അമ്പലപ്പുഴ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ തകഴി ലെവൽക്രോസിൽ പാളത്തിന്റെ അറ്റകുറ്റപ്പണിക്കായി പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതുമൂലം യാത്രാദുരിതം. ഇരട്ടപ്പാതയിൽ കിഴക്കുവശത്തെ പാളത്തിലെ റോഡാണ് ഇളക്കിയിട്ടിരിക്കുന്നത്. ബുധനാഴ്ച രാവിലെ ഇവിടെ കുടുങ്ങിപ്പോയ ഓട്ടോറിക്ഷ വളരെ പണിപ്പെട്ടാണ് ലെവൽക്രോസിൽനിന്നു മുന്നോട്ടുനീക്കിയത്.
അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള തകഴി ഗേറ്റ് കഴിഞ്ഞമാസം 18-ന് വൈകുന്നേരം ആറുമുതൽ 19-ന് രാവിലെ ആറുവരെ അടച്ചിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. അറ്റകുറ്റപ്പണി കഴിഞ്ഞാൽ അത് ഉറച്ചുകഴിഞ്ഞ് ദിവസങ്ങൾക്കുശേഷം ടാറിങ് നടത്തി പൂർവസ്ഥിതിയിലാക്കും. എന്നാലിത്തവണ രണ്ടാഴ്ചയായിട്ടും ടാറിങ് നടത്താത്തതാണ് യാത്രക്കാർക്കു ദുരിതമാകുന്നത്. ഇരുചക്രവാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. വലിയ വാഹനങ്ങളിലെ യാത്രക്കാർക്ക് ലെവൽക്രോസ് കടക്കുമ്പോൾ നടുവൊടിയുന്ന സ്ഥിതിയാണ്.
മേൽപ്പാലത്തിനായി കാത്തിരിപ്പുനീളുന്നു
അടിക്കടി അറ്റകുറ്റപ്പണിക്കായി ലെവൽക്രോസ് അടക്കുന്നത് സംസ്ഥാനപാതയിലെ യാത്രക്കാർക്ക് നരകയാതനയാവുകയാണ്. പടഹാരം ലെവൽക്രോസിലൂടെയാണ് അപ്പോഴൊക്കെ ഗതാഗതം വഴിതിരിച്ചുവിടുമെങ്കിലും റോഡിന്റെ വീതിക്കുറവുമൂലം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുക പതിവാണ്. സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി തകഴി ലെവൽക്രോസിൽ മേൽപ്പാലം അനുവദിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്. റെയിൽവേയുടെ ധനസഹായത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് സ്ഥലപരിശോധനയും മണ്ണുപരിശോധനയും നടത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു. പദ്ധതിയുടെ നിർവഹണ ഏജൻസിയായ കേരള റെയിൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് തയ്യാറാക്കിയ ജനറൽ അറേഞ്ച്‌മെന്റ് ഡ്രോയിങ് റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടും നാളേറെയായി. ഇതിന് അംഗീകാരം ലഭിച്ചാൽ മാത്രമേ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങാനാകൂ. എം.പി., എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലാണ് ഇതിനായി വേണ്ടത്.
Published: 04 Sept 2026, 02:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented