കോട്ടുവള്ളി (കൊച്ചി): തകഴിയുടെ ചെമ്മീന്‍ നോവല്‍ ജാപ്പനീസിലേക്ക് പരിഭാഷപ്പെടുത്തിയ തക്കാക്കോ മുല്ലൂരിന് അന്ത്യാഞ്ജലി നല്‍കി നാട്. രാവിലെ 10 മണിയോടെ കൂനമ്മാവ് കൊച്ചാലിലുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു.

To advertise here,

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ തക്കാക്കോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടിലും അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ നടന്ന കൂനമ്മാവ് സെയ്ന്റ് ഫിലോമിനാസ് പള്ളിയിലും എത്തി. സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം കൂനമ്മാവില്‍ അനുശോചനയോഗവും ചേര്‍ന്നു.

മുന്‍മന്ത്രി എസ്. ശര്‍മ, മുന്‍ എം.പി. കെ.പി. ധനപാലന്‍, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. ജപ്പാനിലെ മിറ്റാമിയ സ്വദേശിനിയായ തക്കാക്കോ, 1967 ലാണ് കൂനമ്മാവ് സ്വദേശി തോമസ് മുല്ലൂരിനെ വിവാഹം കഴിക്കുന്നത്. കേരളത്തില്‍ സ്ഥിരതാമസമാക്കിയ തക്കാക്കോ, വേഗത്തില്‍ മലയാളം സ്വായത്തമാക്കി. തകഴിയുടെ ആരാധികയായി മാറിയ തക്കാക്കോ 1976 ലാണ് ചെമ്മീന്‍ നോവല്‍ ജാപ്പനീസിലേക്ക് പരിഭാഷപ്പെടുത്തുന്നത്.