തിരിഞ്ഞുനോക്കാതെ റെയിൽവേ അധികൃതർ
മാവേലിക്കര : റെയിൽവേ ജങ്ഷനു കിഴക്കുവശത്തുനിന്ന് റെയിൽവേ സ്റ്റേഷനും എഫ്.സി.ഐ. ഗോഡൗണിനും ഇടയിലൂടെ ഉമ്പർനാട് ഭാഗത്തേക്കുള്ള റോഡ് ഒട്ടേറെയാൾക്കാർ യാത്രയ്ക്കായി ഉപയോഗിക്കുന്നതാണ്. പത്തു വർഷത്തിലധികമായി തകർന്നുകിടക്കുന്ന റോഡിലൂടെ നടന്നുപോലും പോകാൻ കഴിയില്ല. വിജനമായ റോഡിന് ഇരുവശവും റെയിൽവേ വക സ്ഥലമാണ്.
തെരുവുവിളക്കുകൾ പ്രകാശിക്കാത്ത റോഡിന്റെ ഇരുവശവും കാടു വളർന്ന് പകൽപോലും ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ്. സന്ധ്യമയങ്ങിയാൽ റോഡ് മദ്യപാനികളുടെയും മയക്കുമരുന്നു കച്ചവടക്കാരുടെയും താവളമാകും. തീവണ്ടിയാത്രക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കാനും ചിലർ ഈ മാർഗം ഉപയോഗപ്പെടുത്തുന്നു.
റെയിൽവേ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിൽനിന്ന് പെട്ടെന്ന് പുറത്തേക്കിറങ്ങാൻ കഴിയുന്ന മാർഗമെന്ന നിലയിൽ ദൂരസ്ഥലങ്ങളിലെ ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകളടക്കമുള്ള പതിവു യാത്രക്കാരും എഫ്.സി.ഐ. റോഡ് ഉപയോഗിക്കാറുണ്ട്. രാത്രിയിൽ ജീവൻ പണയംവെച്ചാണ് സ്ത്രീയാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്. ഈ റോഡിന്റെ വശത്തു വെക്കുന്ന ഇരുചക്രവാഹനങ്ങളിൽനിന്ന് പെട്രോളും സ്‌പെയർ പാർട്‌സുകളും മോഷണംപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.
റോഡിന്റെ വശത്ത് താമസക്കാരൊന്നും ഇല്ലാത്തതിനാൽ പ്രദേശത്തെ പ്രധാന മാലിന്യനിക്ഷേപകേന്ദ്രം കൂടിയാണ് എഫ്.സി.ഐ. റോഡ്. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇറച്ചിക്കോഴി അവശിഷ്ടങ്ങളും ഗാർഹിക മാലിന്യവും ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കാറുണ്ട്. ടാങ്കർ ലോറികളിൽ കക്കൂസ്‌മാലിന്യം കൊണ്ടുവന്ന് ഒഴുക്കിയ സംഭവങ്ങളും പലതവണ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ ദുർഗന്ധംമൂലം മൂക്കുപൊത്താതെ റോഡിലൂടെ സഞ്ചരിക്കാനാകില്ല.
റെയിൽവേ ഉന്നതാധികാരികൾ മാവേലിക്കര റെയിൽവേ സ്‌റ്റേഷൻ സന്ദർശിക്കുമ്പോഴെല്ലാം റോഡിന്റെ ശോച്യാവസ്ഥ മാവേലിക്കര നഗരസഭാധികൃതരും മറ്റു സംഘടനാ പ്രതിനിധികളും ശ്രദ്ധയിൽപ്പെടുത്താറുണ്ട്. രണ്ടുവർഷം മുൻപ് റെയിൽവേ ഡിവിഷണൽ മാനേജർ മാവേലിക്കര റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച വേളയിൽ റെയിൽവേയുടെ ചെലവിൽ റോഡ് നവീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല.
Published: 04 Sept 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented