വിദേശ വിപണിയിലും ഇന്ത്യയിലും 2025ൽ സ്വർണം റെക്കോഡ് മുന്നേറ്റം നടത്തി. ആഗോള വിപണിയിൽ 70 ശതമാനത്തോളം വർധന രേഖപ്പെടുത്തി ഔൺസിന് 4,500 ഡോളറിലെത്തിയ സ്വർണ വില ഒക്ടോബറിൽ തന്നെ ഔൺസിന് 4000 ഡോളർ പരിധി മറികടന്നിരുന്നു. വെള്ളിയാകട്ടെ 128 ശതമാനം കുതിപ്പോടെ ഔൺസിന് 80 ഡോളറും കടന്നു.

To advertise here,

ഇന്ത്യയിൽ കുതിപ്പ് കൂടുതൽ വേഗത്തിലായിരുന്നു. എംസിഎക്സിൽ 10 ഗ്രാമിന് വില 75,000 രൂപയിൽ നിന്ന് 1,39,000-1,40,000 രൂപ വരെയെത്തി. 78 ശതമാനം വർധന. വെള്ളി വിലയാകട്ടെ 144 ശതമാനം വർധിച്ച് കിലോയ്ക്ക് 2.5 ലക്ഷം രൂപയ്ക്കടുത്തെത്തി. ആഭ്യന്തര ചില്ലറ വിൽപന ശാലകളിലും ഈ വർധന പ്രതിഫലിച്ചു. സുരക്ഷിത ആസ്തി എന്ന നിലയിലുള്ള ഡിമാന്റും വ്യാവസായിക രംഗത്തെ വർധിച്ച ആവശ്യവും രൂപയുടെ മൂല്യ ശോഷണവുമാണ് എക്കാലത്തേയും വലിയ ഈ കുതിപ്പിലേക്കു നയിച്ചത്.

അസാധാരണമായ വർധന

സ്വർണ വിലയിലെ അസാധാരണമായ കുതിപ്പിനു പിന്നിൽ സാമ്പത്തിക കാരണങ്ങളും നിക്ഷേപക താൽപര്യവും ഉണ്ട്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കു കുറച്ചേക്കുമെന്ന പ്രതീക്ഷ യീൽഡ് കുറയാനിടയാക്കി. സ്വർണം വാങ്ങാനുള്ള ചെലവ് ഇതോടെ കുറഞ്ഞു. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകർക്ക് വാങ്ങൽ ചിലവ് കുറച്ചു. മിഡിലീസ്റ്റ് മുതൽ വെനിസ്വേല വരെ നീളുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സുരക്ഷിത ആസ്തി തേടാനുള്ള വ്യഗ്രത വർധിപ്പിച്ചു. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ തുടരുന്നതും ഇടിഎഫിലേക്കുള്ള ധനപ്രവാഹവും സ്ഥാപനങ്ങൾ ഡോളറിലുള്ള ആസ്തികൾ സ്വർണത്തിലേക്കു മാറ്റാൻ തുടങ്ങിയതുമെല്ലാം വിലക്കുതിപ്പിനു പ്രേരകമായിത്തീർന്നു.

ഇതിലും ആവേശത്തോടെയുള്ള മുന്നേറ്റമാണ് വെള്ളി വിലയിൽ ദൃശ്യമായത്. വർധിച്ച നിക്ഷേപക താൽപര്യവും വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാന്റുമായിരുന്നു ഇതിനു പിന്നിൽ. തുടർച്ചയായി അഞ്ചാം വർഷവും ഉൽപാദനത്തിൽ നേരിടുന്ന കമ്മി വിപണിയിൽ വെള്ളിയുടെ ലഭ്യത കുറച്ചു. ഇതോടൊപ്പം സോളാർ, വൈദ്യുത വാഹനങ്ങൾ, ഇലക്ട്രോണിക്സ്, എഐ മേഖലകൾക്കുള്ള ആവശ്യങ്ങൾ വർധിക്കുകയും ചെയ്തതോടെ ഉപഭോഗം റെക്കോഡുയരത്തിലെത്തി. യുഎസിന്റെ നിർണ്ണാക ലോഹ പട്ടികയിൽ ഉൾപ്പെടുകയും ചൈനയിൽ കയറ്റുമതി കർശനമാക്കുകയും ഇടിഎഫ് നിക്ഷേപം വർധിക്കുകയും ചെയ്തത് നിലവിലെ ലഭ്യതയിൽ ഞെരുക്കം സൃഷ്ടിച്ചു. ഉദാര പണനയം, നിക്ഷേപകരുടെ ആവേശം, ലോകമെങ്ങും ഡിമാന്റിലുണ്ടായ വർധന എന്നിവ കൂടി ചേർന്നതോടെ വില ഉയരത്തിലേക്കു കുതിച്ചു.

2026ൽ 5000 ഡോളർ പിന്നിടുമോ?

