ഉത്പന്ന വിലയില്‍ സമ്മിശ്ര ചലനങ്ങള്‍ക്കാണ് പോയവര്‍ഷം സാക്ഷ്യം വഹിച്ചത്. സ്വര്‍ണ വില റെക്കോഡുയരത്തിലേക്കു കുതിച്ചെങ്കിലും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വേഗക്കുറവ് കാരണം ഡിമാന്റിലുണ്ടായ കുറവ് ഊര്‍ജവിലയേയും അടിസ്ഥാന ലോഹങ്ങളുടെ വിലയേയും ബാധിച്ചു.

To advertise here,

15 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ സ്വര്‍ണ്ണമാണ് 2023ല്‍ മികച്ച പ്രകടനം നടത്തിയ ആസ്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന സൂചനയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ആഗോള തലത്തിലുണ്ടായ അനിശ്ചിതത്വവും അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 2135 ഡോളറിലെത്തിച്ചു. എന്നാല്‍ വെള്ളിയുടെ വിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഔണ്‍സിന് 24.10 ഡോളറിനടുത്തായി ക്ലോസ് ചെയ്യുമെന്നുറപ്പായി.

എങ്കിലും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവും വെള്ളിയും റെക്കാഡു വില രേഖപ്പെടുത്തി. മുംബൈ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണ വില ഡിസമ്പറില്‍ 10 ഗ്രാമിന് 64,460 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വില കിലോയ്ക്ക് 78,330 രൂപയായി. വിദേശത്തെ കൂടിയ വിലയും ഇന്ത്യന്‍ രൂപയുടെ ഇടിവും ആഭരണ ഡിമാന്റിലുണ്ടായ വര്‍ധനയുമാണ് ഈ മുന്നേറ്റത്തിനു കാരണം.

ഇസ്രായേല്‍- ഹമാസ് സംഘര്‍ഷവും റഷ്യ-യുക്രെയിന്‍ യുദ്ധവും വര്‍ഷത്തിലുടനീളം സുരക്ഷിത ആസ്തികളുടെ ഡിമാന്റ് വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ഫെഡ് പലിശ നിരക്കു കുറയ്ക്കുമെന്ന് ട്രേഡര്‍മാര്‍ വിശ്വസിക്കുന്നു.  യുഎസ് ആസ്തികളായ ഡോളറിന്റേയും കടപ്പത്രങ്ങളുടേയും മൂല്യം കുറയുമെന്ന ബോധ്യം സ്വര്‍ണ വിലയ്ക്ക് ആനുകൂലമായിത്തീര്‍ന്നു.

ആഗോള സാമ്പത്തിക രംഗത്തുണ്ടായ വേഗക്കുറവും അമിതോത്പാദന ആശങ്കയും ഡിമാന്റ് കുറയ്ക്കുമെന്ന ആശങ്ക ഊര്‍ജ വിലകളെ ബാധിച്ചു.  ന്യൂയോര്‍ക്ക് ഉത്പന്ന എക്സേഞ്ചായ നൈമെക്സില്‍ ക്രൂഡോയില്‍ വില ഉയര്‍ച്ച താഴ്ചകളില്ലാതെ പ്രതികൂലമായി നിലകൊണ്ടു. വര്‍ഷാരംഭത്തിനു ശേഷം പ്രകൃതി വാതക വിലയില്‍ 40 ശതമാനത്തോളം കുറവുണ്ടായി.

ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറയുമെന്ന നിരീക്ഷണം ആഗോള എണ്ണ വിലയെ ബാധിച്ചു. ആഗോള എണ്ണ വിലയുടെ ചാലക ശക്തിയായ ചൈനയുടെ ഉപഭോഗം കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചതിലും വളരെ താഴെയായിരുന്നു.

