
ഒപെക് സഖ്യ രാഷ്ട്രങ്ങള്‍ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം നീട്ടിയിട്ടും ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ചൈനയിലെ ഡിമാന്റില്‍ സ്ഥിരതയില്ലാത്തതും അമേരിക്കന്‍ എണ്ണയുടെ കൂടിയതോതിലുള്ള ഒഴുക്കുമാണ് കാരണം. ശമനമില്ലാത്ത ആഗോള സംഘര്‍ഷങ്ങളും എണ്ണയെ ബാധിച്ചു.
2022ന്റെ രണ്ടാം പകുതി മുതല്‍ എണ്ണയുടെ വിപണനം ബാരലിന് 97 ഡോളറിനും 65 ഡോളറിനും ഇടയില്‍ സമ്മര്‍ദ്ദം നേരിടുകയാണ്. ഉത്പാദനം ഡിമാന്റിനേക്കാള്‍ വര്‍ധിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം.
ഉത്പാദന വര്‍ധന നിയന്ത്രിക്കാനും വില പിടിച്ചു നിര്‍ത്താനുമായി ഒപെക് സഖ്യ രാഷ്ട്രങ്ങള്‍ 2023 ഏപ്രില്‍ മുതല്‍ ആരംഭിച്ച ഉത്പാദനം കുറയ്ക്കല്‍ തുടര്‍ന്നു വരികയാണ്. ഇതിനിടെ ആഗോള എണ്ണ ഉത്പാദനം ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ ഒപെക് സഖ്യ രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന യോഗത്തില്‍ ഇത് നടപ്പാക്കുന്നത് 2025 ജനുവരി വരെ നീട്ടിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒപെക് സഖ്യ രാഷ്ട്രങ്ങളുടെ ഉത്പാദനം സംബന്ധിച്ച നയങ്ങള്‍ ആഗോള എണ്ണ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാറുണ്ട്. ആഗോള എണ്ണ ഉത്പാദനത്തിന്റേയും കയറ്റുമതിയുടേയും വലിയ പങ്ക് കൈകാര്യം ചെയ്യുന്ന ഒപെക് സഖ്യ രാജ്യങ്ങള്‍, ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ വില വര്‍ധന ഉണ്ടാവുകയും ഉത്പാദനം കൂട്ടുമ്പോള്‍ വില കുറയുകയും ചെയ്യുകയാണ് പതിവ്.
ആഗോള വിപണിയില്‍ എത്ര എണ്ണ വില്‍ക്കണമെന്നു തീരുമാനിക്കുന്നതിന് ഒപെക് സഖ്യ രാജ്യങ്ങള്‍ പതിവായി യോഗം ചേരാറുണ്ട്. ഡിമാന്റ് കുറവു കാരണം ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിക്കുമ്പോള്‍ എണ്ണ വില കൂടും. എന്നാല്‍ ഡിമാന്റ് വര്‍ധിക്കുകയോ ഉത്പാദനം കാര്യമായി കുറയ്ക്കുകയോ ചെയ്തില്ലെങ്കില്‍ ക്രമേണ വിലകള്‍ താഴുന്നതായിട്ടാണ് കാണുന്നത്.
ചൈനയിലെ ഡിമാന്റ് കുറവാണ് എണ്ണ വിലയെ കാര്യമായി ബാധിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്താക്കളും വന്‍തോതിലുള്ള കയറ്റുമതിക്കാരും ആയതിനാല്‍ ആഗോള എണ്ണ വിപണിയില്‍ ചൈനയുടെ പങ്ക് നിര്‍ണ്ണായകമാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ എണ്ണ ഡിമാന്റ് ഗണ്യമായി കുറയുകയാണ്. ഈ വര്‍ഷം ചൈനയുടെ എണ്ണ ഡിമാന്റ് വളര്‍ച്ച പ്രതിദിനം 1,80,000 ബാരലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ശരാശരി 10 ലക്ഷം ബാരല്‍ വീതം ആയിരുന്നു. സാമ്പത്തിക വളര്‍ച്ചാ വേഗക്കുറവ്, വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം, അതിവേഗ റെയില്‍ ശൃംഖലകളുടെ വികസനം എന്നിവയാണ് കാരണങ്ങള്‍.
യുഎസ്, കാനഡ, ബ്രസീല്‍ തുടങ്ങിയ ഒപെക് ഇതര രാജ്യങ്ങളിലെ എണ്ണ ഉത്പാദനം വര്‍ധിച്ചതാണ് ആഗോള വിപണിയില്‍ എണ്ണ വിലയെ ബാധിച്ചത്. യുഎസിലെ ഉത്പാദനം റെക്കാഡ് ഉയരത്തിലാണ്. ഓഗസ്റ്റ് മാസം യുഎസിലെ എണ്ണ ഉത്പാദനം പ്രതിമാസം 13.4 മില്യണ്‍ ബാരല്‍ എന്ന റെക്കാര്‍ഡില്‍ എത്തി. ഇത് ലോക റെക്കാര്‍ഡു കൂടിയായിരുന്നു.
വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളും എണ്ണയുടെ ഡിമാന്റിനെ ബാധിക്കുന്നുണ്ട്. അവസാനിക്കാത്ത റഷ്യ-യുക്രെയിന്‍ യുദ്ധവും മധ്യ പൗരസ്ത്യ നാടുകളിലെ സംഘര്‍ഷവും ആഗോള സാമ്പത്തിക വളര്‍ച്ചയേയും അതുവഴി എണ്ണയുടെ ഡിമാന്റിനേയും ബാധിക്കുന്നു.
മിഡിലീസ്റ്റ് സംഘര്‍ഷം വഴി ഈ പ്രദേശത്തെ എണ്ണ ഉത്പാദന സംവിധാനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള തകരാറ് സംഭവിച്ചാല്‍ എണ്ണ വില വര്‍ധിക്കും. സംഘര്‍ഷത്തിന്റെ കാഠിന്യവും ഉത്പാദനം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മുഖ്യ ഉത്പാദകരുടെ പ്രതികരണവും അനുസരിച്ചായിരിക്കും വിലയിലെ ഏറ്റക്കുറച്ചിലുകള്‍.
സപ്ളെ-ഡിമാന്റ് ബലതന്ത്രം സന്തുലിതമായിരിക്കുന്നേടത്തോളം വിലയില്‍ വലിയ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല. യുഎസ് ഡോളറിലെ ചാഞ്ചാട്ടങ്ങള്‍, സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍, ആഗോള സംഘര്‍ഷങ്ങളിലുണ്ടാകാവുന്ന അയവ്, പ്രധാന ഉത്പാദകരുടെ നയങ്ങള്‍ എന്നീ ഘടകങ്ങള്‍ വരുംനാളുകളില്‍ എണ്ണ വിലയെ സ്വാധീനിക്കും.
Content Highlights: OPEC`s decision to delay increasing oil production has not significantly impacted global oil prices.
Published: 13 Nov 2024, 11:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented