വനിതകളുടെ ഉറ്റ സുഹൃത്ത് എന്ന നിലയിലാണ് ഡി ബിയേഴ്‌സ് വജ്രങ്ങൾ വിപണിയിൽ തരംഗമായത്. എന്നാൽ ഇന്ത്യൻ വനിതകളെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയങ്ങളിൽ എക്കാലവും സ്വാധീനം ചെലുത്തിയത് സ്വർണം തന്നെയാണ്. പദവിയുടെ ഭാഗമായി അണിയുന്നതിനപ്പുറം മൂല്യം കുറയാത്ത ആസ്തി എന്ന നിലയിൽ ഇന്ത്യൻ കുടുംബങ്ങളുടെ സമ്പത്തിൽ വലിയ സ്വാധീനം ചെലുത്താൻ സ്വർണത്തിന് കഴിഞ്ഞു.

To advertise here,

സൃഷ്ടിച്ചത് വൻ സമ്പത്ത്

2011നും 2024 നും ഇടയിൽ വലിയ അളവിൽ സ്വർണ്ണം ഇറക്കുമതി ചെയ്തു. ഈ ഇറക്കുമതികൾ തുടക്കത്തിൽ വ്യാപാര കമ്മി വർദ്ധിപ്പിക്കുന്നതിന് കാരണമായെങ്കിലും പിന്നീട് ഈ ശേഖരത്തിന്റെ ഡോളർ മൂല്യം നാടകീയമായി വർധിച്ചത് വൻ നേട്ടമാകുകയും ചെയ്തു. ഔൺസിന് ഏകദേശം 4,211 ഡോളർ എന്ന നിലവിലെ മൂല്യത്തിൽ കണക്കാക്കിയാൽ ഈ കാലയളവിൽ ഇറക്കുമതി ചെയ്ത സ്വർണ്ണത്തിന് 1.085 ലക്ഷം കോടി ഡോളറിന്റെ മൂല്യവർധനവാണുണ്ടായത്. 175 ശതമാനം വർധന.

ഈ നേട്ടം മാത്രം താരതമ്യം ചെയ്താൽ ഇന്ത്യയുടെ ഇപ്പോഴുള്ള വിദേശ വിനിമയ ശേഖരത്തെക്കാൾ കൂടുതലാണെന്ന് കാണാം. സമ്പത്ത് വർധിപ്പിക്കുന്നതിൽ സ്വർണ്ണത്തിന്റെ അസാധാരണമായ പങ്കാണ് ഇത് വെളിവാക്കുന്നത്. 2011 മുതൽ ഇറക്കുമതി ചെയ്ത സ്വർണ്ണ ശേഖരത്തിന്റെ നിലവിലെ മൊത്തം മൂല്യം ഏകദേശം 1.6 ലക്ഷം കോടി ഡോളറാണ്. 2024ൽ ഇറക്കുമതി ചെയ്ത സ്വർണത്തിന് പോലും ഇപ്പോൾ 108 ബില്യൺ ഡോളറിലധികം മൂല്യമുണ്ട് എന്നകാര്യം വിസ്മരിക്കാനാവില്ല. സമ്പത്ത് സൃഷ്ടിക്കാനുള്ള സ്വർണത്തിന്റെ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്നതാണ് ഈ കണക്കുകൾ. വിരോധാഭാസമെന്നു പറയട്ടെ, പല വിപണി വ്യാഖ്യാതാക്കളും അന്ന് ഇന്ത്യയുടെ വിദേശ വിനിമയ ശേഖരത്തിലും വ്യാപാര കമ്മിയിലുമുണ്ടായ സ്വർണ്ണ വാങ്ങലുകളുടെ സ്വാധീനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു ചെയ്തത്. ഈ ഇറക്കുമതികൾ സാധ്യമാക്കിയ ദീർഘകാല സമ്പത്ത് സൃഷ്ടിയെ വേണ്ടത്ര തിരിച്ചറിഞ്ഞില്ല.

ആഭരണങ്ങളുടെ ആഗോള കേന്ദ്രം

ഇറക്കുമതി ചെയ്ത സ്വർണ്ണത്തിന്റെ ഒരു ഭാഗം ആഭരണങ്ങളായി വീണ്ടും കയറ്റുമതി ചെയ്തു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കരകൗശലവിദ്യയുടെയും വ്യാപാരത്തിന്റെയും പ്രധാന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ആഗോള പദവിയെ പ്രതിഫലിപ്പിക്കുന്നതാണിത്. ഈ ഒഴുക്ക് ഇറക്കുമതി തോത് ഭാഗികമായി നികത്തുമ്പോൾ തന്നെ അത് ഇന്ത്യൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ സാമ്പത്തിക സുരക്ഷയുടെ അടിസ്ഥാന ശിലയുമായി.

വീടുകളിൽ 25,000 ടൺ സ്വർണ്ണം

ഇന്ത്യൻ കുടുംബങ്ങളിൽ 25,000 മുതൽ 30,000 ടൺ വരെ സ്വർണ്ണം ഉണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ശേഖരങ്ങളിൽ ഒന്നാണിത്. നിലവിലെ വില അനുസരിച്ച് ഏകദേശം 3.4 ലക്ഷം കോടി മുതൽ 4.1 ലക്ഷം കോടി ഡോളർ വരെ മൂല്യം ഇതിനുണ്ടാകും. അതുകൊണ്ടുതന്നെ വീടുകളിലെ സമ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായി സ്വർണം. സംസ്‌കാരം, സമ്പാദ്യം എന്നിവ നിക്ഷേപ പോർട്ട്‌ഫോളിയോകളിൽ സ്വർണത്തിന്റെ രൂപത്തിൽ ഇടംപിടിച്ചു.