ആഗോളതലത്തില്‍ ഉത്പാദനത്തിലുണ്ടായ വര്‍ധന എണ്ണ വിപണിയെ ബാധിക്കുകയുണ്ടായി. റഷ്യ ഉള്‍പ്പടെ ഒപെക് സഖ്യ രാഷ്ട്രങ്ങള്‍ നടത്തിയ ഉത്പാദനം വെട്ടിക്കുറയ്ക്കല്‍ നീക്കം വിജയം കണ്ടില്ല. യുഎസില്‍ നിന്നും ഒപെക് അംഗരാഷ്ട്രങ്ങളെങ്കിലും ഇറാഖ്, ഇറാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള  ഉല്‍പാദനം വര്‍ധിച്ചതാണ് കാരണം

കൂടിയ ഉത്പാദനവും വ്യാവസായിക ഡിമാന്റും തണുപ്പുകാല ഡിമാന്റു കുറയുമെന്ന വിലയിരുത്തലും പ്രകൃതി വാതക വിലയേയും ബാധിച്ചു. സപ്ളെ-ഡിമാന്റ് ബല തന്ത്രത്തിലെ സങ്കീര്‍ണ്ണമായ ഏറ്റക്കുറച്ചിലുകളും  വര്‍ഷത്തിലുടനീളം വാതക വിലയില്‍ പ്രതിഫലിച്ചു. ന്യൂയോര്‍ക്ക് മെറ്റീരിയല്‍ എക്സ്ചേഞ്ചില്‍ ജനുവരിയില്‍ എംഎംബിടിയുവിന് 4.4 ഡോളര്‍ ആയിരുന്ന വില  40 ശതമാനം താഴ്ന്ന് ഇപ്പോള്‍ 2.6 ഡോളറില്‍ ക്ളോസ് ചെയ്യാനിരിക്കയാണ്. ആഭ്യന്തര വിപണിയിലും സമാനമായ ചലനങ്ങളാണ് ദൃശ്യമായത്.

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയില്‍ നിന്നുള്ള ഡിമാന്റ് പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതിനാല്‍ അടിസ്ഥാന ലോഹങ്ങളുടെ വില ജനുവരിയിലെ കൂടിയ നിലവാരത്തില്‍ നിന്ന് പിന്നോട്ടുവന്നു. കൂടിയ ഉത്പാദനത്തെച്ചൊല്ലിയുള്ള ആശങ്കയും ഫെഡിന്റെ പലിശ നയവും  ഇക്കാലമത്രയും വിലയില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.

ചൈനീസ് സമ്പദ് വ്യവസ്ഥ 2023ന്റെ തുടക്കത്തില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും പിന്നീടത് മുന്നോട്ടു പോയില്ല. ലോകത്തിലെ ഏറ്റവും വലിയ ഉത്പന്ന ഉപഭോക്താക്കളായ ചൈന റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി, കടം, തൊഴില്‍, ഉപഭോഗം, ചിലവഴിക്കല്‍, നിക്ഷേപം  എന്നീ മേഖലകളിലെല്ലാം വെല്ലുവിളികള്‍ നേരിടുന്നത് ഉത്പന്നങ്ങളുടെ ഡിമാന്റിനെ ബാധിച്ചു.

വില സൂചികയായ എല്‍എംഇയില്‍ വ്യവസായ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചെമ്പ്, അലുമിനിയം എന്നിവയുടെ വില ജനുവരിയിലെ ഉയരത്തില്‍നിന്ന് ഏറെ താഴോട്ടു പോയി. ഈയത്തിന്റെ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും നാകത്തിന് വില ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ ഇടിവു കാരണം മുംബൈ എംസിഎക്സില്‍ നഷ്ടം താരതമ്യേന കുറവായിരുന്നു.

വരും വര്‍ഷം യുഎസ് ഫെഡ് പലിശ നിരക്കു കുറയ്ക്കുമെന്ന സൂചനയുള്ളതിനാല്‍ ട്രേഡര്‍മാര്‍ ജാഗ്രതയോടെ രംഗം നിരീക്ഷിച്ചു വരികയാണ്. പലിശ നിരക്കിലെ കുറവ് ആഗോള സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും അതുവഴി ഉത്പന്നങ്ങളുടെ ഡിമാന്റു വര്‍ധിക്കാനും ഇടയാകും. യുഎസ് ഡോളറിന്റെ പ്രകടനവും, ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും, ഇപ്പോള്‍ നടക്കുന്ന ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളുമായിരിക്കും വരുംവര്‍ഷം ഉത്പന്നങ്ങളുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)