അരീക്കോട്: മാതൃഭൂമി വാർത്തയിലൂടെ ഏഴാം ക്ലാസ് പാഠ പുസ്തകത്തിൽ ഇടം പിടിച്ച കീഴുപറമ്പ് വെള്ളരിപ്പാടം തിയേറ്റേഴ്സിന്റെ കാർഷിക വെള്ളരിനാടകം 'വിത്തും കൈക്കോട്ടും' 2027 ജനുവരി 16 ,17,18 തീയതികളിൽ അരീക്കോട് താഴത്തങ്ങാടിയിൽ അവതരിപ്പിക്കും.

To advertise here,

നാടകാവതരണത്തിൻ്റെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം ഫിറോസ് പന്തലകത്ത് ഉദ്ഘാടനം ചെയ്തു. നാടകത്തിൻ്റെ അണിയറ പ്രവർത്തകനും നാടകാചാര്യനുമായ പാറമ്മൽ അഹമ്മദ് കുട്ടി മണ്ണിൽ നിന്ന് അകന്നുപോകുന്ന പുതിയ തലമുറയിലെ യുവാക്കൾക്കും 'ജെൻ സി' വിദ്യാർത്ഥികൾക്കും കൃഷിയുടെയും അധ്വാനത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകാനാണ് കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ 'വിത്തും കൈക്കോട്ടും' എന്ന നാടകം, വീണ്ടും അരങ്ങിലെത്തിക്കുന്നതെന്ന് പറഞ്ഞു.

1930 കാലഘട്ടത്തിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ അരങ്ങേറിയിരുന്ന തനത് വെള്ളരിനാടക വേദിയുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കും അവതരണമെന്നും അഹമ്മദ് കുട്ടി പറഞ്ഞു .

ലുക്ക്മാൻ അരീക്കോട് അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, കെ.വി. അബുട്ടി മാഷ്, ഗഫൂർ കുറുമാടൻ, മലിക്ക് നാലകത്ത്, കൃഷ്ണ പ്രകാശ്, സുബ്ബരായൻ, സൈനുൽ ആബിദ്, എം.ടി. നാസർ, അബു വേങ്ങമണ്ണിൽ, ആർട്ടിസ്റ്റ് വി. കെ. ശങ്കരൻ, വേണുജി നായർ, ആബിദ് തറവട്ടത്ത്, വാസു അരീക്കോട്, എൻ.എം. രാജൻ, ഷംസു വാലില്ലാപുഴ, തുടങ്ങിയവർ സംസാരിച്ചു.

നാടകത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്കും യോഗം രൂപം നൽകി.