറ്റി. രാജ്യത്തെ കോടീശ്വരന്മാരുടെ ആസ്തിയില്‍നിന്ന് കോടികളാണ് നഷ്ടമായത്.

രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളറാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ ആസ്തിയില്‍ 88.4 കോടി ഡോളറിന്റെയും കുറവുണ്ടായി. 

ഐടി രംഗത്തെ അസിം പ്രേംജിക്ക് 86.9 കോടി ഡോളറും പ്രമുഖ വ്യവസായ ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറുമാണ് നഷ്ടമായത്. ഉദയ് കൊട്ടക്, സണ്‍ഫാര്‍മയുടെ ദിലീപ് സാംഘ് വി തുടങ്ങിയവര്‍ക്കും നഷ്ടമായത് കോടികളാണ്. 

ഇവരുടെ കമ്പനികളുടെ ഓഹരിവിലകള്‍ വന്‍തോതില്‍ ഇടിഞ്ഞതാണ് ആസ്തികുറയാനിടയാക്കിയത്. 15 ദിവസത്തിനിടെയാണ് പ്രമുഖരുടെ സമ്പത്തില്‍ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി 12നുശേഷം 11 വ്യാപാരദിനങ്ങളിലായി 3000 പോയന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്. 

വൈറസ് ബാധയ്ക്കുശേഷം ഓഹരി നിക്ഷേപകര്‍ക്ക് മൊത്തം നഷ്ടമായതാകട്ടെ 11.52 ലക്ഷം കോടി രൂപയാണ്.

റിലയന്‍സ് ഗ്രൂപ്പിനെയാണ് ഓഹരി വിപണിയിലെ തകര്‍ച്ച കാര്യമായി ബാധിച്ചത്. ഫെബ്രുവരി 13നും 17നുമിടയില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ 53,706.40 കോടി രൂപയുടെ കുറവുണ്ടായി. സെന്‍സെക്‌സ് 1000 പോയന്റ് താഴ്ന്നപ്പോള്‍ റിലയന്‍സിന്റെ ഓഹരിവില 2.8 ശതമാനമാണ് ഇടിഞ്ഞത്.