
തിരൂര്‍: മലയാളത്തിന്റെ അക്ഷരപുണ്യമായ തുഞ്ചത്താചാര്യന്റെ പവിത്രസന്നിധിയില്‍ തുഞ്ചന്‍ ഉത്സവത്തിന് ഉജ്ജ്വലതുടക്കം. അധ്യക്ഷനായി എം.ടി. വാസുദേവന്‍ നായരുടെ ദീപ്തസാന്നിധ്യം പ്രഭചൊരിഞ്ഞ വേദിയില്‍ ശ്രീകുമാരന്‍ തമ്പി ഉത്സവദീപം തെളിച്ചു.
അമ്മയായ ഭൂമിക്കും ഭൂമിയുടെ പിതാവായ സൂര്യനുമൊപ്പം ഭാഷാപിതാവായ തുഞ്ചത്താചാര്യനെയും നമസ്‌കരിച്ച് സൂര്യപ്രാര്‍ഥന ആലപിച്ചാണ് ശ്രീകുമാരന്‍ തമ്പി പ്രഭാഷണം തുടങ്ങിയത്. ശാസ്ത്രം തെറ്റുകള്‍ പഠിപ്പിച്ച് പിന്നീട് അവ തിരുത്തിത്തിരുത്തി മുന്നേറുമ്പോള്‍ ആധ്യാത്മികത ശാശ്വതസത്യത്തെക്കുറിച്ചുള്ള ബോധമാണ് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു നദി പര്‍വതത്തില്‍നിന്ന് ഒഴുകിത്തുടങ്ങുമ്പോള്‍ അതിന്റെ വീഥി അതിന് നിശ്ചയമില്ലാത്തതുപോലെ മനുഷ്യജീവിതവും അനിശ്ചിതവീഥികളിലൂടെയാണ് മുന്നേറുന്നത്. കോടാനുകോടി നക്ഷത്രങ്ങളടങ്ങിയ ഈ മഹാപ്രപഞ്ചത്തില്‍ ഭൂമി ഒരു മണല്‍ത്തരിയേക്കാള്‍ നിസ്സാരമാണ്. അതിലെ കോടാനുകോടി മനുഷ്യര്‍ക്കിടയില്‍ ഒരാള്‍മാത്രമായ നമ്മള്‍ എത്ര നിസ്സാരരാണെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ബ്രഹ്‌മസത്യം ജഗന്മിഥ്യ എന്ന ശങ്കരാചാര്യവചനം തന്നെയാണ് പ്രപഞ്ചത്തിലാകെ എനര്‍ജിയാണുള്ളത് എന്ന ആധുനിക ഊര്‍ജതന്ത്ര ദര്‍ശനത്തിലുമുള്ളത്. സമാനമായ ചിന്തയാണ് പൂന്താനം അവതരിപ്പിക്കുന്നതും.
ഭൗതികശാസ്ത്രം എപ്പോഴും ശരിയല്ല പറയുന്നത്. ഡാള്‍ട്ടണ്‍ പറഞ്ഞ ആറ്റമിക് തിയറി രണ്ടായിരം വര്‍ഷം മുന്‍പ് കണാദന്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രപഞ്ചത്തെ നയിക്കുന്ന ശക്തിയെ ആരാധിക്കുന്നതായിരുന്നു എഴുത്തച്ഛന്റെ വഴിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പലതരം പ്രശ്നങ്ങള്‍ മറികടന്ന് തുഞ്ചന്‍ ഉത്സവത്തിന് കൊടിയേറുകയാണ് എന്ന ഏതാനും വാക്കുകളായിരുന്നു എം.ടി.യുടെ അധ്യക്ഷപ്രസംഗം.
ട്രസ്റ്റ് അംഗം ടി.ഡി. രാമകൃഷ്ണന്‍, സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ എന്‍. മായ, ട്രസ്റ്റ് സൂപ്രണ്ട് ടി.വി. സുബ്രഹ്‌മണ്യം എന്നിവര്‍ സംസാരിച്ചു. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്തി. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു.
ഉച്ചയ്ക്ക് ദ്രുതകവിത രചനാമത്സരവും സാഹിത്യ ക്വിസും നടന്നു. വൈകുന്നേരം ആകാശവാണി കോഴിക്കോട് നിലയം കവിസമ്മേളനം ഒരുക്കി. തുടര്‍ന്ന് തുഞ്ചന്‍ കലോത്സവവും ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനംചെയ്തു. ഇംതിയാസ് ബീഗത്തിന്റെ സംഗീതപരിപാടിയുമുണ്ടായിരുന്നു.
Content Highlights: Thunjan utsavam, Thunjan parambu, Thirur
Published: 15 Feb 2024, 07:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented