കൊച്ചി: കൊട്ടക് വെൽത്ത്-ഹുറൂൺ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് വിദ്യ.
കൊട്ടക് വെൽത്ത് മാനേജ്‌മെന്റും ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ സെൽഫ്-മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിയായ വിദ്യ ഉൾപ്പെട്ടിട്ടുള്ളത്. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളർന്നുവന്ന വനിതാ സംരംഭകരിൽ എട്ടാം സ്ഥാനത്താണ് വിദ്യ ഇടം നേടിയത്.
100 സമ്പന്ന വനിതകളിൽ 31 പേരും സ്വയം വളർന്നുവന്ന സമ്പന്നരാണ്. പട്ടികയിൽ രാജ്യത്തെ ഏറ്റവും സമ്പന്നയായിട്ടുള്ള വനിതാ സംരംഭക എച്ച്.സി.എൽ. ടെക്‌നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ്. 54,850 കോടി രൂപയാണ് റോഷ്ണിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസൂംദർ ഷാ (ബയോകോൺ) രണ്ടാം സ്ഥാനത്തും ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. 21,340 കോടി രൂപയാണ് ലീനയുടെ ആസ്തി.