ഈ വർഷം സ്വർണ വില ഔൺസിന് 5000 ഡോളറിലേക്കുയരാനിടയുണ്ട്. പലിശ നിരക്ക് കുറയുകയും ഡോളർ മൂല്യം ഇടിയുകയും കേന്ദ്ര ബാങ്കുകൾ വാങ്ങൽ തുടരുകയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ മാറ്റമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രമുഖ ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക (5000 ഡോളർ), ജെപി മോർഗൻ (5,055 ഡോളർ), ഗോൾ്ഡ്മാൻ സാക്സ് (4900 ഡോളർ), യുബിഎസ് (മൂന്നാം പാദത്തിൽ വില 5000 ഡോളറാകുമെന്നും ബുൾ കുതിപ്പിൽ 5,400 വരെ പോകുമെന്നും) കാര്യമായ വില വർധന മുന്നിൽ കാണുന്നു. 70 ശതമാനത്തോളം സ്വർണ്ണ വില ഇനിയും കൂടുമെന്നാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നത്. 2026 അവസാനത്തോടെ വില 5,000 ഡോളറിലെത്തുമെന്നാണ് നിഗമനം.

വെള്ളിയുടെ കാര്യവും വ്യത്യസ്തമല്ല. ഔൺസിന് 100 ഡോളർ എന്ന നിലയിലേക്ക് വില കുതിക്കുമെന്നു തന്നെയാണ് ലഭ്യമായ സൂചനകൾ. സാങ്കേതിക മുന്നേറ്റം, പെരുകുന്ന ഹരിതോർജ ആവശ്യങ്ങൾ, ഉൽപാദനത്തിലെ കുറവ്, വ്യാവസായിക ഡിമാന്റ് എന്നിവയെല്ലാമാണ് വെള്ളി വിലയെ മുന്നോട്ടു നയിക്കുന്നത്. വില 70-90 ഡോളറിനിടയിലായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ബുൾ കുതിപ്പിൽ അത് 100 ഡോളറും കടന്നേക്കുമെന്നും കരുതപ്പെടുന്നു.

ഡിമാന്റും വിലയും ഇന്ത്യയിൽ

ആഗോള സ്വർണക്കുതിപ്പ് 2026ലേക്കു നീളുമ്പോൾ ഇന്ത്യയുടെ സ്വർണ വിപണി കൂടുതൽ ശക്തിയാർജിക്കുകയാണ്. രൂപയുടെ ഇടിവ് ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു. അടുത്ത 12-18 മാസങ്ങൾക്കിടയിൽ വില 10 ഗ്രാമിന് 1.50 ലക്ഷം രൂപയിലെത്തിയേക്കാം. രൂപയുടെ ദൗർബല്യം നിലനിന്നാൽ സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യാനുള്ള ചെലവ് വർധിക്കുകയും അത് ആഭ്യന്തര വില വർധനവിന് കാരണമാവുകയും ചെയ്യും. രൂപയുടെ ചാഞ്ചാട്ടത്തിൽ നിന്നു രക്ഷ നേടുന്നതിന് നിക്ഷേപകർ സ്വർണവും വെള്ളിയും കൂടുതൽ വാങ്ങുകയും ചെയ്യും.

വിവാഹം, ആഘോഷ സീസണുകളിലെ ഡിമാന്റ് എന്നിവ മാറ്റമില്ലാതെ തുടരുകയാണ്. സമ്പത്ത് സൂക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യം സ്വർണമാണെന്ന് കുടുംബങ്ങൾ വിശ്വസിക്കുന്നു. പെൻഷൻ ഫണ്ടുകൾ സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നതുൾപ്പടെ രാജ്യത്തെ പുതിയ പരിഷ്‌കരണ നടപടികളും സ്വർണ്ണത്തിന്റെ ഡിമാന്റ് വർധിപ്പിച്ചു. കേന്ദ്ര ബാങ്കുകൾ, ചില്ലറ ഉപഭോക്താക്കൾ, വ്യാവസായിക ഉപയോക്താക്കൾ എന്നിവരുടെയെല്ലാം പിന്തുണയോടെ 2026ലും വില നിലവാരം ഉയർന്നു തന്നെ നിൽക്കാനാണിട. രൂപയുടെ ഇടിവും ഇതിനു പിൻബലം നൽകും.

നിക്ഷേപകർ ചെയ്യേണ്ടത്

സ്വർണവും വെള്ളിയും കൈവശമുള്ളവർക്ക് ആഗോള സാമ്പത്തിക ഉദാര നയങ്ങൾ, ജിയോ പൊളിറ്റിക്കൽ അനിശ്ചിതത്വങ്ങൾ, ഡിമാന്റ് എന്നീ ഘടകങ്ങളുടെ പിന്തുണ ലഭിക്കും. എന്നാൽ 2025ലെ ശക്തമായ കുതിപ്പിനു ശേഷം സന്തുലിതമായ സമീപനം സ്വീകരിക്കുന്നതാണ് നല്ലത്. അസ്ഥിരതയും വിലക്കയറ്റവും പ്രതിരോധിക്കുന്നതിന് കാര്യമായ നിക്ഷേപം നില നിർത്തിക്കൊണ്ടു തന്നെ ഭാഗികമായി ലാഭമെടുക്കുകയും ചെയ്യാം.