തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ കത്തിനശിച്ചത് 'ആഘോഷങ്ങളുമായി ബന്ധപ്പെട്ട അപ്രധാനമായ ഗസറ്റ് പബ്ലിക്കേഷന്റെ ചില കോപ്പികളായിരുന്നുവെന്ന് മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യവിവരാവകാശ കമ്മിഷണറുമായ വിശ്വാസ് മേത്ത. പ്രധാന ഫയലുകളും കംപ്യൂട്ടറുകളും സുരക്ഷിതമായിരുന്നുവെന്നും അദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നു.

To advertise here,

'അതിജീവനം' എന്ന പേരില്‍ മലയാളത്തില്‍ തയ്യാറാക്കിയ ആത്മകഥ മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ഫെബ്രുവരി 19-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുസ്തകം പ്രകാശനംചെയ്യും.

വിവരാവകാശ നിയമം ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിരന്തരശല്യമായി മാറിയിരിക്കുകയാണെന്നും 2021 മാര്‍ച്ച് മുതല്‍ മുഖ്യവിവരാവകാശ കമ്മിഷണറായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വിവരിക്കുന്നു. ആര്‍.ടി.ഐ. ആക്ടിവിസ്റ്റുകള്‍ വിവരാവകാശ നിയമത്തെ ഉദ്യോഗസ്ഥരെ പേടിപ്പിക്കാനും വ്യക്തിഹത്യനടത്താനും ഉപയോഗിക്കുന്നതായും ആത്മകഥയില്‍ പറയുന്നു.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിന് കാരണം ഫാനിന്റെ മോട്ടോര്‍ കത്തി തീപ്പൊരികള്‍ താഴെ വീണതിനെത്തുടര്‍ന്നാണെന്ന് ആത്മകഥയിലെ സ്ഥിരീകരണം. 

രാജസ്ഥാനിലെ പിന്നാക്ക ജില്ലയായ ഡുംഗര്‍പുര്‍ സ്വദേശിയാണ് വിശ്വാസ് മേത്ത. സ്വദേശമായ ജയ്പുരിനും പഠനകാലം ചെലവിട്ട ചണ്ഡീഗഢിനുമിടയിലുള്ള ഗുരുഗ്രാമില്‍ സ്ഥിരതാമസമാക്കാനാണ് തീരുമാനം.