2025-ൽ ബ്ലോക്ക്ബസ്റ്റർ: 2026-ലെ സാധ്യതകൾ

തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പ ആശങ്കകൾ, കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായുള്ള വാങ്ങലുകൾ എന്നിവ കാരണം 2025-ൽ സ്വർണ്ണം എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ചു. സാമ്പത്തിക അനിശ്ചിതങ്ങളിൽനിന്ന് ആഗോളതലത്തിൽ സ്വർണം തുടർച്ചയായി നേട്ടമുണ്ടാക്കിയപ്പോൾ ഉത്സവങ്ങൾ, വിവാഹങ്ങൾ, നിക്ഷേപങ്ങൾ എന്നിവയിൽ നിന്നുള്ള സ്ഥിരമായ ഡിമാൻഡ് ഇന്ത്യയിലെ മുന്നേറ്റം കൂടുതൽ കരുത്തുറ്റതാക്കി.

2026-ലേക്ക് നോക്കുമ്പോൾ, സ്വർണ്ണത്തിന്റെ സാധ്യത അനുകൂലമായി തുടരുന്നു. കേന്ദ്ര ബാങ്കുകളുടെ പണനയം, കറൻസികളിലെ ഏറ്റക്കുറച്ചിൽ, പണപ്പെരുപ്പ പ്രവണതകൾ എന്നിവയാകും സ്വർണ്ണത്തിന്റെ ഗതി നിർണ്ണയിക്കുക. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതൽ നിലനിന്നാൽ, വാങ്ങൽ ശേഷി നഷ്ടപ്പെടുന്നതിനെതിരെ സ്വർണ്ണം പ്രധാന കവചമായി വർത്തിക്കും. തിരിച്ചും സംഭവിക്കാം. പെട്ടെന്നുള്ള പലിശ നിരക്ക് വർധന വിലകളിൽ സമ്മർദമുണ്ടാക്കിയേക്കാം. എന്നിരുന്നാലും സ്വർണ്ണത്തിന്റെ വരുമാന രഹിത ആസ്തി എന്ന നിലയിലുള്ള ഗുണങ്ങൾ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകളിൽ അതിന്റെ ദീർഘകാല പങ്ക് സംരക്ഷിക്കും. കൂടാതെ, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടവും ഡിമാൻഡിന്റെ പ്രധാന ഘടകങ്ങളായി തുടരും.

പോർട്ട്‌ഫോളിയോ വിഹിതം: 5-10%

സാമ്പത്തിക ഉപദേശകർ സാധാരണയായി പോർട്ട്‌ഫോളിയുടെ 5-10 ശതമാനം വിഹിതം സ്വർണത്തിനായി മാറ്റിവെയ്ക്കാൻ ശുപാർശ ചെയ്യാറുണ്ട്. ഓഹരികൾ പോലെ വളർച്ച ലക്ഷ്യമിട്ടുള്ള ആസ്തികളോടൊപ്പം സ്വർണ്ണംകൊണ്ട് സുരക്ഷാ കവചം തീർക്കാനാകും. പണപ്പെരുപ്പ സംരക്ഷകൻ എന്നനിലയിലും നിശ്ചിത വിഹിതം നിക്ഷേപം ഉപകരിക്കും. കൂടുതൽ അളവിൽ സ്വർണ്ണം കൈവശം വെച്ചിരിക്കുന്നവർക്ക് ലിക്വിഡിറ്റിയും കൈകാര്യം ചെയ്യാനുള്ള സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി ഗോൾഡ് ഫണ്ടുകൾ ചേർത്ത് വൈവിധ്യവൽക്കരിക്കാം.

പുതിയ അവസരങ്ങൾ

സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ള നിക്ഷേപകർക്ക് മുന്നിൽ വിവിധ വഴികളുണ്ട്. സോവറിൻ ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ് എന്നിവ പരിഗണിക്കാവുന്നതാണ്. പണമാക്കൽ, നികുതി ആനുകൂല്യങ്ങൾ എന്നിവ എളുപ്പത്തിലാക്കാൻ ഇവ സഹായിക്കുന്നു. ഗിഫ്റ്റ് സിറ്റി വഴി അന്താരാഷ്ട്ര സ്വർണ്ണ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. യുഎസ് ഡോളർ പോലുള്ള കറൻസികൾ വഴിയും അന്താരാഷ്ട്ര സ്വർണ്ണ വില സൂചിക അടിസ്ഥാനമാക്കിയും നിക്ഷേപിക്കാനുള്ള അവസരമണ് ഇതിലൂടെ ലഭിക്കുക. ഗിഫ്റ്റ് സിറ്റി റെഗുലേറ്ററിന്റെ (IFSCA) നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ ലൈസൻസുള്ള ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനങ്ങൾക്ക് വിലയേറിയ ലോഹങ്ങളിൽ നിക്ഷേപം നടത്തുന്ന പദ്ധതികൾ ആരംഭിക്കാൻ കഴിയും.

നിലിവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ മുന്നേറ്റം തുടരുമെന്നുതന്നെയാണ് പ്രതീക്ഷികകുന്നത്. വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കാനാവാത്തതാണെങ്കിലും സ്വർണ്ണത്തിന്റെ സാംസ്‌കാരിക പ്രാധാന്യവും ആഗോള സാമ്പത്തിക സാഹചര്യങ്ങളും പോർട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള സ്വർണത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നു. ആധുനിക നിക്ഷേപ ഉത്പന്നങ്ങളെ പരമ്പരാഗത ശേഖരങ്ങളോടൊപ്പം പ്രയോജനപ്പെടുത്തുന്നത് റിസ്‌ക് കൈകാര്യം ചെയ്യുമ്പോൾ മികച്ച നേട്ടം നിലനിർത്താൻ സഹായിക്കും.