ഒപെക് സഖ്യരാഷ്ട്രങ്ങള്‍ പലവട്ടം ഉത്പാദനം കുറയ്ക്കുകയും ഇസ്രായേല്‍-ഹമാസ് യുദ്ധം തുടങ്ങുകയും ചെയ്തതിനു ശേഷം 2023ല്‍ മുന്‍ വര്‍ഷ ശരാശരിയേക്കാള്‍ ക്രൂഡോയില്‍ വില 13 ശതമാനത്തിലേറെ ഇടിഞ്ഞു. വ്യത്യസ്ത ഘടകങ്ങളുടെ സ്വാധീനം നിമിത്തം വര്‍ഷത്തിലുടനീളം വില മാറിയും മറിഞ്ഞും കൊണ്ടിരുന്നു.
ന്യൂയോര്‍ക്ക് മെറ്റീരിയല്‍ എക്സ്ചേഞ്ചില്‍ 2023 ന്റെ തുടക്കത്തില്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറായിരുന്നു. എന്നാല്‍ മെയ് മാസത്തോടെ ഇത് 64 ഡോളറിലെത്തി. ഒക്ടോബറില്‍ ഇസ്രായേല്‍ -ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ചെറിയ തോതില്‍ വിലക്കയറ്റം ഉണ്ടായെങ്കിലും വര്‍ഷാവസാനത്തോടെ താഴോട്ടു തന്നെവന്നു.
എണ്ണ, ഉത്പാദന, വിതരണ രംഗത്തെ സുപ്രധാന കേന്ദ്രമായ പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യം ആഗോള തലത്തില്‍ എണ്ണ വില വര്‍ധിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിത്തീര്‍ന്നതുമൂലം ഡിമാന്റില്‍ ഉണ്ടായ കുറവും ഒപെക് ഇതര രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ വരവിലുണ്ടായ വര്‍ധനവും വില വര്‍ധന തടഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസവും നവംബറിലും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ സ്വമേധയാ തീരുമാനിച്ചിരുന്നു. വിപണിയില്‍ എണ്ണ വില ഇടിയുന്നത് തടയാനുള്ള നടപടിയായിരുന്നു ഇത്. എന്നാല്‍ ഈ നടപടികളൊന്നും ആഗോള തലത്തില്‍ വില ഉയര്‍ത്താന്‍ സഹായകമായില്ല. ഒപെക് ഇതര രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് യുഎസില്‍ നിന്നുള്ള വര്‍ധിച്ച ഉല്‍പാദനമാണ് വില കൂട്ടാനുള്ള ഒപെക് സഖ്യ രാഷ്ട്രങ്ങളുടെ ശ്രമത്തിന് തടസം സൃഷ്ടിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ യുഎസിന്റെ 2023 ലെ ഉത്പാദനം പ്രതിദിനം 13 മില്യണ്‍ ബാരല്‍ എന്ന നിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരങ്ങള്‍ തേടിയത് 2023 ലാണ്. ഊര്‍ജ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന ഇഐഎയുടെ നിഗമനം അനുസരിച്ച് അടുത്ത രണ്ടു വര്‍ഷങ്ങളില്‍ യുഎസ് ഉത്പാദനം ഇനിയും ഉയര്‍ന്നേക്കും.
റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ യൂനിയനും ജി 7 രാജ്യങ്ങളും ഏര്‍പ്പെടുത്തിയ വിലക്കുമായി പ്രതീക്ഷിച്ചതിലേറെ വേഗത്തില്‍ വിപണി പൊരുത്തപ്പെട്ടു കഴിഞ്ഞു. റഷ്യ ഉത്പാദിപ്പിക്കുന്ന എണ്ണയിലധികവും ചൈനയും ഇന്ത്യയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളിലാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ കയറ്റുമതി ചെയ്തത് റഷ്യയാണ്. മിഡില്‍ ഈസ്റ്റിലെ പ്രബല എണ്ണ ശക്തികളായ സൗദി അറേബ്യയേയും ഇറാഖിനേയും പിന്തള്ളിയായിരുന്നു ഈ നേട്ടം.
ആഗോള തലത്തില്‍ എണ്ണ ഡിമാന്റ് വളര്‍ച്ചയുടെ ചാലക ശക്തിയാവുമെന്നു കരുതപ്പെട്ടിരുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയിലുണ്ടായ പ്രശ്നങ്ങള്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളുടെ ഡിമാന്റിനെ പ്രതികൂലമായി ബാധിച്ചു. ചൈനയുടെ റിയല്‍എസ്റ്റേറ്റ്, കയറ്റുമതി, കടം, തൊഴിലില്ലായ്മ, നിക്ഷേപ മേഖലകളെല്ലാം വെല്ലുവിളി നേരിടുകയാണ്. ഊര്‍ജ ഉത്പന്നങ്ങളുടെ മൊത്തത്തിലുള്ള ഡിമാന്റിനെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
ഡിമാന്റ്-സപ്ളെ ബലതന്ത്രത്തില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയായിരിക്കും 2024ലും എണ്ണ വില നിര്‍ണയിക്കുക. അടിസ്ഥാന ഘടകങ്ങളുടെ പിന്തുണയില്ലാത്ത നിലവിലെ അവസ്ഥയില്‍, വിലയില്‍ വന്‍ വര്‍ധനയ്ക്ക് സാധ്യത തുലോം കുറവാണ്. ആഗോള എണ്ണ വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ മിഡിലീസ്റ്റ് സംഘര്‍ഷം കൂടിയാല്‍ സ്ഥിതി വ്യത്യസ്തമായിരിക്കും. ഒപെക് സഖ്യ രാഷ്ട്രങ്ങളുടെ ഉത്പാദനം കുറയ്ക്കല്‍ നികത്താന്‍ യുഎസിനു കഴിയുന്ന സാഹചര്യത്തില്‍, ഉത്പാദനം വെട്ടിക്കുറയ്ക്കുന്ന കൂടുതല്‍ നടപടികളോ മിഡിലീസ്റ്റിലെ യുദ്ധം ശക്തിയാര്‍ജിച്ച് എണ്ണ വിതരണം തടസപ്പെടുകയോ ചെയ്താല്‍ മാത്രമേ വിപണിയെ കാര്യമായി ബാധിക്കുകയുള്ളു.
ചൈനയില്‍നിന്നും യൂറോപ്പില്‍നിന്നും സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ ഇനിയും മോശമായാലും സ്ഥിതിഗതികള്‍ മാറും. അതേസമയം യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ പലിശ നയത്തിലും വിലക്കയറ്റം സംബന്ധിച്ച നയങ്ങളിലും ഉണ്ടാകാവുന്ന മാറ്റങ്ങളും എണ്ണയുടെ ഡിമാന്റിനെ നിര്‍ണായകാമയി സ്വാധീനിക്കും. പലിശ നിരക്കിലെ സു്സ്ഥിരത സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും. ഇത് എണ്ണ ഡിമാന്റും അതുവഴി വിലയും വര്‍ധിക്കാനിടയാക്കും.
പല ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യുഎസിലെ ഡബ്ല്യുടിഐയില്‍ വില ബാരലിന് 64 ഡോളറിനും 98 ഡോളറിനും ഇടയിലായിരിക്കും. അതേസമയം ആഭ്യന്തര വിപണിയിലാകട്ടെ, അന്തര്‍ദേശീയ വിലകള്‍ക്കു പുറമേ, ഇന്ത്യന്‍ രൂപയുടെ കയറ്റിറക്കങ്ങളും എണ്ണ വിലയെ സ്വാധീനിക്കും.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Global conflicts and economic growth influence oil prices
Published: 17 Jan 2024, 01:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented